സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത രക്ഷകർ

കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകാലം.ധ്യാനമന്ദിരങ്ങളൊന്നും കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഇടവകാ പ്രാർത്ഥനാകൂട്ടായ്മകൾ വഴിയാണ് അക്കാലത്ത് നവീകരണശുശ്രൂഷകൾ നിർവഹിക്കപ്പെട്ടിരുന്നത്. ഇക്കാലത്ത് താമരശേരി രൂപതയുടെ കൂരാച്ചുണ്ട്, മരുതോങ്കര ഇടവകകളിലെ പ്രാർത്ഥനാകൂട്ടായ്മകളിലാണ് പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ആദ്യമായി സമൃദ്ധമായിട്ട് വെളിപ്പെടുവാൻ തുടങ്ങിയത്. ദർശനങ്ങളും വെളിപാടുകളും രോഗശാന്തിയും അത്ഭുതങ്ങളും ധാരാളമായി സംഭവിക്കാൻ തുടങ്ങിയപ്പോൾ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും നൂറുകണക്കിനാളുകൾ ഈ പ്രാർത്ഥനാകൂട്ടായ്മകളിലേക്ക് വരാൻ ആരംഭിച്ചു. അതുവരെയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെക്കുറിച്ച് പുസ്തകങ്ങളിൽ വായിച്ചുമാത്രം അറിവുണ്ടായിരുന്നവർ ഇതിനെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഈ പ്രാർത്ഥനാകൂട്ടായ്മകളിൽ എത്തുമായിരുന്നു. ദിവംഗതരായ ഫാ. അഗസ്റ്റിൻ തുരുത്തിമറ്റവും മോൺസിഞ്ഞോർ സി.ജെ.വർക്കിയുമാണ് വളരെ സാധാരണക്കാരായിരുന്ന ആ അല്മായ സഹോദരങ്ങൾക്ക് ആവശ്യമായ മാർഗദർശനവും ശിക്ഷണവും നല്കി വളർത്തിയത്.

അക്കാലത്ത് വളരെയധികം രോഗികൾക്ക് സൗഖ്യം നല്കാൻ കർത്താവ് ഉപയോഗിച്ച ഒരു സഹോദരന്റെ പിതാവ് ഒരു വീഴ്ചയുടെ ഫലമായി തലയ്ക്കുണ്ടായ ക്ഷതംമൂലം സുബോധം നഷ്ടപ്പെട്ട് തളർന്നു കിടപ്പിലായി. അനേകവർഷം ആ കിടപ്പ് തുടർന്നു. ചികിത്സയും പ്രാർത്ഥനയുമൊന്നും ഫലം കണ്ടില്ല. അപ്പോഴും ഈ സഹോദരന്റെ പ്രാർത്ഥനയിലൂടെ അനേകർക്ക് രോഗസൗഖ്യം ലഭിച്ചുകൊണ്ടിരുന്നു. പലർക്കും ഇതുൾക്കൊള്ളാൻ കഴിഞ്ഞില്ല.
”തളർന്നു കിടക്കുന്ന സ്വന്തം അപ്പനെ സൗഖ്യപ്പെടുത്താതെ നാട്ടുകാർക്ക് രോഗശാന്തി കൊടുക്കുന്ന ഇവന്റെ വരത്തിൽ എന്തോ തട്ടിപ്പുണ്ട്” ചിലർ പറഞ്ഞു.

വേറെ ചിലർ പറഞ്ഞു: ”അപ്പനെ എഴുന്നേല്പിച്ചു നടത്തിയാൽ ഞങ്ങൾ രോഗശാന്തിയിൽ വിശ്വസിക്കാം.”
യേശു കുരിശിൽ പ്രാണവേദനയാൽ പിടഞ്ഞുകൊണ്ടിരുന്നപ്പോൾ ”അതിലേ കടന്നുപോയവർ തല കുലുക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നുദിവസംകൊണ്ട് അത് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങിവരിക… ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കുവാൻ ഇവന് സാധിക്കുന്നില്ല… ഇവൻ കുരിശിൽനിന്നിറങ്ങിവരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം” (മത്താ. 27:39-42).
യേശു ആ വെല്ലുവിളി സ്വീകരിച്ചില്ല. പകരം കുരിശിൽ കിടന്ന് മരിച്ചുകൊണ്ടുതന്നെ താൻ ദൈവപുത്രനാണെന്ന് തെളിയിച്ചു. നമ്മുടെ വേദനകളെല്ലാം എടുത്തുനീക്കിയിട്ടല്ല നാം മറ്റുള്ളവരുടെ വേദനകൾ ദൂരീകരിക്കുന്ന ശുശ്രൂഷകൾ ചെയ്യേണ്ടത്.
സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനുംവേണ്ടി ദൈവം നമ്മെ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ട് എനിക്ക് ഈ ദുരിതങ്ങൾ സംഭവിക്കുന്നുവെന്ന് ചോദിക്കുന്നതിലും അർത്ഥമില്ല.

ദൈവത്തിന്റെ കരങ്ങളിലെ ശക്തമായ ഉപകരണങ്ങളായിരിക്കുമ്പോഴും ദുരിതങ്ങളും തകർച്ചകളും വ്യക്തിജീവിതത്തിൽ അനുവദിക്കപ്പെടുന്നതിന് പല കാരണങ്ങളുമുണ്ടാകാം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മൺകുടങ്ങളിലാണ് ഈ നിധി നല്കപ്പെട്ടിരിക്കുന്നത് എന്ന് നമ്മളും മറ്റുള്ളവരും മനസിലാക്കണം എന്നതാണ്. പൗലോസ് ശ്ലീഹാ കോറിന്തോസിലെ വിശ്വാസികൾക്കെഴുതുന്നത് ഇങ്ങനെയാണ്: ”എന്നാൽ പരമമായ ശക്തി ദൈവത്തിന്റേതാണ്; ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല” (2 കോറി. 4:7-8).
രണ്ടാമത്തെ കാരണം, നമ്മുടെ വേദനകൾ ക്രിസ്തുവിന്റെ സഹനത്തോട് ചേർത്തുവച്ച് പ്രവർത്തിക്കുമ്പോൾ അത് കൂടുതൽ ഫലം പുറപ്പെടുവിക്കത്തക്കവിധം രക്ഷാകരമായിത്തീരും എന്നതാണ്. മൂന്നാമതായി ദർശനങ്ങളിലും വെളിപാടുകളിലും മതിമറന്ന് ആഹ്ലാദിക്കാതിരിക്കാനും എളിമപ്പെടുത്താനും ദൈവം അനുവദിക്കുന്ന ‘മുള്ളാ’യിരിക്കാമത് (2 കോറി.12:7). അതിനാൽ നമ്മുടെ കുറവുകളും ദുരിതങ്ങളും നമ്മുടെ ആത്മധൈര്യം നശിപ്പിക്കാൻ അനുവദിക്കരുത്.

എന്റെ ദുരിതങ്ങൾ മറ്റുള്ളവരുടെ ദുരിതങ്ങൾ മനസിലാക്കാനും കൂടുതൽ നന്നായി പ്രവർത്തിക്കാനുമുള്ള പ്രചോദനമാകണം. എല്ലാം തികഞ്ഞവരായിട്ടല്ല മറിച്ച് എല്ലാം തികഞ്ഞവന്റെ സ്വന്തമായിട്ടാണ് നാം ശുശ്രൂഷ ചെയ്യേണ്ടത്.

പ്രാർത്ഥന

കർത്താവേ, ധാരാളം പ്രാർത്ഥിച്ചിട്ടും ഏറെ നന്മകൾ ചെയ്തിട്ടും എന്തുകൊണ്ട് ഈ ദുരിതങ്ങൾ എന്നു പലപ്പോഴും ഞങ്ങൾ ചോദിച്ചിട്ടുണ്ട്. ദൈവമേ, ഞങ്ങളോട് ക്ഷമിക്കേണമേ. അങ്ങയുടെ ജ്ഞാനത്തിലും പരിപാലനയിലും ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനുവദിക്കുന്ന കുരിശുകളിൽനിന്ന് ഒളിച്ചോടാതെ അവയെ സ്വീകരിച്ചുകൊണ്ട് ദൈവശക്തിയെ വെളിപ്പെടുത്താനുള്ള ഭാഗ്യം ഞങ്ങൾക്ക് നല്കണമേ – ആമ്മേൻ

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

6 Comments

 1. Elsamma James says:

  Very good! God bless you! Shalom Website, and TV is really a blessing!

 2. Binu Mathw says:

  Power full editorial from Shalom Editor….May Almighty God bless you abundantly ……….

 3. philomina raju says:

  good and touching editorial. God bless you

 4. Bobby says:

  A message for our times !!! thanks and praise the Lord

Leave a Reply

Your email address will not be published. Required fields are marked *