ആനന്ദം തരുന്ന സങ്കീർത്തനം

വചനം നിറയെ അനേകരുടെ വീഴ്ചകളും
വീണ്ടെടുപ്പും നമുക്കായി കരുതിവച്ചത് എന്തിനായിരിക്കും?

കൊല ചെയ്ത ഒരു മനുഷ്യൻ സംരക്ഷണത്തിനായി ഓടുകയായിരുന്നു. ഒടുവിൽ ഒരു ഗോത്രത്തലവന്റെ വീട്ടിൽ ചെന്നുപെട്ടു. അയാളോട് നടന്നതെല്ലാം തുറന്നു പറഞ്ഞു. അയാൾ കൊലപാതകിക്ക് അഭയം നല്കി. ഗ്രാമത്തിൽനിന്നും കൊലയാളിയെ കിട്ടാൻ ആളുകൾ ഓടിക്കൂടി. ഗോത്രത്തലവന്റെ വീട്ടിൽ കൊലപാതകി ഒളിച്ചിരുപ്പുണ്ടെന്ന് അവർക്കറിയാം. അയാളെ വിട്ടുകിട്ടണം. മൂപ്പൻ പറഞ്ഞു, ഞാൻ വിട്ടുതരില്ല. ആരെയാണ് ആ ക്രൂരൻ കൊന്നതെന്നു പറഞ്ഞാൽ നിങ്ങൾ തീർച്ചയായും വിട്ടുതരുമെന്നായി അവർ. തുടർന്ന് അവർ പറഞ്ഞു, നിങ്ങളുടെ പേരക്കുട്ടിയെയാണ്.’ ഉടനെ കൊലപാതകിയെ മൂപ്പൻതന്നെ തല്ലിക്കൊല്ലുമെന്നാണവർ കരുതിയത്. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. അയാളുടെ കണ്ണുകളിൽ നോക്കി മൂപ്പൻ പറഞ്ഞു: ”നീയെന്റെ പേരക്കുട്ടിയെ കൊന്നുകളഞ്ഞു അല്ലേ. നീയത് ഏറ്റുപറഞ്ഞു. ഇനിമുതൽ നീയാണ് എന്റെ പേരക്കുട്ടി. ഒരാളും നിന്നെ തൊടില്ല!”

കഴിഞ്ഞുപോയ കാലത്തെ വീഴ്ചകൾ ഏറ്റുപറയുക, അതത്ര എളുപ്പമുള്ള ഒന്നല്ല. ഇതിന് പുറകിൽ ഒരാൾ അനുഭവിക്കുന്ന സ്വയംനിന്ദയും അപമാനഭാരവും സംശയങ്ങളുമൊക്കെ ഏറെയാണ്. എന്നാൽ, നിങ്ങളെ വലിഞ്ഞു മുറുക്കുന്ന ഇത്തരം കഥകൾ പങ്കുവയ്ക്കുമ്പോൾ ശിഷ്ടകാലം നിങ്ങൾക്കായി കരുതിവച്ചിരിക്കുന്ന ആനന്ദത്തിന്റെയും കുലീനമായൊരു ജീവിതത്തിന്റെയും നാളുകളെ കാര്യമായി ധ്യാനിക്കണം. ഒരാൾ അയാളെത്തന്നെ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നിടത്തൊക്കെ തുറവിയുടെ കുമ്പസാരങ്ങൾ ഉണ്ടാകും.

എത്രയെത്ര മനുഷ്യരുടെ ലജ്ജ ജനിപ്പിക്കുന്ന വീഴ്ചകളുടെ കഥകളാണ് വചനത്തിലുള്ളത്. പലതും വേണമെങ്കിൽ മൂടിവയ്ക്കാമായിരുന്നു. വീരകഥകൾകൊണ്ടുമാത്രം വചനം നിറയ്ക്കാമായിരുന്നു. എന്നിട്ടും അവരുടെ വീഴ്ചകളും വീണ്ടെടുപ്പും നമുക്കായി കരുതിവച്ചു. ഏറ്റുപറയുന്നവർക്ക് ഇനിയും മാപ്പുണ്ട് എന്ന് ആവർത്തിച്ച് നമ്മെ ഓർമിപ്പിക്കാനാകണം ഇത്.
കൊല ചെയ്ത കായേനിനെ കാണുക. എത്രയോ ഉന്നതമായ വിളി കിട്ടിയവനാണ് അവൻ. എന്നിട്ടും അവനത് കാര്യമാക്കാതെ സഹോദരനെ കൊന്നു. ഒരു മുഴുഭ്രാന്തനെപ്പോലെ, കുറ്റസമ്മതം നടത്തി അലഞ്ഞു നടക്കുമ്പോൾ ദൈവം അവനോട് ചെയ്തത് എന്താണ്? സകലരും എന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് വാവിട്ടു കരയുമ്പോൾ, ദൈവം അവനെ തന്റെ ചാരെ ചേർത്തുനിർത്തി. വീഴ്ചകൾ ഏറ്റുപറയുമ്പോൾ, അവന്റെ നെറ്റിത്തടത്തിൽ ദൈവം ചുംബിച്ചതാകണം, അന്ന് രേഖപ്പെടുത്തിയ അടയാളം, കുരിശടടയാളം (ഉൽപത്തി 4:15). ഏറ്റുപറയുന്നവന് ദൈവം നല്കുന്ന വലിയൊരു വാഗ്ദാനമാണിത്, സംരക്ഷണം. ഒരാളും നിന്നെ ഇനിമേൽ ഈ കുറ്റത്തിന്റെ പേരിൽ ആക്രമിക്കില്ല എന്ന ഉറപ്പ്.

ഇനി, മഹാചതിയനായ യാക്കോബിനെ ഓർക്കുക. സഹോദരനായ ഏസാവിനെ പറ്റിച്ച് അവകാശങ്ങളും സ്വത്തും ഏറെ കൈക്കലാക്കി. യാത്രാമധ്യേ ദൈവദൂതൻ തന്നെത്തന്നെ അഭിമുഖീകരിക്കാൻ യാക്കോബിനെ ഒരുക്കി. ഏറ്റുപറഞ്ഞാൽ തീരുന്ന വഞ്ചനയൊന്നുമല്ല താൻ ചെയ്തിട്ടുള്ളത് എന്ന കുറ്റബോധത്തിലാണ് അവൻ ഓടി രക്ഷപ്പെടാൻ ഒരുങ്ങുന്നത്. ഏസാവിനെ കണ്ടുമുട്ടുമ്പോൾ ഏഴുപ്രാവശ്യം നിലംമുട്ടെ താണുവണങ്ങുന്നുണ്ട്. ഏസാവ് അവനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. വാവിട്ടു കരയുമ്പോൾ അവൻ പറയുന്നുണ്ട്: ചേട്ടാ, ഇപ്പോൾ അങ്ങേക്ക് ദൈവത്തിന്റെ മുഖമാണ്! (ഉൽപത്തി 33:10). യാക്കോബിന്റെ ഏറ്റുപറച്ചിലിൽ ദൈവത്തിന്റെ മുഖമാണ് അവനു മുമ്പിൽ തെളിഞ്ഞുകിട്ടിയത്.

വിനയത്തിന്റെ ഏറ്റുപറച്ചിൽ കേൾക്കാൻ കുമ്പസാരക്കൂടുകൾ കാത്തുനില്ക്കുന്നുണ്ട്. ഏറ്റുപറയുമ്പോൾ നിങ്ങൾ ദൈവത്തെ കാണും.

ശരീരത്തിന്റെ ഭ്രമങ്ങളിൽ വീണുപോയവനാണ് ദാവീദ്. വ്യഭിചാരവും കൊലപാതകവും. ഒരാൾക്കും പരി ഹാരം നിർദേശിക്കാനാവാത്ത ദാവീദിന്റെ വീഴ്ചയിൽനിന്നും അയാൾ രക്ഷപ്പെടുന്നത് അനുതാപത്തിന്റെ നീണ്ട സങ്കീർത്തനങ്ങൾ എഴുതിക്കൊണ്ടാണ്. ”അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എ ന്നിൽനിന്ന് എടുത്തുകളയരുതേ!” (സങ്കീർത്തനം 51:11). സമാനമേഖലകളിൽ പരിക്കു പറ്റുന്ന മനുഷ്യരൊക്കെ ഏറ്റുപറച്ചിലിന്റെ സങ്കീർത്തനം നടത്തിയാൽ മതി. വീണ്ടെടുപ്പ് സാധ്യമാണ്. ഇന്നും ‘ദാവീദിന്റെ പുത്രനായ യേശുവേ’ എന്നാണ് നാം രക്ഷകനെ വിളിക്കുന്നത്.

ക്കേവൂസിനെ ഓർക്കുക. ചുങ്കക്കാരനാണെങ്കിലും ഏറെ അറിയപ്പെടുന്നവനാണ്. പണത്തിന്റെ ക്രയവിക്രയത്തിൽ ഒട്ടേറെ വഞ്ചിച്ചെടുത്തിട്ടുണ്ട്. ഒരാളും സക്കേവൂസിനെതിരെ ശബ്ദമുയർത്താൻ അവിടെ ഉണ്ടാവില്ല. പണവും അധികാരവും ഒരേ കൂടാരത്തിൽ വസിക്കുമ്പോൾ ആർ ബലപ്രയോഗം നടത്താനാണ്. പക്ഷേ, യേശുവിനെ കണ്ടമാത്രയിൽ അയാളുടെ ഹൃദയം നുറുങ്ങി. സക്കേവൂസ് അന്നാണ് തന്നെത്തന്നെ കണ്ടെത്തിയത്. സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവന് ഏറ്റുപറച്ചിൽ നടത്താതെ തരമില്ല. സ്വകാര്യമായൊരു കുമ്പസാരത്തിൽ തന്റെ വഞ്ചനയുടെ കണക്കുപുസ്തകം തുറന്നുവയ്ക്കുകയല്ല അയാൾ ചെയ്തത് എന്ന് ഓർക്കണം. എല്ലാവരും കാൺകെ, സകലരും കേൾക്കെ, നിലവിളിച്ചാണ് പറഞ്ഞത്. എന്റെ സ്വത്തിൽ പകുതി ദരിദ്രർക്ക്, വഞ്ചിച്ചെടുത്തതിന് നാലിരട്ടി ചേർത്തും നല്കുന്നു. രക്ഷ അവനും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്നത് കാണുക (ലൂക്കാ 19). നാളുകൾകൂടി ആ മനുഷ്യൻ ശാന്തമായുറങ്ങുന്നത് അന്നാകണം.

നമ്മെ കൂടുതൽ അറിയുന്തോറും മറ്റുള്ളവർ വെറുക്കുമോ എന്ന ആശങ്കയിൽ ഏറ്റുപറയാൻ മടി കാണിക്കുന്നവരാണ് അധികവും. പക്ഷേ ഒരാളുടെ ആത്മീയധീരത ഏറ്റുപറച്ചിലിലാണുതാനും. വിശുദ്ധ അഗസ്റ്റിൻ ആത്മകഥയ്ക്കിട്ട പേര് ‘കൺഫെഷൻ’ എന്നാണ്. വീഴ്ചകളുടെയും വീണ്ടെടുപ്പിന്റെയും തുറന്ന കഥകൾ. ചിന്തകനായ റൂസോയും ആത്മകഥയ്ക്കിട്ടത് ‘കൺഫെഷൻസ്’ എന്നുതന്നെ. ‘എന്റെ ഹൃദയം കാലങ്ങളായി ദാഹിച്ച യഥാർത്ഥ ആനന്ദത്തിന്റെ ഒരിറക്കുപോലും രുചിക്കാൻ എനിക്കായില്ലല്ലോ. അതോർക്കുമ്പോൾ വലിയ വിഷമം തോന്നുന്നു. ശിക്ഷയെ ഭയന്നും തിരസ്‌കരണത്തെ പേടിച്ചും നാളുകൾ പലതു തള്ളിനീക്കി. ഒരു ഗ്രന്ഥത്തിൽനിന്നും മറ്റൊന്നിലേക്ക് എന്ന വിധത്തിൽ ഞാൻ ചാടിക്കൊണ്ടിരുന്നു. എന്നെത്തന്നെ ഞാൻ വെറുത്തു…’ പതിനേഴാം നൂറ്റാണ്ടിൽ മനുഷ്യാവകാശങ്ങളുടെ പുതുപുത്തൻ തത്വങ്ങൾ പഠിപ്പിച്ചവന്റെ കുമ്പസാരമാണിത് എന്നോർക്കണം.

മദർ തെരേസയുടെ അവസാനകാലത്ത് അവളനുഭവിച്ച ആത്മാവിന്റെ ഇരുണ്ട രാത്രിയുടെ കഥകൾ ഡയറിയിലുണ്ട്. ദൈവമുണ്ടോ എന്ന സന്ദേഹംപോലും ഉണ്ടായെന്ന് അവൾ തുറന്നെഴുതി. കാലം വിശുദ്ധയെന്ന് തിലകം ചാർത്തിയ അവൾക്ക് വേണമെങ്കിൽ ഈ ഏറ്റുപറച്ചിൽ ഒഴിവാക്കാമായിരുന്നില്ലേ. വിശുദ്ധ പദവിയിലേക്കുള്ള നടപടികൾക്കുപോലും കാലതാമസം വരുത്തിയ കുറിപ്പാണിത്. ഏറ്റുപറച്ചിൽ ഒരാൾക്ക് നല്കുന്ന സ്വാതന്ത്ര്യവും സംരക്ഷണവും ആനന്ദവും തള്ളിമാറ്റി, സ്വയം മൂടിവയ്ക്കുന്നതിന്റെ തത്രപ്പാടിൽ വലിഞ്ഞുമുറുങ്ങുന്നതെന്തേ?

പോകാം, കുമ്പസാരക്കൂടുകളിലേക്ക്, ഈ ദിവസങ്ങളിൽ. എന്തെന്നാൽ പാപസങ്കീർത്തനം നല്കുന്ന വിടുതലിനും വിശുദ്ധിക്കും പകരംവയ്ക്കാൻ മാനവരാശി മറ്റൊന്നും കണ്ടെത്തിയിട്ടില്ല.


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *