സന്തോഷത്താൽ കണ്ണ് നിറഞ്ഞ നിമിഷം

ജീവിതത്തിന്റെ സകല നിമിഷങ്ങളിലും ദൈവപരിപാലനയെന്ന

നിധി കണ്ടെത്തുന്ന നിധിവേട്ട പരിശീലിക്കാം.

ഞാൻ ഗർഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളിൽ ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങൾ മാത്രം നടത്തിപ്പോന്നു. ഗർഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ വാങ്ങണമെന്ന് ഞങ്ങൾക്കും ആഗ്രഹം. ഒരു ദിവസം വൈകിട്ട് ചായ കുടിക്കുമ്പോൾ ഭർത്താവും ഞാനും അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്റെ കാര്യമായതിനാൽ ഉള്ളതിൽനിന്നും കുറച്ച് പണം അതിനായി മാറ്റിവയ്ക്കാമെന്ന് ഞങ്ങൾ കരുതി.

ചായകുടിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴതാ അപ്രതീക്ഷിതമായി കൂടെ ജോലിചെയ്യുന്ന രണ്ടുപേർ വീട്ടിലേക്ക് കടന്നുവരുന്നു. വന്നവർ ഒരു കവർ എന്റെ കയ്യിലേൽപ്പിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചായ കുടിച്ച് അവർ തിരികെപ്പോയി. അല്പസമയം കഴിഞ്ഞ് അവർ കൊണ്ടുവന്ന കവർ തുറന്നു നോക്കിയ നിമിഷം… അത്ഭുതവും സന്തോഷവും അടക്കാനാകാതെ ഞാൻ കരഞ്ഞുപോയി. കവറിൽ കുറച്ചധികം ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും!!! അതും ഏറ്റവും നല്ല ഗുണനിലവാരമുള്ളത്. ആദ്യം തോന്നിയത് എന്റെ യേശു അപ്പച്ചന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ്.

എന്റെ ആവശ്യം ഒരു പ്രാർത്ഥനയായിപ്പോലും ഞാൻ സമർപ്പിച്ചിരുന്നില്ല. എങ്കിലും ഹൃദയത്തിലെ ആഗ്രഹം എന്റെ പിതാവ് കണ്ടു. അന്ന് ഞാൻ വീണ്ടും തിരിച്ചറിഞ്ഞു, നമ്മുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളും ആവശ്യങ്ങളുംപോലും ദൈവം അറിയുകയും നിറവേറ്റിത്തരികയും ചെയ്യുമെന്ന്. പറഞ്ഞാൽ തീരില്ല ആ ദൈവപരിപാലനയുടെ കഥകൾ…


അനു വിജി

Leave a Reply

Your email address will not be published. Required fields are marked *