മൈക്കിളിന്റെ മിഠായിബോക്‌സ്

മിക്കിക്കുട്ടാ, നീയിവിടെ എന്തു ചെയ്യുകയാ?” അങ്ങനെ ചോദിച്ചുകൊണ്ട് പെട്ടെന്ന് അപ്പ മുറിയിലേക്ക് കയറിവന്നപ്പോൾ മൈക്കിൾ ഞെട്ടിപ്പോയി. കുറച്ചു നാളായി ആരും കാണാതെ ആ ഏഴാംക്ലാസുകാരൻ ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. ആ രഹസ്യമാണ് അപ്പ അറിയാൻ പോകുന്നത്. അവന്റെ ഹൃദയം പടപടാന്ന് മിടിച്ചു.
തറയിലിരിക്കുന്ന മൈക്കലിന്റെ മടിയിൽ ചില്ലറത്തുട്ടുകളും ചെറിയ നോട്ടുകളുമെല്ലാമുണ്ട്. താഴെ ഒഴിഞ്ഞ ഒരു മിഠായിബോക്‌സും. അതു ശ്രദ്ധിച്ച അപ്പക്ക് ആകാംക്ഷയായി.
”ഇതെന്താണിത്?” അപ്പ ചോദിച്ചപ്പോൾ മൈക്കൽ അല്പം പരുങ്ങലോടെ പറഞ്ഞു. അപ്പയും അമ്മയും പിന്നെ മറ്റുള്ളവരുമൊക്കെ എനിക്ക ഇടക്ക് ചില ആവശ്യങ്ങൾക്കായി പൈസ തരാറില്ലേ. അതെല്ലാം പിശുക്കി പിശുക്കി ഈ മിഠായിബോക്‌സിൽ എടുത്തു വച്ചുണ്ടാക്കിയതാണിത്”
”എന്തിന്?”
”അതേയ്….. ഞാൻ കഴിഞ്ഞ അവധിക്കാലത്ത് ഒരു ക്യാംപിന് പോയില്ലേ. അന്ന് അവിടെ ഒരു ചേട്ടൻ പറഞ്ഞുതന്ന ഐഡിയയാണ്”
”എന്ത്?”
”കിട്ടുന്ന പൈസയെല്ലാം ആരുമറിയാതെ ശേഖരിച്ചുവച്ച് അതുകൊണ്ട് കൂട്ടുകാർക്ക് ഈശോയെ പരിചയപ്പെടുത്താൻവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന്”
”ഇതുകൊണ്ട് നീ എന്തു ചെയ്യും?”
”അതിന് അപ്പയുടെ സഹായം ചോദിക്കാൻ വരുകയായിരുന്നു ഞാൻ”
”എന്തു സഹായം?” അപ്പക്കാകെ ആശ്ചര്യം.
”ഈ പൈസ ഞാൻ അപ്പക്കു തരും. അപ്പോൾ ഇതുകൊണ്ട് എനിക്കു കുറേ കുഞ്ഞുപുസ്തകങ്ങൾ വാങ്ങിത്തരണം. ഈശോയുടെയും മാതാവിന്റെയും വിശുദ്ധരുടെയുമൊക്കെ ചിത്രകഥകളുള്ള കുഞ്ഞുപുസ്തകങ്ങൾ. കഴിഞ്ഞ വേനലവധിക്ക് എനിക്ക് സിസ്റ്ററാന്റി വാങ്ങിത്തന്ന പുസ്തകങ്ങൾ ഓർമ്മയില്ലേ, അങ്ങനെയുള്ളത്.”
”എന്നിട്ട് അതെല്ലാം കൂട്ടുകാർക്കു കൊടുത്താൽ…?”
അപ്പ ചോദിക്കുന്നതിനിടക്കു കയറി മൈക്കിൾ ചാടിപ്പറഞ്ഞു, ”പിന്നെ സമ്മാനം പൊതിയുന്ന കടലാസില്ലേ അതും വേണം”
”അതെന്തിനാണ്?”
”അതോ… പുസ്തകങ്ങളെല്ലാം സമ്മാനമായിട്ടാണ് കൊടുക്കാൻ പോകുന്നത്. പിന്നെ ഈസ്റ്റർവരെ ഞാൻ നോമ്പെടുത്ത് കൂട്ടുകാർക്കുവേണ്ടി പ്രാർത്ഥിക്കും. പുസ്തകങ്ങൾ വായിച്ച് എല്ലാവർക്കും ഈശോയെ സ്‌നേഹിക്കാൻ പറ്റണേ എന്ന്. മിഠായിയൊന്നും കഴിക്കില്ല. എന്താ അത് പോരേ എല്ലാവരും പുസ്തകം വായിക്കാൻ”
”മതി. നീ നല്ല മിടുക്കനാണല്ലോ. ഈ ബുദ്ധിയൊക്കെ ആരാ പറഞ്ഞുതന്നത്?”
”ആരും പറഞ്ഞുതന്നതല്ല. ഞാൻ കഴിഞ്ഞ വേനലവധിക്ക് ക്യാംപിനു പോയി വന്നില്ലേ. അപ്പോൾമുതൽ പ്രാർത്ഥിക്കാൻ തുടങ്ങിയതാണ്. അതുകൊണ്ട് ഈശോതന്നെ തന്ന ഐഡിയയാണ് ഇത്”
മൈക്കിളിന്റെ ഉത്തരം കേട്ട അപ്പക്ക് സന്തോഷമായി. താനും ഈശോയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് അപ്പ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *