ഹൃദയ രഹസ്യങ്ങളുടെ പാസ്‌വേഡ്

അഞ്ചുവയസിൽ കണ്ട ഒരു സ്വപ്നം വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കരയുന്ന മുഖമുള്ളൊരു മനുഷ്യൻ. അത് ആരാണെന്ന് അറിയാൻ അവൾ ഏറെ ആഗ്രഹിച്ചു. ഒടുവിൽ പത്താം വയസിൽ, ക്രൂശിതനായ ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാണ് സ്വപ്നത്തിലെ ആളെ അവൾക്ക് മനസിലായത്.

മുറിവുകളേറ്റ് പിടയുന്ന ഈശോയെ കണ്ട് ആ പത്തുവയസുകാരി ഉറക്കെ കരഞ്ഞു: ‘എന്റെ ഈശോയേ ആരാണ് അങ്ങയെ ഇത്ര ക്രൂരമായി വേദനിപ്പിക്കുന്നത്?’

‘എന്നെ വെറുക്കുകയും നിന്ദിക്കുകയും എന്റെ സ്‌നേഹത്തെ തിരസ്‌കരിക്കുകയും ചെയ്യുന്നവർ’ ഈശോ പറഞ്ഞു.

അപ്പോൾമുതൽ, ഈശോയെ ആരും വേദനിപ്പിക്കാതിരിക്കാൻ അവൾ കഠിന പ്രാർത്ഥനയും പരിശ്രമവും ആരംഭിച്ചു. ചെറുപ്പംമുതൽ ഈശോയെ വളരെയധികം സ്‌നേഹിച്ച സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിനാണ് ഈശോ ഇപ്രകാരം സ്വയം വെളിപ്പെടുത്തിയത്.

ഈശോയുടെ തിരുമുറിവുകളെയും അടിപ്പിണരുകളെയും സ്‌നേഹിക്കാനും ആദരിക്കാനുമുള്ള ആഗ്രഹം അവളിൽ തീവ്രമായിരുന്നു. അതിനാൽ തനിക്ക് അവ വെളിപ്പെടുത്തിത്തരണമെന്ന് അവൾ നിരന്തരം ഈശോയോട് അപേക്ഷിച്ചു. വർഷങ്ങൾ നീണ്ട ബ്രിജിറ്റിന്റെ പ്രാർത്ഥനയുടെയും സ്‌നേഹംനിറഞ്ഞ കാത്തിരിപ്പിന്റെയും ഫലമായി ഈശോ അവളുടെ ആഗ്രഹം സാധ്യമാക്കി.

പീഡാസഹനവേളയിൽ ഈശോ 5480 അടികളാണ് എറ്റുവാങ്ങിയതെന്ന് അവിടുന്ന് ബ്രിജിറ്റിന് വെളിപ്പെടുത്തി. ഓരോ അടിപ്പിണരുകളെയും സ്‌നേഹിക്കുന്നതിനും ആദരിക്കുന്നതിനും ആഗ്രഹിച്ച അവൾക്ക്, അവിടുത്തെ 5480 തിരുമുറിവുകളെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനുള്ള പ്രാർത്ഥനയും അവിടുന്നുതന്നെ പറഞ്ഞുകൊടുത്തു.

ഈശോയെ കാണണമെന്നും സംസാരിക്കണമെന്നും അവിടുത്തെ കൂടുതൽ അറിയണമെന്നും ആഗ്രഹിക്കുന്നവരാണ് നാം. വിശുദ്ധരുടെയും മിസ്റ്റിക്കുകളുടെയുമെല്ലാം ജീവിതം വായിക്കുമ്പോൾ അവരെപ്പോലെ ദൈവത്തോടു കൂട്ടുകൂടി നടക്കാനും അവിടുത്തോട് സൗഹൃദസംഭാഷണം നടത്താനുമുള്ള അഭിലാഷം തീവ്രമാകും.

എന്നാൽ ഈ ആഗ്രഹ പൂർത്തീകരണത്തിനുള്ള പാസ്‌വേഡ് ഈശോ പറഞ്ഞുതന്നിട്ടുണ്ട്. ”എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവന് വെളിപ്പെടുത്തുകയും ചെയ്യും” (യോഹന്നാൻ 14:21)

ദൈവവുമായി സൗഹൃദത്തിലാകാനും അവിടുത്തെ രഹസ്യങ്ങൾ മനസിലാക്കാനുമുള്ള ഏക മാർഗം അവിടുത്തെ സ്‌നേഹിക്കുക എന്നതാണ്. അധികമധികം സ്‌നേഹിക്കുന്നവർക്ക് അധികമായി അവിടുന്ന് വെളിപ്പെടുത്തും. കൂടുതൽ അറിയുംതോറും കൂടുതൽ സ്‌നേഹിക്കാൻ കഴിയും. മഗ്ദലേനയും യോഹന്നാൻ ശ്ലീഹായുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

മാനുഷിക ബന്ധങ്ങളിലും മറിച്ചല്ല. സ്‌നേഹിക്കുന്നവരോട് പൊതുവേ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുമല്ലോ. കൂടുതൽ സ്‌നേഹിക്കുന്നവരോട് സ്വകാര്യദു:ഖങ്ങൾപോലും പങ്കുവയ്ക്കും. അതാണ് ഈശോയും ചെയ്യുക. അവിടുത്തെ അധികം സ്‌നേഹിച്ച ബ്രിജിറ്റിനും ചില വിശുദ്ധർക്കും മിസ്റ്റിക്കുകൾക്കും തന്റെ തിരുമുറിവുകളും രഹസ്യ സഹനങ്ങളും അവിടുന്ന് വെളിപ്പെടുത്തി; സ്‌നേഹത്തിന്റെ മുറിവുകൾ! ദൈവസ്‌നേഹത്തിന്റെ ആഴം അറിയുന്തോറും അവർ അവിടുത്തെ കൂടുതൽ സ്‌നേഹിച്ചു, ആദരിച്ചു. ആ സ്‌നേഹത്തെ പ്രചരിപ്പിച്ചു.

ഈ പീഡാനുഭവനാളിൽ നമുക്കും ഈശോയെ അധികം അധികം സ്‌നേഹിക്കാം. അവിടുത്തെ സ്‌നേഹത്തിന്റെ അടയാളമായ തിരുമുറിവുകൾ കാണാൻ പ്രാർത്ഥിച്ചു കാത്തിരിക്കാം. അവയെ സ്‌നേഹിക്കുകയും പാപംചെയ്ത് അവിടുത്തെ വേദനിപ്പിക്കാതിരിക്കുകയും ചെയ്യാം.

കർത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ മുറിപ്പാടുകൾ കാണാൻ, അവയെ സ്‌നേഹിക്കാൻ, പ്രചരിപ്പിക്കാൻ കൃപനല്കണമേ, ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *