ഞാൻ അവിടെ ചെല്ലുമെന്ന് അവർക്കറിയാമായിരുന്നു…

 

ഇന്ത്യൻ വ്യോമസേനാ കമാൻഡർ
യേശുവിന്റെ കമാൻഡറായ സംഭവം

എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയിൽ എന്റെ റാങ്ക് അല്പം പുറകിലായിരുന്നു. കോഴിക്കോട് ആർ.ഇ.സിയിൽ പഠിക്കും എന്ന് ഉറപ്പാക്കിയിരുന്ന ഞാൻ ഈ റിസൽട്ട് കണ്ട് പകച്ചുപോയി. കാരണം ഉയർന്ന മാർക്കോടുകൂടിയാണ് ഞാൻ പത്താംക്ലാസും പ്രീഡിഗ്രിയും വിജയിച്ചത്. പ്രീഡിഗ്രിയിൽ ഐച്ഛിക വിഷയമായ കണക്കിന്, നൂറ് ശതമാനം മാർക്കുമുണ്ടായിരുന്നു. പക്ഷേ എൻജിനീയറിംഗ് പ്രവേശനത്തിന്റെ അടിസ്ഥാനം അതല്ലല്ലോ. എന്നിരുന്നാലും ഒരു വർഷം പാഴാക്കി കളയേണ്ട എന്നുകരുതി റാങ്കുപ്രകാരം കോട്ടയം ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളജിൽ മെറിറ്റ് സീറ്റ് ലഭിച്ചപ്പോൾ മനസില്ലാ മനസോടെ അത് സ്വീകരിച്ചു.

മൂന്നാം വർഷ പഠനത്തിനിടയിലാണ് കോളജിൽ ജീസസ് യൂത്ത് എന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രാർത്ഥനാ കൂട്ടായ്മ ഉണ്ടെന്നും അത് സജീവമായി പ്രവർത്തിക്കുന്നുവെന്നും കൂടുതൽ ഹൈന്ദവവിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അതിലേക്ക് ആകൃഷ്ടരാകുന്നുവെന്നും ഞാൻ മനസിലാക്കുന്നത്. ഒരു ഹൈന്ദവകുടുംബത്തിലെ ഏകസന്തതിയായിരുന്നു ഞാൻ. പത്താംക്ലാസ് കഴിയുന്നതിനുമുമ്പേ അച്ഛൻ എന്നെ ഭഗവദ്ഗീത അർത്ഥം മനസിലാക്കി പഠിപ്പിച്ചു. അതിനാൽത്തന്നെ പഠിച്ച ഹൈന്ദവ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ഈ ക്രൈസ്തവ പ്രാർത്ഥനാ കൂട്ടായ്മ എന്നിൽ അതീവ കോപവും പുച്ഛവും വെറുപ്പുമാണ് ഉളവാക്കിയത്.

പിന്നീട് ഞാൻ ഈ കൂട്ടായ്മയിലേക്ക് പോയിക്കൊണ്ടിരുന്ന ജൂനിയർ വിദ്യാർത്ഥികളെ അതികഠിനമായി റാഗിംഗ് ചെയ്യാൻ തുടങ്ങി. ഒരു ദിവസം, ഈ പ്രാർത്ഥനാകൂട്ടായ്മയിൽ എന്താണ് സംഭവിക്കുന്നതെന്നറിയാനായി ഞാനും പങ്കെടുക്കുകയും ചെയ്തു. അവിടുത്തെ പ്രാർത്ഥനാരീതികളെയെല്ലാം മനസുകൊണ്ട് ഖണ്ഡിച്ചാണ് ഞാൻ തിരിച്ചുവന്നത്. അതിൽ പങ്കെടുക്കുന്ന ഹൈന്ദവ വിദ്യാർത്ഥികളുമായി ശക്തമായി വാദപ്രതിവാദം നടത്താനും അവരെ അവഹേളിക്കാനും തുടങ്ങി.

അങ്ങനെയിരിക്കേ, അവധിക്കാലത്ത് കോളജിൽനിന്ന് ഗോവയിലേക്ക് ഒരു ഉല്ലാസയാത്ര. ക്ലാസിലെ ‘വില്ലന്മാർ’ ആയിരുന്ന ഞങ്ങൾ തകർത്തുല്ലസിച്ചു. ഗോവയിൽ എത്തിച്ചേർന്നപ്പോൾ അവിടെ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ശരീരം സൂക്ഷിച്ചിരുന്ന ദൈവാലയത്തിൽ ഞങ്ങൾ പോയി. മുഷിപ്പോടെയും അതിലുപരി ‘പള്ളിയിൽ എന്തു കാണാനാണ്’ എന്ന വെറുപ്പ് കലർന്ന മനോഭാവത്തോടെയുമാണ് ഞാൻ അൾത്താരയുടെ തൊട്ടുമുന്നിലുള്ള നിരയിൽ ഇരുന്നത്. വെറുപ്പ് കാരണം കോളിളകി മറിയുന്ന സമുദ്രംപോലെയായിരുന്നു മനസ്. കൂടാതെ അസഹനീയമായ, തല പൊട്ടിപ്പൊളിയുന്നപോലെയുള്ള തലവേദനയും എനിക്കനുഭവപ്പെട്ടു. ആ സമയത്ത് തളർന്ന് വിവശമായ കണ്ണുകളോടെ ഞാൻ അൾത്താരയിലേക്ക് നോക്കിയപ്പോൾ കണ്ണുകൾ അടഞ്ഞുപോകുന്നതുപോ ലെ… രണ്ട് നിമിഷം എന്റെ കണ്ണടഞ്ഞിരുന്നിരിക്കണം.

പിന്നീട് കണ്ണ് തുറന്നപ്പോൾ അൾത്താരയ്ക്ക് ചുറ്റും ശാന്തിയുടെ ഒരു കാണപ്പെടാത്ത വലയം തങ്ങിനില്ക്കുന്നതായി അനുഭവപ്പെട്ടു. ആ വലയം എന്നെയും ആഗിരണം ചെയ്തതായും മനസിന് ഒരു അഭൗമമായ ഭാരക്കുറവും ശാന്തിയും അനുഭവപ്പെടുന്നതായും എനിക്ക് മനസിലായി. എന്റെ തലവേദന പൂർണമായും വിട്ടുമാറിയിരുന്നു. മനസ് മുഴുവൻ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അകാരണമായ സന്തോഷം. ഒരുപാടുകാലം പിരിഞ്ഞിരുന്ന ഒരു ആത്മാർത്ഥ സുഹൃത്ത് അടുത്തെവിടെയോ ഉണ്ട് എന്ന് മനസിലാക്കിയതുപോലുള്ള ഒരു സന്തോഷമായിരുന്നു അത്. സങ്കീർത്തനം 34:5- ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല.” ഈ ദൈവവചനം എനിക്ക് അനുഭവവേദ്യമാകുകയായിരുന്നു അന്ന്.

തിരിച്ചുള്ള യാത്രയിൽ എന്നെ സ്പർശിച്ചവനെ കൂടുതൽ അറിയാനും അവനോട് സംസാരിക്കാനുമുള്ള തിടുക്കമായിരുന്നു. എന്നെ അവൻ സ്വന്തമാക്കിയെന്ന് ആത്മാവ് ഹൃദയത്തിൽ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു പ്രശ്‌നം എനിക്ക് മനസിലായത്. അവൻ എന്നോട് സംസാരിക്കുമ്പോൾ തിരിച്ച് സംസാരിക്കാൻ എനിക്ക് പ്രാർത്ഥനകളൊന്നും അറിയില്ല!

ഉടനടി ഞാൻ ജീസസ് യൂത്ത് പ്രാർത്ഥനാകൂട്ടായ്മയിൽ പോകുന്ന, എന്റെ ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ അടുത്ത് ഈ പ്രശ്‌നം പറഞ്ഞു. ആ കുട്ടി എനിക്കൊരു ജപമാല പുസ്തകം നല്കി – നീലനിറത്തിൽ, ഫാത്തിമയിലെ പ്രത്യക്ഷീകരണം പുറംചട്ടയിലുള്ള ജപമാല പുസ്തകം. കൂടെ ഒരു ജപമാലയും. പുത്തനായൊരു സമ്മാനം കിട്ടുന്ന കൊച്ചുകുട്ടിയുടെ ആവേശത്തോടെ ഞാൻ അവ രണ്ടും കൈക്കലാക്കി. തിരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ, ഞാൻ മുട്ടിന്മേൽനിന്ന് ആ പുസ്തകത്തിലുള്ള എല്ലാ പ്രാർത്ഥനകളും ചൊല്ലി – പ്രാർത്ഥനാരീതികളൊന്നും എനിക്കറിയില്ലായിരുന്നു.

ആ പുസ്തകത്തിനുള്ളിൽനിന്ന് എനിക്ക് യേശുവിന്റെ ഒരു ചിത്രം കിട്ടി. അതിതീക്ഷ്ണമായ നയനങ്ങളുള്ള, ഒരു യേശുവിന്റെ ചിത്രം. Oh Lord, for you I seek. Oh Lord, for you I thirst, for you are my God എന്നുള്ള ഒരു പ്രാർത്ഥന അതിന് പുറകിൽ എഴുതിയിരുന്നു. ഞാൻ മനസിൽ ഉറപ്പിച്ചു – ഈ പ്രാർത്ഥനയോടുകൂടിയായിരിക്കും എന്റെ പ്രാർത്ഥന തുടങ്ങുന്നതെന്ന്. യേശുവിന്റെ ഈ കൊച്ചുചിത്രം എന്റെ പഠനമേശയുടെ പുറത്ത് വച്ചു. പുതിയ ഈ പ്രാർത്ഥനയിൽ ഓരോ തവണയും ഹൃദയം ദൈവസ്‌നേഹത്താൽ നിറയുന്നത് എനിക്കനുഭവിക്കാൻ സാധിച്ചു.
താമസിച്ചിരുന്ന ലോഡ്ജ് മുറിയുടെ പുറത്ത്, ഈശോയുടെ തിരുഹൃദയത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. താഴെ ഒരു ചുവന്ന ബൾബും. ഞാൻ മുറിയുടെ പുറത്ത് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആ തിരുഹൃദയമുള്ള യേശുവിനോട് സംസാരിച്ചുതുടങ്ങി – ഒരു സുഹൃത്തിനോടെന്നപോലെ – ലഘുപ്രാർത്ഥനകൾ – ‘ഇന്ന സ്ഥലത്തേക്ക് പോകുകയാണ്, കൂടെ വരണേ’ എന്നും മറ്റും. അവധിക്കാലം കഴിഞ്ഞു, കോളജ് തുറന്നു. യേശുവിനോട് കൂടെ ആദ്യമായാണ് ഞാൻ കോളജിൽ പോകുന്നത് – മുമ്പുള്ള യാത്രകളിൽ അവനുണ്ടായിരുന്നെങ്കിലും ഞാനറിഞ്ഞിരുന്നില്ലല്ലോ!
കോളജിൽ ചെന്ന് ക്ലാസിലിരുന്നപ്പോൾ ഹൃദയത്തിൽ ഒരു സ്വരം ‘നീ പുതിയ ഒരാളായി എന്ന് കരുതുന്നുവെങ്കിൽ, നീ ദ്രോഹിച്ചവരോടെല്ലാം മാപ്പു ചോദിക്കണം!’ ആ സ്വരത്തെ ഞാൻ അവഗണിക്കുംതോറും അത് കൂടുതൽ ശക്തി പ്രാപിക്കാൻ തുടങ്ങി. എന്റെ ഉള്ളിൽനിന്നുള്ള സ്വരം എന്നെ കണ്ണീരിന്റെ വക്കിലെത്തിച്ചു. ആദ്യത്തെ ഇടവേളയിൽത്തന്നെ നിറകണ്ണുകളോടെ ഞാൻ എന്റെ ജൂനിയേഴ്‌സിനോട്, ഞാൻ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ റാഗിംഗ് ചെയ്തവരോട്, മാപ്പപേക്ഷിച്ചു തുടങ്ങി. ആദ്യമൊക്കെ ഞാൻ സമീപിക്കുന്നതുകണ്ട് അവർ ഭയപ്പെട്ടു. എന്നാൽ കണ്ണുനീരോടുകൂടി ഞാൻ മാപ്പപേക്ഷിച്ചപ്പോൾ അവർ എനിക്ക് മാപ്പ് നല്കി.
തുടർന്നുള്ള ആദ്യ പ്രാർത്ഥനാകൂട്ടായ്മയിൽ ഞാനും പങ്കെടുത്തു. സാക്ഷ്യം പറയുന്ന വേളയിൽ ഞാൻ ആവേശത്തോടെ എന്റെ അനുഭവം പങ്കുവച്ചു. അത് കഴിഞ്ഞപ്പോഴാണ് അന്ന് പ്രാർത്ഥന നയിച്ച വിദ്യാർത്ഥി ഇങ്ങനെ പറഞ്ഞത് – ‘സനൽ ഇവിടെ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കാരണം ഞങ്ങൾ സനലിനെ ഈശോയ്ക്ക് നേടിക്കൊടുക്കാനുള്ള പ്രാർത്ഥന നാലുമാസംമുമ്പേ ആരംഭിച്ചിരുന്നു.’ ഓർത്തുനോക്കിയപ്പോൾ ഞാൻ അവരെ ഉപദ്രവിക്കാൻ തുടങ്ങിയത് നാലുമാസംമുമ്പായിരുന്നു! ശത്രുക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെ അർത്ഥം എനിക്കന്ന് മനസിലായി. ആ കൂട്ടായ്മ എനിക്കൊരു ബൈബിൾ സമ്മാനിച്ചു.
പിന്നീട് ഈശോ ജീവിതം മുഴുവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു – എന്റെ ജോലി, വിവാഹം, മക്കളുടെ ജനനം, ഞങ്ങളുടെ മാമോദീസ, എന്റെ അമ്മയുടെ മാമോദീസ എന്നു തുടങ്ങി എല്ലാം. ആ അത്ഭുതങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഞാൻ ഇന്ത്യൻ വ്യോമസേനയിൽ ഒരു വിംഗ് കമാൻഡറായി ജോലി ചെയ്യുന്നു. ജീവിതം ഒരു സാക്ഷ്യമായിത്തീർക്കാൻ തന്ന അനുഗ്രഹത്തിനായി കർത്താവായ യേശുവിനോട്, പറഞ്ഞാൽ തീരാത്ത കൃതജ്ഞതയുണ്ട്.


                                                                                                                                                                                                                                     ജി. സനൽ, കോഴിക്കോട്‌

Leave a Reply

Your email address will not be published. Required fields are marked *