അടുക്കളയില്‍ എത്തിയ പരിശുദ്ധാത്മാവ്

വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തയാറാക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാചകത്തിലുള്ള എന്റെ കഴിവുകുറവാണ് കാരണമെന്ന് പറയാം. അങ്ങനെയിരിക്കേയാണ് വീട്ടില്‍ അമ്മയുടെ അസാന്നിധ്യത്തില്‍ അടുക്കളച്ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നതില്‍ ഒരു സഹായിമാത്രമായിരുന്നു അതുവരെയും ഞാന്‍.

ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് പരിശുദ്ധാത്മാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതും. രാവിലെ ഉണര്‍ന്നാലുടനെ അല്പസമയം പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കും. ദിവസത്തില്‍ പല തവണ പരിശുദ്ധാത്മാവിനെ വിളിക്കും, സഹായം ചോദിക്കും. ആദ്യമാദ്യം ആത്മീയകാര്യങ്ങളിലാണ് കൂടുതല്‍ സഹായം ചോദിച്ചിരുന്നതെങ്കില്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനെ കൂട്ടുവിളിക്കാന്‍ തുടങ്ങി.

അങ്ങനെയൊരു പ്രഭാതം. പ്രാതലിന് എന്തുണ്ടാക്കുമെന്ന് തീരുമാനിക്കാനാവുന്നില്ല. സമയത്തിന് പണികള്‍ തീര്‍ക്കാന്‍ നല്ലത് പുട്ട് ഉണ്ടാക്കുകയാണ് എന്ന് തോന്നി. പക്ഷേ പരിശുദ്ധാത്മാവിനോട് ചോദിച്ചിട്ടാവാം തീരുമാനം എന്ന് പെട്ടെന്ന് മനസില്‍ ഒരു ചിന്ത. അപ്രകാരം ചെയ്തപ്പോഴാകട്ടെ ഒരു ‘കിടിലന്‍ ആശയ’മാണ് കിട്ടിയത്, ‘ഇടിയപ്പം ഉണ്ടാക്കുക!’

‘കിടിലന്‍ ആശയം’ എന്ന് പറയാന്‍ കാരണമുണ്ട്. ഇടിയപ്പം ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം, രുചികരമാകണമെങ്കില്‍ അല്പം നൈപുണ്യവും വേണമെന്നാണ് എന്റെ അനുഭവം. ഇതൊക്കെ ഓര്‍ത്തപ്പോള്‍ പരിശുദ്ധാത്മാവിനോട് ‘അതെ’ എന്ന് ഉത്തരം പറയാന്‍ വിഷമമായിരുന്നു. എങ്കിലും അത് ചെയ്യാന്‍തന്നെ തീരുമാനിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. പണികളെല്ലാം സമയത്ത് തീര്‍ന്നു. പക്ഷേ ഞാനും ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നതിനാല്‍ ഇടിയപ്പം കഴിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിട്ടിയത് മറ്റൊരു സന്തോഷം!
കൂടുതല്‍ ഇടിയപ്പം ഉണ്ടാക്കിയിരുന്നെങ്കിലും മക്കള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതിനാല്‍ എല്ലാം തീര്‍ന്നു. ഭര്‍ത്താവിനോട് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും ഉവ്വ് എന്ന് പറഞ്ഞു. സാധാരണയായി ഞാനുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ അധികവും ആസ്വദിച്ച് കഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല എന്നെനിക്കറിയാം. അതിനാല്‍ത്തന്നെ അദ്ദേഹം അത് കൂടുതല്‍ കഴിച്ചു എന്നതിന്റെ കാരണം എനിക്ക് ഊഹിക്കാമായിരുന്നു. എങ്കിലും അത് കേള്‍ക്കാനുള്ള ആഗ്രഹംകൊണ്ട് ചോദിച്ചു, ”ഇടിയപ്പം നല്ലതായിരുന്നല്ലേ?”

”അതെ, നല്ല രുചിയുണ്ടായിരുന്നു!” അദ്ദേഹത്തിന്റെ മറുപടി.
സത്യത്തില്‍ പരിശുദ്ധാത്മാവിനോടുള്ള എന്റെ അടുപ്പം വര്‍ധിപ്പിച്ച സംഭവമായിരുന്നു അത്. യോഹന്നാന്‍ 14:26- ”എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” ഈ വചനത്തില്‍ ഈശോ പരിചയപ്പെടുത്തുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ഞാന്‍ അടുത്തനുഭവിച്ചത് അന്ന് അടുക്കളയില്‍വച്ചായിരുന്നു. •


ക്രിസ്റ്റി ജോസ്

Leave a Reply

Your email address will not be published. Required fields are marked *