ദാനം ലഭിച്ച ഗോതമ്പുമണികളിൽ…

ആശ്രമാംഗങ്ങൾക്കുവേണ്ടി ഭിക്ഷയാചിക്കുകയായിരുന്നു ആ കപ്പൂച്ചിൻ വൈദികന്റെ ഉത്തരവാദിത്വം. അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നതിനാൽ എല്ലാവരും വളരെ ഉദാരമായി ധർമ്മം നല്കിയിരുന്നു. എല്ലാ വീടുകളിൽനിന്നും ധർമ്മം സ്വീകരിച്ചിരുന്ന അദ്ദേഹം ആ നാട്ടിലെ ഒരു ധനികന്റെ വീട്ടിൽനിന്നു മാത്രം ഒന്നും സ്വീകരിക്കാറില്ല.

തന്റെ വീട്ടിൽ ധർമ്മം ചോദിക്കാൻ വരാത്തതിനെ കുറിച്ച് പരാതിയുമായി ആ ധനികൻ ആശ്രമാധികാരികളുടെ അടുത്ത് ചെന്നു. അതുകേട്ട അധികാരികൾ വൈദികനോട് അവിടെയും ഭിക്ഷാടനത്തിനായി പോകാൻ ആവശ്യപ്പെട്ടു.
അധികാരികളുടെ നിർദ്ദേശം അതേപടി അനുസരിച്ച അദ്ദേഹം അന്നുതന്നെ ആ ധനികന്റെ വീട്ടിൽ ചെന്നു. തന്റെ സമ്പത്ത് കാണിക്കാൻ വേണ്ടി ആ ധനികൻ ഒരു വലിയ ചാക്ക് നിറയെ ഗോതമ്പ് ദാനമായി നൽകി.

ആശ്രമത്തിലെത്തിച്ച ആ ഗോതമ്പുചാക്ക് തുറന്നപ്പോൾ അധികാരികൾ ഞെട്ടിപ്പോയി. കാരണം ആ ഗോതമ്പുമണികൾമുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. അപ്പോൾ ഭിക്ഷാടകനായ വൈദികൻ പറഞ്ഞു, ”മറ്റുള്ളവരെ വഞ്ചിച്ചുണ്ടാക്കിയ പണത്തിൽനിന്ന് ദാനം നൽകിയാലും അതിലെ രക്തക്കറ മാഞ്ഞുപോകില്ല.”
ഭിക്ഷാടകനായിരുന്ന ആ വൈദികനാണ് പിന്നീട് വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി എന്നറിയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *