പിടിച്ചുവാങ്ങിയ സമ്മാനം

രാത്രി എട്ടുമണിയായപ്പോഴാണ് ഒരു ഫോൺ കാൾ. മറുവശത്ത് ഒരു സുഹൃത്തും പ്രാർത്ഥനാ കൂട്ടായ്മയിലെ സജീവ പ്രവർത്തകനുമായ വ്യക്തിയായിരുന്നു. ‘ഹലോ, ഞങ്ങൾ കുരിശു വരക്കുകയാണ്. അതു കഴിഞ്ഞ് തിരിച്ചുവിളിക്കാം’ എന്ന് പറഞ്ഞ് ഫോൺ വയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം വിതുമ്പുന്നത് ഫോണിൽ ഞാൻ കേട്ടു. ‘എന്താ, എന്തുപറ്റി നിനക്ക്?’ അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു: ”കഴിയുമെങ്കിൽ ഇവിടംവരെ ഒന്നു വരിക.”

എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഫോണിലൂടെ പറയാൻ സാധിക്കില്ല എന്നദ്ദേഹം പറഞ്ഞു. ഞാൻ പെട്ടെന്നുതന്നെ ഭാര്യയോടും മക്കളോടും പ്രാർത്ഥിക്കാൻ പറഞ്ഞിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നെ കണ്ട അദ്ദേഹം കെട്ടിപ്പിടിച്ച് കരഞ്ഞു. അതിനിടയിൽ ഒരു കടലാസ് എന്റെ കൈയിൽ തന്നു. ഞാനത് വായിച്ചുനോക്കി. അതൊരു ഡോക്ടർ എഴുതിയ മെഡിക്കൽ റിപ്പോർട്ടായിരുന്നു. അദ്ദേഹത്തിന്റെ പത്തുവയസ് മാത്രം പ്രായമുള്ള ഏകമകളുടേതായിരുന്നു അത്.

ലുക്കീമിയ എന്ന കാൻസർ അവളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു; എത്രയും പെട്ടെന്ന് കാൻസറിനുള്ള ചികിത്സ തുടങ്ങാനുള്ള നിർദേശമായിരുന്നു ആ റിപ്പോർട്ടിൽ. എനിക്കും ആ വാർത്ത സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്റെ മകളുടെ അതേ പ്രായം, അവർ കൂട്ടുകാരാണ്. പൂമ്പാറ്റയെപ്പോലെ ഒരു പെൺകുട്ടി. എല്ലാവർക്കും പ്രിയപ്പെട്ടവൾ. അവൾക്ക് ഈ രോഗം; എങ്ങനെ അവളതിനെ തരണം ചെയ്യും. ദൈവമേ എന്തൊരു വിധി! ഞാനും കരഞ്ഞുപോയി.

സുഹൃത്ത് പകുതി ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലാണ്. എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. വിതുമ്പിക്കരയുന്ന സുഹൃത്തിന്റെ കരംപിടിച്ച് മൗനമായി നില്ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അവൻ പറഞ്ഞു: ”രണ്ടുദിവസം മുൻപ് സാധാരണപോലെ വർഷത്തിലൊരിക്കൽ ചെയ്യുന്ന ചെക്കപ്പിന് പോയതാണ്. രക്താണുക്കളിലെ വലിയ മാറ്റം ഡോക്ടർക്ക് സംശയമായി. ടെസ്റ്റുകൾ എല്ലാം ആവർത്തിച്ചു. ഫലത്തിൽ മാറ്റം കണ്ടില്ല. ഡോക്ടർ വിധിയെഴുതി: ‘ലുക്കീമിയ.’

കരയാത്ത അമ്മ
അതറിഞ്ഞ നിമിഷം അവളുടെ അമ്മ പ്രാർത്ഥനാമുറിയിൽ കയറിയതാണ്. ഇരുപത്തിനാലു മണിക്കൂർ പിന്നിടുന്നു. ഇതുവരെ പുറത്തുവന്നിട്ടില്ല. മകളുടെ രോഗവിവരം അറിഞ്ഞ് ആ അമ്മ കരഞ്ഞില്ല. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നു പറഞ്ഞ് പ്രാർത്ഥിക്കുകയാണ്. ഭക്ഷണം കഴിക്കാൻ പോലും തയാറായിട്ടില്ല. കൈയിൽ പിടിച്ചിരിക്കുന്ന കൊന്ത യാണ് ആശ്വാസം. ഉറക്കെ പ്രാർത്ഥിക്കാനോ സ്വയംപ്രേരിത പ്രാർത്ഥനകൾ ചൊല്ലാനോ ഒന്നും ആ അമ്മക്കറിയില്ല. പിന്നെയും പിന്നെയും ജപമാലകൾ ചൊല്ലിക്കൂട്ടിക്കൊണ്ടിരുന്നു അവൾ.

പ്രാർത്ഥനായോഗങ്ങൾ നയിക്കുകയും മണിക്കൂറുകളോളം വചനം പ്രസംഗിക്കുകയും ചെയ്യുന്ന സുഹൃത്ത് പക്ഷേ ഈ അവസരത്തിൽ തളർന്നുപോയി. ആർക്കുമിനി തന്റെ മകളെ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേദിവസം രാവിലെ അദ്ദേഹത്തിന്റെ ഭാര്യ പ്രാർത്ഥന നിർത്തി പുറത്തുവന്നു. നമുക്ക് മോളെ ഒരിക്കൽക്കൂടി പരിശോധിപ്പിക്കണം എന്ന് നിർബന്ധിച്ചതുകൊണ്ട് ഞങ്ങൾ മകളെയുംകൊണ്ട് വീണ്ടും ഡോക്ടറുടെ മുന്നിലെത്തി. മൂന്നുദിവസത്തെ പ്രാർത്ഥനയ്ക്ക് തനിക്ക് ഒരിക്കലും ഫലം കിട്ടാതെ പോയിട്ടില്ല എന്ന ആ അമ്മയുടെ വിശ്വാസം അവരെ ധൈര്യപൂർവം താങ്ങിനിർത്തി. ‘അവളെ ഈശോ എനിക്ക് തിരിച്ചുനല്കും.’ വല്ലാത്തൊരു ആത്മധൈര്യം ഞാൻ ആ അമ്മയിൽ കണ്ടു. ജപമാലയിൽ മുറുകെ പിടിച്ച് ആർജിച്ചെടുത്ത വിശ്വാസം.

ഒന്നുകൂടി രക്തപരിശോധന നടത്താമോ എന്ന് ഡോക്ടറോട് ചോദിച്ചു. ഡോക്ടർക്ക് അതിഷ്ടമായില്ല. ”സഹോദരി ഒരു നഴ്‌സല്ലേ, തുടരെ തുടരെ പരിശോധിക്കുന്നതുകൊണ്ട് ഫലത്തിൽ മാറ്റം വരില്ല. അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു വരൂ. നമ്മൾ രണ്ടുപ്രാവശ്യം പരിശോധിച്ച് ഉറപ്പായ കാര്യമല്ലേ. അതിന്റെ ബാക്കി ചെയ്യുക. എത്രയും പെട്ടെന്ന് കാൻസർ സെന്ററിലെ ഡോക്ടറെ കാണുക.” പക്ഷേ, ആ അമ്മ ഡോക്ടറുടെ അടുത്ത് വിനയത്തോടെ പറഞ്ഞു: ”എനിക്ക് ഒരു മനഃസമാധാനത്തിനുവേണ്ടിയാണ് ഡോക്ടർ. അല്പമെങ്കിലും നില മെച്ചപ്പെട്ടു കണ്ടാൽ മതി. അത്രയും ആശ്വസിക്കാമല്ലോ.” അങ്ങനെ വീണ്ടും രക്തപരിശോധന നടന്നു.

ടെസ്റ്റ് റിസൽറ്റ്

അത്ഭുതമെന്ന് പറയട്ടെ, അവളുടെ രക്തത്തിന്റെ ടെസ്റ്റ് റിസൽറ്റ് വന്നപ്പോൾ എല്ലാം നോർമലായിരുന്നു. ഒന്നിലും ഏറ്റക്കുറച്ചിലുകൾ ഇല്ല. ഡോക്ടറിന് വിശ്വസിക്കാൻ സാധിച്ചില്ല. വീണ്ടും ഒരിക്കൽക്കൂടി ചെക്ക് ചെയ്യാൻ തീരുമാനിച്ചു. വളരെ നോർമൽ ആയ റിസൽറ്റ്. അതു കണ്ടപ്പോൾ മുസൽമാനായ ആ ഡോക്ടർക്ക് അത്ഭുതം. ‘താങ്ക് ഗോഡ്’ ഞങ്ങളെല്ലാം ഉറക്കെ കരഞ്ഞുപോയി.

പ്രതിസന്ധികളും വേദനകളും തിരമാലപോലെ ആഞ്ഞടിച്ചപ്പോൾ, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കാനില്ലാഞ്ഞപ്പോൾ ചാഞ്ചല്യമില്ലാതെ ദൈവത്തിലാശ്രയിച്ച് പ്രാർത്ഥിക്കുവാൻ ആ അമ്മ കാട്ടിയ വിശ്വാസദൃഢതയാണ് മകളുടെ ജീവിതം തിരികെ നേടിയത്. വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നതുപോലെ വഴിയിൽ അടിയേറ്റുവീണ യാത്രക്കാരനെപ്പോലെയായിരുന്നു ആ സുഹൃത്തും കുടുംബവും. എന്നാൽ നല്ല അയല്ക്കാരനെപ്പോലെ അവരുടെ ഭവനത്തിലേക്ക് ഈശോ കടന്നുവന്നു, അവരുടെ മുറിവുകൾ വച്ചുകെട്ടുവാൻ.

വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായത്തിൽ വിശ്വാസത്തിന്റെ ഇന്നുവരെ കാണാത്തത്ര ദൃഢമായ ഒരു ഭാവത്തോടെ ഈശോയെ സമീപിക്കുന്ന ശതാധിപനെ നാം കാണുന്നില്ലേ. തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായി കടന്നുവരുന്ന ആ ഭൃത്യനെ നോക്കി ഈശോ പറയുന്നു: ”ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല” എന്ന്. ”നീ ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി എന്റെ ഭൃത്യൻ സുഖപ്പെടും” എന്ന ശതാധിപന്റെ എളിയതും വിശ്വാസത്തോടുകൂടിയതുമായ പ്രാർത്ഥനയ്ക്ക് മുന്നിൽ മുട്ടുമടക്കുന്ന കർത്താവിനെ നാം കാണുന്നു. ”പൊയ്‌ക്കൊൾക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” കർത്താവ് അവന് നല്കിയ സമ്മാനമാണത്. അവന്റെ വിശ്വാസത്തിന്റെ പ്രതിഫലം.

ഇതേ വിശ്വാസമാണ് ആ കുഞ്ഞിന്റെ അമ്മയിൽ ഞാൻ കണ്ടത്. അവൾ തളർന്നില്ല. അവൾ ഏങ്ങലടിച്ച് കരഞ്ഞു വീണില്ല. മറിച്ച് തന്റെ ഏകമകളുടെ ജീവനെ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ കർത്താവിന് വിട്ടുകൊടുത്തു. ഫലമോ, കർത്താവിന് ആ കുഞ്ഞിനെ രോഗത്തിൽനിന്ന് മോചിപ്പിക്കേണ്ടതായി വന്നു. വിശ്വാസത്തിന്റെ പാരമ്യത്തിൽ ഈശോയിൽനിന്ന് ആ അമ്മ പിടിച്ചുവാങ്ങിയ സമ്മാനം.

‘കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും’ എന്ന തിരുവചനത്തിൽ മുറുകെ പിടിക്കുന്നവരായി നമുക്ക് വളരാം. പ്രതിസന്ധികൾ നമ്മുടെ ജീവിതത്തെ തളർത്തുമ്പോൾ, ഉറ്റവരും ഉടയവരും സ്‌നേഹിതരും അകന്നു മാറുമ്പോൾ നമ്മെ നല്ല സമരിയാക്കാരനെപ്പോലെ കൈകളിൽ താങ്ങുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തിലാശ്രയിക്കാം. പരിശുദ്ധ അമ്മ നമുക്കായി മാധ്യസ്ഥ്യം വഹിക്കും. കർത്താവ് മാത്രമാണ് ഏകരക്ഷകനും നാഥനും എന്ന ബോധ്യം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനശിലയായി മാറട്ടെ.

ജയിംസ് വടക്കേക്കര, ഹൂസ്റ്റൺ

4 Comments

 1. Elsamma James says:

  Yes Mother Mary’s intercession is very very powerful!!

 2. Seema says:

  Hail mary, Full of grace!

 3. Jose Thomas says:

  Mother Mary,
  I love you. I trust in you.

 4. Jose Thomas says:

  Ave Maria

Leave a Reply

Your email address will not be published. Required fields are marked *