പേര് ഇഷ്ടമായി

അമ്മേ, എനിക്ക് ഈ പേര് വേണ്ട” എന്നും പറഞ്ഞു കൊണ്ട് സ്‌കൂളിൽ നിന്നെത്തിയ ജോഹന്റെ മുഖം കണ്ടപ്പോൾ അമ്മക്ക് വിഷമം തോന്നി. അവനെ ചേർത്തു പിടിച്ച് സ്‌നേഹത്തോടെ അന്വേഷിച്ചു. ”എന്താണുണ്ടായത്?”

”അതേ, ഇന്ന് ക്ലാസിൽ മിഥുൻ സ്‌നാപകയോഹന്നാന്റെ പടം കൊണ്ടുവന്നു. അതു കണ്ടപ്പോൾ ഞാൻ പറഞ്ഞു. ഈ ആളുടെ പേരാണ് എനിക്ക് എന്ന്. പിന്നെ ക്ലാസിൽ ടീച്ചർ വന്നപ്പോൾ മിഥുൻ ചോദിച്ചു, സ്‌നാപകയോഹന്നാന്റെ ഉടുപ്പ് എന്താണ് അങ്ങനെ എന്ന്. അത് ഒട്ടകരോമംകൊണ്ടുള്ള വസ്ത്രമാണെന്ന് ടീച്ചർ പറഞ്ഞു. പിന്നെ ടീച്ചർ പോയപ്പോൾ മിഥുനും കൂട്ടുകാരും എന്നെ ഒട്ടകമേ ഒട്ടകമേ എന്നു വിളിച്ച് കളിയാക്കി. എനിക്ക് ഈ പേര് വേണ്ടമ്മേ”
കാര്യം കേട്ടപ്പോൾ അമ്മക്ക് ആശ്വാസമായി.
”എന്റെ മോൻ വിഷമിക്കേണ്ട കേട്ടോ. സ്‌നാപകയോഹന്നാൻ നല്ല ആളാണെന്ന് അവർക്കറിയില്ലാത്തതുകൊണ്ടല്ലേ അവർ കളിയാക്കിയത്. അവർക്കത് മനസിലായാൽ പിന്നെ കുഴപ്പമില്ലല്ലോ. അതിന് അമ്മയൊരു സൂത്രം പറഞ്ഞുതരാം”
”എന്തു സൂത്രം?” ജോഹൻ ആകാംക്ഷയോടെ ചോദിച്ചു.

”ആദ്യം അമ്മ യോഹന്നാന്റെ കഥ പറഞ്ഞുതരാം…. ഈശോ വരുന്നതിനുമുമ്പ് വഴി ഒരുക്കാൻ വന്ന ആളാണ് സ്‌നാപകയോഹന്നാൻ. വൃദ്ധരായിട്ടും മക്കളില്ലാതിരുന്ന പുരോഹിതൻ സഖറിയാക്കും ഭാര്യ എലിസബത്തിനും ദൈവം അത്ഭുതകരമായി കൊടുത്ത കുഞ്ഞ്. യോഹന്നാൻ എന്ന പേരും ദൈവംതന്നെ ദൂതൻവഴി അവർക്കു നല്കിയതാണ്.
ദൂതൻ പറഞ്ഞ കാര്യത്തിൽ സംശയിച്ചതിനാൽ പിന്നീട് സംസാരിക്കാൻ കഴിയാതെയായിപ്പോയി സഖറിയാ പുരോഹിതന്. യോഹന്നാൻ ജനിച്ച് പേരിടാൻ സമയമായപ്പോൾ പേര് എഴുതിയാണ് കാണിച്ചത്. എന്നാൽ അതെഴുതി കാണിച്ചുകഴിഞ്ഞപ്പോഴേക്കും സഖറിയാ പുരോഹിതന് വീണ്ടും സംസാരശേഷി കിട്ടി. എല്ലാവർക്കും അത്ഭുതമായി.
പിന്നീട് വലുതായപ്പോൾ യോഹന്നാൻ ആളുകളോടെല്ലാം തെറ്റുകളെയോർത്ത് ദൈവത്തോടു മാപ്പുചോദിക്കണമെന്ന് പറഞ്ഞു. അതിനായി അവർക്ക് അനുതാപത്തിന്റെ സ്‌നാനം നല്കി. അങ്ങനെ ഈശോ വരുന്നതിനുമുമ്പ് എല്ലാവരെയും ഒരുക്കി”

”ഇതാണോ യോഹന്നാന്റെ കഥ”
”അതെ, അതുകൊണ്ട് ഇനി വരുന്ന ആനിവേഴ്‌സറിക്ക് സ്‌നാപകയോഹന്നാൻ ജനിച്ച കഥ വേണം മോൻ പറയാൻ. അതോടുകൂടി എല്ലാവർക്കും യോഹന്നാൻ എന്ന പേര് ഇഷ്ടമാകും. പിന്നെ ആരെങ്കിലും കളിയാക്കിയാലും എന്താ? ഇത്ര നല്ല ആളുടെ പേരല്ലേ മോനുള്ളത്”

”അതു ശരിയാണല്ലോ അമ്മേ, ഉമ്മ” സന്തോഷംകൊണ്ട് ജോഹൻ അമ്മക്കൊരുമ്മ കൊടുത്തു.
”അല്ല, ഇനി ജോഹൻ എന്ന പേര് മാറ്റണോ?” അമ്മ തെല്ല് കുസൃതിയോടെ ചോദിച്ചു.
”വേണ്ടേ വേണ്ട, എനിക്ക് ഈ പേര് തന്നെ മതി” ജോഹൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
”യോഹന്നാനെപ്പോലെ ഈശോക്കു വഴിയൊരുക്കണം, കേട്ടോ. കളിയാക്കുന്നവരോട് വഴക്കുകൂടാനൊന്നും പോകരുത്” അമ്മ ജോഹനെ ചേർത്തു പിടിച്ചു.
”ഇല്ലമ്മേ, ഞാൻ നല്ല കുട്ടിയായിരുന്നോളാം”

Leave a Reply

Your email address will not be published. Required fields are marked *