ഈശോയുടെ ഉണ്ണി

പെട്രോൾപമ്പ് ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. എല്ലാവരോടും കാർക്കശ്യത്തോടെ പെരുമാറുന്നവൻ. വീട്ടിലെ സാഹചര്യങ്ങൾ എല്ലാം തനിക്ക് തികച്ചും ഭാരമേറിയതും ഉൾക്കൊള്ളുവാൻ സാധിക്കാത്തതുമായതിനാൽ തീരെ നിരാശനായിരുന്നു. ആകെയുള്ള കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥ. എല്ലാം വഴിമുട്ടി നില്ക്കുന്നതുപോലെ. ഇനി താൻ മാത്രമേ വീടിനെ രക്ഷിക്കാനുള്ളൂ എന്ന സ്ഥിതി. ക്രിസ്ത്യാനിയായ സഹപ്രവർത്തകൻ കൊടുത്ത വചനോത്സവം മാസിക കൈയിലുായിരുന്നു. അങ്ങനെ വായിക്കുന്ന പതിവൊന്നുമില്ല. ഇനി എന്തെങ്കിലും വിധത്തിൽ രക്ഷയോ തെല്ല് ആശ്വാസമോ കിട്ടുമോ എന്നറിയാൻ വചനോത്സവത്തിന്റെ താളുകൾ ഒരോന്നായി മറിച്ചു. തന്റെ കാലിന് ചെറിയ അസുഖമുള്ളതിനാൽ അതിൽ എഴുതിയിട്ടിരിക്കുന്ന രോഗസൗഖ്യസാക്ഷ്യങ്ങൾ പെട്ടെന്ന് സ്വാധീനിച്ചു.

പിന്നീട് രാമതൊന്ന് ചിന്തിക്കാതെ ധ്യാനകേന്ദ്രത്തിലേക്ക് യാത്രയായി. അവിടുത്തെ പ്രാർത്ഥനകളും വചനപ്രഘോഷണവും ഒന്നും ഉണ്ണിയെ സ്പർശിച്ചില്ല. പക്ഷേ, അവിടെ പറഞ്ഞ വ്യക്തിയുടെ സാക്ഷ്യം വല്ലാതെ സ്പർശിച്ചു. അതുകഴിഞ്ഞ് അത്ഭുതപ്പെടുത്തു ന്ന മറ്റൊരു കാര്യം അദ്ദേഹം കേട്ടു. ‘ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ കാലിലെ അസുഖം കർത്താവ് എടുത്തുമാറ്റുന്നു.’ വിശ്വാസം വന്നില്ല. ക്രിസ്ത്യാനികളുടെ ധ്യാനകേന്ദ്രത്തിൽ ഹിന്ദുവായ എന്റെ പേര് വിളിച്ചു പറയുമോ? ആയിരം ചോദ്യങ്ങളിലൂടെ കടന്നുപോയി.

എല്ലാറ്റിനും ഉത്തരമായി തന്റെ കാലിന് സംഭവിച്ച രോഗസൗഖ്യം വലിയ വിശ്വാസത്തിലേക്ക് കടന്നുവരാൻ കാരണമായി. പന്നീട് തന്റെ ജീവിതം മറ്റൊന്നായി മാറി. താൻ ഉണ്ണികൃഷ്ണൻ തന്നെ. പക്ഷേ, തന്നെ ദൈവം സ്‌നേഹിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സാക്ഷിയാക്കി മാറ്റിയിരിക്കുന്നു. നേരത്തെ പെട്രോൾ പമ്പിൽ വന്നിരുന്ന ഓട്ടോക്കാരോട് മാന്യമായി പെരുമാറാത്ത ഉണ്ണികൃഷ്ണൻ, അങ്ങോട്ട് ചെന്ന് അവരുടെ ആവശ്യങ്ങൾ കറിഞ്ഞ് സഹായിക്കാൻ മനസായി.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എതിർത്തപ്പോഴും തന്നെ സ്‌നേഹിച്ച ദൈവത്തെ താനിനി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ”നീ ക്രിസ്തുവാണെങ്കിൽ വ്യ ക്തമായി ഞങ്ങളോടു പറയുക. ഈശോ പ്രതിവചിച്ചു. ഞാൻ നിങ്ങളോട് പറഞ്ഞു എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്ക് സാക്ഷ്യം നല്കുന്നു” (യോഹ. 10:24). ക്രിസ്തുവിന്റെ പ്രവൃത്തികൾ ഉണ്ണിയുടെ വിശ്വാസം ആഴപ്പെടുത്തി.

ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ഉണ്ണി ഫ്രാൻസിസ് എന്നറിയപ്പെടുന്നു. അവിചാരിതമായി ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. രണ്ടു ദിവസത്തെ യാത്രയിലുടനീളം താൻ വ്യക്തമായി അനുഭവിച്ചറിഞ്ഞ ഈശോയെക്കുറിച്ച് മാത്രമേ പറയാനുള്ളൂ. നൂറുനാവുകൾ, പ്രഘോഷിക്കാൻ മടുപ്പേയില്ല. അഭിമാനത്തോടെ ജപമാല ചൊല്ലുകയും പ്രാർത്ഥിക്കുകയും പരസ്യമായി കുരിശു വരയ്ക്കുകയും ചെയ്യുന്നു.

പിന്നത്തെ ആഗ്രഹം

പിന്നെ ഒറ്റ ആഗ്രഹമേ ഉണ്ടണ്ടായുള്ളൂ, ‘ഞാൻ അനുഭവിച്ച ദൈവത്തെ മറ്റുള്ളവർക്ക് പങ്കുവയ്ക്കണം’. ആ തീരുമാനത്തോടെ തന്റെ ജീവിതം ആകെ മാറി. കടക്കെണികളെല്ലാം ഓരോന്നായി വീട്ടാൻ സാധിച്ചു. നല്ലൊരു ജോലി അത്ഭുതകരമാംവിധം ലഭിച്ചു. അമ്പതുപേരെ തിരഞ്ഞെടുക്കേണ്ട ഇന്റർവ്യൂവിൽ അവസാനത്തെ ആളായിട്ടാണ് മിലിട്ടറി ഉദ്യോഗം നൽകി കർത്താവ് അനുഗ്രഹിച്ചത്. അങ്ങനെ കാശ്മീരിലേക്കെത്തി.

ഇന്ത്യയുടെ അതിർത്തിപ്രദേശമായതിനാൽ യുദ്ധഭീഷണി എല്ലായ്‌പ്പോഴുമുള്ള സ്ഥലം. ഉറങ്ങാത്ത, ഭയപ്പെടുത്തുന്ന രാത്രികളിലും ജപമാലയും ദൈവത്തോടുള്ള ഭക്തിയും വിശ്വാസവുമാണ് കൂട്ട്. തന്റെ മേലുദ്യോഗസ്ഥൻ ബ്രാഹ്മണ സമുദായത്തിലെ വ്യക്തിയോടുപോലും ഇന്നും ജീവിക്കുന്നവനായ ദൈവത്തെപ്പറ്റി പറയാൻ ധൈര്യം കാണിച്ചു. അതുനിമിത്തം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആ വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതിലൂടെ അദ്ദേഹത്തിന് വിശ്വാസം പകർന്നുകൊടുക്കാൻ സാധിക്കുകയും ചെയ്തു.

പ്രതീക്ഷിക്കാൻ തെല്ലും വകയില്ലാത്ത ജീവിതത്തിൽ പുതിയ നിറങ്ങൾ അവിടുന്ന് ചാലിച്ചു. ചേർന്ന ഇണയെ നല്കി. സഹോദരിയുടെ വിവാഹദിവസം തന്റെ തീക്ഷ്ണമായ പ്രാർത്ഥനയിലൂടെ അതിശക്തമായ മഴയെ തടഞ്ഞുനിറുത്തിയ ദൈവത്തിന്റെ അത്ഭുതകരത്തെക്കുറിച്ചുള്ള വിവരണം വിശ്വാസം ജ്വലിപ്പിക്കുന്നതായിരുന്നു. ദൈവത്തിന്റെ പരിപാലന അനുഭവിച്ചറിഞ്ഞ ഉണ്ണി ഫ്രാൻസിസിന്റെ കണ്ണുകളിൽ ഇന്നുവരെ ദർശിച്ചിട്ടില്ലാത്തവനെ ദർശിച്ചതിന്റെ തിളക്കവും വിശ്വാസതീക്ഷ്ണതയും ഞാൻ കണ്ടു. ആ മുഖത്ത് കാണുന്ന സന്തോഷവും സമാധാനവും പരിശുദ്ധാത്മാവ് നല്കുന്നതാണന്നും പറയുവാനും അദ്ദേഹത്തിന് തെല്ലും മടിയില്ല.

കാശ്മീരിലായിരുന്ന സമയത്ത് തനിക്ക് ഈ വിശ്വാസത്തിലേക്ക് കടന്നുവരണമെന്നു വല്ലാതെ ആഗ്രഹിച്ചെങ്കിലും ധൃതിവയ്ക്കാതെ കാര്യങ്ങളെക്കുറിച്ച് പഠിച്ചു. വിശ്വാസത്തിലേക്ക് വരുവാൻ നിർദേശിച്ചവരെയും നന്ദിയോടെ ഓർക്കുന്നു. എല്ലാം ദൈവമഹത്വത്തിനായി; മരിക്കേണ്ടി വന്നാലും സങ്കടമില്ല. അനേകരെ താൻ അനുഭവിച്ചറിഞ്ഞ ദൈവത്തെ പരിചയപ്പെടുത്തുവാനുള്ള ആ യുവാവിന്റെ തീക്ഷ്ണത ഇന്നും മായാതെ മനസിൽ നില്ക്കുന്നു. അത് മനസിൽ ഒരു പ്രാർത്ഥന രൂപപ്പെടുത്തി.

കാരുണ്യവാനായ ഈശോയേ, ഉണ്ണിയെപ്പോലെ അനേകർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവമേ, ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയെ അനുഭവിച്ചറിഞ്ഞ വ്യക്തികളെല്ലാം മറ്റുള്ളവർക്ക് ദൈവത്തെ പരിചയപ്പെടുത്താനും അവരെ സത്യവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാനും ഇടയാക്കണമേ! ആമ്മേൻ.

തോമസ് ജോസഫ്, പാലാ

1 Comment

  1. Elsamma James says:

    പാലസ്തീനായിൽ അത്ഭുതങ്ങൾ പ്രവര്ത്തിച്ച കർത്താവ്‌ ഇന്നും നമ്മുടെ ഇടയിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും പ്രവര്ത്തിക്കുന്നു.

Leave a Reply to Elsamma James Cancel reply

Your email address will not be published. Required fields are marked *