”ഒരുപക്ഷേ, എനിക്കുവേണ്ടിയായിരിക്കും”

ഒരു ദിവസം പ്രാതൽ കഴിഞ്ഞ് ഞങ്ങൾ രണ്ട് സന്യാസിനികൾ ഇടവകയിൽ നടക്കുന്ന ധ്യാനത്തോടനുബന്ധിച്ചുള്ള ഭവനസന്ദർശനത്തിനിറങ്ങി. ഞങ്ങൾ പോകാനിരുന്ന കുടുംബങ്ങളെ സമർപ്പിച്ച് കൊന്ത ചൊല്ലിക്കൊണ്ട് നടന്നു. അപ്രകാരം ചെയ്താൽ ആ ഭവനങ്ങൾ കൂടുതൽ അനുഗ്രഹിക്കപ്പെടും എന്ന വിശ്വാസം മനസിലുണ്ടായിരുന്നു. അങ്ങനെ പോകവേ ഒരമ്മ ഗെയിറ്റിന്റെ വാതില്ക്കൽ നില്ക്കുന്നു. ഞങ്ങളെ കണ്ട് ചിരിച്ച്, സ്തുതി ചൊല്ലി. നമുക്ക് ഈ വീട്ടിലേക്ക് കയറാമെന്ന് രണ്ടുപേരും തീരുമാനിച്ചു. കുടുംബനാഥ ഗെയിറ്റ് തുറന്നുതന്നു.
സാമാന്യം വലിയ വീട്. മുറ്റത്തിന്റെ നടുവിലെത്തിയപ്പോൾ മനസിന് ഒരസ്വസ്ഥത. എങ്കിലും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണിക്കാതെ അകത്തു കയറി. അല്പം കുശലാന്വേഷണം നടത്തിയതിനുശേഷം നമുക്ക് എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് പ്രാർത്ഥിച്ചു. ഞങ്ങൾ കടന്നുചെന്നതിന്റെ ഉദ്ദേശ്യം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇടവകയിൽ നടക്കുന്ന ധ്യാനത്തിന് എല്ലാവരും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കാൻ.

പങ്കുവച്ച വേദനകൾ

കുടുംബനാഥ ആദ്യം ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി. ഞാനൊരു രോഗിയാണ്. എന്നും മരുന്ന് കഴിക്കുന്നു. എന്റെ ഭർത്താവ് മദ്യപാനിയാണ്. പുകവലിക്കും, പള്ളിയിൽ പോകാറില്ല, കുമ്പസാരിക്കില്ല. ഞങ്ങൾക്ക് മൂന്ന് കുട്ടികളുണ്ട്. മൂത്തമകൾ മാനസികമായി പൂർണ വളർച്ചയില്ലാത്തവളാണ്. അതുകൊണ്ട് വിവാഹം കഴിക്കാതെ വീട്ടിൽ നില്ക്കുന്നു. താഴെയുള്ള രണ്ടുപേരും ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ മദ്യപിക്കും. ഇപ്പോൾ അവധിക്ക് വീട്ടിൽ വന്നിട്ടുണ്ട്. മൂന്നാമത്തെ മകൻ ജോലിസ്ഥലത്ത് ചെന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ കിഡ്‌നിക്ക് തകരാറായതുകൊണ്ട് ചികിത്സയ്ക്കുവേണ്ടി നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നു. രണ്ടുപേരും വിവാഹിതരാണ്. കുട്ടികളുമുണ്ട്. ”ഞങ്ങളുടെ കുടുംബത്തിൽ ധാരാളം പ്രശ്‌നങ്ങളുണ്ട്. സിസ്റ്റേഴ്‌സ് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം….” ഒരമ്മയുടെ വേദനകളാണിതെല്ലാം.

