സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ലൂസിയ ഉറക്കെ പറഞ്ഞു, ആവേ…. ജസീന്തയും ഫ്രാൻസിസ്‌കോയും വേഗം അതോടു ചേർന്നു, മരിയാ…. മൂന്ന് കുട്ടികളുടെ സ്വരത്തിൽ ആവേ മരിയ എന്ന മരിയസ്തുതി അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നതുപോലെ…. സെക്കന്റുകളുടെ ദൈർഘ്യമേയുള്ളൂവെങ്കിലും മനോഹരമായ ഈ രംഗം നമ്മുടെ ഹൃദയത്തെ തൊടാതെ പോവില്ല.
ഫാത്തിമാ എന്ന ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലറിൽനിന്നുള്ള ഒരു രംഗത്തെക്കുറിച്ചാണ് പറയുന്നത്. ഏപ്രിൽ 20-ന് തിയറ്ററുകളിൽ എത്തുന്ന ഫാത്തിമാ 1917-ൽ പോർച്ചുഗലിലെ ഫാത്തിമായിൽ നടന്ന യഥാർത്ഥ മരിയൻ പ്രത്യക്ഷീകരണത്തെ അധികരിച്ചുള്ള ചിത്രമാണ്. പിക്ചർഹൗസിന്റെ ബാനറിൽ ഇറ്റാലിയൻ സംവിധായകനായ മാർക്കോ പൊന്റോകോർവോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫാത്തിമാദർശനം സ്വീകരിച്ച ജസീന്തയും ഫ്രാൻസിസ്‌കോയും മാതാവ് അവരോട് പറഞ്ഞിരുന്നതുപോലെ ചെറുപ്രായത്തിൽത്തന്നെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. 2017 മെയ് മാസത്തിൽ തിരുസഭ അവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്നവളായിരുന്ന ലൂസിയ പിന്നീട് സന്യാസിനിയായി. വാർധക്യത്തിലെത്തി മരിച്ച സിസ്റ്റർ ലൂസിയയിൽനിന്നാണ് ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ കൂടുതൽ വിശദീകരണങ്ങൾ പിന്നീട് ലഭിച്ചത്. അവരുടെ നാമകരണത്തിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇന്നും പ്രസക്തമായ ഫാത്തിമാസന്ദേശത്തിന് കാതുകൂർപ്പിക്കാൻ ഈ ചിത്രം സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.