മാമ്പഴം കൊടുത്തുവിട്ട ദൈവം

അന്ന് പതിവിലും താമസിച്ചാണ് ഓഫീസിൽനിന്നും ഇറങ്ങാൻ കഴിഞ്ഞത്. ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ശരീരം തളരുന്നതുപോലെ തോന്നി. അതിയായ വിശപ്പും ദാഹവും. ഒരു സിമന്റു ബഞ്ചിൽ ഞാൻ തളർന്നിരുന്നു. രാവിലെ മുതൽ ഒന്നും കഴിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. നാട്ടിൻപുറത്തെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ്. ട്രെയിൻ വരാറായതിനാൽ ഹോട്ടലിൽ പോയി കഴിക്കാൻ സമയവുമില്ല.

ഞാൻ ഇരിക്കുന്ന സിമന്റു ബഞ്ചിന് സമീപം നിറയെ മാമ്പഴമുള്ള ഒരു മാവ് നില്ക്കുന്നുണ്ട്. അതു കണ്ടപ്പോൾ എന്റെ വിശപ്പ് ആളിക്കത്തി. ഒരു മാമ്പഴമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചുപോയി. പാന്റ്‌സും ഷർട്ടുമിട്ട് ഇരിക്കുന്ന ഞാനെങ്ങനെ മാമ്പഴം എറിഞ്ഞുവീഴ്ത്തുമെന്ന ലജ്ജ അടുത്ത നിമിഷം എന്നെ പിടികൂടി. അടുത്തുള്ള ബെഞ്ചിലും ആളുകളുണ്ട്. നവീകരണധ്യാനം കൂടി തീക്ഷ്ണതയിൽ നില്ക്കുന്ന സമയമായതിനാൽ ഇപ്രകാരം മനസിൽ പ്രാർത്ഥിച്ചു:
”ഈശോയേ, വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മലപോലും മാറുമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. ഒരു മാമ്പഴം വീണു കിട്ടിയിരുന്നെങ്കിൽ…”

പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരു ഇളംകാറ്റുപോലും അവിടെ വീശിയുമില്ല. എന്നാൽ അല്പം കഴിഞ്ഞപ്പോൾ കുറച്ചു കുട്ടികൾ വന്ന് മാവിൽ കല്ലെറിയാൻ തുടങ്ങി. താഴെ വീഴുന്ന മാമ്പഴങ്ങൾ ഓരോരുത്തർ മത്സരിച്ച് സ്വന്തമാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അത്ഭുതം! പെട്ടെന്നാണ് അതുണ്ടായത്. അവരിൽ നിന്ന് ഒരു കുട്ടി ഓടിവന്ന് ഒരു മാമ്പഴം എന്റെ നേരെ നീട്ടി. പിന്നെ പ്രത്യേകമായി ഒന്നും സംഭവിക്കാത്തതുപോലെ മറ്റുകുട്ടികൾക്കൊപ്പം ഓടിപ്പോവുകയും ചെയ്തു.

ദൈവമേ… ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ഏലിയായ്ക്ക് കാക്കവഴി അപ്പം കൊടുത്തുവിട്ട ദൈവത്തെക്കുറിച്ചുള്ള വചനഭാഗം മനസിലേക്ക് വന്നു. ഉവ്വ്, നമ്മുടെ മനസ്സിലെ തീരെ ചെറിയ ആഗ്രഹം പോലും ദൈവം അറിയുന്നു. അതിന് ഉത്തരവും തരുന്നു, പലപ്പോ ഴും നമുക്ക് ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ.

ജോസഫ് ജോർജ്

Leave a Reply

Your email address will not be published. Required fields are marked *