”അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു”
സങ്കീർത്തനങ്ങൾ 139:14
നാല് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ ഒരു ക്ലിനിക്കിൽ ഇരിക്കുകയാണ്. രണ്ടുപേരും അമ്മമാരുടെ മടിയിലാണ്. ഒരു നഴ്‌സ് അവിടേക്ക് കടന്നുവരുന്നു. കൈയിൽ ഒരു സിറിഞ്ച് ഉണ്ട്. അവർ വലതുവശത്തിരിക്കുന്ന കുഞ്ഞിന്റെ തുടയിൽ സൂചി കയറ്റുന്നു. ആ കുഞ്ഞ് കണ്ണടച്ച് വേദന സഹിക്കുകയാണ്. ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന മറ്റേ കുഞ്ഞും കണ്ണടച്ച് ആ വേദന അനുഭവിക്കുന്ന മട്ടിൽ ഇരിക്കുന്നു.
ഇത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ്. എന്തായിരിക്കാം ഈ പ്രതികരണത്തിന് കാരണം? ശാസ്ത്രജ്ഞർ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ മിറർ ന്യൂറോൺസ് എന്ന സവിശേഷ ന്യൂറോണുകളാണത്രേ ഇതിന് കാരണം. രണ്ട് മസ്തിഷ്‌കങ്ങളിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിയുന്ന പ്രത്യേക ന്യൂറോണുകളാണ് മിറർ ന്യൂറോണുകൾ. ഒരു പ്രത്യേക അനുഭവമുണ്ടാകുന്ന വ്യക്തിയിലെയും അത് കണ്ടുനിൽക്കുന്ന വ്യക്തിയിലെയും മിറർ ന്യൂറോണുകൾ ഒരേ സമയം ഉദ്ദീപിപ്പിക്കപ്പെടുന്നു. അതുനിമിത്തമുണ്ടാകുന്ന വൈകാരികമാറ്റങ്ങൾ ഏറെക്കുറെ സമാനമായിരിക്കും. കണ്ടുനിൽക്കുന്ന വ്യക്തിയിൽ അത് അല്പം നിയന്ത്രിക്കപ്പെടുമെന്നും പഠനങ്ങൾ പറയുന്നു. അനുഭവം യഥാർത്ഥത്തിൽ ഉണ്ടായത് അപരനാണെന്ന് മനസിലാക്കാനും പ്രതികരണം നിയന്ത്രിക്കപ്പെടാനുമാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് അനുമാനിക്കാം. അല്ലാത്തപക്ഷം ഇൻജക്ഷൻ സ്വീകരിച്ച കുഞ്ഞ് വേദനയുള്ള ഭാഗത്ത് പതിയെ തൊട്ടുനോക്കുകയോ തലോടുകയോ ചെയ്യുന്നതുപോലെ കണ്ടുനിന്ന കുഞ്ഞും ചെയ്യുമല്ലോ.
ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് പാർമയിൽനിന്നുള്ള ജിയാക്കോമോ റിസൊലാട്ടിയായിരുന്നു ഈ മേഖലയിലുള്ള പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകൻ. ഇന്ത്യക്കാരനായ ഡോ. വി.എസ്.രാമചന്ദ്രനും ഈ മേഖലയിൽ ഗണനീയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. എങഞക ഉപയോഗിച്ച് മസ്തിഷ്‌കത്തിന്റെ പഠനം നടത്തിയപ്പോൾ ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റൊരാൾ അതേ പ്രവൃത്തി ചെയ്യുന്നത് കണ്ടുകൊണ്ടുനിൽക്കുമ്പോഴും അയാളുടെ മസ്തിഷ്‌കത്തിന്റെ ഇന്റീരിയർ ഫ്രോണ്ടൽ കോർട്ടക്‌സും സുപ്പീരിയൽ പറൈറ്റൽ ലോബും സജീവമാകുന്നതായി കണ്ടു. മസ്തിഷ്‌കത്തിന്റെ ഈ ഭാഗങ്ങളിൽ മിറർ ന്യൂറോണുകൾ ഉള്ളതായിട്ടാണ് ഇതിൽനിന്ന് മനസിലാവുന്നത്.
മിറർ ന്യൂറോണുകൾവഴി കൂടെയുള്ളവരുടെ വേദനയും ദുഃഖവും സന്തോഷവുമെല്ലാം നമുക്ക് അതേ മനസോടെ പങ്കുവയ്ക്കാനാവും. സ്വാർത്ഥത വെടിയാൻ നമ്മെ പ്രേരിപ്പിക്കുന്നവയാണ് മിറർ ന്യൂറോണുകൾ എന്ന് പറയാം.
മസ്തിഷ്‌കത്തിലെ ഈ കണ്ണാടികൾവഴി ”കരയുന്നവരോടുകൂടെ കരയുവിൻ, സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ” എന്ന റോമാ 12:15 തിരുവചനം നിറവേറ്റാൻ നമുക്ക് സാധിക്കും. അതെ, അപ്രകാരമാണ് നമ്മുടെ മസ്തിഷ്‌കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അവലംബം: ലൈറ്റ് ഓഫ് ട്രൂത്ത്, ശാലോം ടി.വി.