കരയാനെനിക്ക് ഒരു കരളേകൂ നാഥാ…

അന്ന് ആ വീട്ടിൽ ഉത്സവമായിരുന്നു. ഏഴുവർഷങ്ങൾക്കുമുൻപ് വീടുവിട്ടിറങ്ങിയ അവരുടെ മകൻ അലക്‌സ് തിരികെ എത്തിയിരിക്കുന്നു. മാതാപിതാക്കളായ ഐപ്പച്ചനും ഗ്രേസിയും പെങ്ങൾ ലാലിയും വഴിക്കണ്ണുകളോടെ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. ഏഴുവർഷം നീണ്ടുനിന്ന കണ്ണുനീർ തോരാത്ത പ്രാർത്ഥനകൾക്ക് നല്ല ദൈവം ഒടുവിൽ ഉത്തരം കൊടുത്തു. ആ സന്തോഷത്തിൽ പങ്കുചേരാൻ അവർ നാട്ടുകാരെയും വീട്ടുകാരെയുമെല്ലാം ക്ഷണിച്ചു.

അലക്‌സ് തന്റെ പഠനകാലത്ത് നല്ല കുട്ടിയായിരുന്നു. അച്ചടക്കവും അനുസരണയുമുള്ള, നന്നായി പഠിക്കുന്ന നല്ല കുട്ടി. എന്നാൽ ഉയർന്ന ഒരു ജോലി ലഭിച്ചതോടെ അലക്‌സിൽ മാറ്റങ്ങൾ വന്നു തുടങ്ങി. കൈയിൽ ഇഷ്ടംപോലെ പണം ഉണ്ടായപ്പോൾ കൂട്ടുകാർ ചുറ്റുംകൂടി. വെറുതെ ഒരു ടൈംപാസിനുവേണ്ടിയാണ് അവധി ദിവസങ്ങളിൽ അലക്‌സ് ചീട്ടുകളി തുടങ്ങിയത്. പിന്നീടത് പണം വച്ചുള്ള ചീട്ടുകളിയായി. അതേത്തുടർന്ന് മദ്യപാനവും.

മൂക്കറ്റം കുടിച്ച് വിറയ്ക്കുന്ന കാലുകളോടെയാണ് മിക്ക ദിവസങ്ങളിലും അലക്‌സ് വീട്ടിലെത്തിയിരുന്നത്. ഐപ്പച്ചന്റെ ശത്രുക്കൾക്ക് അതൊരു സന്തോഷകാരണമായി. അവർ ആ വാർത്ത നാടെങ്ങും അറിയിച്ചു. ഐപ്പച്ചനും ഗ്രേസിയും ആദ്യമാദ്യം മകനെ സ്‌നേഹത്തോടെ ഉപദേഷിച്ചു. പക്ഷേ, അലക്‌സ് അനുസരിച്ചില്ല. പിന്നെപ്പിന്നെ സ്വരം മാറ്റി പറഞ്ഞുനോക്കി. അതുകൊണ്ടും ഫലമുണ്ടായില്ല. പെങ്ങൾ ലാലിയുടെ മനസ്സമ്മതം കഴിഞ്ഞ വിവാഹം അലക്‌സിന്റെ ദുർനടപ്പിന്റെ പേരിൽ മുടങ്ങിപ്പോയപ്പോൾ ആ കുടുംബം വലിയ അപമാനത്തിലായി. വിഷണ്ണനായ ഐപ്പച്ചൻ മകനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ഒന്നുകിൽ നിന്റെ ദുർനടപ്പ് അവസാനിപ്പിക്കുക. അല്ലെങ്കിൽ ഈ വീട്ടിൽനിന്നും ഇറങ്ങുക. രണ്ടുംകെട്ട ജീവിതം ജീവിച്ചിട്ട് ഇവിടെ താമസിക്കാൻ പറ്റില്ല. എന്തുവേണമെന്ന് നീ തീരുമാനിച്ചുകൊള്ളുക.

പിറ്റേദിവസം ജോലിക്കുപോയ അലക്‌സ് തിരികെ വന്നില്ല. എവിടെപ്പോയി എന്ന് കണ്ടെത്തുവാനും കഴിഞ്ഞില്ല. ഐപ്പച്ചൻ തന്റെ മകൻ വീടുവിട്ടിറങ്ങാൻ വേണ്ടി പറഞ്ഞതായിരുന്നില്ല ആ വാക്കുകൾ. നന്നാകാൻ വേണ്ടി പ്രയോഗിച്ച ഒരു തന്ത്രംമാത്രം! പക്ഷേ, മാതാപിതാക്കളുടെയും അനിയത്തിയുടെയും നിയന്ത്രണത്തിൽനിന്നും പുറത്തുകടക്കാൻ തക്കം പാർത്തിരുന്ന അലക്‌സിന് അതൊരു നല്ല അവസരവുമായി. അലക്‌സ് തങ്ങളെ വിട്ടുപോയി എന്ന സത്യം അംഗീകരിക്കാനാവാത്ത യാഥാർത്ഥ്യമായിരുന്നു ആദ്യമവർക്ക്. എന്നാൽ ആ യാഥാർത്ഥ്യത്തിന് മുൻപിൽ മനസ് കീഴടങ്ങിയപ്പോൾ കണ്ണുനീരോടെയുള്ള കാത്തിരിപ്പായി. നീണ്ട ഏഴുവർഷങ്ങൾ! പ്രാർത്ഥനകളുടെയും നേർച്ചകളുടെയും പരിഹാരപ്രവർത്തികളുടെയും പിൻബലത്തോടെ അവർ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. അവസാനം ദൈവം അവരുടെ കണ്ണുനീരിനെ ആനന്ദബാഷ്പമാക്കി മാറ്റി. ”ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും. അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും” (ജറെമിയ 31:13) എന്ന വചനം അവരുടെ ജീവിതത്തിൽ യാഥാർത്ഥ്യമായി മാറി.

ലോകാരംഭം മുതൽ

പിതാവായ ദൈവത്തിന്റെ മനുഷ്യമക്കളുടെ തിരിച്ചുവരവിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ചരിത്രം മനുഷ്യകുലത്തിന്റെ ആരംഭംമുതലേ തുടങ്ങിയതാണ്. നല്ല പിതാവിന്റെ കാത്തിരിപ്പിന്റെ നൊമ്പരം ഇതാ പ്രവാചകവചനങ്ങളിൽ ”എന്റെ മക്കളുടെ കൂടെ നിന്നെ പാർപ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റം ചേതോഹരമായ അവകാശം നിനക്ക് നല്കാനും ഞാൻ എത്രയേറെ ആഗ്രഹിച്ചു. എന്റെ പിതാവേ എന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു” (ജറെ. 3:19). ”അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ; ഞാൻ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം” (ജറെ. 3:22). എന്നാൽ പിതാവായ ദൈവത്തിന്റെ ഹൃദയംനൊന്തുള്ള കാത്തിരിപ്പിനെ അവഗണിച്ചുകൊണ്ട് ഒരു തെറ്റിൽനിന്ന് മറ്റൊന്നിലേക്ക്, ഒരു വഴിപ്പിഴവിൽനിന്ന് മറ്റൊരു പിഴവിലേക്ക് മത്സരിച്ചോടുന്ന മനുഷ്യമക്കളുടെ വഴിതെറ്റലിന്റെ ചരിത്രം ആദ്യകാലത്തെന്നതിനെക്കാൾ ഇക്കാലത്ത് ഏറ്റവും ഭീകരമായിത്തീർന്നിരിക്കുന്നു!
നൊമ്പരപ്പെട്ട പിതാവിന്റെ കണ്ണുനീരിൽ കുതിർന്ന വിലാപമിതാ… ”വീണവൻ എഴുന്നേല്ക്കുകയില്ലേ? വഴിതെറ്റിയവൻ മടങ്ങി വരാതിരിക്കുമോ? എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവർക്ക് ആസക്തി; തിരിച്ചുവരാൻ അവർക്ക് മനസില്ല. അവർ പറയുന്നത് ഞാൻ ശ്രദ്ധിച്ചുകേട്ടു. അവർ സത്യമല്ല പറഞ്ഞത്. ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്ക് പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്കുപോകുന്നു. ആകാശത്തിൽ പറക്കുന്ന ഞാറപ്പക്ഷിക്കുപോലും അതിന്റെ കാലമറിയാം. മാടപ്പിറാവും മീവൽപ്പക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു; എന്റെ ജനത്തിനാകട്ടെ കർത്താവിന്റെ കല്പന അറിഞ്ഞുകൂടാ” (ജറെ. 8:4-7).

കർത്താവിനെ വിട്ട്, അവിടുത്തെ കല്പനകൾ അവഗണിച്ച് വഴിതെറ്റി മാത്സര്യത്തോടെ ഓടുമ്പോഴും തെറ്റുകളിൽനിന്ന് തെറ്റുകളിലേക്ക് അപഥസഞ്ചാരം ചെയ്യുമ്പോഴും അവർ പറയുന്നു ഞങ്ങൾ നന്മയെ ആണ് തേടുന്നത്, കർത്താവിനെയാണ് ഞങ്ങൾ അന്വേഷിക്കുന്നത് എന്ന്. ഇങ്ങനെ പറയുകയും അധഃപതനത്തിൽനിന്ന് അധഃപതനത്തിലേക്ക് മൂക്കുകുത്തി വീണുകൊണ്ടിരിക്കുകയും ചെയ്യുന്ന ജനത്തോട് ഒത്തിരി സഹതാപത്തോടെ കർത്താവ് പറയുന്നു ”വഴിക്കവലകളിൽ നിന്ന് ശ്രദ്ധിച്ചു നോക്കുക. പഴയ പാതകൾ അന്വേഷിക്കുക. നേരായ മാർഗം തേടി അതിൽ സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ വിശ്രാന്തിയടയും” (ജറെ. 6:16).

ഞാനിങ്ങനെയൊക്കെ ആകണമെന്നത് ദൈവവിധിയാണ്. ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ. ഞാനീ അനർത്ഥങ്ങളിലൂടെ കടന്നുപോകണമെന്നത് ദൈവനിശ്ചയമാണ് എന്ന് സ്വന്തം തെറ്റുകൾ മൂലം വിളിച്ചുവരുത്തിയ അനർത്ഥങ്ങളെക്കുറിച്ച് ന്യായീകരിക്കുന്നവരുണ്ട്. എന്നാൽ, ഇത്തരത്തിൽ സംസാരിക്കുന്നവർക്ക് കർത്താവിന്റെ വചനം നല്കുന്ന മറുപടി ഇതാണ്: ”എന്റെ വീഴ്ചക്ക് കാരണം കർത്താവാണെന്ന് പറയരുത്; എന്തെന്നാൽ, താൻ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല. അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്ന് പറയരുത്. അവിടുത്തേക്ക് പാപിയെ ആവശ്യമില്ല” (പ്രഭാ. 15:11-12).

മ്ലേച്ഛതകളോടുകൂടിയുള്ള തിരിച്ചുവരവ്

ചിലരെ സംബന്ധിച്ചിടത്തോളം തെറ്റ് തെറ്റാണെന്ന് അവർക്കറിയാം. തന്റെ തെറ്റുകളാണ് തന്റെ വീഴ്ചയ്ക്ക് കാരണമെന്നും അവർക്കറിയാം. തിരികെ ദൈവസന്നിധിയിലേക്ക് വരണമെന്ന് അവർക്ക് ആഗ്രഹവുമുണ്ട്. പക്ഷേ, താൻ ഏറെ സ്‌നേഹിക്കുന്ന അല്ലെങ്കിൽ താൻ മുഴുകിയിരിക്കുന്ന മ്ലേച്ഛതകൾ ഉപേക്ഷിക്കാതെ അവയോടുകൂടെ ദൈവത്തിങ്കലേക്ക് തിരികെ വരാൻ അവർ ആഗ്രഹിക്കുന്നു. ഇത് അസാധ്യമായ ഒരു സംഗതിയാണ്. ഇത്തരത്തിൽ ഉള്ളവരോട് കർത്താവ് ഇപ്രകാരം പറയുന്നു: ”ഇസ്രായേലേ, നീ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ അടുത്തേക്ക് വരിക. എന്റെ സന്നിധിയിൽനിന്നും മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കർത്താവിന്റെ നാമത്തിൽ പരമാർത്ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താൽ ജനതകൾ പരസ്പരം അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കും. കർത്താവിലായിരിക്കും അവരുടെ മഹത്വം” (ജറെ. 4:1-2).
എനിക്കൊരു യുവാവിനെ അറിയാം. സകലവിധ മ്ലേച്ഛതകളിലും മുഴുകി തന്റെയും താനുമായി ബന്ധപ്പെട്ടവരുടെയും ജീവിതം താറുമാറാക്കിക്കൊണ്ടിരുന്നവൻ. അവന്റെ ഭാര്യയുടെ കണ്ണുനീരും പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്തപ്രവർത്തികളും മൂലം അവൻ കർത്താവിലേക്ക് തിരികെവന്നു. നവീകരണധ്യാനം കഴിഞ്ഞ് തിരികെ വന്ന അവൻ ആദ്യമായി ചെയ്തത് താൻ അവിഹിതബന്ധങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കുംവേണ്ടി ഉപയോഗിച്ചിരുന്ന മൊബൈൽ സിമ്മുകൾ കത്തിച്ചുകളയുകയാണ്. പിന്നീടവൻ രമ്യതപ്പെടേണ്ട സകലരോടും മാപ്പു ചോദിച്ച് രമ്യതയിലായി. മ്ലേച്ഛതകളെ വിട്ടകന്ന അവന്റെ ജീവിതം അരൂപിയുടെ പുത്തൻ അഭിഷേകത്താൽ ദൈവോന്മുഖമായിത്തീർന്നു.

എന്നാൽ മറ്റൊരു കുടുംബനാഥന്റെ സ്ഥിതി മറിച്ചായിരുന്നു. ഇനിയൊരിക്കലും മദ്യപിക്കുകയില്ല എന്ന തീരുമാനത്തോടെയാണ് അയാൾ ധ്യാനമന്ദിരം വിട്ടിറങ്ങിയത്. വീട്ടിൽവന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കണ്ടപ്പോൾ അയാളുടെ മനസിൽ മറ്റൊരു ഐഡിയ പൊന്തിവന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന വിദേശമദ്യത്തിന്റെ കുപ്പികൾ വളരെ വിലപിടിപ്പുള്ളതാകയാൽ അതു വെറുതെ കളയേണ്ടാ, മറിച്ച് അതുകൊണ്ട് അവസാനമായി തന്റെ സ്‌നേഹിതരുമൊത്ത് ഒരൊറ്റ കുടികൂടി കുടിച്ചിട്ട് കുടി അവസാനിപ്പിക്കാം എന്നയാൾ കരുതി. പക്ഷേ, ഒറ്റക്കുടിയിൽ അയാളുടെ കുടി അവസാനിച്ചില്ല, മറിച്ച് മരിക്കുന്നിടംവരെ മുഴുക്കുടിയനായി അയാൾ മാറുകയാണുണ്ടായത്. ഇതാണ് മ്ലേച്ഛതകളും പാപസാഹചര്യങ്ങളും ഉപേക്ഷിക്കാതെ കർത്താവിലേക്ക് തിരികെ വന്നാൽ സംഭവിക്കുന്ന വിപത്ത്. പാപസാഹചര്യങ്ങളെ ഉപേക്ഷിക്കാതെ നല്ല ജീവിതം നയിക്കുവാൻ ഒരുമ്പെടുന്നവരെക്കുറിച്ച് ദൈവവചനം ഇപ്രകാരം പറയുന്നു: ”പാമ്പാട്ടിയെ പാമ്പു കടിച്ചാൽ ആർക്ക് സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാൽ ആർക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളിൽ മുഴുകുകയും ചെയ്യുന്നവനോട് ആർക്കും സഹതാപം തോന്നുകയില്ല” (പ്രഭാ. 12:13-14).

ആ ദിവസം ഇന്നുതന്നെ ആകട്ടെ

കർത്താവിലേക്ക് തിരികെ വരിക എന്നത് അനിവാര്യതയായി കണ്ടിട്ടും അത് നാളെ നാളെ എന്ന് നീട്ടിവയ്ക്കുന്നത് വിഡ്ഢിത്തമാണ്. കാരണം ഒരു ദിവസംകൊണ്ട് മരണം നമ്മുടെ ജീവൻ കവരുമോയെന്ന് നമുക്കറിയില്ല. ഇതാ തിരുവചനം നമുക്ക് മുന്നറിയിപ്പ് തരുന്നു. ”കർത്താവിങ്കലേക്കു തിരിയാൻ വൈകരുത്: നാളെ നാളെ എന്ന് നീട്ടിവയ്ക്കുകയുമരുത്. അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയിൽ നീ നശിക്കുകയും ചെയ്യും” (പ്രഭാ. 5:7). ഇന്നുതന്നെ കർത്താവിങ്കലേക്ക് തിരിയണമെന്ന് പ്രവാചകവചനങ്ങൾ വീണ്ടും നമുക്ക് മുന്നറിയിപ്പ് തരുന്നു. ”കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ; അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ മാർഗവും അധർമി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്ക് തിരിയട്ടെ” (ഏശ. 55:6-7).

പാപത്തിന്റെ രുചി

പാപം പാപമാണെന്നറിഞ്ഞിട്ടും അതിൽനിന്ന് പിന്തിരിയാതെ അതിൽത്തന്നെ തുടരുന്ന അനേകരുണ്ട്. അതിന്റെ പ്രധാന കാരണം അവർക്ക് തങ്ങൾ ചെയ്യുന്ന പാപത്തിന്റെ രുചി പിടിച്ചുപോയി എന്നുള്ളതാണ്. ഓരോ പാപത്തിനും അതിന്റേതായ രുചിയും ലഹരിയുമുണ്ട്. അതുവിട്ട് പുറത്തിറങ്ങാൻ മനുഷ്യൻ മടിക്കുന്നു. ഫലമോ നിത്യമായ മരണവും. വചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.’ പാപത്തിന്റെ രുചിപിടിച്ച പാപി തെറ്റ് തെറ്റാണെന്നോ അതിൽനിന്ന് പിന്മാറേണ്ടത് അനിവാര്യതയാണെന്നോ തിരിച്ചറിയാത്തവനല്ല. പിന്നെയോ അത് തിരിച്ചറിഞ്ഞിട്ടും ശരിയെക്കാൾ അധികമായി തെറ്റിനെ സ്‌നേഹിക്കുന്നവനാണ്. അവൻ ശിക്ഷാവിധിക്ക് വിധേയനാകും. ”ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം അവരുടെ പ്രവൃത്തികൾ തിന്മ നിറഞ്ഞതായിരുന്നു” (യോഹ. 3:19).

അജ്ഞത മൂലമുള്ള പാപം

പാപം തന്നെ പലവിധമുണ്ട്. അതിലൊന്ന് അജ്ഞതമൂലമുള്ള പാപമാണ്. അതുകൊണ്ടാണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: ”അറിയാതെ പറ്റുന്ന വീഴ്ചകളിൽനിന്നും എന്നെ ശുദ്ധീകരിക്കണമേ! ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽനിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ! അവ എന്നിൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ” (സങ്കീ. 19:12-13). വീണ്ടുമിതാ 139-ാം സങ്കീർത്തനത്തിൽ സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു ”ദൈവമേ എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്ന് നോക്കണമേ. ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ!” (സങ്കീ. 139:23-24). അറിവില്ലായ്മയുടെ തലത്തിൽ ചെയ്തുപോകുന്ന പാപങ്ങൾ ദൈവം ക്ഷമിക്കും. നാമതിനുവേണ്ടി പ്രാർത്ഥിച്ചാൽ മതി. എന്നാൽ നമ്മുടെ തെറ്റുകളെക്കുറിച്ചും പാപാവസ്ഥകളെക്കുറിച്ചുമുള്ള ബോധ്യം ദൈവം നമുക്ക് തന്നിട്ടും നാം അതെക്കുറിച്ച് പശ്ചാത്തപിക്കുകയോ ദൈവസന്നിധിയിലേക്ക് തിരിച്ചുവരികയോ ചെയ്യാതിരുന്നാൽ അത് ഗൗരവമേറിയ പാപമാണ്. ”അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് ദൈവം ആജ്ഞാപിക്കുന്നു” (അപ്പ.പ്രവ. 17:30).

ഏറ്റുപറച്ചിലിലൂടെയുള്ള വിടുതൽ

പാപങ്ങൾ ക്ഷമിക്കുവാൻ അവ ഏറ്റുപറയണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ”നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹ. 1:9). ഏറ്റുപറയാത്ത പാപങ്ങൾ നമ്മെ വേട്ടയാടാൻ കാത്തിരിക്കും. ‘നിന്റെ പാപം നിന്നെ വേട്ടയാടും എന്ന് അറിഞ്ഞുകൊള്ളുക.’ ”ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. രാവുംപകലും അങ്ങയുടെ കരം എന്റെമേൽ പതിച്ചിരുന്നു; വേനല്ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോട് ഞാൻ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ ഏറ്റുപറയും എന്ന് ഞാൻ പറഞ്ഞു; അപ്പോൾ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു” (സങ്കീ. 32:3-5).

ഒരുപാട് കാരുണ്യത്തോടെ തെറ്റ് ഏറ്റുപറഞ്ഞ് പാപപ്പൊറുതി നേടാൻ ഇസ്രായേൽ മക്കളെ പ്രോത്സാഹിപ്പിക്കുന്ന, ഉത്തേജിപ്പിക്കുന്ന കർത്താവിനെ തിരുവചനങ്ങളിലുടനീളം നമുക്ക് കണ്ടെത്തുവാൻ കഴിയും. ”അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരുക. ഞാൻ നിന്നോടു കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി- കർത്താവ് അരുളിച്ചെയ്യുന്നു” (ജറെ. 3:12-13).

പരിശുദ്ധാത്മാവായ ദൈവമേ, ഉത്തമമായ ഒരു അനുതാപം ഞങ്ങൾക്ക് നല്കണമേ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അപ്പോൾ നമ്മുടെ ജീവിതയാത്രയിൽ നാം വലിയ പുണ്യങ്ങൾ എന്ന് കരുതി നിഗളിച്ചിരുന്ന പലതും പുണ്യങ്ങളായിരുന്നില്ല എന്നും അവയിൽ പലതും പാപങ്ങളായിരുന്നെന്നും നമുക്ക് മനസിലാകും. ഇതുവരെ നാം തെറ്റായി കരുതി അനുതപിക്കാത്ത ഒത്തിരിയൊത്തിരി കാര്യങ്ങൾ പാപബോധമേകുന്ന പരിശുദ്ധാത്മാവ് നമ്മെ കാണിച്ചുതരും. മാത്രമല്ല നമുക്ക് കൂടെക്കൂടെ ദൈവവചനം വായിക്കുന്നവരായി തീരാം. കാരണം പരിശുദ്ധാത്മാവ് നമ്മെ തിരുത്തുന്നതും പശ്ചാത്താപത്തിലേക്ക് നയിക്കുന്നതും തിരുവചനങ്ങളിലൂടെയാണല്ലോ.

”കരയാൻ എനിക്കൊരു കരളേകു നാഥാ
കറയെല്ലാം നീങ്ങീടുവാൻ
വരമേകൂ നാഥാ കൃപയേകൂ നാഥാ
അനുതാപപൂരിതൻ (പൂരിത) ആകാൻ”

എന്ന ഗാനത്തിന്റെ വരികൾ നമുക്ക് കൂടെക്കൂടെ പാടി പ്രാർത്ഥിക്കാം. പാപങ്ങളെയോർത്ത് അനുതപിക്കാൻ നുറുങ്ങുന്ന ഒരു കരളും അവിടുത്തെ കല്പനകൾ പാലിക്കാൻ മാംസളമായ ഒരു ഹൃദയവും അവിടുന്ന് നമുക്ക് നല്കും.

4 Comments

  1. Elsamma James says:

    Good article!

  2. Jolly says:

    God Bless You Very good Article

  3. Nimmy says:

    Thank You for this article…..

Leave a Reply

Your email address will not be published. Required fields are marked *