ഒന്നാം പ്രമാണം ലംഘിക്കാത്തവർക്കായി…

ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച്, ക്രിസ്തീയ വിശ്വാസത്തിൽ വളർന്ന ഞാൻ പലപ്പോഴും മനസിൽ പറഞ്ഞ് ആശ്വസിച്ചിട്ടുള്ള ഒരു കാര്യമുണ്ട് – ഒന്നാം പ്രമാണത്തിനെതിരായ പാപം ഞാൻ ചെയ്യാറില്ല. ത്രിയേക സത്യദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. ഞാൻ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കാറില്ല. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാറില്ല. വാരഫലമോ ജ്യോതിഷമോ കൈനോട്ടമോ മുഹൂർത്തം നോക്കലോ എന്നെ ആകർഷിക്കാറില്ല. അന്ധവിശ്വാസങ്ങൾ ഞാൻ വച്ചുപുലർത്തുന്നില്ല. അതിനാൽ ഞാൻ വിഗ്രഹാരാധന ചെയ്യാറില്ല. ഈ ലേഖനം വായിക്കുന്ന ഏറിയഭാഗം വായനക്കാരും സമാനമായി എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ ഞാൻ വിഗ്രഹാരാധന നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ച ചില ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ധനമോഹം ഒരു വിഗ്രഹാരാധനയോ?

എങ്ങനെയാണ് ദ്രവ്യാസക്തി ദൈവത്തിന്റെ പ്രഥമ കല്പനയ്‌ക്കെതിരായ പാപമായിത്തീരുന്നത്? വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസിലുള്ള ജനങ്ങളോട് ഇത് വളരെ വ്യക്തമായി പറയുന്നു: ”അതുകൊണ്ട് നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം-അസന്മാർഗികത, അശുദ്ധി, മനഃക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിൻ. ഇവ നിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു” (കൊളോ. 3:5-6).
ഇത് യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയാൻ ആദ്യം നമ്മുടെ ഉള്ളിലേക്കുതന്നെയും പിന്നെ ചുറ്റിലേക്കും കണ്ണുകൾ തുറന്നാൽ മതി. കൈക്കൂലി വാങ്ങുന്നവർ, കള്ളം പറയുന്നവർ, മോഷ്ടിക്കുന്നവർ, കൊലപാതകം നടത്തുന്നവർ, കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുന്നവർ, വ്യാജമരുന്നുകൾ നിർമിക്കുന്നവർ അങ്ങനെ ധനത്തോട് പല രീതിയിൽ ആസക്തി കാണിക്കുന്ന എത്രയോ പേരാണുള്ളത്.

കഴിഞ്ഞ വർഷം ഞങ്ങൾ കുറച്ചുപേർ ഒരുമിച്ചുകൂടി അല്പസമയം ചെലവഴിക്കുന്ന വേളയിൽ, ദശാംശം കൊടുക്കണോ വേണ്ടയോ എന്നൊരു ചെറിയ വാദപ്രതിവാദം ഉണ്ടായി. അതിൽ ഒരു ഭാഗം ദശാംശം കൊടുക്കണം എന്നു വാദിച്ചപ്പോൾ, മറുഭാഗം പറഞ്ഞതിപ്രകാരമാണ്: ‘ദശാംശം കൊടുക്കണം എന്നൊക്കെ പറയാം. പക്ഷേ, പത്തുശതമാനം കൊടുക്കാനൊന്നും പറ്റില്ല; ഞങ്ങൾ പറ്റുന്നതുപോലൊക്കെ പാവങ്ങളെ സഹായിക്കാറുണ്ട്.’ 3000 യൂറോ മാസവരുമാനം കിട്ടുമ്പോൾ അതിൽ 300 യൂറോ (ഏകദേശം 24,000 രൂപ) മാസം ദൈവത്തിന് കൊടുക്കാൻ പറ്റില്ല എന്നർത്ഥം. ഇവിടെ ‘ധനം’ എത്ര വലിയ വിഗ്രഹം!

വളരെ ചെറിയ ധനനഷ്ടമുണ്ടാകുമ്പോൾപോലും മറ്റുള്ളവരെയും ദൈവത്തെയും പഴിക്കുമ്പോഴും പലിശ ഈടാക്കുമ്പോഴും കഷ്ടപ്പെടുന്ന സഹോദരർക്ക് അറിഞ്ഞ് സഹായം ചെയ്യാതിരിക്കുമ്പോഴും നമുക്ക് ‘ധനം’ നാം സൃഷ്ടിച്ച ഒരു ‘വാർപ്പുവിഗ്രഹം’ ആവുകയാണ്. പാവപ്പെട്ടവന്റെ ഉപജീവനം തടയുന്നതും ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കുന്നതും വിശക്കുന്നവനെ ദുഃഖിപ്പിക്കുന്നതും ഇല്ലാത്തവനെ ക്ഷോഭിപ്പിക്കുന്നതും യാചകന് ദാനം താമസിപ്പിക്കുന്നതും ആവശ്യക്കാരനിൽനിന്ന് കണ്ണ് തിരിക്കുന്നതും കർത്താവ് വെറുക്കുന്ന പാപങ്ങളാണ്. ഇവർ മനംനൊന്ത് ശപിച്ചാൽ ദൈവം അത് കൈക്കൊള്ളും എന്ന് പ്രഭാഷകൻ 4:6-ൽ ദൈവം നമുക്ക് മുന്നറിയിപ്പ് നല്കുന്നു.

