വചനപ്രഘോഷണം : ഒരു പുത്തൻ ശൈലി

2014 ജനുവരി രണ്ട് വ്യാഴം. പുതുവത്സരത്തിലെ ആദ്യപ്രാർത്ഥനാ കൂട്ടായ്മയുടെ ദിവസം. പ്രാർത്ഥനാ കൂട്ടായ്മയിൽ അന്നേദിവസം നല്ലൊരു വചനസന്ദേശം കൊടുക്കണം.
വളരെ വ്യത്യസ്തവും പ്രചോദനാത്മകവുമായ സന്ദേശം കൊടുക്കണമെന്ന് മനസിൽ ശക്തമായ ആഗ്രഹം ഉയർന്നുവന്നു. അതിനായി പ്രാർത്ഥിച്ച് ഒരുങ്ങവേ മുൻവർഷങ്ങളിൽ ഞങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്മയിൽ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളും ഞങ്ങളിലൂടെ ദൈവം പ്രവർത്തിച്ച മനോഹര കാര്യങ്ങളും ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചതുമെല്ലാം ഓരോന്നായി മനസിലേക്ക് കടന്നുവന്നു.

ഇടവകക്കാരായ നാലുപേർ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. ഞങ്ങളുടെ പുതിയ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് ആരും കടന്നുവന്നില്ല. ഇടവകസമൂഹം സംശയത്തോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്. ലീഡർ എന്ന നിലയിൽ ഞാൻ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. എങ്കിലും വികാരിയച്ചന്റെ വാത്സല്യവും കരുതലും പ്രോത്സാഹനവും ആശീർവാദവും ഞങ്ങളെ ശക്തരാക്കി. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ നമ്മുടെ ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും കൂട്ടായ്മയിലുള്ള നാലുപേരുടെ സ്‌നേഹവും ഐക്യവും കൂട്ടായ്മയെ വളർത്തി. നാലുപേർ എന്നത് ക്രമേണ ആറ്, എട്ട്, 12, 18… എന്നിങ്ങനെ വർധിച്ച് 24 ൽ എത്തിനില്ക്കുന്നു. കുറച്ചുകൂടി എളിമപ്പെടുവാനും കൂടുതൽ കൃപയുള്ളവനായി മാറുവാനും എന്നെ സഹായിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു വചനസന്ദേശം നല് കാൻ ഞാൻ ഒരുങ്ങിക്കൊണ്ടിരുന്നു.

പുത്തൻ രീതി

അങ്ങനെ എന്റെ ജോലിസ്ഥലത്തുനിന്ന് 20 കിലോമീറ്റർ ദൂരെയുള്ള ഞങ്ങളുടെ ദേവാലയത്തിലേക്ക് ബൈക്ക് ഓടിച്ചുപോകവേ, പുതുവത്സരത്തിലെ ആദ്യപ്രാർത്ഥനാ കൂട്ടായ്മയിൽ പറയേണ്ട കാര്യങ്ങൾ ഒന്നുകൂടി മനസിൽ ആവർത്തിച്ചു. എന്നാൽ വലിയ സന്തോഷത്തോടെയും കൂട്ടായ്മയിൽ എത്താനുള്ള ആവേശത്തോടെയും യാത്ര തുടരുന്നതിനിടയിൽ മനസിൽനിന്നൊരു കനത്ത സ്വരമുയർന്നു.

”കാണാപാഠം പഠിച്ചുവച്ചിരിക്കുന്ന ആ പ്രസംഗം ഇന്നു നീ നടത്തേണ്ട. കുറച്ചുനാളായല്ലോ നീ വചനപ്രഘോഷണം നടത്തുന്നു. നീ മാത്രം വചനപ്രഘോഷകനായാൽ മതിയോ? നിന്റെ കൂട്ടായ്മയിൽ എത്രപേരെ നീ വളർത്തിയിട്ടുണ്ട്? അവരെയെല്ലാം ഓരോ വചനപ്രഘോഷകരാക്കി വളർത്താനുള്ള ഉത്തരവാദിത്തം നിനക്കുണ്ട്. ഈ പുതിയ വർഷത്തിൽ നീ ചെയ്യേണ്ടത് അതാണ്.”

ഞാൻ ആലോചിച്ചു, ശരിയാണല്ലോ, കൂട്ടായ്മയിലുള്ള 24 പേരിൽ നാലുപേർ മാത്രമാണ് വചനപ്രഘോഷണം നടത്താൻ തയാറായി മുന്നോട്ടു വരാറുള്ളൂ. എത്ര നിർബന്ധിച്ചാലും കൂട്ടായ്മയിൽ വചനപ്രഘോഷണം നടത്താൻ അവശേഷിക്കുന്നവർക്ക് ധൈര്യം വരാറില്ല. അവരെ ഞാൻ എങ്ങനെ വചനപ്രഘോഷകരായി വളർത്തും?
മനസിലെ കനത്ത സ്വരം വീണ്ടുമുയർന്നു. ”നീ എങ്ങനെയാണ് വളർന്നത്? പഴയ കാലമൊന്നും മറക്കരുത്. നിന്റെ വാഹനത്തിൽത്തന്നെയിരിപ്പുണ്ടല്ലോ നിന്നെ വചനപ്രഘോഷകനാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ‘ശാലോം ടൈംസ്’. അതുമതിയല്ലോ നിന്റെ കൂട്ടായ്മയിൽ ഉള്ളവരെയും വചനപ്രഘോഷകരാക്കാൻ…”

എനിക്ക് കാര്യം പിടികിട്ടി. എന്റെ ബൈക്കിൽ 120 ശാലോം ടൈംസ് മാസികയിരിപ്പുണ്ട്. പത്ത് മാസികയുടെ വിതരണത്തിൽ തുടങ്ങി 13 വർഷംകൊണ്ട് 120 ആയി. രണ്ടു സുഹൃത്തുക്കളും ചേർന്നാണ് ഈ മാസിക വിതരണം നടത്തുന്നത്. വർഷങ്ങളായുള്ള ഈ മാസിക വിതരണത്തിലൂടെ പല ഇടവകകൾ സന്ദർശിക്കാനും വിവിധ പ്രാർത്ഥനാ കൂട്ടായ്മകളെ പരിചയപ്പെടാനും നല്ല സ്‌നേഹബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനും പല സ്ഥലങ്ങളിൽ വചനം പറയാനും ദൈവം എനിക്ക് അവസരം തന്നിട്ടുണ്ട്. അതുവഴിയാണ് ഞാൻ ഇന്ന് വചനം പ്രഘോഷിക്കാൻ കഴിയുന്ന ആളായി മാറിയത്.
ഉവ്വ് കർത്താവേ… ഞാൻ എളിമയോടെ സമ്മതിച്ചു. ഞങ്ങളുടെ കൂട്ടായ്മയിലുള്ള എല്ലാവരെയും മാസിക വിതരണത്തിലൂടെ ശക്തരായ വചനപ്രഘോഷകരാക്കി വളർത്താൻ എന്നെ സഹായിക്കണമേ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചു. പുതുവത്സരത്തിൽ വളരെ ശക്തമായ ഒരു പ്രസംഗം പ്രതീക്ഷിച്ചിരുന്ന കൂട്ടുകാരോട് ശാന്തമായി ഞാൻ പറഞ്ഞു: ”മുൻ വർഷങ്ങളിൽ നമ്മുടെ പ്രാർത്ഥനാകൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ പരിപാടികൾ നമ്മൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഒരു ചെറിയ പരിപാടിയിലൂടെ നമ്മൾ ഓരോരുത്തരും ഓരോ വചനപ്രഘോഷകരായി മാറാൻ പോവുകയാണ്. അതിനായി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം.”

പുതിയൊരു തുടക്കം

പരിശുദ്ധാത്മാവിന്റെ സഹായം തേടി എല്ലാവരും സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കേ, അന്നു ഹാജരുണ്ടായിരുന്ന 15 പേർക്കും ഓരോ ‘ശാലോം ടൈംസ്’ കൊടുത്തുകൊണ്ട് പറഞ്ഞു; നിങ്ങൾ കൈകളിൽ ഉയർത്തി പിടിച്ചിരിക്കുന്ന ഈ മാസികയിലൂടെ അനേകരോട് നിങ്ങൾ വചനപ്രഘോഷണം നടത്താൻ പോവുകയാണ്. ഈ മാസികയുടെ വിതരണക്കാരായി മാറുമ്പോൾ, ആർക്കൊക്കെയാണോ മാസിക കൊടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നത്; അവർ ഇപ്പോഴേ നിങ്ങളിൽനിന്നും ഈ മാസിക വാങ്ങിക്കഴിഞ്ഞുവെന്ന് വിശ്വസിച്ച് നന്ദി പറഞ്ഞ് കർത്താവിനെ സ്തുതിക്കുക. നിങ്ങൾ ആവശ്യപ്പെടുന്നിടത്തോളം മാസിക ഞാൻ വരുത്തിത്തരും. നമ്മുടെ ചുറ്റുവട്ടത്തിൽ മൂന്നുമാസത്തേക്ക് സൗജന്യമായി ഈ മാസിക നമുക്ക് വിതരണം ചെയ്യാം. ഈ മൂന്നുമാസത്തിനിടയിൽ നമ്മളിൽനിന്നും സ്ഥിരമായി മാസിക പണം കൊടുത്ത് വാങ്ങാൻ താല്പര്യമുള്ളവരെ കർത്താവ് നമുക്ക് പരിചയപ്പെടുത്തിത്തരും. കർത്താവിന്റെ വചനത്തിന്റെ പ്രഘോഷണത്തിനുവേണ്ടി ഈ ശുശ്രൂഷ ചെയ്യാൻ ധൈര്യമുള്ളവർമാത്രം കൈകൾ ഉയർത്തുക. ദൈവം നിങ്ങളെ ശക്തിപ്പെടുത്തും.”

എട്ടുപേർ ദൈവത്തിൽ ആശ്രയിച്ച് ശുശ്രൂഷ ഏറ്റെടുക്കാൻ തയാറായി. അവരിലൂടെ ആദ്യമാസം 46 മാസിക വിതരണം ചെയ്യാൻ സാധിച്ചു. മാതാവിന്റെ പ്രത്യേക മധ്യസ്ഥത ഈ ശുശ്രൂഷയെ ഏറെ വളർത്തി. 2014 ജനുവരിമാസം ആരംഭിച്ച ഈ ശുശ്രൂഷ ഒരു വർഷം പിന്നിടുമ്പോൾ 125 ശാലോം മാസിക വിതരണത്തിൽ എത്തിനില്ക്കുന്നു. അതോടൊപ്പം 110 വചനോത്സവം മാസികയും ഞങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ‘യേശുക്രിസ്തുവിന്റെ തിരുരക്തം’ എന്ന പുസ്തകം 350-ൽ കൂടുതൽ കോപ്പികൾ വിതരണം ചെയ്യുവാനും കഴിഞ്ഞു.

പുതുവത്സരത്തിൽ കർത്താവ് നല്കിയ ചെറിയൊരു പ്രചോദനം. അതിന് അനുകൂലമായി പ്രതികരിച്ചപ്പോൾ ഭവനസന്ദർശനം നടത്താനും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ സങ്കടങ്ങൾ കേൾക്കാനും കഴിയുന്ന വചനപ്രഘോഷകരായി ഞങ്ങൾ മാറിയിരിക്കുന്നു. വചനവേദിയിൽ നിന്നുകൊണ്ട് ആയിരങ്ങളോട് പ്രസംഗിക്കുന്നതുപോലെയുള്ള ഒരു വചനപ്രഘോഷണമല്ല ഞങ്ങൾ നടത്തുന്നത്. മറിച്ച് ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ കർത്താവായ യേശുക്രിസ്തുവിന്റെ ജീവനുള്ള വചനങ്ങൾ’ മാസികവിതരണം എന്ന എളിയ ശുശ്രൂഷയിലൂടെ പ്രഘോഷിക്കുന്നു.

ഒരു ക്ഷണക്കത്ത്

എത്രയോ വർഷമായി നിങ്ങൾ ഈ മാസിക വായിക്കുന്നു. ഒരുപക്ഷേ, അനേകം പേർക്ക് നിങ്ങൾ ഈ മാസിക കൊടുക്കുന്നുണ്ടാകാം. അനേകം പേരോട് ഈ മാസികയെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകാം. നല്ലതുതന്നെ. തീർച്ചയായും ദൈവം നി ങ്ങളെ അനുഗ്രഹിക്കും. എന്നാൽ വർഷങ്ങളായി ഈ മാസിക വായിക്കുകയും ഇതിനെക്കുറിച്ച് ആരോടും പറയാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണോ നിങ്ങൾ…? എങ്കിൽ ഇതാ ഞങ്ങളുടെ പ്രാർത്ഥനാകൂട്ടായ്മയിലെ അംഗങ്ങൾ നിങ്ങൾക്കൊരു മാതൃക തന്നിരിക്കുന്നു.

വചനപ്രഘോഷകരാകുവാൻ നി ങ്ങൾക്കും ആഗ്രഹമില്ലേ? ‘എന്നെ ശ ക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് കഴിയും’ എന്നു വിശ്വസിച്ചുകൊണ്ട് ഇന്നുതന്നെ ഒരു തീരുമാനം എ ടുക്കുക. നിങ്ങൾ ആരുമായിക്കൊള്ളട്ടെ. നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയിടയിൽ ഒരു ‘വചനപ്രഘോഷകനാ’യി മാറാൻ ഈ ശുശ്രൂഷ നിങ്ങളെ സഹായിക്കും.
മാസിക വിതരണത്തിനൊന്നും സമയമില്ലാത്ത വ്യക്തിയാണോ നിങ്ങൾ? സാരമില്ല, മാസിക വിതരണം ചെയ്യാൻ തയാറുള്ളവരെ കണ്ടെത്തി അവരിലൂടെ നിങ്ങൾക്ക് ഈ ശുശ്രൂഷ ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് സമ്പത്തുണ്ടോ? പണം മുടക്കി മാസിക വരുത്തി വിതരണം ചെയ്യാൻ സാമ്പത്തിക ശേഷിയില്ലാത്ത അനേകം പേർ നിങ്ങളുടെ ഇടവകയിൽ കാണും. സമ്പന്നനായ നിങ്ങളിലൂടെ അവരും ഈ ശുശ്രൂഷയിൽ ഭാഗമാകട്ടെ. പ്രേഷിത തീക്ഷ്ണത നിറഞ്ഞ പൗലോസ് ശ്ലീഹായെപ്പോലെ ”ദൈവം എന്റെ പക്ഷത്തെങ്കിൽ ആര് എനിക്ക് എതിരുനില്ക്കും” എന്ന ധൈര്യത്തോടെ ഈ ശുശ്രൂഷയ്ക്കായി നമ്മളെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിച്ച് ശക്തരാക്കട്ടെ….

ടോമി ഫിലിപ്, പുഞ്ചക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *