ജീവിതത്തിൽ അനിതര സാധാരണമായ വിജയം കൈവരിച്ചവരെ അതിശയത്തോടെ നാം നോക്കാറുണ്ട് -‘എങ്ങനെ ഇത് സാധിച്ചു?’ എന്നാൽ അവർ നമുക്ക് നല്കുന്ന ഏറ്റവും ലളിതമായ പാഠം നമുക്കും നമ്മുടെ ജീവിതത്തെ മഹത്തരമാക്കി മാറ്റുവാൻ സാധിക്കും എന്നതാണ്. ‘അവനും അവൾക്കും ആകാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ’ എന്നൊരു വെല്ലുവിളി മനസുകൊണ്ട് ഏറ്റെടുക്കണമെന്നേയുള്ളൂ.
മാത്രവുമല്ല, അവർ നടന്ന വഴിയിൽ നടക്കുവാൻ പരിശീലിക്കുകയും വേണം. നമ്മുടെ ഇടയിൽനിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ചാവറയച്ചന്റെ ജീവിതം നമുക്കെല്ലാവർക്കും പ്രചോദനമാണ്. ഈ മണ്ണിൽ ജീവിക്കുന്ന നമുക്കും വിശുദ്ധരാകാമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അതിനായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മൂല്യങ്ങൾ കണ്ടെത്തുന്നത് നല്ലതാണ്.
ചില വിജയരഹസ്യങ്ങൾ
തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ നിയോഗം തിരിച്ചറിയുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അത് കണ്ടെത്തി അതനുസരിച്ച് ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം സഫലമാകുന്നത്, ദൈവത്തിന് പ്രീതികരമാകുന്നത്. വിശുദ്ധ ചാവറയച്ചൻ തന്റെ വിളി വ്യക്തമായി തിരിച്ചറിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ ആദ്യരഹസ്യം. അത് തന്നെ ജീവൻ നല്കി രക്ഷിച്ച തന്റെ കർത്താവിനോടുള്ള നന്ദി പ്രകാശിപ്പിക്കുക എന്നതാണ്. അതിനായി തന്റെ ജീവിതത്തെ കർത്താവിന്റെ കരങ്ങളിൽ പൂർണമായി ഏല്പിക്കുവാൻ അദ്ദേഹം തീരുമാനമെടുത്തു. ക്രിസ്തുവിന്റെ പുരോഹിതനായി, പ്രതിപുരുഷനായി ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം.
ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ അതിന്റെ പൂർത്തീകരണത്തിനായി ജീവിതത്തിന്റെ സമസ്ത ഊർജവും ഉപയോഗിക്കുക എന്നത് പരമപ്രധാനമത്രേ. ഇംഗ്ലീഷിലുള്ള ‘കോൺസെൻട്രേറ്റ്’ എന്ന വാക്ക് ഇത് അർത്ഥശങ്കയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്. എന്നു പറഞ്ഞാൽ ഒരു ബിന്ദുവിലേക്ക് സകല കഴിവുകളെയും കേന്ദ്രീകരിക്കുക.
വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ വിളിയെക്കുറിച്ചും അത് നേടിയെടുക്കുവാൻ എപ്രകാരം അധ്വാനിച്ചുവെന്നതിനെക്കുറിച്ചും വിവരിക്കുന്നത് ശ്രദ്ധിക്കുക. ”യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു” (ഫിലി. 3:14). അതിന് മറ്റുള്ളതെല്ലാം മറക്കേണ്ടതുണ്ട്. എന്നു പറഞ്ഞാൽ മനസിൽ എപ്പോഴും ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ മാത്രമേ സൂക്ഷിക്കുവാൻ പാടുള്ളൂ. വിശുദ്ധ ശ്ലീഹാ അതുകൊണ്ടാണ് ഈ വാക്യംകൂടെ എഴുതിയത്: ”എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു.”
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ തടസങ്ങൾ ഉണ്ടായാലും പ്രശ്‌നമില്ല. അവയുടെ മുകളിലൂടെ ഒരു തടസ ഓട്ടക്കാരനെപ്പോലെ ഓടി ലക്ഷ്യത്തിലെത്തുവാൻ സാധിക്കും. വിശുദ്ധ ചാവറയച്ചൻ തന്റെ അഭിലാഷപൂർത്തീകരണത്തിനായി സെമിനാരിയിൽ ചേർന്നു. പക്ഷേ, വലിയൊരു പ്രതിബന്ധം ഉണ്ടാവുകയാണ്. സ്വദേശത്തുണ്ടായ വലിയൊരു പകർച്ചവ്യാധിയിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും ജ്യേഷ്ഠസഹോദരനും മരണമടയുന്നു.
പതറാതിരുന്നതിനു പിന്നിൽ
ഏത് കർമയോഗിയും പതറിപ്പോകുന്ന ഒരു സാഹചര്യം. നിശ്ചയമായും വലിയ ആന്തരികസംഘർഷമുണ്ടാകും. ‘ഞാൻ ദൈവത്തിനുവേണ്ടി ജീവിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തുകൊണ്ട് ദൈവം ഇത് അനുവദിച്ചു?’ ദൈവസ്‌നേഹത്തെയും ദൈവവിളിയെത്തന്നെയും സംശയിച്ചുപോകുന്ന സാഹചര്യം. ‘എനിക്ക് ദൈവവിളി ഇല്ലായിരിക്കാം. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുവാൻ ദൈവം അനുവദിക്കുമോ?” അടുത്ത ബന്ധുക്കളാണെങ്കിൽ സെമിനാരി പഠനം ഉപേക്ഷിച്ച് തിരിച്ചുചെന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ നിർബന്ധിക്കുന്നു – അതല്ലേ ശരി?
സംശയങ്ങളും സംഘർഷങ്ങളും പ്രതിസന്ധികളും എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ടാകുന്നുണ്ട്. ചിലർ അവയ്ക്ക് അടിമകളാണ്. അവരാണ് പരാജിതർ. എന്നാൽ വിജയികൾ അവയെ തരണം ചെയ്യുന്നവരാണ്. അവർക്ക് ആശ്രയിക്കുവാൻ, തളരുമ്പോൾ ചാരിനില്ക്കുവാൻ ഒരു പാറയുണ്ട്. ആ മാറ്റമില്ലാത്ത ദൈവത്തിലേക്ക് അവർ തിരിയുന്നു. ദൈവത്തോട് ദീർഘസമയം ആലോചന ചോദിക്കുന്നു. പ്രാർത്ഥനയുടെ മണിക്കൂറുകൾ, ഓട്ടം തുടരുവാൻ ശക്തി സംഭരിക്കുന്ന മണിക്കൂറുകൾ. അവർ അതിനുശേഷം കഴുകന്മാരെപ്പോലെ പുതുജീവൻ പ്രാപിച്ച് ചിറകടിച്ചുയരുകതന്നെ ചെയ്യും. സങ്കീർത്തകനായ ദാവീദ് ഇത് ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാണ്. അതിനാൽ അദ്ദേഹം എഴുതിയത് ശ്രദ്ധിക്കുക: ”എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും” (സങ്കീ. 18:29).
തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വലിയൊരു തടസമുണ്ടായപ്പോൾ വിശുദ്ധ ചാവറയച്ചനും ചെയ്തത് അതുതന്നെയാണ്. അദ്ദേഹം ദൈവത്തിൽമാത്രം ശരണപ്പെട്ടു. ബന്ധുക്കൾ നിർബന്ധിക്കുമ്പോഴും ദൈവസ്വരത്തിനായി കാതോർത്തു. പ്രാർത്ഥനയിൽ മണിക്കൂറുകൾ മുഴുകി. ദൈവം ഹിതം വീണ്ടും വെളിവാക്കി, ശക്തി നല്കി. പുതിയ അഭിഷേകത്താൽ നിറച്ചു. മനസിലുണ്ടായിരുന്ന എല്ലാ സംശയവും ദൂരീകരിച്ചു. അദ്ദേഹം വീണ്ടും കർമപഥത്തിൽ തന്നെയായി. തന്റെ വീട്ടിൽചെന്ന് കാര്യങ്ങളെല്ലാം ക്രമീകരിച്ചു. അതിനുശേഷം തന്റെ ലക്ഷ്യപൂർത്തീകരണത്തിനായി സെമിനാരി പഠനം തുടർന്നു.
ലഘുവാകുന്ന സഹനങ്ങൾ
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സഹനങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ ആത്മീയവിജയം നേടിയവർ സഹനങ്ങളെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണുന്നവരാണ്. മാനുഷിക ദൃഷ്ടിയിൽ അവയെ കാണുമ്പോൾ അവ നിരർത്ഥകങ്ങളും ഉപദ്രവകാരികളുമാണ്. അങ്ങനെ കാണുമ്പോഴുണ്ടാകുന്ന വലിയ അപകടം മനസിൽ വലിയ അമർഷവും പരാതിയും പിറുപിറുപ്പും ഉടലെടുക്കുന്നു എന്നതാണ്. എങ്കിലും സഹനം ഒഴിവാകുന്നില്ലല്ലോ. സഹിക്കുകയും വേണം. അതേസമയംതന്നെ മനസ്സമാധാനം ഇല്ലാതെ ജീവിക്കുകയും വേണം.
എന്നാൽ അവയെക്കുറിച്ചുള്ള ദൈവികകാഴ്ചപ്പാട് സ്വീകരിച്ചാൽ കാര്യങ്ങൾ വളരെ എളുപ്പമായി. സഹനം ലഘുവായിത്തോന്നുന്നു, മനസിന് വലിയ സമാധാനം അനുഭവപ്പെടുന്നു. മാത്രവുമല്ല ആ സഹനത്തിലൂടെ ദൈവം ഉദ്ദേശിച്ച കാര്യങ്ങൾ ജീവിതത്തിൽ നിറവേറപ്പെടുകയും ചെയ്യുന്നു. സഹനത്തിന്റെ തീച്ചൂളയിലൂടെ നടത്തുകവഴി ദൈവം വിശുദ്ധ ചാവറയച്ചനെ കർമധീരനാക്കുകയായിരുന്നു.
പില്ക്കാലത്ത് കേരളസഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ, കേരളസഭയ്ക്ക് ശാശ്വതമായ സംഭാവനകൾ നല്കുവാൻ കഴിയുന്ന കരുത്തുറ്റ ഒരു വ്യക്തിത്വമുള്ളവനാക്കി ദൈവം അദ്ദേഹത്തെ മാറ്റുകയായിരുന്നിരിക്കണം. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ലല്ലോ. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ദൈവം ഇപ്പോൾ അനുവദിച്ചിട്ടുള്ള തീച്ചൂളയുടെ അനുഭവങ്ങളിലൂടെ വരുന്ന നാളുകളിൽ ദൈവം നല്കുവാൻ പോകുന്ന അനുഗ്രഹങ്ങളെ പ്രതീക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക.
മാതാപിതാക്കളെ നേരത്തേ തന്റെ പക്കലേക്ക് വിളിക്കുകവഴി ദൈവം മറ്റൊരു കാര്യംകൂടെ ചാവറയച്ചന്റെ ജീവിതത്തിൽ ചെയ്തതായി തോന്നുന്നു. ഇനിമേൽ അദ്ദേഹത്തിന് ഭൂമിയിൽ ആശ്രയിക്കുവാൻ മറ്റൊരു പിതാവില്ല, ദൈവപിതാവ് മാത്രമേയുള്ളൂ. ദൈവത്തെ പിതാവേ എന്ന് സ്‌നേഹപൂർവം വിളിക്കാൻ അവിടുന്ന് അദ്ദേഹത്തെ പഠിപ്പിക്കുകയായിരുന്നു. ദൈവത്തിൽ പൂർണമായി ശരണപ്പെടുവാൻ അദ്ദേഹം പരിശീലിക്കപ്പെട്ടു. പ്രശ്‌നങ്ങൾ വരുമ്പോൾ ആലോചന ചോദിക്കുവാൻ ഇനി ഭൗതിക പിതാവില്ല, സ്വർഗത്തിലെ പിതാവ് മാത്രമേയുള്ളൂ. ദൈവത്തോട് എല്ലാ കാര്യങ്ങളും ആലോചിച്ചിരുന്നതുകൊണ്ടാണ് ഈലോകത്തിൽ ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുവാൻ ചാവറയച്ചന് കഴിഞ്ഞത്. അങ്ങനെയാണ് അദ്ദേഹം വിശുദ്ധ ചാവറയച്ചനായി രൂപാന്തരപ്പെട്ടത്.
അമ്മയെ നേരത്തേ വിളിക്കുകവഴി ചാവറയച്ചനെ കർത്താവ് തീക്ഷ്ണതയുള്ള ഒരു മരിയഭക്തനാക്കി മാറ്റുകയായിരുന്നുവെന്ന് കരുതുന്നു. മാതാപിതാക്കൾ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടപ്പോൾ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പിതാവ് പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു, ‘അമ്മേ, ഞാൻ പൂർണമായും അമ്മയുടേതാണ്.’ വിശുദ്ധ ചാവറയച്ചനും അപ്രകാരം അമ്മയോട് പറഞ്ഞിരിക്കണം. അദ്ദേഹം സ്ഥാപിച്ച രണ്ട് സന്യാസ സമൂഹങ്ങളും പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണെന്നത് അദ്ദേഹത്തിന്റെ തീവ്രമായ മാതൃഭക്തിയെ വെളിപ്പെടുത്തുന്നതാണ്.
സ്വർഗത്തിന്റെ വാതിലിലൂടെ
വിശുദ്ധിയിലേക്കുള്ള എളുപ്പമാർഗം പരിശുദ്ധ അമ്മയുടെ കരങ്ങൾ പിടിച്ച് നടക്കുക തന്നെയാണ്. സ്വർഗത്തിന്റെ വാതിലേ എന്നാണല്ലോ ലുത്തിനിയായിൽ പരിശുദ്ധ അമ്മയെ അഭിസംബോധന ചെയ്യുന്നത്. അമ്മയെ തള്ളിപ്പറയുന്നവർ കർത്താവിനെത്തന്നെയാണ് തള്ളിപ്പറയുന്നത്. കാരണം, അവിടുത്തെ അന്ത്യവചസുകളിലൊന്ന് ‘ഇതാ നിന്റെ അമ്മ’ എന്നതായിരുന്നല്ലോ. കർത്താവ് അന്ത്യസമ്മാനമായി നല്കിയ അമ്മയെ നിരസിക്കുകയും അതേസമയം കർത്താവിൽ വിശ്വസിക്കുകയും ചെയ്യുന്നത് വലിയൊരു വൈരുധ്യം തന്നെയാണ്.
കേരളസഭയിൽനിന്ന് കൂടുതൽ പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകവഴി ദൈവം നമ്മോട് സംസാരിക്കുന്നുണ്ട്. പണ്ടൊക്കെ വിശുദ്ധന്മാർ എന്ന് കേൾക്കുമ്പോൾ നാം ചിന്തിക്കുമായിരുന്നു, ഇതൊക്കെ നടക്കുന്ന കാര്യമാണോ? അതൊക്കെ യൂറോപ്യൻ നാടുകളിലുള്ളവർക്കൊക്കെ സാധിക്കുന്നതല്ലേ? എന്നാൽ ഇതാ ഇപ്പോൾ വിശുദ്ധി കൈയെത്തും ദൂരത്തിലാണെന്ന് ദൈവം നമ്മോട് പറയുന്നു. അവരെപ്പോലെ നമുക്കും നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കി മാറ്റാം. അതിനായി അധ്വാനിക്കാം, ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം.
ഓ, ദൈവമേ, എന്നെ അങ്ങ് അനന്തമായി സ്‌നേഹിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ അടുത്തെത്തണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്ന് ഞാൻ അറിയുന്നു. എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളെയും മാറ്റണമേ. സ്വർഗത്തെമാത്രം ലക്ഷ്യമാക്കി ജീവിക്കുവാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്റെ ചിന്തകളെ വിശുദ്ധീകരിച്ചാലും. ഞാൻ എപ്പോഴും അങ്ങയെ അറിഞ്ഞ് ജീവിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, സ്വർഗത്തെ ലക്ഷ്യമാക്കി ജീവിതയാത്ര തുടരുവാൻ എനിക്കായി പ്രാർത്ഥിക്കണമേ, ആമേൻ.
കെ.ജെ. മാത്യു
2 Comments
Good article
inspirational article