സുഖലോലുപത ഒരു വിഗ്രഹാരാധനയാകുമോ?

ദൈവം ഏറ്റവുമധികം വെറുക്കുന്ന മറ്റൊരു പാപമാണ് സുഖലോലുപത. സുഖഭോഗങ്ങളിൽ മുഴുകി മനുഷ്യൻ ഒന്നാം പ്രമാണത്തിനെതിരെ ഘോരപാപങ്ങളിൽ പതിക്കുന്നു. സുഖലോലുപതയും സുഖഭോഗങ്ങളും പാപമല്ലെന്ന് കരുതുന്നവരും പാപമാണെന്ന് കരുതുന്നവരും നമ്മുടെ ഇടയിലുണ്ട്. എങ്കിലും ഇവ ദൈവത്തിന്റെ പ്രഥമ കല്പനയ്‌ക്കെതിരായ പാപമെന്നും വിഗ്രഹാരാധനയെന്നും കരുതുന്നവർ വളരെ ചുരുക്കം.

ആയതിനാൽ വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓർമിപ്പിക്കുന്നു: ”അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും നൃത്തം ചെയ്യാനായി എഴുന്നേല്ക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു” (1 കോറി.10:7). അമിതമായ സുഖഭോഗങ്ങളിൽ മുഴുകി രോഗികളായവർ ഒരു ഭാഗത്ത്. മറുഭാഗത്ത് ഒരു നേരത്തെ വിശപ്പടക്കാൻ ഭക്ഷണത്തിനുവേണ്ടി അലയുന്നവർ. യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നടത്തിയ കണക്കെടുപ്പിൽ ഈ ലോകത്ത്  ഒരു നേരത്തെ ഭക്ഷണംപോലുമില്ലാതെ വലയുന്നു. ഓരോ വർഷവും 5 കോടി കുഞ്ഞുങ്ങൾ ഭക്ഷണക്കുറവുമൂലം മരിക്കുന്നു.

ഇന്ന് ഈ നിമിഷം മദ്യപാനവും പുകവലിയും ദൈവമായ കർത്താവിനുവേണ്ടി ഉപേക്ഷിക്കാൻ തീരുമാനമെടുക്കുന്നതിന് കഴിയുന്നില്ലെങ്കിൽ ഹൃദയത്തിൽ പൂജിക്കുന്ന വാർപ്പുവിഗ്രഹമാണ് മദ്യപാനവും പുകവലിയും. എന്നെ ഏറ്റവുമധികം വേദനിപ്പിച്ചവരോട്, എന്നെ വെറുക്കുന്നവരോട്, എന്നെപ്പറ്റി പരദൂഷണം പറഞ്ഞവരോട്, എനിക്ക് മാനഹാനി വരുത്തിയവരോട് ഹൃദയപൂർവം ക്ഷമിക്കാനാകുമോ? ക്ഷമിക്കുവാനും അവരെ സ്‌നേഹിക്കുവാനും കഴിയില്ല എങ്കിൽ, എന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന, ഞാൻ ആരാധിക്കുന്ന എന്നിലെ ഏറ്റവും ഹീനമായ വാർപ്പുവിഗ്രഹങ്ങൾ ‘ഞാൻ’തന്നെ.
ടിവി സീരിയലുകളും റിയാലിറ്റി ഷോകളുമൊക്കെ നമ്മുടെ കുടുംബപ്രാർത്ഥനയുടെ സമയം നിശ്ചയിക്കുന്നുണ്ടോ? സ്വയംപ്രേരിത പ്രാർത്ഥനയുടെ സമയം അവ അപഹരിക്കുന്നുണ്ടോ? ഫേസ്ബുക്കും ട്വിറ്ററും കൂട്ടുകെട്ടുകളും കമ്പനി കൂടലും പ്രാർത്ഥനയിൽനിന്ന് അകറ്റുന്നുവോ? സാത്താൻ നമ്മിൽ നിക്ഷേപിക്കുന്ന സുഖലോലുപതയാണിതെന്നറിഞ്ഞ് ഇവയിൽനിന്ന് പിൻവാങ്ങാം. ഫേസ്ബുക്കും ട്വിറ്ററും ഇന്റർനെറ്റിലെ ഇതര പ്രോഗ്രാമുകളും പ്രാർത്ഥനയുടെ സമയം കാർന്നുതിന്നാതെ അവയെ ദൈവവചനപ്രഘോഷണത്തിനായി ഉപയോഗിക്കാം. ദൈവത്തിന്റെ സമാധാനവും കൃപയും നമ്മിലേക്കൊഴുകുവാൻ ഹൃദയം ദൈവത്തിന് തുറന്നുകൊടുക്കാം.

പിന്നെയും ചില ഒന്നാംപ്രമാണ ലംഘനങ്ങൾ

അഹങ്കാരം ഇല്ലാത്ത ആരാണുള്ളത്? ആത്മപ്രശംസ ചെയ്യാത്ത, സ്വന്തം കഴിവിനെയും ധനത്തെയും പ്രൗഢിയെയും ചെയ്ത നല്ല കാര്യങ്ങളെയും പരോപകാരത്തെയും വാഴ്ത്തിപ്പറയാത്തവർ വളരെ വിരളം. മറ്റുള്ളവരോട് പറഞ്ഞില്ലെങ്കിൽത്തന്നെയും സ്വയം മതിപ്പുതോന്നി അതോർത്ത് ആത്മപ്രശംസ ചെയ്യാറില്ലേ? അഹങ്കാരവും ആത്മപ്രശംസയും ദൈവത്തിന്റെ പ്രഥമ കല്പനയുടെ ലംഘനമെന്നു കരുതി പശ്ചാത്തപിക്കാറുണ്ടോ? മറ്റുള്ളവരുടെ കുറവുകൾ ഉയർത്തിക്കാട്ടുമ്പോഴും അവരെക്കാൾ മേനിയുള്ളവരെന്ന് സ്വയം കരുതുമ്പോഴും നമ്മുടെ പാപത്തിന്റെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു.

ഞാൻ അഹങ്കരിച്ചാൽ, ആത്മപ്രശംസ ചെയ്താൽ അതെങ്ങനെ ഒന്നാം പ്രമാണത്തിനെതിരായ പാപമാകും? പ്രഭാഷകൻ 10:12 ൽ പറയുന്നു: ”അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽനിന്ന് അകലുന്നു. ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു.” അഹങ്കാരം മനസിൽ സ്ഥാനം പിടിക്കുമ്പോൾ ദൈവത്തിന് നല്‌കേണ്ട ഈ സ്ഥാനം സ്വയം സ്വീകരിക്കുന്നു.

ഇന്ന് ലോകത്തിൽ സാത്താൻ വളരെയധികം വിതച്ച് വിജയിക്കുന്ന പാപമാണ് അഹങ്കാരവും ആത്മപ്രശംസയും. എന്തൊക്കെയാണ് അഹങ്കരിക്കുവാൻ ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നത്? കുടുംബമഹിമ, സമ്പത്ത്, സൗന്ദര്യം, വ്യക്തിബന്ധങ്ങൾ, പെരുമ… എന്നിങ്ങനെ നീണ്ടുപോകുന്ന ആ നിര. അഹങ്കരിക്കുമ്പോൾ നാമും നമുക്കുള്ളതും ദാനമാണെന്നത് മറന്നുപോകുന്നു. ”നിനക്ക് എന്ത് പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിന് നീ അഹങ്കരിക്കുന്നു?” (1 കോറി. 3:7).

അതിനാൽ നമ്മിലെ അഹങ്കാരവും ആത്മപ്രശംസയും നീക്കി വിനീതമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. വചനം നമ്മെ പഠിപ്പിക്കുന്ന സുപ്രധാനമായ കാര്യമിതാണ്: ”മകനേ, വിനയംകൊണ്ട് മഹത്വമാർജിക്കുക, നിലവിട്ട് സ്വയം മതിക്കരുത്” (പ്രഭാ. 10:28).

പരിശുദ്ധാത്മാവായ ദൈവമേ, എന്നിലെ വാർപ്പുവിഗ്രഹങ്ങളെ തച്ചുടക്കാനും അവയിലേക്ക് തിരികെ പോകാതിരിക്കാനുമുള്ള കൃപയും അനുഗ്രഹവും എനിക്ക് തരണമേ. വിഗ്രഹാരാധനയാലും അഹങ്കാരത്താലും ധനമോഹത്താലും സുഖഭോഗങ്ങളിൽ മുഴുകിയും ചെയ്ത പാപങ്ങളെയോർത്ത് പൂർണഹൃദയത്തോടെ ഞാൻ അനുതപിക്കുന്നു. ഒരു നല്ല കുമ്പസാരത്തിൽ അവ ഏറ്റുപറഞ്ഞുകൊള്ളാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഉരുകുന്ന എന്റെ ഈ ഹൃദയത്തെ അങ്ങേക്കുള്ള സ്‌നേഹബലിയായി സ്വീകരിക്കണമേ – ആമ്മേൻ.

ജിൻസി ജെറി, അയർലൻഡ്

Leave a Reply

Your email address will not be published. Required fields are marked *