ഞങ്ങൾ ജപമാല ചൊല്ലിക്കൊണ്ടാണല്ലോ വന്നിരുന്നത്. പരിശുദ്ധ അമ്മ തീർച്ചയായും ഈ കുടുംബത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും അത്ഭുതം പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്തമകൻ അകത്തുനിന്ന് പുറത്തേക്കിറങ്ങിവന്നു. പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം കസേരയിൽ ഇരുന്നു. മാന്യമായ വ്യക്തിത്വം. അല്പം നർമം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു. അതിനെന്താ സംസാരിക്കാമല്ലോ. ഒരു സ്ഥലത്ത് മാറിയിരുന്ന് അദ്ദേഹവുമായി കുറഞ്ഞത് മൂന്നുമണിക്കൂർ എങ്കിലും സംസാരിച്ചിട്ടുണ്ടാവണം.
അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം- ഞാനൊരു മദ്യപാനിയാണ്. ഒരു ദിവസം മദ്യപിച്ച് സ്വന്തം വാഹനം ഓടിച്ചുകൊണ്ട് പോയപ്പോൾ ഒരാളുടെ ദേഹത്ത് ഇടിച്ചു. ആ മനുഷ്യൻ അവിടെവച്ചുതന്നെ മരിച്ചു. അതിന്റെ കേസ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വാഹനം വിറ്റു. അതിന്റെ വിഷമമൊക്കെ മനസിലുണ്ട്. അതെല്ലാം പങ്കുവച്ചുകഴിഞ്ഞ് ഒരു കാര്യവും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു, ”എന്റെ കല്യാണത്തിന് ഞാൻ കുമ്പസാരിച്ചതാണ്. ഇപ്പോൾ കുമ്പസാരിച്ചിട്ട് ഏകദേശം പത്തു വർഷം കഴിഞ്ഞിരിക്കുന്നു.”

തടസങ്ങൾ

കേട്ടപ്പോൾ മനസിനൊരു ഞെട്ടൽ. അപകടം, മരണം, കേസ്, മദ്യപാനം, കൂട്ടുകെട്ട് ഇതൊക്കെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതുകൊണ്ട് പള്ളിയിൽ പോകാനോ കുമ്പസാരിക്കാനോ തോന്നാറില്ല. വിശുദ്ധ ബലിയുടെയും കുമ്പസാരത്തിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തോട് അല്പം സംസാരിച്ചു. ”കുമ്പസാരിക്കേണ്ടത് എങ്ങനെയാണെന്നും അതിന്റെ പ്രാർത്ഥനകൾ എന്തൊക്കെയാണെന്നും ഞാൻ മറന്നുപോയി സിസ്റ്റർ.”
”സാരമില്ല, അതൊക്കെ പറഞ്ഞുതരാം” എന്നു പറഞ്ഞ് അല്പം വിശദീകരിച്ചു. ”ഇന്ന് വൈകുന്നേരം പള്ളിയിൽ കുമ്പസാരമുണ്ട്. തീർച്ചയായും വന്ന് കുമ്പസാരിക്കണം.” തീർച്ചയായും വരാമെന്ന് പറഞ്ഞു. വൈകുന്നേരം 7.30 ആയി. കുമ്പസാരിക്കാൻ വരാമെന്ന് പറഞ്ഞ അദ്ദേഹത്തെ കാണുന്നില്ല. ഞാൻ ഫോൺ ചെയ്തു. വരാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോൾത്തന്നെ വന്നേക്കാം എന്ന മറുപടി.

പിന്നെയും കുറെ കഴിഞ്ഞിട്ടും ആളെ കണ്ടില്ല. പല പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് വരാൻ മടി കാണുമെന്ന് ഞാൻ വിചാരിച്ചു. വേറെ രണ്ടുപേരെ കൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ആൾ വീട്ടിലില്ല. വീണ്ടും ഫോൺ ചെയ്തു. ഞാനൊരു കൂട്ടുകാരനെ കാണാൻ ബസിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹത്തെ കുമ്പസാരിക്കാൻ വിളിക്കാൻ സിസ്റ്റർ വീണ്ടും വീട്ടിൽ വന്നല്ലോ എന്നത് അദ്ദേഹത്തിന് വിശ്വസിക്കാൻ പറ്റുന്നില്ല. നാളെ തീർച്ചയായും വന്ന് കുമ്പസാരിച്ചുകൊള്ളാം എന്ന ഉത്തരം.

പിറ്റേദിവസം വൈകുന്നേരം കുമ്പസാരത്തിന്റെ സമയമായി. ആളെ കണ്ടില്ല. ഏഴുമണി കഴിഞ്ഞു. അവരുടെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. ആരോ ഫോൺ എടുത്തു. അദ്ദേഹം വീട്ടിലുണ്ട്, കുമ്പസാരിക്കാൻ വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ‘ഒരാത്മാവ് നശിക്കാൻ പാടില്ലല്ലോ’ എന്നോർത്ത് രണ്ടുപേരെ കൂട്ടിക്കൊണ്ട് അദ്ദേഹത്തെ തേടിപ്പോയി. പോകുമ്പോൾ പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ച് കൊന്ത ചൊല്ലിക്കൊണ്ടാണ് പോയത്. ‘അമ്മേ ഒരാത്മാവ് രക്ഷപ്പെടാൻ നീ മാധ്യസ്ഥ്യം വഹിക്കണമേ’ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഞങ്ങൾ വീട്ടിലെത്തി. അദ്ദേഹം വീടിന്റെ മുറ്റത്ത് നില്ക്കുന്നു. കുമ്പസാരിക്കാൻ വിളിച്ചു, വരുന്നില്ല എന്ന മറുപടി.
”കാരണം?”
”ഞാൻ അല്പം മദ്യപിച്ചിട്ടുണ്ട്.”
”കണ്ടിട്ട് മദ്യപിച്ച ലക്ഷണമൊന്നും കാണുന്നില്ലല്ലോ?”’
”അല്ല, ഞാൻ കുളിച്ചിട്ടില്ല”
”എങ്കിൽ കുളിക്കുന്നതുവരെ ഞങ്ങൾ കാത്തുനില്ക്കാം”
”സിസ്റ്റർ, കുമ്പസാരിക്കാൻ വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, എന്തോ ഒന്ന് എന്റെ മനസിനെ തടസപ്പെടുത്തുന്നു”
”അത് സാത്താനാണ്. ഞങ്ങളുണ്ടല്ലോ, ഞങ്ങളുടെ കൂടെ പോരേ”
”ശരി വരാം.”

കുമ്പസാരത്തിലേക്ക്

അദ്ദേഹം കുളിച്ച് തയാറാകുന്നതുവരെ ഞങ്ങൾ കാത്തുനിന്നു. പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതം- അദ്ദേഹം കുമ്പസാരിക്കാൻ ഒരുങ്ങി ഇറങ്ങി.
പോകുന്നവഴി അദ്ദേഹത്തെ ആരോ ഫോൺ ചെയ്തു. ആരാണ് ഫോണിൽ വിളിച്ചത് എന്നന്വേഷിച്ചപ്പോൾ കൂട്ടുകാരനാണ്. കൂട്ടുകാരൻ എന്തു പറഞ്ഞു. ‘എന്താടാ നിന്നെ അറസ്റ്റു ചെയ്തുകൊണ്ട് പോവുകയാണോ?’ എന്ന് ചോദിച്ചു.
”എന്ത് പറഞ്ഞു?”

”അല്ല, ഞാൻ എന്റെ സ്വന്തം മനസുകൊണ്ട് പോവുകയാണെന്ന് പറഞ്ഞു” അദ്ദേഹം കുമ്പസാരിക്കാൻ പള്ളിയിൽ പോയെന്ന് അല്പനിമിഷംകൊണ്ട് കൂട്ടുകാരുടെ ഇടയിൽ പാട്ടായി. സാരമില്ല, ദൈവം പ്രവർത്തിച്ചുകൊള്ളും. ആദ്യത്തെ ദിവസം തന്നെ കുമ്പസാരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയിരുന്നു. ദേവാലയത്തിൽ ചെന്ന് കുമ്പസാരിക്കാനായി 15 മിനിട്ട് മുട്ടു കുത്തി പ്രാർത്ഥിച്ചു. പിന്നെ അദ്ദേഹം കുമ്പസാരിക്കാൻ പോയി. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ അദ്ദേഹത്തിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

കുമ്പസാരിക്കാൻ അദ്ദേഹം നീണ്ട സമയംതന്നെ എടുത്തു. ‘ഒരു പാപിയുടെ മാനസാന്തരത്തിൽ സ്വർഗം സന്തോഷിക്കുന്ന സമയം.’ ഒപ്പം ധൂർത്തപുത്രനെ അപ്പൻ വാരിപ്പുണരുന്ന അനുഭവവും. കുമ്പസാരത്തിനുശേഷം വൈദികൻ കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി. അദ്ദേഹത്തിന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു. ഹന്നാൻ വെള്ളം തളിച്ചു. കൈയിലിരുന്ന കുരിശുരൂപം അദ്ദേഹത്തെ മുത്തിച്ചു. എന്നിട്ട് അദ്ദേഹം എഴുന്നേറ്റ് പോയതോ- ദിവ്യകാരുണ്യത്തിന്റെ മുൻപിലേക്ക്.
അവിടിരുന്ന് അരമണിക്കൂറിലധികം അദ്ദേഹം പ്രാർത്ഥിച്ചു. അപ്പോൾ മനസിൽക്കൂടി ഒരു തിരുവചനം കടന്നുപോയി. ”ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ നില്ക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോ. 5:6-7).

അനുപമസന്തോഷം

അദ്ദേഹം തിരികെ പോന്നപ്പോൾ എന്നെ ദേവാലയത്തിൽനിന്ന് വിളിച്ചിറക്കി. സിസ്റ്റർ, എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല. എനിക്കിപ്പോൾ നല്ല സന്തോഷമുണ്ട്. എന്റെ മനസിൽനിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലെ. ഒരുപക്ഷേ, എനിക്കുവേണ്ടിയായിരിക്കും ഈ ധ്യാനം ക്രമീകരിച്ചതും. ഞാൻ പറഞ്ഞു, നന്ദിയെല്ലാം പരിശുദ്ധ അമ്മയ്ക്കും ദിവ്യകാരുണ്യ ഈശോയ്ക്കും കൊടുത്താൽ മതി. അവരാണ് ഈ അത്ഭുതം പ്രവർത്തിച്ചത്. ഇനിയും വിശുദ്ധ ബലി, വിശുദ്ധ കുർബാന സ്വീകരണം ഇതൊക്കെ വേണ്ടേ?
നാളെ ഒരു കല്യാണത്തിന് പോകുന്നുണ്ട്. അപ്പോൾ ഇതൊക്കെ നടത്തിക്കൊള്ളാം. സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹത്തെ സന്തോഷത്തോടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്തെന്നില്ലാത്ത ഒരു സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു. ഒരു യുദ്ധം ചെയ്തിട്ട് വിജയിച്ച അനുഭവം.

‘ദൈവമേ സ്തുതി!’ അല്ലാതെ എന്തു പറയാനാണ്. ഒരു വ്യക്തിയുടെ മാനസാന്തരത്തിനായി ദൈവം നമ്മെ ഉപകരണമാക്കുന്ന വഴികൾ ആരറിയുന്നു. പിറ്റേ ദിവസം അദ്ദേഹത്തെ ഫോൺ ചെയ്തു. വിശുദ്ധ കുർബാന, കുർബാനസ്വീകരണം എല്ലാം നടത്തി. കുടുംബത്തിനും സന്തോഷം. ഒരാളെ കുമ്പസാരത്തിലേക്കു നയിക്കാൻ എത്ര ശ്രമിച്ചാലും അത് ഒരിക്കലും നഷ്ടമായി പരിണമിക്കുകയില്ല
എന്നെനിക്ക് കൂടുതൽ ഉറപ്പുതന്നു
ആ അനുഭവം.

സിസ്റ്റർ ദീപ ആശാംപറമ്പിൽ എസ്.ഡി.

2 Comments

  1. Elsamma James says:

    Wonderful!!

  2. Neethu Maria says:

    Very Inspiring…God bless u sisters..May God Bless the Family…

Leave a Reply

Your email address will not be published. Required fields are marked *