ഒരാളുടെ ആത്മീയതയെ നിശ്ചയിക്കുന്ന വലിയ ഘടകം പ്രാർത്ഥനകളോടുള്ള അയാളുടെ ചില മനോഭാവങ്ങളാണ്. പ്രാർത്ഥിക്കുമ്പോൾ ശിശുസഹജമായ മനസ്സുണ്ടായിരിക്കണം എന്നും പറയാറുണ്ട്. പക്ഷേ അതിന് ചില മറുവശവും ഉണ്ട്. ബാലിശമായ ചില പിടിവാശികൾ പോലെ ഇന്ന സമയത്തിനുള്ളിൽ, ഇത്ര നാളുകൾക്കുള്ളിൽ, ഇങ്ങനെ കിട്ടണമെന്ന മട്ടിലുള്ള പ്രാർത്ഥനകൾ ദൈവത്തിന്റെ മുമ്പിൽ ചില വ്യവസ്ഥകൾ വയ്ക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തെ പ്രാർത്ഥന പഠിപ്പിക്കുന്നതുപോലെ തോന്നുന്നു അത്തരം ചില പ്രാർത്ഥനകൾ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ..
പ്രാർത്ഥനയെ അതുകൊണ്ട് ദൈവഹിതത്തോട് കൂടി ബന്ധപ്പെടുത്തി വേണം സ്വീകരിക്കേണ്ടത്. എന്റെ ഈ ആവശ്യത്തെ/ ആഗ്രഹത്തെ ദൈവം എങ്ങനെയായിരിക്കും നോക്കിക്കാണുക എന്ന് ചിന്തിക്കുന്നത് പ്രാർത്ഥനയ്ക്ക് അത്യാവശ്യഘടകമാണെന്ന് തോന്നുന്നു. ഈ ആവശ്യം നിർവഹിച്ചുകിട്ടുന്നതിലൂടെ എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അതുവഴി എന്തുപ്രയോജനം കിട്ടുമെന്ന് ചിന്തിക്കുക.
ഒരനുഗ്രഹം ദൈവം നമുക്ക് തരുമ്പോൾ ആ അനുഗ്രഹം നമുക്കാണ് കിട്ടുന്നതെങ്കിലും അതിലൂടെ മറ്റൊരാൾക്കുകൂടിയെങ്കിലും പ്രയോജനം കിട്ടണമെന്ന്, താൻ അതുവഴി ഉപകാരം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാവും. നമുക്ക് കിട്ടുന്ന ജോലി, പണം, കയ്യാളുന്ന അധികാരം എല്ലാം മറ്റൊരാൾക്കുകൂടി അവകാശപ്പെട്ടതോ അർഹതപ്പെട്ടതോ ആണ്. അതിലൂടെയെല്ലാം മറ്റൊരാളെക്കൂടി നമുക്ക് സഹായിക്കാനുമാകും.
നമുക്കുവേണ്ടി മാത്രമുള്ള പ്രാർത്ഥനകൾ സ്വാർത്ഥതയെന്ന പാപമാണ്. പക്ഷേ എന്തുചെയ്യാം ഭൂരിപക്ഷവും പ്രാർത്ഥിക്കുന്നത് തങ്ങൾക്കുവേണ്ടിയാണ്.. അവർക്ക് തങ്ങളുടെ കാര്യം ഉണർത്തിച്ചിട്ട് സമയം കിട്ടുന്നില്ല മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായോ ലോകത്തിന് വേണ്ടിയോ പ്രാർത്ഥിക്കുന്നതിന്.
ഏറ്റവും ശക്തമായ പ്രാർത്ഥന
ഏറ്റവും ശക്തമായ പ്രാർത്ഥന മധ്യസ്ഥ പ്രാർത്ഥനയാണ്. അത് നമ്മെത്തന്നെ വിസ്മരിക്കലാണ്.. മറ്റുള്ളവന്റെ വേദനയിലുള്ള പങ്കുചേരലാണ്. മറ്റുള്ളവന്റെ താഴ്ന്നുപോകുന്ന കരങ്ങളെ ഉയർത്തിപിടിക്കാനുള്ള ക്ഷണമാണ് ഓരോ മധ്യസ്ഥ പ്രാർത്ഥനയും. മോശയുടെ കരങ്ങളെ ഉയർത്തിപിടിച്ച അഹറോനും ഹൂറുമാകാനുള്ള ക്ഷണമാണ് നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴൊക്കെ ലഭിക്കുന്നത്.
അതുകൊണ്ട് മറ്റുള്ളവർ ന മ്മോട് പ്രാർത്ഥന ആവശ്യപ്പെടുമ്പോൾ നാം തീർച്ചയായും അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഒരുപാട് പ്രിയപ്പെട്ടവരുടെ മധ്യസ്ഥപ്രാർത്ഥനകളുടെ പിൻബലത്തോടെ ജീവിതത്തെ തരക്കേടില്ലാതെ മുമ്പോട്ടുകൊണ്ടുപോകുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ മധ്യസ്ഥപ്രാർത്ഥനകളുടെ ശക്തി മറ്റാരെയും പോലെ എനിക്കുമറിയാം.
നമ്മുടെ പ്രാർത്ഥന കേൾക്കുകയോ കേൾക്കാതെയോ പോകട്ടെ പക്ഷേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണം. കാരണം നമ്മുടെ പ്രാർത്ഥനകളിലൂടെയായിരിക്കും അവരെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിച്ചിട്ടുണ്ടാവുക. നമ്മൾ പ്രാർത്ഥിക്കാത്തതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെടാതെ പോകരുത്. പക്ഷേ അപ്പോഴും പ്രാർത്ഥിക്കുമ്പോൾ ബലം പിടിക്കരുത്. അത് കിട്ടിയേ തീരൂ എന്ന്.. എന്നിലൂടെ അത് നിവർത്തിക്കപ്പെടണമെന്ന്..
അത്തരമൊരു ചിന്ത അടുത്തയിടെ ലഭിക്കുകയുണ്ടായി. അടുത്ത ബന്ധമുള്ള ഒരാൾ അയാളുടെ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി എന്നോട് പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടു. അത് സ്വഭാവികം. പക്ഷേ അടുത്ത ഡയലോഗാണ് എന്നെ കുഴക്കിക്കളഞ്ഞത്. ”നീ പ്രാർത്ഥിച്ചാൽ ഇത് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.” ഹോ അത് വല്ലാത്തൊരു വിശ്വാസം തന്നെ. അപ്പോൾ ഞാൻ കരുതിയത് ഇങ്ങനെയാണ്. അയാൾക്ക് എന്നിൽ അത്രയും ഉറപ്പുണ്ടെങ്കിൽ ഇനി അത് സാധിക്കാതെ വരുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാത്തതു കൊണ്ടായിരിക്കും എന്ന് അയാൾ വിചാരിക്കുമല്ലോ. അപ്പോൾ ഞാൻ അയാൾക്ക് മുമ്പിൽ കുറ്റക്കാരനും സ്‌നേഹമില്ലാത്തവനുമാകും. അത് പാടില്ല.
ആ വിചാരത്തോടെ ഞാൻ പ്രാർത്ഥനകളാരംഭിച്ചു. ജീവിതത്തിലെ അപൂർവ്വമായ ചില തീക്ഷ്ണ
പ്രാർത്ഥനകൾ പോലെ…. അത്തരം ദിവസങ്ങളിലൊന്നിലാണ് ദൈവം ഉള്ളിലിരുന്ന് എന്നോട് അക്കാര്യം പറഞ്ഞത്.
”പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിച്ചാൽ മതി. അതിനപ്പുറം നിന്റെ പ്രാർത്ഥനയുടെ ആത്മാർത്ഥതയെ മഹത്വപ്പെടുത്താൻ വേണ്ടി നീ വാശിപിടിച്ച് പ്രാർത്ഥിക്കേണ്ടതില്ല. പ്രാർത്ഥിക്കുക മാത്രമേ നിന്റെ ഉത്തരവാദിത്തമുള്ളൂ. ഫലം തരേണ്ടത് ഞാനാണ്…” മറ്റുള്ളവർക്കുവേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തുമ്പോൾ ഇക്കാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
ഞാൻ കടമനിർവഹിച്ചതിന് ശേഷം കടന്നുപോകുന്ന പ്രയോജന രഹിതനായ ദാസൻ. ഈ
മനോഭാവമാണ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് വേണ്ടത്. ഞാൻ പ്രാർത്ഥിച്ചതുകൊണ്ടല്ല ഈ അനുഗ്രഹം കിട്ടിയതെന്നും ഞാൻ പ്രാർത്ഥിക്കാത്തതുകൊണ്ട് ഈ അനുഗ്രഹം
കിട്ടാതെ പോകരുതെന്നുമുള്ള ചിന്തയിൽ നമ്മുടെ മധ്യസ്ഥ പ്രാർത്ഥനകൾ തുടരട്ടെ….
വിനായക് നിർമ്മൽ