ഒരിക്കലും മറക്കാനാവില്ല, ആ പുഞ്ചിരി!

ഞായറാഴ്ച പട്ടണത്തിൽ പോയതായിരുന്നു അദ്ദേഹം. വഴിയിൽവച്ച് ഒരു പാവം അമ്മൂമ്മ ഭിക്ഷ ചോദിച്ച് സമീപിച്ചു. കൈയിൽ ചെറിയ തുകകളുടെ നോട്ടുകളൊന്നും ഉണ്ടായിരുന്നുമില്ല. അതിനാൽ കൈയിലിരുന്ന നൂറുരൂപ നോട്ടുതന്നെ സന്തോഷത്തോടെ എടുത്തുകൊടുത്തു.

”എപ്പോഴെങ്കിലും നിങ്ങൾ അൻപതോ നൂറോ രൂപ ഭിക്ഷയായി കൊടുത്തിട്ടുണ്ടോ? എങ്കിൽ ഇനി അങ്ങനെ കൊടുത്തു നോക്കണം. എന്നിട്ട് ഭിക്ഷ ചോദിച്ചുവന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നോക്കണം. അപ്പോൾ അവിടെ നിന്നു വിരിഞ്ഞ് ചുണ്ടുകളിലേക്ക് പടരുന്ന ഒരു പുഞ്ചിരി കാണാം. അത് നിങ്ങൾക്ക് ലഭിക്കുന്ന വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമായിരിക്കും”ധ്യാനഗുരുവിന്റെ വാക്കുകൾ കാതുകളിൽ മാറ്റൊലിക്കൊള്ളുന്നതുപോലെ തോന്നി.

ശരിതന്നെ. നൂറുരൂപാനോട്ട് കൈയിൽ കിട്ടിയപ്പോൾ അവിശ്വസനീയതയോടെ അമ്മൂമ്മ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് കൈകൾ കൂപ്പി, നന്ദിയും അനുഗ്രഹവുമെല്ലാം ആ കൂപ്പുകൈകളിൽനിന്ന് അദ്ദേഹത്തിന്റെമേൽ തൂവിക്കൊണ്ടിരുന്നു. അവരുടെ ആ നിറകൺപുഞ്ചിരി അദ്ദേഹം ഒരിക്കലും മറന്നില്ല.
”ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും”
(സുഭാഷിതങ്ങൾ 19:17)

Leave a Reply

Your email address will not be published. Required fields are marked *