വിശുദ്ധ തോമസ് അക്വിനാസ് എഴുതി: ”ഉയിർപ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.”
പത്രോസിന്റെ ജീവിതപരിവർത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല വീണ്ടുമെടുത്ത് വഞ്ചിയിൽ കയറി തീരത്തുനിന്നും തിരകളെ മുറിച്ച് പഴയ പണിയിലേക്ക് തിരിച്ചുപോയെങ്കിലും (യോഹന്നാൻ 21:1-14), ഉത്ഥാനാനുഭവം ഹൃദയത്തിൽ വന്നു നിറഞ്ഞപ്പോൾ ഒരു സങ്കോചവുമില്ലാതെ ഉറപ്പാർന്ന ചങ്കൂറ്റത്തോടെയാണ് ഉത്ഥാനത്തിന് സാക്ഷ്യം നല്കുന്നത്. അവനെ അവർ മരത്തിൽ തൂക്കിക്കൊന്നു. എന്നാൽ ദൈവം അവനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങൾ (അപ്പസ്‌തോല പ്രവർത്തനങ്ങൾ 10:40-41).
പത്രോസിന്റെ പരിവർത്തനവും പ്രഘോഷണവും അത്ഭുതങ്ങൾകൊണ്ടുള്ള സ്ഥിരീകരണവും ഉത്ഥാനത്തിന്റെ പ്രകടമായ സാക്ഷ്യവും തെളിവുകളുമാണ്. ജറുസലേം ദൈവാലയത്തിന്റെ സുന്ദരകവാടത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറഞ്ഞത് ഇതാണ്: ”സ്വർണമോ വെള്ളിയോ എന്റെ കൈയിലില്ല!… നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റ് നടക്കുക.” അയാൾ ചാടി എഴുന്നേറ്റു നടന്നു (അപ്പസ്‌തോല പ്രവർത്തനങ്ങൾ 3:6). അപ്രകാരം കുതിച്ചു ചാടുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം കണ്ട് അത്ഭുത സ്തബ്ധരായി.
ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ വിശ്വസിച്ച പത്രോസിന്റെ ജീവിതത്തിലെ മാറ്റം അവിശ്വസനീയമല്ലേ? സാധാരണ ഒരു മത്സ്യംപിടുത്തക്കാരന് ഈ സിദ്ധികൾ എങ്ങനെ കൈവരുന്നു? അതാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്വാധീനവും ഫലവും.
മഗ്ദലേനയിൽനിന്ന് ഒരു രഹസ്യം
മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ട് ആനന്ദനിർവൃതിയടയാൻ ഏറ്റവും ആദ്യം ഭാഗ്യം ലഭിച്ചത് ഒരു സ്ത്രീക്കാണ്, മഗ്ദലേനയിലെ മറിയത്തിന് (യോഹന്നാൻ 20:1-18) വളരെ ആകസ്മിക അനുഭവമായിരുന്നു അത്. തീർത്തും അപ്രതീക്ഷിത നിമിഷത്തിലെ അസുലഭ സൗഭാഗ്യം. യേശുവിന്റെ മരണനേരത്ത് ശിഷ്യന്മാർ പലരും ഓടി പ്പോയപ്പോഴും യേശുവിന്റെ അമ്മയോടൊപ്പം അവളും കാൽവരിയിൽ നാട്ടിയ കുരിശിന് താഴെ നില്ക്കുന്നുണ്ടായിരുന്നു. ആ അമ്മയെപ്പോലെ തീരാത്ത നൊമ്പരം അവളും അനുഭവിച്ചു. ഈ ലോകത്തിൽ അവൾക്കുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്. തീരാത്ത നഷ്ടം! വലിയ ശൂന്യത!
യഹൂദ വിശ്വാസമനുസരിച്ച് ഒരാൾ മരിച്ചാൽ ശേഷം മൂന്നുദിവസം കല്ലറയ്ക്കുചുറ്റും ആത്മാവ് ഉണ്ടാകുമത്രേ. യേശുവിനെ അരിമത്തിയായിലെ ജോസഫിന്റെ കല്ലറയിൽ സംസ്‌കരിച്ചശേഷം സാബത്ത് കഴിഞ്ഞ് പുലരിയാകാൻ മറിയം അക്ഷമയോടെ കാത്തിരുന്നു. ”ഇരുട്ടായിരിക്കുമ്പോൾ തന്നെ” അവൾ കല്ലറയിൽ വന്നെത്തി. അല്പനേരം കരഞ്ഞുതീർക്കുക. അങ്ങനെ അല്പം ആശ്വാസമനുഭവിക്കുക. അതായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം. അവിടെ എത്തിയപ്പോഴാണ് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച അവൾ കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ പാറ മാറ്റപ്പെട്ടിരിക്കുന്നു! അവൾ ആകെ പരിഭ്രമിച്ചുപോയി. ഉടനെ തിരികെ ഓടി. ശിഷ്യന്മാരെ അറിയിച്ചു. ”കർത്താവിനെ അവർ കല്ലറയിൽ നിന്ന് മാറ്റിയിരിക്കുന്നു” (യോഹന്നാൻ 20:2). ഞെട്ടിപ്പിക്കുന്ന ആ വാർത്ത കേട്ട് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി. അവൾ പറഞ്ഞ കാര്യം ശിഷ്യപ്രമുഖർ ശരിവയ്ക്കുന്നു. അവർ ഇരുവരും മടങ്ങിപ്പോകുന്നു.
പക്ഷേ, അവൾക്ക് അങ്ങനെ മടങ്ങിപ്പോകാൻ മനസുവന്നില്ല. സ്‌നേഹത്തിന്റെ നിർമ്മല ശാഠ്യം ഉള്ളിലൊതുക്കി അവൾ അവിടെത്തന്നെ നിന്നു. മറിയം…! പിന്നിൽനിന്നൊരു വിളി! കരഞ്ഞുകരഞ്ഞ് കണ്ണീർ നിറഞ്ഞ കണ്ണുകൾ വിളിച്ചയാളെ തിരിച്ചറിയുന്നില്ല! പക്ഷേ പരിചിതമാണല്ലോ ആ തരളിത ശബ്ദം. കരളിനും കാതിനും പ്രിയമുള്ള സാന്ത്വനസ്വരം! റബോനീ…! ഗുരുവേ! – അവളുടെ ഹൃദയത്തിൽനിന്നുയർന്ന പ്രത്യുത്തരം. ഉത്ഥാനത്തിന്റെ പ്രഥമ സാക്ഷിയായി മഗ്ദലേനയിലെ മറിയം അങ്ങനെ മാറി. ഫ്രാൻസിസ് പാപ്പ അവളെ വിളിക്കുന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പ്രഥമ അപ്പസ്‌തോല എന്നാണ്.
സമൂഹം ഒറ്റപ്പെടുത്തുകയും പാപിനി എന്ന് മുദ്രകുത്തി മുറിപ്പെടുത്തുകയും ചെയ്യപ്പെട്ട അവൾക്ക് സമ്മാനമായി ലഭിച്ച ആശ്വാസ അനുഭവമായിരുന്നു ആ സമാഗമം. ആത്മഹർഷത്തിന്റെ നിമിഷം. പാപിനിയായവൾ യേശുവിന്റെ പാദങ്ങളിൽ പൂശാനുപയോഗിച്ച നാർദീൻ തൈലപരിമളം ചുറ്റും പടർന്നപോലെ വിശുദ്ധിയുടെ സുഗന്ധമായി ആ നിർമ്മല സാക്ഷ്യം ഇന്നും നിലകൊള്ളുന്നു. പഴയകാല ജീവിതമല്ല, പശ്ചാത്താപവും പുതിയ തുടക്കത്തിനായുള്ള തീരുമാനവുമാണ് ഉത്ഥാനാനന്ദവും നവജീവിതവും നമ്മിൽ കൊണ്ടുവരുന്നത്.
നമുക്കും പ്രാർത്ഥിക്കാം: പത്രോസിനെപ്പോലെയും മഗ്ദലേനയിലെ മറിയത്തെപ്പോലെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി, സൗഭാഗ്യമായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാൻ എന്നെ അനുഗ്രഹിക്കണമേ. അതുവഴി ആത്മീയ ആനന്ദവും ശാശ്വത സമാധാനവും എന്നിലും നിറയ്‌ക്കേണമേ. ഞാനും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. ആമ്മേൻ.
ബിഷപ് ഡോ. അലക്‌സ് വടക്കുംതല