ഇന്നത്തെ ‘ഗിച്ച്’ എന്താ?

 

”ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്

അവിടുന്ന് നിങ്ങളെ രക്ഷിക്കും” (ഏശയ്യാ 35:4)

”അമ്മേ, ഇന്ന് ആരുടെ സോളാ ഗിച്ച് കൊടുക്കണേ?” രാത്രി ഏഴ് മണിയോടെ ജപമാല ചൊല്ലാനിരിക്കുമ്പോൾ നാല് വയസ് തികഞ്ഞിട്ടില്ലാത്ത കാന്താരിയുടെ ചോദ്യം. ഈ ചോദ്യം ആദ്യം മനസിലുണർത്തുന്നത് വാത്സല്യം കലർന്ന ചിരിയാണ്. ഒന്നാമത്തെ കാരണം ‘ഉച്ചാരണശുദ്ധി!’ ഗിച്ച് എന്നാൽ ഗിഫ്റ്റ് എന്നാണ് ഉദ്ദേശിക്കുന്നത്, സോൾ എന്നാൽ ആത്മാവും. ഇന്ന് ആരുടെ ആത്മാവിനെയാണ് ഈശോയ്ക്ക് പ്രത്യേകസമ്മാനമായി സമർപ്പിക്കുന്നത് എന്നാണ് അവൾ ചോദിക്കുന്നത്.

പക്ഷേ ചോദ്യം തികച്ചും ഗൗരവതരമായതിനാൽ അരുത്, ചിരിക്കരുത്! ഉത്തരം ആലോചിക്കണം. ചിലപ്പോൾ ഉത്തരം പറയേണ്ടിവരില്ല, അവൾതന്നെ പറയും. ‘ഇന്ന് ശാരോണിന്റെ സോള് കൊടുക്കാം’, ‘ഇന്ന് മഞ്ജു വാരിയുടെ സോള് കൊടുക്കാം’ എന്നിങ്ങനെ… ശാരോൺ എന്ന് ഉദ്ദേശിക്കുന്നത് ഞങ്ങളുടെ ബന്ധുവായ ഷാരോൺ എന്ന ഒരു വയസുള്ള കുഞ്ഞിനെയാണ്. മഞ്ജു വാരി എന്നാൽ സാക്ഷാൽ സിനിമാതാരം മഞ്ജു വാര്യർ. ഇത്തരം വ്യത്യസ്തമായ ഗിഫ്റ്റുകൾ സ്വീകരിക്കുന്ന ഈശോ തീർച്ചയായും സന്തോഷിക്കുന്നുണ്ടാവും.
മഞ്ജു വാരിയുടെ സോൾ ഗിഫ്റ്റ് കൊടുക്കാമെന്നൊക്കെ പറയുന്നത് കേട്ട് ചിലപ്പോൾ അവളുടെ മൂന്നാം ക്ലാസുകാരൻ ചേട്ടനും ഒന്നാം ക്ലാസുകാരി ചേച്ചിയും ചിരിക്കും. അവരോട് ചിരിക്കണ്ടാ, എല്ലാവരും ഈശോയുടെ കുഞ്ഞുങ്ങളാണ്. അതിനാൽ അവരുടെ സോൾ ഗിഫ്റ്റ് കൊടുക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിവരും. മറ്റൊരു കാര്യം കൂടിയുണ്ട്. ഈശോയ്ക്കുള്ള ഗിഫ്‌റ്റൊക്കെ ഏർപ്പാടാക്കിയിട്ട് കുട്ടിക്കുറുമ്പി ചിലപ്പോൾ കളിക്കാൻ തുടങ്ങും. ചിലപ്പോഴാകട്ടെ ‘ച്വഗ്ഗത്തനായ പിതാവേ’യും ‘നമ്മനിറിയമേ ച്വത്തി’യും ഒറ്റയ്ക്ക് ചൊല്ലണമെന്ന് വാശി പിടിച്ചെന്നും വരും. പക്ഷേ ഈ ബഹളങ്ങൾക്കിടയിലും ആ പ്രാർത്ഥനാസമയം എത്ര ഹൃദ്യമാണെന്നോ…

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇതിന്റെയെല്ലാം തുടക്കം. 25 സമ്മാനങ്ങൾ നല്കി ക്രിസ്മസിന് ഈശോയെ സ്വീകരിക്കാൻ ശാലോം ടൈംസിലൂടെ കിട്ടിയ ചിന്തയാണ് കാരണമായത്. ദിവസവും ഒരു ആത്മാവിനെ ഈശോയ്ക്ക് സമ്മാനിക്കാൻ ആരംഭിച്ചത് അതിന്റെ ഭാഗമായാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമൊക്കെയായിരുന്നു അന്നത്തെ സമ്മാനങ്ങൾ. എന്നാൽ ക്രിസ്മസ് കഴിഞ്ഞപ്പോഴും ഗിഫ്റ്റുകൾ കൊടുക്കുന്നത് ഒരു ശീലമായി. കൂട്ടുകാർ, അധ്യാപകർ, ബന്ധുക്കൾ, സിനിമാതാരങ്ങൾ തുടങ്ങി തീർത്തും വ്യത്യസ്തമായ സമ്മാനങ്ങൾ ഇപ്പോൾ ഈശോ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഈ പ്രാർത്ഥനകളുടെയെല്ലാം ഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഫാ. റോയ് പാലാട്ടി സി.എം.ഐ എഴുതിയ വരികളാണ് ഓർമ്മയിലെത്തുന്നത്. ആ വരികൾ സഹനത്തെക്കുറിച്ചാണ് വിവരിക്കുന്നതെങ്കിലും സഹനം എന്നിടത്ത് പ്രാർത്ഥന എന്ന് ചേർത്തുവായിച്ചാലും അത് ശരിയാണെന്ന് അനുഭവപ്പെടുന്നു. 2019 സെപ്റ്റംബർ ലക്കം ശാലോം ടൈംസിൽ വായിച്ച ആ വരികൾ അതേപടി ഉദ്ധരിക്കട്ടെ: ”ഇനിയും രക്ഷാകരചരിത്രത്തിന്റെ ക്ലൈമാക്‌സ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹനത്തിന്റെ മൂല്യം നിങ്ങൾക്ക് പൂർണമായും മനസിലാകുന്നത്. സഹനത്തിന്റെ മൂല്യം ഗൗരവമായെടുത്താൽ അതിൽ ആഹ്ലാദിക്കാൻ നിങ്ങൾക്കാകും. നമ്മുടെ സഹനം എത്രയോ പേർക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാൻ പലപ്പോഴും നിത്യതയോളം കാത്തുനില്‌ക്കേണ്ടിവരില്ല. പൂർണമായും മനസിലാക്കാൻ അത്രത്തോളം കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയും രക്ഷിക്കാൻ ഞാൻ പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്റെ രക്ഷയിൽ എന്റെ സഹനത്തെ കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.”

അതിനാൽ കുഞ്ഞുങ്ങളോട് ഇങ്ങനെ പറയും, ”സ്വർഗത്തിൽ… ഈശോയുടെ അടുത്ത് ചെല്ലുമ്പോഴേ… ഈശോ ഇതിനൊക്കെ തിരിച്ച് ഗിഫ്റ്റ് തരും. ഹായ്…. എന്ത് രസമായിരിക്കും!” കേൾക്കുമ്പോൾ അവരുടെ മുഖത്തും സന്തോഷം വിടരുന്നത് കാണാം. ഈ സന്തോഷത്തോടെ ക്രിസ്മസിൽനിന്ന് ഈസ്റ്ററിലേക്ക് നീങ്ങുമ്പോൾ മനസിലാവുന്നു, ക്രിസ്മസ് ഒരിക്കലും അവസാനിക്കുന്നില്ല; ഈസ്റ്ററും.


ആൻ മരിയ ജോൺ

Leave a Reply

Your email address will not be published. Required fields are marked *