കെയിറോ: സമാധാനത്തോടെ ജീവിക്കുന്നവരിൽ ഭീകരത വിതയ്ക്കുക, നിരപരാധികളെ കൊല്ലുക, വസ്തുവകകളും വിശുദ്ധിയും നശിപ്പിക്കുക തുടങ്ങിയ
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളെ ഇസ്ലാം പൂർണമായി നിരാകരിക്കുന്നുവെന്ന് ഈജിപ്തിൽ നടന്ന തീവ്രവാദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫ്രൻസ് വ്യക്തമാക്കി. കോപ്റ്റിക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് തവാദ്രോസ് ദ്വിതീയന്റെയും ഗ്രാന്റ് ഇമാം ഷെയ്ക്ക് അഹമ്മദ് എൽ തായിബിന്റെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 120 രാജ്യങ്ങളിൽ നിന്നായി 600 പേർ പങ്കെടുത്തു.
ക്രൈസ്തവരും ഇസ്ലാം മതസ്ഥരും തമ്മിൽ സാഹോദര്യം പുലർത്തേണ്ടതിന്റെ ആവശ്യകതയായിരുന്നു കോൺഫ്രൻസിലെ പ്രധാന ചർച്ചാവിഷയം. ക്രൈസ്തവരെയും മറ്റ് മതസ്ഥരെയും ആക്രമിക്കുന്നത് യഥാർത്ഥ ഇസ്ലാമിനോടുള്ള അനുസരണക്കേടാണ്; തീവ്രവാദികളുടെ പ്രവർത്തനങ്ങളെ ഇസ്ലാമുമായി കൂട്ടിക്കുഴയ്ക്കരുത് എന്നായിരുന്നു കോൺഫ്രൻസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.
വത്തിക്കാൻ സിറ്റി: പരസ്പരാദരവും തുറവിയും ശ്രവണവും ഊട്ടിവളർത്തുന്നതിനും അനുരഞ്ജനത്തിന്റെ സന്ദേശം അറിയിക്കുന്നതിനുമായി വത്തിക്കാനിൽ ക്രൈസ്തവ മുസ്ലീം ഉച്ചകോടി നടന്നു. ”അബ്രാഹത്തിൽ നമ്മൾ സഹോദരങ്ങളാണ്. ക്രിസ്തുമതവും ഇസ്ലാം മതവും ഒരുപോലെ പഠിപ്പിക്കുന്നു, മനുഷ്യവർഗ്ഗം ഒരു കുടുംബമാണെന്ന്.. അക്രമത്തിന്റെ പേരിൽ സഹോദരി സഹോദരന്മാരെ വേർതിരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ മതനേതാക്കൾക്ക് കടമയുണ്ട്..” സമ്മേളനം വിലയിരുത്തി.
ക്രൈസ്തവ മുസ്ലീം മതങ്ങളെ പ്രതിനിധീകരിച്ച് കത്തോലിക്കാ, ആംഗ്ലിക്കൻ സഭാവിഭാഗങ്ങളും സുന്നി, ഷിയ വിഭാഗങ്ങളും പങ്കെടുത്തു. മൂന്നാമത് ക്രൈസ്തവ മുസ്ലീം ഉച്ചകോടിയാണ് നടന്നത്. പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ കണ്ടു. ”പരസ്പരം കൂടുതൽ മനസ്സിലാക്കാനും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനും കഴിയട്ടെ. സംവാദം; സമാധാനത്തിനുള്ള വഴിയാണ്…” മാർപാപ്പ പറഞ്ഞു.