നിങ്ങൾ ധനം എവിടെ സൂക്ഷിക്കും? (ഏശയ്യാ 10:3)

ലോകത്തിന്റെ ആരംഭകാലം മുതലു ള്ള ഗൗരവമുള്ള ഒരു തിന്മ പണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യന്റെ ഒരു ബലഹീനതയും അതേസമയം മുഖ്യ ആകർഷണ വിഷയവുമാണ് പണം. പണം ഒരു നന്മയാണ്.പക്ഷേ, അത് തിന്മയുമാകാം. ധനത്തോടുള്ള ആർത്തിയാണ് നല്ല ഫലമൂലാദികൾ ബലിയർപ്പിക്കുന്നതിൽനിന്ന് കായേനെ തടഞ്ഞത്. ധനത്തോടുള്ള ആർത്തിയാണ് പായസം കൊടുത്ത് കടിഞ്ഞൂൽ അവകാശം സ്വന്തമാക്കുവാൻ യാക്കോബിനെ പ്രേരിപ്പിച്ചത്. ധനത്തോടുള്ള ആർത്തിയാണ് യാക്കോബിനോട് നീതികേട് കാണിക്കുവാൻ ലാബാനെ നിർബന്ധിച്ചത്. പണത്തോടുള്ള ആർത്തികൊണ്ടാണ് ദലീല സ്വന്തം ഭർത്താവ് സാംസനെ ഫിലിസ്ത്യർക്ക് ഒറ്റിക്കൊടുത്തത്. ധനാസക്തി മൂലമാണ് യൂദാസ് കറിയോത്ത യേശുവിനെ ഒറ്റിക്കൊടുത്തത്.

ധനാസക്തിയാണ് കവർച്ചകൾക്കടിസ്ഥാനം. ധനാസക്തിമൂലമാണ് കൈക്കൂലി വാങ്ങുന്നത്. ധനാസക്തിമൂലമാണ് കള്ളക്കടത്ത്, ലഹരിവസ്തുക്കളുടെ ഉല്പാദനം, കച്ചവടം എന്നിവ നടക്കുന്നത്. നിരവധി വഞ്ചനാക്കുറ്റങ്ങളും സ്വത്ത് തർക്കങ്ങളും ധനത്തോടുള്ള ആസക്തിമൂലം ഉണ്ടാവുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളും സഹോദരങ്ങൾ തമ്മിലുള്ള നല്ല ബന്ധങ്ങളുമെല്ലാം പലപ്പോഴും ശിഥിലമാകുന്നത് ധനത്തിന്റെ പേരിലാണ്. എന്തിനാണ് ഇങ്ങനെ ധനം സമ്പാദിക്കുന്നത്? തീർച്ചയായും ഉണ്ടാക്കുന്ന ധനം മുഴുവൻ ഉണ്ടാക്കുന്നവർക്ക് ഉപയോഗിച്ചുതീർക്കാൻ പറ്റുകയില്ല.

അതിനാൽ, സമ്പാദിക്കുന്ന ധനത്തിൽനിന്നും ഒരു ഭാഗം സമ്പാദ്യമാക്കി മാറ്റുന്നു. ധനത്തിന്റെ ഉപയോഗത്തിലും ധനത്തെ സമ്പാദ്യമാക്കി മാറ്റുന്നതിലും വീഴ്ചകൾ പറ്റാം. അന്യായമായി സമ്പാദിക്കുന്നവർ അന്യായമായി ചെലവഴിക്കും.
അന്യായ മാർഗത്തിലൂടെ സമ്പാദിക്കുന്ന സ്വത്ത് നന്മയായി മാറുമോ? സമ്പാദിക്കണം.

അടുത്ത തലമുറയ്ക്ക് നല്ല തുടക്കം ഉണ്ടാക്കിക്കൊടുക്കുവാൻ ശ്രമിക്കണം. പക്ഷേ, അന്യായമാർഗത്തിലൂടെ ധനം ഉണ്ടാക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണോ? അത് ഇഹത്തിലും പരത്തിലും, സമ്പാദിക്കുന്നവർക്കും അടുത്ത തലമുറയ്ക്കും നന്മയായി മാറുമോ?ഏശയ്യാ 10:1-4 വചനങ്ങൾ വായിക്കുക: പാവപ്പെട്ടവന് നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും വിധവകളെ കൊള്ളയടിക്കുന്നതിനും അനാഥരെ ചൂഷണം ചെയ്യുന്നതിനും വേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുന്നവർക്കും മർദനമുറകൾ എഴുതി ഉണ്ടാക്കുന്നവർക്കും ദുരിതം! ശിക്ഷാവിധിയുടെ ദിനത്തിൽ, വിദൂരത്തുനിന്നടിക്കുന്ന കൊടുങ്കാറ്റിൽ, നിങ്ങൾ എന്തു ചെയ്യും? ആരുടെ അടുത്ത് നിങ്ങൾ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങൾ ധനം എവിടെ സൂക്ഷിക്കും? ഒന്നും അവശേഷിക്കുകയില്ല. ബന്ധിതരുടെ ഇടയിൽ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ ഇടയിൽ വീഴുകയുമല്ലാതെ നിവൃത്തിയില്ല.

കർത്താവ് ചോദിക്കുന്നു: ധനം എവിടെ സൂക്ഷിക്കും? ഒന്നും അവശേഷിക്കുകയില്ല എന്ന് അടുത്ത വാചകത്തിൽ കർത്താവ് പറയുന്നു.അന്യായമായി ധനം സമ്പാദിക്കുന്ന എത്രയോ പേരുടെ ഇടയിലാണല്ലേ നമ്മുടെ ജീവിതം? അവർ സമ്പാദിച്ച അന്യായ ധനത്തിൽ നമ്മുടെ കൈകളിൽ ഇരുന്ന ചില്ലിക്കാശുകളും ഇല്ലേ? അന്യായമായി സമ്പാദിച്ച ധനത്തോടുകൂടി നിസഹായരുടെയും എളിയവരുടെയും നെടുവീർപ്പും കണ്ണുനീരും വേദനയും ഇല്ലേ? അന്യായമായ ധനം ഉണ്ടാക്കുന്നതിനുവേണ്ടി നമ്മളും അന്യായമാർഗങ്ങൾ വഴി മറ്റുള്ളവർക്ക് ധനം നല്കാറില്ലേ? ചിലപ്പോൾ നമ്മൾ ധനം നല്കുന്നത് നമ്മളിൽനിന്ന് പിടിച്ചുപറിക്കുന്നതുകൊണ്ടാണ്. ചിലപ്പോൾ സ്വാർത്ഥനേട്ടങ്ങൾക്കായി നാം സ്വയം നല്കുന്നതും.
ധനം സമ്പാദിക്കുന്നതിലും ഉപയോഗിക്കുന്നതിലും കുറച്ചുകൂടി ധാർമികത, മനുഷ്യസ്‌നേഹം ഉണ്ടാകേണ്ടതല്ലേ? തത്തുല്യമായ ജോലി ചെയ്യാതെ കൂലിയും ശമ്പളവും വാങ്ങുന്നതുപോലും അന്യായമായ ധനസമ്പാദനമാണെന്ന് നമുക്ക് ഓർക്കാം. ദൈവം ആദരിക്കുന്ന ധനം മാത്രം നമ്മുടെ പക്കൽ ഉണ്ടായാൽ മതി.

ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *