ഈശോയുടെ കൈയിൽ വീണ കണ്ണീർത്തുള്ളി

ഈശോയുടെ പിന്നിൽ അത്ര മഹത്വത്തോടെയല്ലെങ്കിലും അപ്പസ്‌തോലന്മാർ മൗനമായി നടക്കുന്നു. അകന്നു വേറിട്ട് നിൽക്കുന്നതുപോലെ യൂദാസാണു പിന്നിൽ. ദേഷ്യംകൊണ്ട് അവന്റെ മുഖം വികൃതമായിട്ടുണ്ട്. ശുദ്ധഗതിക്കാരായ തോമസ്സും ആൻഡ്രൂവും അവനെ ഇടയ്ക്കിടയ്ക്കു തിരിഞ്ഞുനോക്കുന്നു. ”നീ എന്തിനാണ് ഒറ്റയ്ക്ക് ഇത്രയും പിന്നിലായി നടക്കുന്നത്? നിനക്കു സുഖമില്ലേ?”ചോദ്യത്തിന് കഠിനമായ മറുപടി: ”നീ നിന്റെ കാര്യം നോക്ക്.” കൂട്ടത്തിൽ ഒരു ചീത്തവാക്കും.

അപ്പസ്‌തോലന്മാരുടെ രണ്ടാം നിരയിലാണ് പത്രോസ്. ആ മറുപടി പത്രോസു കേട്ടു. തിരിഞ്ഞ് യൂദാസിന്റെ പക്കലേക്ക് നടക്കാൻ തുടങ്ങി. എന്നാൽ ഒരു നിമിഷം ചിന്തിച്ചു. പിന്നീട് ഈശോയുടെ പക്കലേക്കോടി. ഈശോയുടെ കൈയിൽ ബലമായി പിടിച്ചു കുലുക്കിക്കൊണ്ടു ചോദിക്കുന്നു: ”കഴിഞ്ഞ രാത്രിയിൽ നീ എന്നോടു പറഞ്ഞ കാര്യം ശരിയാണോ? അതായത്, ത്യാഗങ്ങളും പ്രാർത്ഥനകളും ഒരിക്കലും വിജയിക്കാതിരിക്കയില്ലെന്ന്; ഒരു ഉപകാരവും ഉണ്ടാകില്ലെന്നു തോന്നിയാൽപോലും?”

ധിക്കാരത്തിനു മറുപടി കൊടുക്കാനുള്ള പ്രവണതയ്‌ക്കെതിരേ യുദ്ധംചെയ്തു പത്രോസു വിജയിക്കുന്നു. ഈശോ പറയുന്നു: ”അവ പ്രതിസമ്മാനമില്ലാതെ പോകുന്നില്ല. നിനക്ക് അക്കാര്യം ഉറപ്പായി കരുതാം.”

പത്രോസ് ഈശോയുടെ അടുത്തുനിന്നു പോയി. പർവ്വതത്തിന്റെ ചരിവിലേക്കു നടന്ന് ചെറിയ മരങ്ങളും കുറ്റിക്കാടുകളും ഒടിക്കുകയാണ്. തിങ്ങുന്ന വികാരങ്ങൾക്ക് പുറത്തേക്കൊരു മാർഗ്ഗം. ”നീ എന്താണു ചെയ്യുന്നത്? ഭ്രാന്താണോ?” പലരും വിളിച്ചു ചോദിക്കുന്നു. എന്നാൽ പത്രോസ് ആ കമ്പുകളെല്ലാം കെട്ടിയെടുത്ത് തോളിൽ വച്ചു. കൂട്ടുകാരുടെ കൂടെയെത്തി. പുറങ്കുപ്പായം, തോൾസഞ്ചി, വിറകുകെട്ട് എല്ലാംകൂടെ ബുദ്ധിമുട്ടാണ്. എന്നാലും നുകം വച്ചിരിക്കുന്നതുപോലെ കുനിഞ്ഞ് എല്ലാം വഹിച്ചുകൊണ്ട് പരുക്കൻ വഴിയിലൂടെ നടക്കുന്നു.

യൂദാസ് ചിരിച്ചുകൊണ്ടു പറയുന്നു: ”നീ ഇപ്പോൾ ഒരടിമയെപ്പോലെയുണ്ട്.” പത്രോസ് എന്തോ പറയാനൊരുങ്ങി. എന്നാൽ മൗനം പാലിച്ചു. ”ജ്യേഷ്ഠാ, ഞാൻ സഹായിക്കാം” ആൻഡ്രൂ പറയുന്നു.
”വേണ്ട.”
അവസാനം ആ ഇറക്കത്തിന്റെ അന്ത്യത്തിൽ ഒരു ഗുഹ കാണുന്നു. ”നമ്മൾ ഇവിടെ താമസിക്കയാണ്. പുലർച്ചക്ക് നമ്മൾ പോകും.” ഈശോ പറഞ്ഞു.

പത്രോസ് കെട്ടു താഴെയിട്ട് അതിൻമേൽ കയറിയിരിക്കുന്നു. വിശദീകരണമൊന്നും ആരോടും പറയുന്നില്ല. അപ്പസ്‌തോലന്മാരെല്ലാം വെള്ളമെടുക്കാനും ഗുഹ വൃത്തിയാക്കാനുമായി പോയി. പത്രോസും ഈശോയും തനിച്ചായി. ഈശോ എഴുന്നേറ്റുനിന്ന് പത്രോസിന്റെ നരച്ച മുടിയിൽ കൈ വയ്ക്കുന്നു. പത്രോസ് ആ കരം പിടിച്ച് ചുംബിക്കുന്നു. വെളുത്ത കൈയിൽ ഒരു തുള്ളി വെള്ളം വീണു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ബുദ്ധിമുട്ടി നേടിയ വിജയത്തിന്റെയും ഒരു തുള്ളി കണ്ണീരാണ്. ഈശോ കുനിഞ്ഞു സൈമണെ ചുംബിച്ചുകൊണ്ടു പറയുന്നു: ”സൈമൺ, നിനക്കു നന്ദി.”

(‘ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പി’ ൽനിന്ന്.)

Leave a Reply

Your email address will not be published. Required fields are marked *