പാട്ടും സ്വപ്നവും

ലിനമോളും അമ്മയും മാത്രമേ ആ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. നല്ലൊരു പാട്ടാണ് പരിപാടിയിൽ ഗായിക പാടിക്കൊണ്ടിരുന്നത്.
പെട്ടെന്ന് ഫോൺ മണിയടിച്ചു. അമ്മ ഓടിച്ചെന്ന് ഫോൺ എടുത്തു. പക്ഷേ ടി.വിയുടെ ശബ്ദം കാരണം ശരിക്ക് കേൾക്കാനാവുന്നില്ല.
”മോളേ ടി.വിയുടെ ശബ്ദം ഒന്ന് കുറയ്ക്ക്” അമ്മയുടെ വാക്കനുസരിച്ച് ലിനമോൾ ശബ്ദം കുറച്ചു. അപ്പയാണ് വിളിച്ചത്. രാത്രി വരാൻ വൈകുമെന്നു പറഞ്ഞതാണ്. ഫോൺ വച്ചിട്ട് അമ്മ തിരികെ ലിനമോളുടെ അടുത്തുതന്നെ വീണ്ടും വന്നിരുന്നു. അപ്പോഴേക്കും ആ പാട്ട് കഴിഞ്ഞിരുന്നു.
പിന്നത്തെ പാട്ട് കേൾക്കാൻ വലിയ ഇമ്പമൊന്നുമില്ലായിരുന്നു. പോരാത്തതിന് അതോടൊപ്പം ആഭാസകരമായ വസ്ത്രം ധരിച്ചുകൊണ്ടുള്ള നൃത്തവും. അതിനാൽ അമ്മ ടി.വി. ഓഫ് ചെയ്തു. പിന്നെ അവർ രണ്ടുപേരുംകൂടി സംസാരിച്ചിരുന്നു.
അമ്മ ചോദിച്ചു, ”മോൾക്ക് പാട്ടുപാടാൻ കഴിവുണ്ടല്ലോ. സംഗീതം പഠിക്കാൻ പോവാൻ ഇഷ്ടമാണോ?”
”അതെ, അമ്മേ.”
”എന്നാൽ അവധിക്കാലമാകുമ്പോൾ സംഗീതം പഠിക്കാൻ അയക്കാം, കേട്ടോ”
”നല്ല അമ്മ” ലിനമോൾ അമ്മയെ കെട്ടിപ്പിടിച്ചു.
”പക്ഷേ പഠിച്ചുകഴിഞ്ഞാൽ മോൾ എങ്ങനെയുള്ള പാട്ടുകളാണ് പാടാൻ പോകുന്നത്?”
”അതോ, അത്……. നമ്മൾ ആദ്യം കേട്ട പാട്ടില്ലേ. അങ്ങനെയുള്ള പാട്ട് പാടാനാണ് എനിക്കിഷ്ടം”
”അപ്പോൾ ഈശോക്കുവേണ്ടി പാടാൻ പോവുമോ?”
അമ്മയുടെ ചോദ്യം കേട്ടപ്പോൾ ലിനമോൾക്ക് ആകെ സംശയമായി. കാരണം ഈശോക്കുവേണ്ടി പാടുക എന്നുവച്ചാൽ എന്താണെന്ന് അവൾക്കറിയില്ല. അതുകൊണ്ട് ലിനമോൾ ചോദിച്ചു.
”അമ്മേ, ഈശോക്കുവേണ്ടി പാടുക എന്നാൽ എന്താണ്?”
”എന്നുവച്ചാൽ….. മോൾ പാടുന്ന പാട്ടു കേൾക്കുന്നവർക്ക് ഈശോയുടെ സ്‌നേഹത്തെക്കുറിച്ച് ഓർമ്മവരണം. പിന്നെ…… അതു കേൾക്കുമ്പോൾ അവർക്ക് ഈശോയോട് വളരെ സ്‌നേഹം തോന്നണം, വിഷമിച്ചിരിക്കുന്നവർക്കാണെങ്കിൽ ആശ്വാസം കിട്ടണം…. അങ്ങനെയങ്ങനെ….. അപ്പോൾ മോളുടെ പാട്ട് ഈശോക്കുവേണ്ടിയുള്ള പാട്ടാകും”
”അങ്ങനെയാണെങ്കിൽ ഞാൻ ഉറപ്പായും ഈശോക്കുവേണ്ടി പാടുന്ന പാട്ടുകാരിയാവും”
”എന്റെ കുഞ്ഞ് ഈശോയുടെ പാട്ടുകാരിയായാൽ അതു കാണുന്ന ഒരുപാട് പേർ ഈശോക്കുവേണ്ടി പാടാൻ തുടങ്ങും. അപ്പോൾ ഈ അമ്മക്ക് വളരെ വളരെ സന്തോഷമാകും.” അമ്മ ലിനമോളെ ചേർത്തുപിടിച്ച് തലോടി.
ലിനമോളാകട്ടെ സന്തോഷത്തോടെ അമ്മയോട് പറ്റിച്ചേർന്നുനിന്നു. അവൾക്ക് വളരെ സന്തോഷവും അഭിമാനവും തോന്നി. ഈശോയുടെ പാട്ടുകാരിയാവുന്നതിനെക്കുറിച്ച് അന്നുമുതൽ അവൾ സ്വപ്നം കാണാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *