മേരി അത്ഭുതങ്ങളുടെ താക്കോൽ

ദൈവം കഴിഞ്ഞാൽ സ്വർഗത്തിലും ഭൂമിയിലും ഏറ്റവും അധികം ആദരിക്കപ്പെടുന്ന പരിശുദ്ധ അമ്മയ്ക്ക് രക്ഷാകര പദ്ധതിയിലും മനുഷ്യജീവിതത്തിലും അനിഷേധ്യമായ ഒരു സ്ഥാനമാണ് ഉള്ളത്. ദൈവപുത്രൻ തന്റെ രക്ഷയ്ക്ക് എത്ര വലിയ ആദരവാണ് നല്കുന്നതെന്ന് ആ സംഭവം നമ്മെ പഠിപ്പിക്കുകയും കാലാകാലങ്ങളിൽ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകത്തിലുള്ള ശ്രദ്ധേയമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച ചില ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

കാനായിലെ വീട് ഗോതമ്പുവയലുകളുടെ ഇടയിൽ നിൽക്കുന്ന ഒരു സാധാരണ വീടാണെന്നും അതിന് രണ്ട് നിലകളുണ്ടെന്നും നാം വായിക്കുന്നു. മുകളിലത്തെ മുറി സാധാരണഗതിയിൽ സാധനങ്ങൾ സൂക്ഷിക്കാനും വിശേഷാവസരങ്ങളിൽ ചടങ്ങുകൾ നടത്തുവാനും ഉപയോഗിക്കുന്നു. വിവാഹവിരുന്ന് നടക്കുന്നത് മുകളിലത്തെ വിശാലമായ മുറിയിലാണ്. ആ കുടുംബത്തിലെ സൂസന്ന എന്ന പെൺകുട്ടിയാണ് വിവാഹിതയാകുന്നത്.

പരിശുദ്ധ അമ്മയുടെ അടുത്ത ബന്ധത്തിൽപ്പെട്ട ഒരു കുടുംബമാണ് അത്. അതിനാൽ അവിടെ ഒരു വിരുന്നുകാരിയായിട്ടല്ല പ്രത്യുത വീട്ടുകാരിയായിട്ടാണ് മാതാവ് കടന്നുവരുന്നത്. കല്യാണദിവസം അമ്മ വളരെ നേരത്തേ എത്തുകയും സാധനങ്ങൾ എടുത്തു വയ്ക്കാനും കാര്യങ്ങൾ ക്രമീകരിക്കാനും സഹായിക്കുകയും ചെയ്യുന്നു. അമ്മയെ ബഹുമാനിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ അമ്മ ഒരു വിരുന്നുകാരിയല്ല, വീട്ടുകാരി തന്നെയാണ്. എല്ലാ കാര്യങ്ങളിലും അമ്മയുടെ കണ്ണുണ്ടാകും. വിശേഷാവസരങ്ങളിൽ അമ്മയുടെ സാന്നിധ്യം വളരെ പ്രത്യേകമായിട്ടുമുണ്ടാകും.

ഈ കല്യാണവിരുന്നിന് ഈശോയ ക്ഷണിച്ചത് പരിശുദ്ധ അമ്മയാണ്. ബന്ധുവായ യൂദാതദേവൂസിനെ അയച്ചാണ് ഈശോയോട് വരുവാൻ പറയുന്നത്. ആ ക്ഷണം ഈശോ ഉടനെ സ്വീകരിക്കുന്നു. പരസ്യജീവിതം ആരംഭിച്ചു. തിരക്കുകൾ ഉണ്ട്. പക്ഷേ അമ്മ വിളിച്ചാൽ ഈശോയ്ക്ക് പോകാതിരിക്കാൻ കഴിയുകയില്ല. കാരണം ഈശോ പറയുന്നുണ്ട്: ‘അമ്മയുടെ ആഗ്രഹം എനിക്ക് ആജ്ഞയാണ്. പ്രിയപ്പെട്ടവരേ, നമ്മുടെ ഭവനത്തിൽ മാതാവുണ്ടെങ്കിൽ മാതാവ് നിശ്ചയമായും ഈശോയോട് വരുവാൻ പറയും. അമ്മയും അമ്മയുടെ സർവ്വശക്തനായ മകനുമുള്ളപ്പോൾ പിന്നെ എന്തിനെ, ആരെ ഭയപ്പെടണം?

ഈശോ വിരുന്നിന് പോകുന്നത് രണ്ട് ശിഷ്യന്മാരുമൊത്താണ്. അതിലൊരാൾ തീർച്ചയായും ബന്ധുവായ യൂദാതദേവൂസാണ്. മറ്റേയാൾ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാം. അത് യോഹന്നാനാണ്. കാരണം കാനായിലെ അത്ഭുതം വിവരിക്കുന്നത് അദ്ദേഹം മാത്രമാണ്. താൻ നേരിട്ടു കണ്ട കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ, തന്റെ ലേഖനത്തിൽ തന്നെ. ഈശോയുടെ ശിഷ്യന്മാരെല്ലാവരും ഒരുമിച്ചു ചെന്നതുകൊണ്ടാണ് വീഞ്ഞ് തീർന്ന് പോയത് എന്നും പറയുന്നത് അതിശയോക്തിയാണ് എന്ന് മനസിലാക്കാമല്ലോ.

കുറവുകളുണ്ടാകുമ്പോൾ

എന്തായാലും വീഞ്ഞ് തീർന്നു പോയി എന്നത് ശരി തന്നെ. മാതാവ് വീട്ടിലുള്ളപ്പോഴും കുറവുകൾ ഉണ്ടാകാം. മനുഷ്യജീവിതത്തിൽ സുഖദുഃഖങ്ങളുണ്ട്. പക്ഷേ അമ്മയുടെ സാന്നിധ്യമുണ്ടെങ്കിൽ ദുഃഖാനുഭവങ്ങൾ മധുരതരമായ അനുഭവങ്ങളായി മാറും. ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുവാനുള്ള അവസരങ്ങളായി രൂപാന്തരപ്പെടും. അതാണ് വ്യത്യാസം. അതാണ് നമ്മുടെ ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നത്.

വീഞ്ഞ് തീർന്നുപോയ കാര്യം ആരും മാതാവിനോട് വന്ന് പറയുന്നതല്ല. അത് മാതാവ് തന്നെ കണ്ടെത്തിയ കാര്യമാണ്. എത്രയോ ആശ്വാസകരമായ ഒരു കാര്യമാണിത്. നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മ അറിയുന്നു. നമ്മുടെ ആവശ്യങ്ങൾ അമ്മ മനസിലാക്കുന്നു. നമ്മുടെ ഉള്ളിൽ സൂക്ഷിക്കുന്ന സ്വകാര്യ നൊമ്പരങ്ങൾ പോലും അമ്മ അറിയും. അതെല്ലാം അന്ന് എന്നതുപോലെ ഇന്നും ഈശോയുടെ കരങ്ങളിലേക്കു കൊടുക്കുന്നുണ്ട്. അമ്മ ഈശോയോട് പറഞ്ഞു. ‘മകനേ അവരുടെ വീഞ്ഞ് തീർന്നു പോയി’ ഇന്നും നിങ്ങളുടെ കുടുംബത്തെ നോക്കി, കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കണ്ടുകൊണ്ട് അമ്മ തീർച്ചയായും പറയുന്നുണ്ട്: ‘മകനേ അവർക്ക് വീഞ്ഞില്ല’ ഈശോയ്ക്ക് ഒരിക്കലും നിഷേധിക്കാൻ സാധിക്കാത്ത് ഒരു ശുപാർശയാണിത്. അതിനാൽ മറുപടി ഉടൻതന്നെ ഉണ്ടാകും.

ഈശോയുടെ പ്രത്യുത്തരം വളരെയധികം ചിന്തക്ക്/ ദുർവ്യാഖ്യാനങ്ങൾക്കും കാരണമായിട്ടുണ്ട്. ഈശോ ഇപ്രകാരം പറഞ്ഞതായിട്ടാണ് സുവിശേഷത്തിൽ നാം വായിക്കുന്നത്: ‘സ്ത്രീയേ, എനിക്കും നിനക്കും എന്ത്? ഈ വാക്യം ഈശോയും മാതാവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് കാണിക്കാൻ ചിലർ ഉപയോഗിക്കുന്നു എന്നത് വളരെ വിചിത്രമാണ്.
എന്നാൽ ഈ വെളിപാടിൽ ഈശോ നല്കുന്ന വ്യാഖ്യാനം എല്ലാ തെറ്റിദ്ധാരണകളെയും മാറ്റുവാൻ പോന്നതാണ്. ഈശോ പറഞ്ഞത് സ്ത്രീയേ, ഇനി നിനക്കും എനിക്കും എന്ത്? എന്നാണ്. ഇനിയും എന്ന വളരെ പ്രസക്തമായ വാക്ക് പല തർജ്ജിമകളിലും കാണുന്നില്ല എന്ന് ഈശോ വെളിപ്പെടുത്തുന്നു. ഈശോ നസ്രത്തിലെ ഭവനത്തിൽ നിന്ന് അമ്മയോട് വിടവാങ്ങിയശേഷമാണ് ഈ സംഭവം നടക്കുന്നത്.

ഇപ്പോൾ ഈശോ പിതാവിന്റെ കല്പന മാത്രം അനുസരിക്കുവാൻ കടപ്പെട്ടവനാണ്. അതിന് മുമ്പും അമ്മയുടെ അനുസരണമുള്ള പുത്രനായിരുന്നു. ഒരു അത്ഭുതം ചെയ്തുകൊണ്ട് താൻ ദൈവപുത്രനാണെന്ന് ലോകത്തിന് വെളിപ്പെടുത്തി, തന്റെ പരസ്യജീവിതം ആരംഭിക്കുവാൻ നിശ്ചയിച്ച സമയം ആയിട്ടില്ല എന്നാണ് ഈശോ ഉദ്ദേശിക്കുന്നത്. അല്ലാതെ, സ്ത്രീയേ, നീ എന്നെ പ്രസവിച്ചതോടെ എല്ലാ ബന്ധവും കഴിഞ്ഞു. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല എന്നല്ല നിശ്ചയമായും ഈശോ ഉദ്ദേശിച്ചത്. അനുഗ്രഹത്തിന്റെ ഉറവകൾ അടയ്ക്കുന്ന ഇത്തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തിയേ മതിയാവൂ.

ഈശോയെ അനുസരിക്കുക

മാതാവ് എപ്പോഴും ഈശോ പറയുന്നത് അനുസരിക്കാനാണ് നമ്മോട് പറയുന്നത്. ഇവിടെയും അങ്ങനെ തന്നെ. ‘അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ’ ദൈവത്തിന്റെ സന്ദേശങ്ങൾ ചോദ്യം ചെയ്യാതെ, അന്ധമായി അനുസരിക്കുന്ന ഇടങ്ങളിലാണ് അത്ഭുതങ്ങൾ സംഭവിക്കുന്നത്. ഭരണികളിൽ വെള്ളം നിറക്കുവാൻ പറഞ്ഞപ്പോൾ അവർ മടിച്ചില്ല, വക്കോളം നിറച്ചു. പൂർണ്ണമായ അനുസരണം. ഇനി പകർന്ന് കലവറക്കാരന്റെ അടുത്ത് കൊണ്ടുചെല്ലുവിൻ. അവർ അങ്ങനെ തന്നെ ചെയ്തു. മേൽത്തരം വീഞ്ഞാണ് അവിടെ പകരപ്പെട്ടത്. ബുദ്ധികൊണ്ട് വിശകലനം ചെയ്യാതെ, പൂർണ്ണമായും അനുസരിച്ചതുകൊണ്ടാണ് അത് സാധിച്ചത്. ആ വേലക്കാരുടെ സത്കൃത്യം ഇന്നും അനുസ്മരിക്കപ്പെടുന്നു.

അതേ, ദൈവത്തെപ്രതി നിങ്ങൾ ചെയ്യുന്ന ഒരു കാര്യവും വിസ്മരിക്കപ്പെടുകയില്ല. ദൈവം നിങ്ങളെ മറന്നുപോയി എന്ന് വിചാരിക്കരുത്. നിങ്ങൾ ചെയ്ത ഏറ്റവും ചെറിയ നന്മ പ്രവൃത്തിപോലും അവിടുന്ന് ഓർക്കുകയും തക്കസമയത്ത് അതിന് പ്രതിഫലം ഏകുകയും ചെയ്യും. ആ കുടുംബം മാത്രമല്ല അവിടുത്തെ കൽഭരണികൾപോലും അനുഗ്രഹിക്കപ്പെട്ടു. അതാണ് ദൈവത്തിന്റെ ഇടപെടലിന്റെ പ്രത്യേകത. അവിടുന്ന് നിന്റെ കുടുംബത്തെ സമ്പൂർണ്ണമായി അനുഗ്രഹിക്കും. ജീവിതപങ്കാളിയെ, മക്കളെ, വസ്തുവകകളെ, ആദായമാർഗങ്ങളെ എല്ലാം…

ഇവിടെ ഈശോ കൊടുക്കുന്ന വ്യാഖ്യാനവും ശ്രദ്ധേയമാണ്. മാതാവിന്റെ പ്രാർത്ഥനയുടെ ഫലമായി അനുഗ്രഹത്തിന്റെ സമയം ഞാൻ മുന്നോട്ട് കൊണ്ടുവരും ഈശോ പറയുന്നത്. ദൈവത്തിന് നിങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കുവാൻ, കുഞ്ഞുങ്ങളെ അനുഗ്രഹിക്കുവാൻ ഒരു തക്ക സമയമുണ്ട്. ആ തക്ക സമയത്തെക്കുറിച്ച് വിശുദ്ധ പത്രോസ് ശ്ലീഹാ തന്റെ ലേഖനത്തിൽ എഴുതിയത് ഓർക്കുക. ”ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും” (1 പത്രോ. 5:6).

എന്നാൽ ആ സമയത്തെ മുന്നോട്ടു കൊണ്ടുവരാൻ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയ്ക്കും സാധിക്കും. അത്രയ്ക്കും ശക്തമാണ് മാതാവിന്റെ മാധ്യസ്ഥ്യശക്തി. ഈശോ പറയുന്നു. ‘എല്ലാ അത്ഭുതങ്ങളുടെയും വാതിൽ തുറക്കുന്ന താക്കോലാണ് മേരി’. ദൈവം ആ താക്കോൽ നമ്മുടെ കരങ്ങളിൽ തന്നിട്ടും അത് ഉപയോഗിക്കാതിരിക്കുന്നതല്ലേ അറ്റവും വലിയ മണ്ടത്തരം. ആകയാൽ നമുക്ക് അമ്മയുടെ അടുത്തേക്ക് കൂടുതൽ സ്‌നേഹത്തോടെ കടന്നു വരാം. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത സങ്കേതം നമുക്ക് എന്നും ഒരു സുരക്ഷിതമായ അഭയകേന്ദ്രമാണ്. കാലം മാറ്റുരച്ച ആ വിശ്വാസത്തെ മുറുകെപിടിച്ചുകൊണ്ട് നമുക്ക് ജീവിതയാത്ര തുടരാം. ഇപ്പോൾ തന്നെ അമ്മയോട് പ്രാർത്ഥിക്കാം.

സ്വന്തം അമ്മയെ ഞങ്ങൾക്ക് അമ്മയായി നല്കിയ ഈശോയേ ഞങ്ങൾ അങ്ങയെ സ്‌നേഹിക്കുന്നു. നന്ദി പറയുന്നു. പരിശുദ്ധ അമ്മേ, അമ്മയുടെ സ്വന്തമായി എന്നെ സ്വീകരിക്കണമേ. എന്നെയും എനിക്കുള്ളവരെയും എനിക്കുള്ളതിനെയും അമ്മയുടേതാക്കി മാറ്റണമേ. എന്റെ എല്ലാ ആവശ്യങ്ങളും ഈശോയുടെ ശ്രദ്ധയിൽപ്പെടുത്തിയാലും. ഞാൻ എന്നും അമ്മയുടേതായിത്തീരട്ടെ. അമ്മയിലൂടെ വെളിപ്പെടുന്ന ദൈവസ്‌നേഹം ലോകത്തെ അറിയിക്കുവാൻ എനിക്കായി പ്രാർത്ഥിച്ചാലും. സ്വർഗത്തിലേക്കുള്ള വഴിയിൽ എന്നും എന്റെ തുണയും സങ്കേതവും ആയിരിക്കണമേ. ആമേൻ.

കെ.ജെ. മാത്യു

5 Comments

 1. Jolly mathew says:

  Good clarification and msg.

 2. ancy says:

  എന്‍റെ അമ്മേ എന്‍റെ ആശ്രയമേ എന്നും എന്റെ ആശ്രയമാകണേ

 3. DAISON A. P says:

  EXCELENT ARTICLE.

 4. princy says:

  My loving mother, I love you so much

 5. Juliyadennee Dennees says:

  Amme mathave ,Eppozhum Koode Undavaname.

Leave a Reply

Your email address will not be published. Required fields are marked *