ചാച്ചന്റെ മകനാകുന്നത് എത്ര സന്തോഷം!

 

”മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിനു മുൻപേ

ഞാൻ നിന്നെ അറിഞ്ഞു” (ജറെമിയാ 1:5)

കുറച്ചുനാളുകൾക്കുമുമ്പ്, ഒരു സിസ്റ്ററുമായി കുറച്ചുസമയം പ്രാർത്ഥിക്കാൻ ദൈവം അവസരമൊരുക്കി. അപ്പോൾ സിസ്റ്റർ ചോദിക്കുകയാണ്, ‘മോൻ യൗസേപ്പിതാവിന്റെ പുത്രനാണല്ലോ’ എന്ന്. എന്തുകൊണ്ടാണ് അങ്ങനെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നതെന്നും സിസ്റ്റർ എന്നോട് ആരാഞ്ഞു. പലതരത്തിലുള്ള ദൈവികസന്ദേശങ്ങൾ പലരിലൂടെയും ലഭിച്ചിട്ടുണ്ടെങ്കിലും ‘യൗസേപ്പ് പിതാവിന്റെ പുത്രൻ’ എന്ന സന്ദേശം ലഭിച്ചപ്പോൾ എനിക്കുണ്ടായ ആനന്ദം അവർണനീയമായിരുന്നു. ആ ആനന്ദത്തിൽ കൺനിറഞ്ഞ് ഞാനെന്റെ യൗസേപ്പിതാവുമായുള്ള വ്യക്തിപരമായ ബന്ധം പങ്കുവച്ചു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈശോയ്ക്കും മാതാവിനോടുമൊപ്പം യൗസേപ്പ് താതനും എന്റെ ആത്മാവിൽ വിളങ്ങി പ്രശോഭിക്കുന്നു. ‘ചാച്ചൻ'(പിതാവ്) എന്നല്ലാതെ ഞാൻ യൗസേപ്പിതാവിനെ വിളിക്കാറില്ല. എല്ലാ കാര്യങ്ങളിലും പ്രാർത്ഥിക്കുമ്പോൾ ഈശോയോടും മാതാവിനോടും യാചനകൾ പറയുന്നതിനൊപ്പം, ഞാനെന്റെ എല്ലാ കാര്യങ്ങളും ചാച്ചനോടും പറയാറുണ്ട്. എന്റെ കുടുംബത്തിലും യാത്രയിലും ജോലിമേഖലയിലുമെല്ലാം ചാച്ചൻ എപ്പോഴും ആത്മീയസാന്നിധ്യം നല്കണം, ഈ മേഖലകൾക്കായി ഈശോയോട് മാധ്യസ്ഥ്യം പ്രാർത്ഥിക്കണം എന്നും ഞാൻ നിർബന്ധം പിടിക്കാറുണ്ട്. വീടുവിട്ട് ഞാൻ എവിടെ ഇറങ്ങിയാലും ജീവിതപങ്കാളിയുടെയോ കുഞ്ഞുങ്ങളുടെയോ കാര്യങ്ങളോർത്ത് ഞാൻ ആകുലപ്പെടാറില്ല. ഞാൻ നോക്കുന്നതിലും നന്നായി അവരെ നോക്കാൻ തിരുക്കുടുംബനായകൻ വീട്ടിലുണ്ടാകും എന്നെനിക്കുറപ്പുണ്ട്. ഈശോ കഴിഞ്ഞാൽ, മാതാവ് കഴിഞ്ഞാൽ, യൗസേപ്പിതാവാണ് എനിക്കെല്ലാം. ആ എന്നോട് യൗസേപ്പിതാവിന്റെ പുത്രനാണല്ലോ എന്ന് സ്വർഗം വെളിപ്പെടുത്തിത്തന്നപ്പോൾ എന്റെ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഗബ്രിയേലിലൂടെയുള്ള മംഗളവാർത്തയുടെ ദൈവവചനത്തിന് മറിയം വിധേയപ്പെട്ടെങ്കിൽ, ആ വചനത്തെ മറിയം ഗർഭം ധരിച്ചെങ്കിൽ വളർന്നുവന്ന ദൈവവചനം – ഈശോ – (വെളിപാട് 19:13) ജോസഫിന് വിധേയപ്പെട്ട് ജീവിച്ചു. ഈശോ, ജോസഫിനെ അനുസരിച്ചു. മക്കൾ പിതാവിന് നല്‌കേണ്ട എല്ലാ ആദരവും ബഹുമാനവും നല്കി.
യൗസേപ്പ് ശിശുവിനെ ‘യേശു’ എന്ന് നാമകരണം ചെയ്തു. രക്ഷയ്ക്കുള്ള ഏകനാമമാണിത് (അപ്പസ്‌തോല പ്രവർത്തനങ്ങൾ 4:12). ഈ നാമം ആദ്യമായി ജോസഫ് പ്രഖ്യാപിച്ചതോടുകൂടി ‘യേശു’ എന്ന സുവിശേഷത്തിന്റെ ആദ്യപ്രഘോഷകനായി വിശുദ്ധ യൗസേപ്പ്. യേശുവിലൂടെ പിതാവായ ദൈവം പൂർത്തിയാക്കിയ പുതിയ നിയമ സുവിശേഷത്തിന്റെയും സുവിശേഷപ്രഘോഷകരുടെയും പിതാവ് കൂടിയാണ് വിശുദ്ധ യൗസേപ്പ് പിതാവ്.

മറ്റേത് മനുഷ്യവ്യക്തിയോടും തുലനം ചെയ്യാനാവാത്തതാണ് പരിശുദ്ധ കന്യാമാതാവിന്റെ മഹത്വം എങ്കിലും വിവാഹ ബന്ധത്തിലൂടെ മറിയം യൗസേപ്പുമായി ഐക്യപ്പെട്ടിരുന്നതുകൊണ്ട്, എല്ലാ സൃഷ്ടികളെക്കാളും ഉയർന്നു നില്ക്കുന്ന ദൈവമാതാവിന്റെ മഹത്വത്തിൽ മറ്റൊരു മനുഷ്യവ്യക്തിക്കും കടന്നു ചെല്ലാനാവാത്തത്ര അടുപ്പം യൗസേപ്പിനുണ്ടായി. കന്യകയ്ക്ക് യൗസേപ്പിനെ നല്കിയ ദൈവം ഒരു സഹകാരിയെയോ ഒരു മൂകസാക്ഷിയെയോ ഒരു സംരക്ഷകനെയോ നല്കുകമാത്രമായിരുന്നില്ല. പിന്നെയോ വിവാഹത്തിലൂടെ അവളുടെ ഉന്നതമായ മഹത്വത്തിൽ പങ്കാളിത്തം നല്കുക കൂടിയായിരുന്നു. അത്തരത്തിൽ മറ്റേത് വിശുദ്ധരെക്കാൾ, സ്വർഗവാസികളെക്കാൾ, മരിയ ഭക്തരെക്കാൾ, മറിയത്തിന്റെ സ്വർഗീയ സ്ഥാനത്തിലും മഹത്വത്തിലും പങ്കും അവകാശവുമുള്ളത് യൗസേപ്പിനാണ്.

ഉത്തമഗീതം 4:12-ൽ പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയെക്കുറിച്ച് ഇങ്ങനെ പാടുന്നു: ”അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്റെ സോദരി; എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്രവച്ച നീരുറവ.” അങ്ങനെയെങ്കിൽ, തന്റെ മണവാട്ടിയായ മറിയത്തെ മറ്റുള്ള മനുഷ്യവ്യക്തികളെക്കാൾ അൽപമെങ്കിലും കൂടുതലായി തുറന്ന് കൊടുത്തത് യൗസേപ്പിനാണ്. നോക്കൂ; ഈ ചാച്ചൻ ദൈവത്തിനും സ്വർഗത്തിനും നമ്മുടെയെല്ലാം അമ്മയായ ദൈവമാതാവിനും എത്ര പ്രിയപ്പെട്ടവനാണ്. സഭാചരിത്രത്തിലെ വളരെ ക്ലേശകരമായ ഒരു കാലത്ത് ഒമ്പതാം പിയൂസ് പാപ്പ വിശുദ്ധ യൗസേപ്പിന്റെ ശക്തമായ സംരക്ഷണത്തിന് സഭയെ സമർപ്പിക്കുകയും അദ്ദേഹത്തെ കത്തോലിക്ക സഭയുടെ രക്ഷാധികാരി എന്നു വിളിക്കുകയും ചെയ്തു. രക്ഷകന്റെ പാലകൻ (റിദംതോറിസ് കുസ്‌തോസ്) എന്നും സഭാപിതാക്കന്മാർ ജോസഫിനെ വിളിക്കുന്നു.

യൗസേപ്പ് പിതാവിലുണ്ടായിരുന്ന നീതിയും പരിശുദ്ധ മറിയത്തോട് കാണിച്ച കാരുണ്യവും നമുക്ക് നമ്മുടെ ജീവിതങ്ങളിൽ പകർത്താം. ആരെയും അപമാനിതരാക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. തന്റെ ഭാര്യയായ മറിയത്തിലൂടെയും യേശുവിലൂടെയും നിറവേറേണ്ട ദൈവിക-മഹാ പദ്ധതികൾക്ക് തന്റെ ജീവിതം നിശബ്ദമായി ബലിയർപ്പിച്ച യൗസേപ്പിനെപ്പോലെ, നമ്മെ ഏൽപിച്ച ദൗത്യത്തിനായി നമുക്കും ബലിജീവിതം അർപ്പിക്കാം. ‘എനിക്കും ഈശോയ്ക്കും ഒരേ അമ്മ’ എന്ന ഗാനം നമുക്ക് പരിചിതമാണല്ലോ. അതോടൊപ്പം നമുക്ക് പാടാം, ‘എനിക്കും ഈശോയ്ക്കും ഒരേ ചാച്ചൻ.’

മറിയവുമായുള്ള വിവാഹമാണ് യൗസേപ്പിന്റെ പിതൃത്വത്തിന്റെ നൈയാമിക അടിത്തറ. യൗസേപ്പിൽനിന്നല്ല ഈശോ പിറന്നതെങ്കിലും, ശിശുവിന് നാമകരണം നടത്തുവാൻ യൗസേപ്പിനോട് സ്വർഗം ആവശ്യപ്പെട്ടു. ആ നിമിഷം മുതൽ അവന് പിതാവിന്റെ അധികാരങ്ങളെല്ലാം ലഭിക്കുന്നു. അതിനാൽ മറിയം അവനെ ക്രിസ്തുവിന്റെ പിതാവ് എന്ന് വിളിച്ചു. യേശുവിനെപ്പോലെ നമുക്കും യൗസേപ്പിതാവിനെ സ്വീകരിക്കാം.


രഞ്ജു എസ്. വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *