”എന്റെ ആത്മനാഥൻ എന്റേതാണ്; ഞാൻ അവന്റേതും ” ഉത്തമഗീതം 2:16
വിശുദ്ധ കൊച്ചുത്രേസ്യയുടെ സെലിൻ ചേച്ചി ആദ്യകുർബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന നാളുകൾ. ഇരുവരുടെയും ചേച്ചിയായ പൗളിൻ ആയിരുന്നു സെലിനെ ഒരുക്കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അമ്മയെന്നവണ്ണം സെലിനെ മടിയിലിരുത്തിക്കൊണ്ട് വരാനിരിക്കുന്ന ആ വലിയ കാര്യത്തിന്റെ മഹിമയെക്കുറിച്ച് പൗളിൻ ചേച്ചി പറഞ്ഞുകൊടുക്കും. കൊച്ചുത്രേസ്യയും അത് കേൾക്കാൻ കാത് കൂർപ്പിക്കും. എന്നാൽ തീരെ കുഞ്ഞായതുകൊണ്ട് അവിടെനിന്നും പൊയ്‌ക്കൊള്ളാൻ ‘ചേച്ചിയമ്മ’ പറയാറുണ്ട്. പക്ഷേ അത് വിഷമമായിരുന്നു കൊച്ചുത്രേസ്യക്ക്. നല്ല ദൈവത്തെ വിശുദ്ധ കുർബാനയിൽ സ്വീകരിക്കാൻ നാല് വർഷം മുമ്പേ ഒരുങ്ങുന്നത് ഒട്ടും കൂടുതലാവില്ല എന്നായിരുന്നു അവളുടെ ചിന്ത.
പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് പൗളിൻ ചേച്ചി പറയുന്നത് കേട്ടപ്പോൾ അവൾ ഇങ്ങനെ തീരുമാനിച്ചു. ”ഞാൻ അതുവരെയും കാത്തുനിൽക്കുകയില്ല. സെലിൻചേച്ചി പുതിയ ജീവിതം തുടങ്ങുന്ന സമയത്തുതന്നെ ഞാനും അങ്ങനെ ചെയ്യും.” ആ ദിവസം വന്നെത്തിയപ്പോഴാകട്ടെ അത് തനിക്കും സ്വന്തമായിരുന്നാലെന്നപോലെ സന്തോഷമായിരുന്നു കൊച്ചുത്രേസ്യക്ക്.
മറ്റൊരിക്കൽ താൻ കണ്ടുമുട്ടിയ പാവപ്പെട്ട ഒരു മനുഷ്യനെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സഹായം നിരസിക്കുകയാണ് ചെയ്തത്. ആ മനുഷ്യനെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് കൊച്ചുത്രേസ്യ ആലോചിച്ചു. തന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം അദ്ദേഹത്തിനായി പ്രാർത്ഥിക്കുക എന്നതാണ് അവൾ കണ്ടെത്തിയ വഴി.
ചേച്ചിക്കുശേഷം നാല് വർഷത്തോളം കഴിഞ്ഞായിരുന്നു കൊച്ചുത്രേസ്യയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. മുമ്പേതന്നെ അതിനായി ഒരുങ്ങിക്കൊണ്ടിരുന്ന കൊച്ചുത്രേസ്യക്ക് പുതിയ ഉത്തേജനത്തിനായി പൗളിൻ ചേച്ചി ഒരു കുഞ്ഞുപുസ്തകം നല്കി; അനുദിനം ചെയ്തുകൊണ്ടിരുന്ന പുണ്യപ്രകരണങ്ങളാകുന്ന പൂക്കൾക്കൊപ്പം ആ പുസ്തകത്തിലെ സ്‌നേഹപ്രകരണങ്ങളാകുന്ന പൂമൊട്ടുകളും ചേർത്തുവച്ച് അവൾ യേശുവിനെ സ്വീകരിക്കാൻ തയാറെടുത്തു.
കൂടാതെ പതിവനുസരിച്ച് സമീപത്തുള്ള മഠത്തിൽ ബോർഡിംഗിൽ ധ്യാനത്തിനായി കുറച്ച് ദിവസം താമസിച്ചു. അവിടെ വൈദികർ കുട്ടികളെ ധ്യാനിപ്പിച്ചിരുന്നു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തെ മഹോത്സവം എന്നാണ് കൊച്ചുത്രേസ്യ വിശേഷിപ്പിക്കുന്നത്. മഹോത്സവത്തിന്റെ തലേന്ന് അവൾ കുമ്പസാരിച്ചു. അന്ന് അവളെ കാണാൻ മഠത്തിലെത്തിയ കുടുംബാംഗങ്ങളോട് അവൾ കണ്ണീരോടെയാണത്രേ വന്നുപോയ തെറ്റുകൾക്ക് മാപ്പ് ചോദിച്ചത്.
പിറ്റേന്ന് ആ അതിമനോഹരമായ ദിനം വന്നെത്തി. അന്ന് യേശു തന്റെ ആത്മാവിൽ പതിപ്പിച്ച ആദ്യത്തെ മുത്തം അതീവഹൃദ്യമായിരുന്നു. യേശു തന്നെ സ്‌നേഹിക്കുന്നതായി ത്രേസ്യക്ക് ആഴത്തിൽ അനുഭവപ്പെട്ടു. അതിനാൽ അവൾ പറഞ്ഞു, ”ഞാനും അങ്ങയെ സ്‌നേഹിക്കുന്നു. എന്നേക്കുമായി എന്നെത്തന്നെ അങ്ങേക്ക് നല്കുന്നു.” സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അന്ന് രാത്രി വീട്ടിൽ ആഘോഷപരിപാടികളിൽ പങ്കുചേർന്നു. ആ ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം നല്ല ദൈവത്തെ സ്വീകരിക്കാനുള്ള ആഗ്രഹം കൂടിക്കൊണ്ടിരുന്നു. വർഷങ്ങൾ ഏറെക്കഴിഞ്ഞ് തന്റെ ആത്മകഥയായ നവമാലികയിൽ ഇതേപ്പറ്റി വിശുദ്ധ വർണിക്കുന്നത് അതീവമനോഹരമായാണ്. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ നമ്മുടെ കുട്ടികൾക്കുമുണ്ടാകട്ടെ മറക്കാനാവാത്ത ‘മഹോത്സവം!’