ഒരു ആത്മീയ എഴുത്തുകാരനാണ് ഡൊണാൾഡ് നിക്കോൾ. അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിന്റെ ശീർഷകം ‘ഹോളിനെസ്’ എന്നാണ്. യഥാർത്ഥ വിശുദ്ധി എന്താണെന്ന് ഉൾക്കാഴ്ച നല്കുന്ന ഒരു സംഭവം ആ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ബ്രിട്ടീഷ് മിഷനറി ആഫ്രിക്കയിൽ സുവിശേഷം പ്രസംഗിക്കുവാനെത്തി. അദ്ദേഹം എത്തിയ സ്ഥലത്ത് രണ്ട് ഗോത്രവർഗക്കാരുടെ ഇടയിൽ കഠിനമായ ശത്രുത ഉണ്ടായിരുന്നു. ഹൃദയത്തിൽ വെറുപ്പുള്ളപ്പോൾ സുവിശേഷം സ്വീകരിക്കുവാൻ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ മിഷനറി അവരെ അനുരഞ്ജനപ്പെടുത്തുവാൻ തീരുമാനിച്ചു.
അതേസമയംതന്നെ തന്റെ നിസഹായതയും അദ്ദേഹം മനസിലാക്കിയിരുന്നു. ഒരു വിദേശിയായ തനിക്ക് ആഫ്രിക്കക്കാരുടെ ആചാരങ്ങളോ സംസ്‌കാരമോ ഒന്നും പരിചയമില്ല. അതിനെക്കാളുപരി ആശയവിനിമയം നടത്തുവാൻ അവരുടെ ഭാഷ നല്ല വശമില്ല. തന്റെ പരിമിതി മനസിലാക്കിയ അദ്ദേഹം തന്നെ ശക്തിപ്പെടുത്തുവാൻ സാധിക്കുന്ന ദൈവത്തിൽ പൂർണമായും ആശ്രയിക്കുകയും ദൈവസന്നിധിയിൽ അനേകദിവസങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ഗോത്രത്തലവന്മാരോട് സംസാരിച്ചപ്പോൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ സ്‌നേഹത്തിന്റെ ഭാഷ വളരെ പെട്ടെന്ന് സ്വീകരിച്ചു. ഹൃദയമൊരുങ്ങിയ അവരോട് അദ്ദേഹം രക്ഷയുടെ സദ്വാർത്ത തുടർന്ന് പങ്കുവച്ചു.
എന്നാൽ പിന്നീട് ഏതാനും നാളുകൾക്കുശേഷം അവരുടെ ഇടയിൽ വീണ്ടും ശത്രുത ഉടലെടുത്തു. ഇപ്രാവശ്യം അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ഇത് എനിക്കുതന്നെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. താൻ ഒരു നല്ല മധ്യസ്ഥനാണെന്ന ചിന്ത അദ്ദേഹത്തിൽ ഇതിനിടയ്ക്ക് വളർന്നിരുന്നു. അതിനാൽ അദ്ദേഹം പണ്ടത്തേതുപോലെ ദൈവത്തിൽ പൂർണമായും ശരണപ്പെട്ടില്ല. അദ്ദേഹം തീർച്ചയായും പ്രാർത്ഥിച്ചു. പക്ഷേ, അതൊരു സാധാരണ പ്രാർത്ഥനയായിരുന്നു.
നമ്മൾക്കൊക്കെ പറ്റാവുന്ന ഒരു അബദ്ധമാണിത്. ദൈവം അത്ര ഇടപെട്ടില്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്ന ചിന്ത. എന്നാൽ ഇപ്രാവശ്യം അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വന്നു. ഒന്നും സംഭവിച്ചില്ല, രമ്യതയിലാകുവാൻ ഇരുഗോത്രങ്ങളും വിസമ്മതിച്ചു. പരാജയത്തിന്റെ കയ്പുനീര് കുടിച്ച നിമിഷങ്ങളിലാണ് മിഷനറി തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതും ദൈവത്തിലേക്ക് പൂർണമായി മടങ്ങിവന്നതും.
വിശുദ്ധിയെക്കുറിച്ചൊരു ഉൾക്കാഴ്ച
ഈ സംഭവം വിശുദ്ധിയെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നുണ്ട്. വിശുദ്ധി എന്നു പറയുന്നത് കുറെ നല്ല പ്രവൃത്തികളുടെ ഒരു സമാഹാരമല്ല അഥവാ നന്മ ചെയ്തതുകൊണ്ട് മാത്രം ആരും വിശുദ്ധരാകുന്നില്ല. അത് ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന മനസിന്റെ ഒരു ഭാവമാണ്. വിശുദ്ധിയുടെ ഏറ്റവും ഉന്നതമായ മാതൃക നാം പരിശുദ്ധ മാതാവിൽ കാണുന്നു. എന്തായിരുന്നു അമ്മയുടെ മനോഭാവം? മാതാവ് ഇപ്രകാരമാണ് പറഞ്ഞത്: ”എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്കാ 1:46-47).
ദൈവത്തിൽ എപ്പോഴും ആനന്ദിക്കുകയും എല്ലാ കാര്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നവരാണ് വിശുദ്ധർ. സാധാരണ മനുഷ്യപ്രകൃതിക്ക് ഇത് അത്ര എളുപ്പമല്ല. അതിനാലാണ് വിശുദ്ധരാകണമെങ്കിൽ മനസിന് ഒരു മാറ്റമുണ്ടാകണമെന്ന് പറയപ്പെടുന്നത്. യേശു ഈ മാനസാന്തരാവസ്ഥയെ ഉപമിക്കുന്നത് ശിശുക്കളുടെ മനോഭാവത്തോടാണ്. അവിടുന്ന് ഇപ്രകാരം അരുൾച്ചെയ്തു: നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ഉപമ കൂടുതൽ വ്യക്തമായി മനസിലാകണമെങ്കിൽ ശിശു എന്ന വാക്കിന്റെ അർത്ഥം കൃത്യമായി മനസിലാക്കേണ്ടതായിട്ടുണ്ട്.
ഇംഗ്ലീഷിൽ കിളമി േഎന്നാണ് പറയുന്നത്. അതിന്റെ മൂലം എമൃശ എന്നാണ്. ആ വാക്കിന്റെ അർത്ഥം ‘സംസാരിക്കുക’ എന്നതാണ്. അപ്പോൾ കിളമി േഎന്നു പറഞ്ഞാൽ സംസാരിക്കുവാൻ സാധിക്കാത്ത അവസ്ഥയിലുള്ള ഒരു കുട്ടി എന്നാണർത്ഥം. ഒരു കുട്ടി ആദ്യമായി ‘അമ്മേ’ എന്ന് വിളിക്കുന്നത് ഏകദേശം ആറുമാസമാകുമ്പോഴാണെന്ന് കരുതുക. അതിന് മുമ്പുള്ള അവസ്ഥയാണ് യഥാർത്ഥ ശിശുവിന്റെ അവസ്ഥ. ആ ശിശുവിന് എപ്പോഴും അമ്മയെ വേണം. സ്വന്തമായി ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. അമ്മയുടെ സാമീപ്യം അതിന് വലിയ സന്തോഷം നല്കുന്നു. അമ്മ അടുത്തില്ലാത്തപ്പോൾ അത് ഭയപ്പെട്ട് കരയുന്നു.
സത്യം പറഞ്ഞാൽ യേശു പറഞ്ഞ വാക്യത്തിന്റെ അർത്ഥം എനിക്ക് ശരിക്ക് മനസിലായത് ഈ മൂലാർത്ഥം അറിഞ്ഞപ്പോഴാണ്. എന്നുപറഞ്ഞാൽ, ലോകത്തിന്റെ ദൃഷ്ടിയിൽ അമ്പതും അറുപതും വയസ് പ്രായമുണ്ടെങ്കിലും ദൈവവുമായുള്ള ബന്ധത്തിൽ ഈ മനോഭാവം സൂക്ഷിക്കുന്നവരാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്. എല്ലാ കാര്യത്തിലും ദൈവത്തിൽ പൂർണമായി ശരണപ്പെടുന്നവർ, ദൈവത്തിലേക്ക് എപ്പോഴും തിരിയുന്നവർ – ഇവരാണ് ശിശുക്കൾ. ലോകത്തിന്റെ ദൃഷ്ടിയിൽ അവർ ദുർബലരാണെന്ന് കാണപ്പെട്ടാലും, യഥാർത്ഥത്തിൽ ബലമുള്ളവർ അവരാണ്. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ അവർക്ക് മാത്രമേ സാധിക്കൂ. അഗ്നിപരീക്ഷണങ്ങളുടെ മുൻപിൽ ബലവാന്മാർ ഈയാംപാറ്റകളെപ്പോലെ ചിറകറ്റ് വീഴുമ്പോൾ ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന ശിശുക്കൾ വിജയകരമായി അതിലൂടെ കടന്നുപോകും.
പത്രോസും നമ്മളും
ദൈവത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിക്ക് വലിയ അത്ഭുതം ചെയ്യുവാൻ സാധിക്കുമെന്നതിന് വിശുദ്ധ ഗ്രന്ഥത്തിൽനിന്ന് ഒരു ഉദാഹരണം നല്കട്ടെ. പത്രോസ് വെള്ളത്തിന് മുകളിലൂടെ നടക്കുന്ന അത്ഭുതമാണത്. രാത്രിയിൽ വഞ്ചി തുഴഞ്ഞ് അവശരായ ശിഷ്യരെ സഹായിക്കുവാൻ വെള്ളത്തിന് മുകളിലൂടെ നടന്ന് യേശു വരുന്നതാണ് പശ്ചാത്തലം. വെള്ളത്തിന് മുകളിലൂടെ നടക്കുന്ന യേശുവിനെ കണ്ട് അവർ ഭയപ്പെട്ടു. കാരണം ആദ്യമായിട്ടാണ് ആ കാഴ്ച അവർ കാണുന്നത്. അതൊരു ഭൂതമാണെന്ന് വിചാരിച്ച് അവർ പരിഭ്രമിച്ചു. അപ്പോൾ അവരോട് യേശു പറഞ്ഞു: ”ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ” (മത്താ. 14:28). ഞാനാണ് എന്ന് അവിടുന്ന് പറയുമ്പോൾ യേശു ഉദ്ദേശിക്കുന്നത് പ്രപഞ്ച ശക്തികളുടെമേൽ അധികാരമുള്ള ദൈവമാണ് താൻ എന്നാണ്. യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ പത്രോസിന് വലിയ സന്തോഷമായി. യേശുവിനോടുള്ള സ്‌നേഹത്താൽ അദ്ദേഹത്തിന്റെ മനസ് നിറഞ്ഞു. യേശുവിന്റെ അടുത്തെത്തുവാൻ അദ്ദേഹത്തിന് മനസ് വെമ്പി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിന് മീതേകൂടി അങ്ങയുടെ അടുത്തേക്ക് വരാൻ കല്പിക്കുക.” ‘വരൂ’ യേശു പറഞ്ഞു.
ദൈവത്തിന്റെ അടുത്തേക്ക് ചെല്ലുവാൻ സാധിക്കണമെങ്കിൽ ദൈവം വിളിക്കണം. മുൻകൂട്ടി അനുവാദം വാങ്ങാതെ വളരെ പ്രധാനപ്പെട്ട വ്യക്തികളെ കാണുവാൻ സാധിക്കുകയില്ലെന്നോർക്കുക. അപ്പോൾ ദൈവത്തിന്റെ പക്കലേക്ക് വരുവാൻ വിളിക്കപ്പെടുക എന്നത് ഒരു മനുഷ്യന് ലഭിക്കുന്ന മഹാഭാഗ്യമാണ്. പ്രാർത്ഥനയിൽ അത് സാധ്യമാണല്ലോ. നമ്മുടെ വരവും കാത്ത് ദൈവം എപ്പോഴും കാത്തിരിക്കുന്നു.
പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി. വെള്ളത്തിന് മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നുചെന്നു. ആ നടത്തം ഒന്നു ഭാവന കാണുക. ഒരു ശിശു അമ്മയുടെ മുഖത്തേക്ക് മാത്രം നോക്കുന്നതുപോലെ പത്രോസ് യേശുവിന്റെ മുഖത്തേക്ക് മാത്രം നോക്കിയാണ് ഇപ്പോൾ നടക്കുന്നത്. യേശുവിൽനിന്ന് ശക്തി പത്രോസിലേക്ക് പ്രവഹിക്കുന്നുണ്ട്. അതിനാൽ ദൈവത്തിന്റെ പ്രവൃത്തി ചെയ്യുവാൻ പത്രോസും പ്രാപ്തനാകുന്നു. എന്നാൽ, ഇത് അധികസമയം നീണ്ടുനിന്നില്ല. അതാണ് മനുഷ്യന്റെ എല്ലാക്കാലത്തെയും ഒരു പ്രശ്‌നം. ദൈവത്തിൽനിന്ന് അവന്റെ ശ്രദ്ധ തിരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ദൈവത്തിന്റെ മുഖത്തുനിന്ന് നോട്ടം മാറുമ്പോൾ മനുഷ്യന്റെ ശക്തി ഇല്ലാതാകുന്നു. പത്രോസിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. കാറ്റ് ആഞ്ഞടിക്കുന്നു. പത്രോസ് കാറ്റിലേക്ക് നോക്കി. അദ്ദേഹം ഭയത്തിനടിമയായി. ഫലമോ ജലത്തിൽ മുങ്ങിത്താഴുവാൻ തുടങ്ങി.
ശിശുക്കൾ ശക്തർ
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കാറ്റ് ശക്തമായി ആഞ്ഞടിക്കുമ്പോഴും പത്രോസ് യേശുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുവെങ്കിൽ ഒരിക്കലും മുങ്ങിത്താഴുവാൻ തുടങ്ങുകയില്ലായിരുന്നു. ഒരു വിശ്വാസിക്ക് ഈ സംഭവം വലിയ ആത്മീയ സന്ദേശം നല്കുന്നുണ്ട്. കാറ്റ് ആഞ്ഞടിച്ചേക്കാം – സാമ്പത്തിക പ്രതിസന്ധി, മാറാരോഗം, ജോലിയില്ലാത്ത അവസ്ഥ ഇങ്ങനെ എത്രയോ കാറ്റുകൾ. ഇവയൊക്കെ നമ്മെ മുക്കുവാൻ പോന്നതാണ്. പക്ഷേ, ഇവയുള്ളപ്പോഴും യേശുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ വലിയ സമാധാനത്തിൽ ജീവിതയാത്ര തുടരുവാനാകും.
ദൈവത്തിൽ എല്ലാ നാളിലും എല്ലാക്കാര്യത്തിലും പൂർണമായി ആശ്രയിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇവിടെ ഒരു കാര്യമോർക്കണം. ഒരു ശിശുവായി ജീവിക്കുക എന്നു പറഞ്ഞാൽ ഒരു മണ്ടനായി ജീവിക്കുക എന്നതല്ല. കഴിവും ബുദ്ധിയും പരിചയവും ഉള്ളപ്പോൾ അതിലൊന്നിലും ആശ്രയം വയ്ക്കാതെ ഇവയെല്ലാം ദൈവത്തിന്റെ ദാനമാണെന്നും ആത്യന്തികമായ വിജയം നേടുവാൻ, ഒരു പ്രതിസന്ധി തരണം ചെയ്യുവാൻ ഇവയൊന്നും സഹായിക്കുകയില്ല എന്ന തിരിച്ചറിവിൽ ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന ഒരു മനോഭാവമാണിത്. ദൈവത്തിൽനിന്ന് ശക്തി സ്വീകരിക്കുന്ന ഇത്തരത്തിലുള്ള ശിശുക്കളാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ ശക്തർ. അവർ ജീവിതപ്രശ്‌നങ്ങളുടെ മുകളിൽത്തന്നെ നടക്കുകയും ചെയ്യും. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം:
”സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ശക്തിയിൽ എന്നെയും പങ്കുചേർക്കുവാൻ തിരുമനസായതിന് നന്ദി പറയുന്നു. എല്ലാ കാലത്തും എല്ലാ കാര്യത്തിലും അങ്ങയുടെ മുഖത്തേക്കുമാത്രം നോക്കുവാൻ എന്നെ പഠിപ്പിക്കണമേ. ഒരു ശിശുവിന്റെ മനോഭാവം എന്നിൽ വളർത്തിയാലും. പ്രതിസന്ധികളിൽ പതറാതെ ഞാൻ ശക്തനായി ജീവിക്കട്ടെ. അങ്ങയുടെ ആത്മാവിന്റെ അഭിഷേകം എനിക്ക് ഇപ്പോൾ നല്കിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്റെ മനോഭാവം രൂപാന്തരപ്പെടുത്തുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു