രാജ്ഞിയുടെ രഹസ്യങ്ങളുമായി വിശുദ്ധ ജോണ്‍ നെപുംസ്യാന്‍

കുമ്പാസാര രഹസ്യം വെളിപ്പെടുത്താതിരിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ വിശുദ്ധനാണ് ജോണ്‍ നെപുംസ്യാന്‍. 1340-ല്‍ ബൊഹീമിയയിലെ നെപോമക്കിലാണ് ജോണിന്റെ ജനനം. കുഞ്ഞുന്നാളില്‍ മാരക രോഗം ബാധിച്ച ജോണ്‍ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മാധ്യസ്ഥത്താലാണ് സുഖം പ്രാപിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ ജോണിനെ ദൈവത്തിനായി സമര്‍പ്പിച്ചു. വൈദികനായി അഭിഷിക്തനായ ജോണിന് പ്രബോധനം നല്‍കുന്നതിനുള്ള പ്രത്യേക കൃപ ദൈവം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനായി ജനങ്ങള്‍ തിങ്ങിക്കൂടി. കലര്‍പ്പില്ലാത്തതും ആകര്‍ഷകവുമായ സുവിശേഷപ്രഘോഷണത്തിലൂടെ പ്രേഗിലെ നിരവധിയാളുകള്‍ മാനസാന്തരത്തിലേക്ക് കടന്നുവന്നു.

ജോണിന്റെ പ്രശസ്തി വര്‍ധിച്ചതോടെ ബൊഹീമിയയിലെ രാജാവായിരുന്ന വെന്‍സിസ്ലാസ് നാലാമന്‍ അദ്ദേഹത്തിന് പല സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരു സാധാരണ വൈദികനായി തുടരാനാണ് ജോണ്‍ ആഗ്രഹിച്ചത്. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട എല്ലാ സ്ഥാനങ്ങളും ബഹുമതികളും അദ്ദേഹം നിരസിച്ചു. എങ്കിലും രാജ്ഞിയുടെ കുമ്പസാരക്കാരനായുള്ള ചുമതല ജോണ്‍ ഏറ്റെടുത്തു.

പ്രാര്‍ത്ഥനയ്ക്കായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന രാജ്ഞിയുടെ കുമ്പസാര രഹസ്യങ്ങള്‍ അറിയുവാന്‍ വെന്‍സിസ്ലാസ് രാജാവ് ആഗ്രഹിച്ചു. കുമ്പസാരക്കാരനായ ജോണിനെ അത് വെളിപ്പെടുത്താന്‍ രാജാവ് നിര്‍ബന്ധിച്ചു. അത് വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ജോണിനെ പല വിധത്തിലും സ്വാധീനിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഭൂമിയിലെ രാജാവിനെക്കാള്‍ ഉപരിയായി സ്വര്‍ഗത്തിലെ രാജാവിനെ ഭയപ്പെട്ടിരുന്ന ജോണിന്റെ തീരുമാനത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല.

പീഡനത്തിനും ഭീഷണിക്കുമൊന്നും ജോണിന്റെ നിലപാട് മാറ്റുവാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ രാജാവ് അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ ജോണിന് ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന സ്വാധീനം ഭയപ്പെട്ടിരുന്നതിനാല്‍ അധികം താമസിയാതെ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. എങ്കിലും രാജ്ഞിയുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനായി അദ്ദേഹം ഫാ. ജോണിന്റെ മേല്‍ സമ്മര്‍ദ്ദം തുടര്‍ന്നു. പ്രേഗ് അതിരൂപതയുടെ വികാരി ജനറാളായിരുന്ന ജോണ്‍ ക്ലാഡ്രോയിലെ ബനഡിക്ടന്‍ സന്യാസ ഭവനത്തിന്റെ അധികാരിയെ രാജാവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി നിയമിച്ചിതും വെന്‍സിസ്ലാസിന് അദ്ദേഹത്തോട് വിരോധം തോന്നാന്‍ കാരണമായതായി ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജാവിന്റെ അപ്രീതിക്ക് പാത്രമായ തന്റെ ജീവിതം ഇനി അധികകാലം ഉണ്ടാവില്ലെന്ന് ജോണിന് മനസിലായി. ഒരിക്കല്‍ പ്രസംഗത്തില്‍ തന്റെ അന്ത്യം ഉടനെ ഉണ്ടാവും എന്ന സൂചന നല്‍കിക്കൊണ്ട് – ”അല്‍പ്പകാലത്തിന് ശേഷം നിങ്ങള്‍ എന്നെ കാണില്ല” എന്ന ബൈബിള്‍ വചനം ജോണ്‍ ഉദ്ധരിക്കുകയുണ്ടായി. ജോണ്‍ ഹസ് എന്ന ദൈവശാസ്ത്രജ്ഞന്റെ അബദ്ധസിദ്ധാന്തങ്ങളിലൂടെ സഭയ്ക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചും ജോണ്‍ നെപുംസ്യാന്‍ മുന്നറിയിപ്പ് നല്‍കി. വിശുദ്ധ സിറിലും വിശുദ്ധ മെതഡിയസും കൊണ്ടുവന്ന മാതാവിന്റെ രൂപത്തിന്റെ പാദത്തിങ്കലാണ് ഈ കാലഘട്ടത്തില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത്.

വീണ്ടും കാരാഗൃഹത്തിലടയ്ക്കപ്പെട്ട ജോണ്‍ നെപുംസ്യാനെ മൊള്‍ഡാവു നദിയിലെറിഞ്ഞു കൊലപ്പെടുത്താന്‍ രാജാവ് ഉത്തരവിട്ടു. 1393 മാര്‍ച്ച് 20-ന് കയ്യും കാലും കെട്ടി പ്രേഗിലെ ചാള്‍സ് പാലത്തിന്റെ മുകളില്‍ നിന്ന് അദ്ദേഹത്തെ പടയാളികള്‍ നദിയിലേക്കെറിഞ്ഞു. ധീരരക്തസാക്ഷിയായ അദ്ദേഹത്തിന്റെ ശരീരം വെള്ളത്തില്‍ സ്പര്‍ശിച്ച സ്ഥലത്തിന്റെ മുകളിലായി അഞ്ച് നക്ഷത്രങ്ങള്‍ ഉയര്‍ന്നു വന്നു. ഈ അത്ഭുതം കാണാന്‍ ധാരാളം ആളുകള്‍ അവിടേക്കെത്തി. നദിയില്‍ നിന്ന് കണ്ടെടുത്ത ജോണിന്റെ മൃതദേഹം പ്രേഗ് കത്തീഡ്രലില്‍ സംസ്‌കരിച്ചു.

1719-ല്‍ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ മൃതകുടീരം തുറന്നപ്പോള്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ജോണിന്റെ നാവ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും അഴുകിയിരുന്നില്ല. 1729 മാര്‍ച്ച് 19-ന് ബനഡിക്റ്റ് 13-ാമന്‍ മാര്‍പാപ്പ ജോണ്‍ നെപുംസ്യാനെ വിശുദ്ധനായി പ്രഖ്യാപിച്ചു. •


രഞ്ജിത് ലോറന്‍സ്‌

Comments are closed.