‘മുകളിലുള്ളത്’ കണ്ടവരാണ് ഈ ദമ്പതികൾ!

 

വാഴ്ത്തപ്പെട്ട ക്വട്രോച്ചി ദമ്പതികൾ

2001 ഒക്‌ടോബർ 21 ഞായറാഴ്ച, ഇറ്റാലിയൻ സഹോദരങ്ങളായ ഫാ. താർസിസിയോ, ഫാ. പാവോലിനോ, എന്റിച്ചേത്ത എന്നിവർക്ക് അവിസ്മരണീയമായ ദിനമായിരുന്നു. അന്ന് വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ മൂവരുടെയും മാതാപിതാക്കളായ ലൂയിജി ബൾത്രാമെ ക്വട്രോച്ചിയെയും മരിയ കോർസിനിയെയും ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടവരായി ഒരുമിച്ച് പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ദമ്പതികളായി ക്വട്രോച്ചി ദമ്പതികൾ മാറി. ‘മേൽക്കൂരയുടെ മുകളിലുള്ള’ ജീവിതം ആസ്വദിക്കാനാണ് തങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നതെന്ന് പലപ്പോഴും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ ദമ്പതികൾ പറഞ്ഞിരുന്നു. കുടുംബജീവിതത്തിലെ സാധാരണ അനുഭവങ്ങൾ ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് വിശുദ്ധിയുടെ അസാധാരണ അനുഭവങ്ങളാക്കി മാറ്റിയ മാതാപിതാക്കളുടെ കഥയാണ് ക്വട്രോച്ചി കുടുംബത്തിലെ പിൻതലമുറയ്ക്ക് പറയാനുള്ളത്.

1880-ലാണ് ലൂയിജി ക്വട്രോച്ചിയുടെ ജനനം. മരിയ കോർസിനിയുമായുള്ള വിവാഹത്തോടെയാണ് ലൂയിജി വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവന്നത്. 1905-ൽ റോമിലെ സെന്റ് മേരീസ് മേജർ ബസിലിക്കയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 1909 ആയപ്പോഴേക്കും മൂന്ന് മക്കളെ നൽകി ദൈവം ഈ കുടുംബത്തെ അനുഗ്രഹിച്ചു. ആത്മീയതയിൽ വളരുന്നതിനായി തങ്ങളുടെ മാതാപിതാക്കൻമാർ മത്സരിച്ചിരുന്നതായി ട്രാപ്പിസ്റ്റ് സന്യാസിയും ക്വട്രോച്ചി ദമ്പതികളുടെ മൂന്നാമത്തെ മകനുമായ സിസാറെ ബൾത്രാമെ ക്വട്രോച്ചി ഓർമിക്കുന്നു. അനുദിനവിശുദ്ധ ബലിയിൽ ഒരുമിച്ച് പങ്കെടുക്കാൻ ആരംഭിച്ച ദമ്പതികൾ വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് പരസ്പരം ഗുഡ് മോണിംഗ് പറഞ്ഞിരുന്നത്. വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് തങ്ങളുടെ ദിവസം ആരംഭിക്കുന്നത് എന്ന് ഉറപ്പാക്കാനായിരുന്നു ലൂയിജി അപ്രകാരം ചെയ്തത്.

1913-ൽ മരിയ വീണ്ടും ഗർഭിണിയായി. കുഞ്ഞ് ജീവിക്കാൻ അഞ്ച് ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നും അതുകൊണ്ട് അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനായി ഗർഭഛിദ്രം നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തങ്ങളുടെ കുടുംബത്തെ തിരുക്കുടംബത്തിന് പ്രതിഷ്ഠിച്ചിരുന്ന ക്വട്രോച്ചി ദമ്പതികൾ ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചുകൊണ്ട് തങ്ങളെത്തന്നെ ദൈവഹിതത്തിന് പൂർണമായി വിട്ടുകൊടുത്തു. ഏതായാലും 1914-ൽ ജനിച്ച എന്റിച്ചേത്തയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന വാർത്ത കേട്ട ലൂയിജിയുടെ കണ്ണുകൾ സന്തോഷാധിക്യത്താൽ നിറഞ്ഞൊഴുകി.

രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും എത്തിയതോടെ ക്വട്രോച്ചി കുടുംബത്തിൽ എപ്പോഴും സന്തോഷത്തിന്റെ ആരവങ്ങളുയർന്നുകൊണ്ടിരുന്നു. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കാര്യങ്ങളെ സ്‌നേഹിക്കാനാണ് ഈ ദമ്പതികൾ കുട്ടികളെ പരിശീലിപ്പിച്ചത്. പത്താമത്തെ വയസിൽ ക്രിസ്ത്വാനുകരണം തനിക്ക് അമ്മ വായിക്കാൻ നൽകിയതായി രണ്ടാമത്തെ മകനായ സിസേറ ഓർമിക്കുന്നു. അതിൽ ആ അമ്മ ഇപ്രകാരം കുറിച്ചിരുന്നു -”ആവശ്യമെങ്കിൽ മരണം വരിച്ചും ക്രിസ്തുവിന് സാക്ഷ്യം നൽകണം.” ഒരിക്കൽ പോലും മാതാപിതാക്കൾ തങ്ങളുടെ മുമ്പിൽ വച്ച് വഴക്കുകൂടിയതായി ഇളയ മകളായ എന്റിച്ചേത്ത ഓർമിക്കുന്നില്ല. ക്വട്രോച്ചി ദമ്പതികളുടെ മാതൃകാപരമായ ജീവിതത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച കുട്ടികളിൽ ആദ്യത്തെ മൂന്ന് പേർ ദൈവവിളി സ്വീകരിച്ചു. മൂത്തയാൾ ഫാ. താർസിസിയോ എന്ന പേര് സ്വീകരിച്ച് ഇടവക വൈദികനായി. സിസാറെ ട്രാപ്പിസ്റ്റ് സന്യാസസഭയിൽ ചേർന്ന് ഫാ. പവോലിനോ എന്ന പേര് സ്വീകരിച്ചു. മൂന്നാമത്തെ ആളായ സ്റ്റെഫാനിയ ആകട്ടെ ബനഡിക്ടൻ മിണ്ടാമഠത്തിൽ ചേർന്ന് സിസ്റ്റർ മരിയ സെസിലിയ എന്ന പേര് സ്വീകരിച്ചു.

20 വർഷത്തെ കുടുംബജീവിതത്തിന് ശേഷം ആത്മീയ പിതാവിന്റെ ഉപദേശം സ്വീകരിച്ച് ദാമ്പത്യ ബന്ധത്തിൽ നിന്നകന്നു നിന്നുകൊണ്ട് പൂർണമായി ദൈവത്തിന് തങ്ങളെത്തന്നെ സമർപ്പിക്കാൻ ഈ ദമ്പതികൾ തീരുമാനമെടുത്തു. 1951 നവംബർ മാസത്തിൽ ലൂയിജി ഹൃദയാഘാതം മൂലം മരണടഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം 1965 ഓഗസ്റ്റ് 26-ന് എന്റിച്ചേത്തയുടെ കൈകളിൽ കിടുന്നുകൊണ്ട് മരിയയും ലൂയിജിയോടൊപ്പം ചേർന്നു.

നാസികൾ ഇറ്റലി ആക്രമിച്ച കാലഘട്ടത്തിൽപ്പോലും ശാന്തമായും സമാധാനപരമായും ജീവിച്ചുകൊണ്ട് നിരവധി യഹൂദ വംശജർക്ക് അഭയം നൽകിയ ഈ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു: ”സാധാരണ കുടുംബത്തിന്റെ സന്തോഷങ്ങളുടെയും ആകുലതകളുടെയും മധ്യത്തിൽ നിന്നുകൊണ്ട് അസാധാരണമായ ആത്മീയ ജീവിതം നയിക്കാനറിയാവുന്ന ദമ്പതികൾ.”


രഞ്ജിത് ലോറൻസ്‌

Leave a Reply

Your email address will not be published. Required fields are marked *