അന്ന് മാർട്ടിനെ കണ്ട എല്ലാവർക്കും ആശ്ചര്യം. കീറിയ വസ്ത്രങ്ങൾമാത്രം അണിയാറുള്ള മാർട്ടിൻ അന്ന് നല്ല വസ്ത്രമണിഞ്ഞിരിക്കുന്നു.
”എന്താ മാർട്ടിൻ, ദൂരയാത്രക്കെങ്ങാനും പോകുകയാണോ?”
”അതെ, ഒരു ദൂരയാത്രയുണ്ട്” ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയത് അങ്ങനെയാണ്.
”എന്റെ സംസ്‌കാരവേളയിലേക്കുള്ളതാണ് ഈ വസ്ത്രം” വിശദീകരണം കേട്ടവർ അതൊരു തമാശയായി സ്വീകരിച്ചു.
എന്നാൽ രണ്ട് ദിവസങ്ങൾക്കകം അദ്ദേഹം കിടക്കയിലായി. അപ്പോഴാണ് പലർക്കും കാര്യം മനസിലായത്. വൈസ്രോയിയും ആശ്രമശ്രേഷ്ഠനുമെല്ലാം അദ്ദേഹത്തെ കാണാനെത്തി. എന്നാൽ ആ സമയത്ത് പരിശുദ്ധ മാതാവും വിശുദ്ധ ഡൊമിനികും വിശുദ്ധ വിൻസെന്റ് ഫെററും മാർട്ടിനെ മരണത്തിനൊരുക്കുകയായിരുന്നു. അതിനാൽ അല്പസമയം കഴിഞ്ഞപ്പോഴാണ് സന്ദർശകർ അകത്തു പ്രവേശിച്ചത്.
ക്രൂശിതരൂപം നെഞ്ചോടു ചേർത്ത് കിടക്കുകയാണ് മാർട്ടിൻ, പലകക്കട്ടിലിൽ വൈക്കോൽ നിറച്ച തലയിണയും വച്ച്. എല്ലാവരോടും അദ്ദേഹം യാത്ര ചോദിച്ചു. അപ്പോൾ ആശ്രമശ്രേഷ്ഠന്റെ നേതൃത്വത്തിൽ ചുറ്റും നിന്നവർ പ്രാർത്ഥിക്കാൻ തുടങ്ങി. വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ടിരിക്കവേ അദ്ദേഹം യാത്ര പുറപ്പെട്ടുപോയി. ചുറ്റും എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികൾക്കിടയിൽ ആ മുഖം ദീപ്തമായിത്തന്നെ കാണപ്പെട്ടു.
മരണത്തെ തന്റെ പിതാവിനടുത്തേക്കുള്ള യാത്രയായി കണ്ട ആ പുണ്യാത്മാവ് പില്ക്കാലത്ത് വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു; വിശുദ്ധ മാർട്ടിൻ ഡി പോറസ്.