സ്വർഗത്തിലേക്കുള്ള വഴി

 

”ബലവാൻമാർ അത് (സ്വർഗ്ഗ രാജ്യം) പിടിച്ചടക്കുന്നു.” (മത്തായി 11 :12)

ഒരു മനുഷ്യനും ഒരു ദ്വീപല്ല. ഒരു തുരുത്തുപോലെ ഒറ്റപ്പെട്ട് ജീവിക്കുവാൻ സാധാരണഗതിയിൽ നമുക്കാർക്കും സാധിക്കുകയില്ല. അനുദിന ജീവിതത്തിൽ നാം അനേകരോട് ഇടപഴകിയാണല്ലോ ജീവിക്കുന്നത്. പലപ്പോഴും മറ്റുള്ളവരിൽനിന്ന് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന അനുഭവങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അവ നമ്മെ ഉത്തേജിപ്പിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യും. അവരുടെ വാക്കുകൾ നമുക്ക് മുന്നോട്ട് പോകുവാനുള്ള ഒരു ചാലകശക്തിയായി ഭവിക്കുന്നുണ്ട്. ഇവയൊക്കെ നമ്മുടെ ഹൃദയാകാശത്തിൽ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങൾ കണക്കെ നിലകൊള്ളുന്നു.

എന്നാൽ പൊടുന്നനെ നമ്മുടെ ആകാശം ഇരുണ്ടുപോകുന്ന പ്രതീതി ഉണ്ടാകുന്നു. കാർമേഘങ്ങൾ ഉരുണ്ട് വരികയും നാം വളരെ അസ്വസ്ഥരാകുകയും ചെയ്യും. മറ്റുള്ളവരിൽനിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളും പ്രവൃത്തികളും പ്രതികരണങ്ങളും നമ്മുടെ മനസിന് ക്ഷതമേല്പിക്കുന്നു, തൽഫലമായി ആന്തരിക ആനന്ദം ചോർന്നുപോവുകയും ചെയ്യുന്നു. നാം ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരിൽനിന്നാണ് ഇതുണ്ടാകുന്നതെങ്കിൽ അത് മനസിൽ ആഴമായ ഒരു മുറിവുണ്ടാക്കുന്നു. ജൂലിയസ് സീസറിനെപ്പോലെ ഒരാൾ നിലവിളിക്കുന്ന നിമിഷങ്ങളുണ്ടാകാം: ‘ദ മോസ്റ്റ് അൺകൈൻഡസ്റ്റ് കട്ട്’ (ഏറ്റവും ഏറ്റവും ദയാരഹിതമായ കുത്ത്). സീസറിനെ ആദ്യം പലരും കുത്തി. അത് അദ്ദേഹത്തിന്റെ ശരീരത്തെയാണ് മുറിവേല്പിച്ചത്. പക്ഷേ താൻ പ്രാണന് തുല്യം സ്‌നേഹിച്ച ബ്രൂട്ടസ് തന്നെ കുത്തിയത് സീസറിന് സഹിക്കാനായില്ല. അത് അദ്ദേഹത്തിന്റെ മനസിലാണ് ആഴമായ മുറിവേല്പിച്ചത്. ഉറ്റവരിൽനിന്ന് ആഴത്തിൽ മുറിവേല്ക്കുന്ന ഈ നിമിഷങ്ങളിൽ നമ്മുടെ മനസ് ഇരുട്ടിലാണ്ടുപോകുന്നു. സീസറിനെപ്പോലെ നാമും മനസിൽ മരിച്ചുവീഴുന്ന സമയമാണിത്.

ഇവിടെ ഒരു ഉയിർത്തെഴുന്നേല്പ് അനിവാര്യമാണ്. എങ്ങനെയാണ് അത് സാധിക്കുന്നത്? നിരുപാധികമായ, വ്യവസ്ഥകളില്ലാതെയുള്ള ക്ഷമ നല്കലിലൂടെമാത്രം. എന്നാൽ അത് അത്ര എളുപ്പമല്ല. ക്ഷമ നല്കുവാൻ നമ്മൾ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ സാധിക്കുന്നില്ല. ഒരു വലിയ മാനസിക പീഡനത്തിലൂടെയാണ് ഈ വേളകളിൽ ഒരു വ്യക്തി കടന്നുപോകുന്നത്. എന്നാൽ അത് ഉദാത്തമായ സൽഫലങ്ങളുണ്ടാക്കുന്ന ഒരു പീഡാനുഭവമാണെന്നോർക്കുക. നമ്മെ വേദനിപ്പിച്ച വ്യക്തിക്ക് അർഹമായ നീതി നല്കുവാൻ നാം പാടുപെടുകയാണ്. നീതിക്കുവേണ്ടി പീഡനം ഏല്ക്കുമ്പോൾ അത് വളരെ അമൂല്യമായി മാറുന്നു. അതുവഴി സ്വർഗരാജ്യത്തിന് നാം അർഹത നേടുകയാണ്. ഈശോയുടെ വാക്കുകൾ നമുക്കോർക്കാം: ”നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്തായി 5:10). പരലോകത്തിൽ മാത്രമല്ല, ഈ ലോകത്തിൽത്തന്നെ സ്വർഗരാജ്യ അനുഭവമുണ്ടാകുവാൻ, ആനന്ദത്തിൽ ജീവിക്കുവാൻ ഈ നിരുപാധികമായ ക്ഷമ നല്കൽ, കീഴടങ്ങൽ ആവശ്യമത്രേ.

പക്ഷേ, എങ്ങനെ ഇത് സാധിക്കും? ഇതൊക്കെയും മനുഷ്യന്റെ ശക്തികൊണ്ട് സാധ്യമല്ല, അതിന് ദൈവത്തിന്റെ ശക്തിയും സഹായവും കൂടിയേ തീരൂ. അതുകൊണ്ടാണ് തെറ്റ് ചെയ്യുക മനുഷ്യസഹജമാണ്, എന്നാൽ ക്ഷമിക്കുക എന്നത് ദൈവികമാണ് എന്ന് പറയുന്നത്. ആദ്യമായി നാം ചെയ്യേണ്ടത് ദൈവത്തിലേക്ക് തിരിയുക എന്നതാണ്. ഈ ലോകത്തിലേക്ക്, നമ്മെ വേദനിപ്പിച്ച വ്യക്തിയിലേക്ക്, നോക്കിയിരുന്നാൽ ഒരിക്കലും ക്ഷമിക്കുവാൻ നമുക്ക് സാധിക്കുകയില്ല. എന്നാൽ ദൈവത്തിലേക്ക് തിരിയുന്ന സമയംതന്നെ നമുക്ക് മനസിലാക്കുവാൻ സാധിക്കും: ഈ അനുഭവം ദൈവം അനുവദിച്ചതാണ്. എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവായ ദൈവം മകനായ എന്റെ ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരു വേദനാജനകമായ അനുഭവം അനുവദിച്ചിട്ടുണ്ടെങ്കിൽ അത് വരും നാളുകളിൽ എന്റെ നന്മയ്ക്കായി അവിടുന്ന് മാറ്റുകതന്നെ ചെയ്യും. ദൈവം ഒന്നാന്തരമൊരു തട്ടാനാണ്, സ്വർണപ്പണിക്കാരനാണ്! വേദനയുടെ ഉലയിലിട്ട് അവിടുന്ന് എന്നെ ശുദ്ധീകരിച്ചെടുക്കുകയാണ്, വളരെ നല്ലൊരു ആഭരണമുണ്ടാകുവാൻ!

രണ്ടാമത്തെ കാര്യം ദൈവത്തെ നോക്കുക എന്നതത്രേ. ദൈവത്തിന്റെ മുഖത്തേക്ക് നോക്കി കരഞ്ഞ് അപേക്ഷിക്കുക: ‘ഈ വ്യക്തിയോട് ഹൃദയപൂർവം ക്ഷമിക്കുവാനുള്ള കൃപ എനിക്ക് നല്കണമേ’ എന്ന്. ദൈവം നിശ്ചയമായും ശക്തി നല്കും. ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് ഇതിന് മധുരമായ ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന് ചുറ്റും കുറെ ആളുകൾ നില്ക്കുന്നു, അവർ കോപാവേശത്താൽ ആക്രോശിക്കുകയും ആ നിഷ്‌കളങ്കനെ ഇഞ്ചിഞ്ചായി കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുന്നു. എസ്തപ്പാനോസിന് വേണമെങ്കിൽ അവരെ പ്രാകിക്കൊണ്ട് മരിക്കാമായിരുന്നു. എന്നാൽ ഏറ്റവും ശ്രേഷ്ഠമായ മാർഗമാണ് അദ്ദേഹം സ്വീകരിച്ചത് – ക്ഷമയുടെ വഴി.

അദ്ദേഹം ഇപ്രകാരമാണ് പ്രാർത്ഥിച്ചത്: ”കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 7:60). ഇപ്രകാരം സ്വർഗത്തിന്റെ വഴി സ്വീകരിക്കുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഇതിനുമുമ്പ് അദ്ദേഹത്തിന് ലഭിച്ച ദൈവികദർശനമാണ്. അതേ അധ്യായത്തിന്റെ അമ്പത്തിയഞ്ചാം വാക്യം ഈ ദർശനം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ”എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്ക് നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു. ദൈവത്തിന്റെ വലതുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.”

അധികമാരും നടക്കാത്ത ഈ വഴിയേ പോകാനുള്ള കൃപയ്ക്കായി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:

ദൈവമേ, അവിടുന്ന് കരുണാമയനാണല്ലോ. എന്റെ നിരവധിയായ തെറ്റുകൾ അവിടുന്ന് ക്ഷമിച്ച് എന്നെ തുടർച്ചയായി താങ്ങുന്നതുകൊണ്ടാണല്ലോ ഇന്നും ഞാൻ ജീവിക്കുന്നത്. അങ്ങ് എന്നോട് കാണിക്കുന്ന കരുണ എന്റെ സഹോദരന്മാരോട് കാണിക്കുവാൻ എനിക്ക് കൃപ നല്കിയാലും. അവിടുന്ന് ക്ഷമിച്ചതുപോലെ ഞാനും ക്ഷമിക്കട്ടെ. മനസിന്റെ മുറിപ്പാടുകളെ മായിച്ചുകളയണമേ. അങ്ങയുടെ ഏറ്റവും വലിയ ദാനമായ പരിശുദ്ധാത്മാവിനാൽ എന്റെ മനസിനെ നിറച്ചാലും. ഞാൻ ആനന്ദത്താൽ നിറയട്ടെ. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാർത്ഥിക്കണമേ, ആമ്മേൻ.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *