മരണത്തെ ഭയക്കാത്തവർ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവ വിശ്വാസം കത്തിപ്പടരാൻ ഇടയാക്കിയ സംഭവമാണ് 1887-ൽ ഉഗാണ്ടയിൽ നടന്ന ചാൾസ് ലവംഗയുടെയും മറ്റ് ക്രൈസ്തവയുവാക്കളുടെയും രക്തസാക്ഷിത്വം.കൗമാരക്കാരും യുവാക്കളുമായ ഈ രക്തസാക്ഷികളെ ആധുനിക ആഫ്രിക്കൻ സഭയുടെ സ്ഥാപകപിതാക്കൻമാരെന്ന് വിശേഷിപ്പിക്കുന്നതിലും അനൗചിത്യമില്ല. ഈ വിശുദ്ധരുടെ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞതുപോലെ ‘ഉഗാണ്ടയെയും ആഫ്രിക്ക മുഴുവനെയും ക്രിസ്തുവിലേയ്ക്ക് അടുപ്പിച്ചത്’ ഇവരുടെ ത്യാഗോജ്ജ്വലമായ സമർപ്പണത്തിന്റെ വിത്താണ്.

1879-ലാണ് വെളുത്ത അച്ചൻമാർ എന്നറിയപ്പെടുന്ന കത്തോലിക്കാ വൈദികർ ആഫ്രിക്കയിലെത്തുന്നത്. അന്ന് ബുഗാണ്ട (ഇപ്പോഴത്തെ ഉഗാണ്ട)യിലെ രാജാവായിരുന്ന മുറ്റെസാ അനുഭാവപൂർണമായ സമീപനമാണ് മിഷനറിമാരോട് പുലർത്തിയത്. യേശുവിനെക്കുറിച്ചും അവിടുന്ന് നല്കുന്ന രക്ഷയെക്കുറിച്ചും മിഷനറിമാർ ജനങ്ങളുടെ ഇടയിൽ പ്രഘോഷിച്ചു. വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചവർ ആഴമായ വിശ്വാസത്തിന് ഉടമകളായിരുന്നു. തദ്ദേശീയരായ പുതിയ ക്രൈസ്തവ വിശ്വാസികളുടെ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവം ആയിടയ്ക്ക് നടന്നു.

മുറ്റെസാ രാജാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മിഷനറിമാരെ രാജ്യത്തു നിന്ന് പുറത്താക്കി. മൂന്ന് വർഷത്തിന് ശേഷം മുറ്റെസാ രാജാവ് മരിച്ചപ്പോഴാണ് അവർക്ക് തിരികെ വരുവാനുള്ള സാഹചര്യം ലഭിച്ചത്. മുമ്പ് തങ്ങൾ നടത്തിയ സുവിശേഷപ്രഘോഷണം വൃഥാവിലായോ എന്ന ആശങ്ക മിഷനറിമാരെ അലട്ടിയിരുന്നു. എന്നാൽ തങ്ങൾ മാമ്മോദീസാ നൽകിയ ക്രൈസ്തവർ സുവിശേഷപ്രഘോഷണത്തിലൂടെ തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്രിസ്തുവിലേക്ക് ആനയിക്കുന്ന കാഴ്ചയാണ് തിരികെ വന്ന മിഷനറിമാർ കണ്ടത്.

യുവരാജാവായ മ്വാവംഗയുടെയും പിതാവായ മുറ്റെസായുടെയും വിശ്വസ്തനായ സേവകനായിരുന്നു ജോസഫ് മുകാസാ. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. രാജകൊട്ടാരത്തിലെ സേവകരുടെ ഇടയിൽ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. എന്നാൽ രാജാവിനെക്കാൾ അധികമായി ‘ക്രിസ്ത്യാനികളുടെ ദൈവത്തോടുള്ള വിശ്വസ്തത’ പ്രകടിപ്പിച്ച മുകാസാ ക്രമേണ രാജാവിന്റെ അപ്രീതിക്ക് പാത്രമായി.

പുതിയതായി വന്ന ആംഗ്ലിക്കൻ ബിഷപ്പിനെ വധിക്കാനുള്ള രാജാവിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചതും രാജസേവകരായ കുട്ടികളെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതും രാജാവിന് മുകാസായോടുള്ള വിദ്വേഷം വർദ്ധിപ്പിച്ചു. ഗൂഢാലോചന നടത്തി എന്നാരോപിച്ച് മുകാസായെ ജീവനോടെ അഗ്നിയിൽ ദഹിപ്പിക്കുവാൻ രാജാവ് ഉത്തരവിട്ടു.

ഹൃദയപൂർവം ക്ഷമിച്ചുകൊണ്ട്

തന്റെ ശിക്ഷ നടപ്പാക്കാൻ വന്ന ആരാച്ചാരോട് മുകാസാ ഇപ്രകാരം പറഞ്ഞു ”ദൈവത്തിന് വേണ്ടി ജീവൻ കൊടുക്കുന്ന ഒരു ക്രിസ്ത്യാനിക്ക് മരണത്തെ പേടിക്കേണ്ട ആവശ്യമില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ നീതിരഹിതമായിട്ടാണ് എന്നെ വിധിച്ചതെങ്കിലും ഞാൻ മ്വാവംഗയോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നു.” ഈ വാക്കുകൾ ആരാച്ചാരെ സ്പർശിച്ചു. അദ്ദേഹത്തെ ശിരച്ഛേദം ചെയ്തതിന് ശേഷമാണ് അഗ്നിയിലേക്ക് എറിഞ്ഞത്.
മുകാസായുടെ രക്തസാക്ഷിത്വം ക്രൈസ്തവവിശ്വാസം സ്വീകരിച്ച സേവകർക്ക് പ്രചോദനമായി. ക്രൈസ്തവവിശ്വാസം സ്വീകരിച്ചവർ അത് ഉപേക്ഷിച്ചില്ലെങ്കിൽ ജീവനോടെ ചുട്ടെരിക്കുമെന്ന രാജകല്പനയും അവരുടെ ആവേശത്തെ കെടുത്തിയില്ല. മുകാസായുടെ സ്ഥാനം ഏറ്റെടുത്തത് മുഖ്യസേവകനും അവർക്ക് ആത്മീയ നേതൃത്വം നല്കുകയും ചെയ്ത ചാൾസ് ലവംഗയാണ്. രാജാവിനോട് വിശ്വസ്തത പുലർത്തിയിരുന്നെങ്കിലും പീഡനങ്ങളിൽനിന്ന് സേവകരെ രക്ഷിക്കുന്നതിൽ അദ്ദേഹവും ജാഗ്രത പുലർത്തിയിരുന്നു.

ഒരിക്കൽ നായാട്ട് കഴിഞ്ഞ് വന്ന രാജാവ് തന്റെ സേവകൻ ക്രിസ്തുവിനെക്കുറിച്ച് ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് കാണാനിടയായി. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ അവിടെ വച്ച് തന്നെ രാജാവ് അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചതിനുശേഷം കൊല ചെയ്യുവാനുത്തരവിട്ടു. വെട്ടിനുറുക്കിയാണ് അദ്ദേഹത്തെ
കൊലപ്പെടുത്തിയത്.

ധൈര്യത്തോടെ

പിറ്റേ ദിവസം തന്നെ ക്രൈസ്തവരായ എല്ലാ സേവകരോടും സ്വയം വെളിപ്പെടുത്തുവാൻ രാജാവ് ഉത്തരവിട്ടു. ചാൾസ് ലവംഗയുടെ നേതൃത്വത്തിൽ കത്തോലിക്കരും ആംഗ്ലിക്കൻ വിശ്വാസികളുമായ സേവകരുടെ ഒരു സംഘം ധൈര്യസമേതം തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞു. അവരിൽ ഏറ്റവും പ്രായം കുറഞ്ഞ കിസിതോയ്ക്ക് 14 വയസ് മാത്രമായിരുന്നു പ്രായം. 20 മൈൽ അകലെയുള്ള നമുഗോംഗോ ഗ്രാമത്തിൽ അവരെ ജീവനോടെ ദഹിപ്പിക്കുവാനായിരുന്നു രാജാവിന്റെ ഉത്തരവ്.
ബന്ധനാവസ്ഥയിലും 20 മൈൽ ദൂരം ഉറക്കെ പ്രാർഥിച്ചുകൊണ്ടാണ് അവർ യാത്ര ചെയ്തത്. അവരെ ദഹിപ്പിക്കുവാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ദഹിപ്പിക്കുവാനുള്ള തടിയൊരുക്കുവാൻ 7 ദിവസം അവരെ അവിടെ കെട്ടിയിട്ടു. ആദ്യം ലവംഗയെയാണ് ദഹിപ്പിച്ചത്. പാദം പൂർണമായി കത്തിയമർന്ന് ചാരം മാത്രം അവശേഷിച്ച അവസ്ഥയിൽ വിശ്വാസം ത്യജിക്കാൻ സന്നദ്ധമാണോ എന്ന് ചാൾസ് ലവംഗയോട് പീഡകർ ആരാഞ്ഞു.

നിങ്ങൾ എന്നെ കത്തിക്കുമ്പോൾ വെള്ളം കോരി ഒഴിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് അദ്ദേഹത്തെയും മറ്റ് കൂട്ടാളികളെയും അവർ അഗ്നിക്കിരയാക്കി. ആ ശരീരങ്ങളെ ദഹിപ്പിച്ചുകൊണ്ട് ഉയർന്ന് കത്തിയ തീനാളങ്ങളിൽ അവരുടെ പ്രാർഥനകളും സ്തുതിഗീതങ്ങളും സാവധാനം അലിഞ്ഞില്ലാതായി. എന്നാൽ ആ ചിതാഭസ്മത്തിന്റെ പരിശുദ്ധിയാണ് ആഫ്രിക്കൻ സഭയ്ക്ക് പുതുജീവനേകിയ വളമായി മാറിയത്.

നമുഗോംഗോയിലെ രക്തസാക്ഷികളെ കൂടാതെ മറ്റ് നിരവധിയാളുകൾ രാജാവിന്റെ പീഡനത്തിനിരയായി. നൂറോളം പേർ രക്തസാക്ഷിത്വം വഹിച്ചു. അവരിൽ 22 പേരെ 1964-ൽ പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

രഞ്ചിത്ത് ലോറൻസ്‌

2 Comments

  1. BIJAI BABY says:

    To,praise the lord……

  2. Thomas says:

    Praise you jesus…..thank you jesus…..

Leave a Reply

Your email address will not be published. Required fields are marked *