മാമ്പഴക്കറി

ഒരു മിണ്ടാമഠമായിരുന്നു അത്. ആവശ്യത്തിനുമാത്രം സംസാരിച്ചുകൊണ്ട് കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവഴിക്കുന്ന സന്യാസിനികൾ. പ്രാർത്ഥിച്ചുമാത്രം ജീവിക്കാമെന്ന് അവർ തെളിയിക്കുന്നു. എന്നുവച്ചാൽ ഭക്ഷണം കഴിക്കുന്നില്ലെന്നല്ല, ആരോടും ചോദിക്കാതെതന്നെ അവർക്കാവശ്യത്തിനുള്ള സാധനങ്ങൾ മഠത്തിലെത്തും. തനിക്കായി ജീവിതം സമർപ്പിച്ചവർക്കായി അവരുടെ നാഥൻ പ്രവർത്തിക്കുന്നു എന്നതുമാത്രമാണതിനു കാരണം.

ഒരു ദിനം നോക്കിയപ്പോൾ മഠത്തിനടുത്തുള്ള വീട്ടുപറമ്പിലെ മാവിൽ പഴുത്ത മാങ്ങകൾ നിറഞ്ഞ് അത് മഠത്തിന്റെ പറമ്പിലേക്ക് തൂങ്ങിനില്ക്കുന്നു. അതിൽനിന്ന് കുറച്ചു മാങ്ങകൾ ലഭിച്ചിരുന്നെങ്കിൽ മാമ്പഴക്കറി പാകം ചെയ്യാമായിരുന്നു എന്ന് സന്യാസിനികൾ ആഗ്രഹിച്ചു. എന്നാൽ അത് ചോദിച്ചുവാങ്ങാനാകാത്തതിനാൽ അവർ ആ ആഗ്രഹം നീക്കിവച്ചു.
പിറ്റേന്ന് രാവിലെ മഠത്തിന്റെ മുൻവാതിൽ തുറന്നപ്പോഴതാ അവിടെ ഒരു സഞ്ചി നിറയെ മാമ്പഴങ്ങൾ! ദൈവസ്‌നേഹത്തിനുമുന്നിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ അവർ അതുപയോഗിച്ച് ആഗ്രഹിച്ചതുപോലെ മാമ്പഴക്കറി പാകം ചെയ്തു കഴിച്ചു. മാത്രവുമല്ല ആ മാമ്പഴക്കാലം കഴിയുവോളം മഠത്തിൽ എന്നും മാമ്പഴം ഉണ്ടായിരുന്നു. കൂടുതലുള്ളത് അയൽക്കാർക്ക് നല്കുകയായിരുന്നുവത്രേ.

ലൂക്കോസ് വി.വി.

Leave a Reply

Your email address will not be published. Required fields are marked *