സമ്മാനങ്ങൾ മനോഹരമാക്കും  മാജിക് !

 

കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ”

സങ്കീർത്തനങ്ങൾ 30:4

യേശു എന്നോടു ചോദിച്ചു, ”ഞാൻ നിനക്ക് തന്ന ഭർത്താവും മക്കളും എങ്ങനെയുണ്ട്?” ഇത് കേട്ടതും ഞാൻ അവരെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും പറയാൻ തുടങ്ങി. ഞാൻ പറയുന്നത് വളരെ കാര്യമായി കേട്ടതിനുശേഷം യേശു എന്നോട് പറഞ്ഞു, ”ഞാൻ നിന്നോട് ഒരു കഥ പറയാം. ഒരു വ്യാപാരിക്ക് ഇരട്ട പെൺകുട്ടികൾ ഉണ്ടായിരുന്നു. ഒരു ദിവസം വ്യാപാരത്തിനു പോയി തിരിച്ചു വന്നപ്പോൾ രണ്ട് ഉടുപ്പുകൾ വാങ്ങി മക്കൾക്ക് കൊടുത്തിട്ട് പറഞ്ഞു, ഈ ഉടുപ്പുകൾ സൂക്ഷിച്ചു വയ്ക്കുക. അടുത്തുവരുന്ന പെരുന്നാളിന് ഇടാനുള്ളതാണ്. അവർ വളരെ സന്തോഷത്തോടുകൂടി അത് മേടിച്ച് തങ്ങളുടെ മുറിയിലേക്ക് പോയി.

മൂത്തയാൾ തന്റെ അപ്പൻ വളരെ കഷ്ടപ്പെട്ട് തനിക്ക് വേണ്ടി വസ്ത്രം വാങ്ങിച്ചല്ലോ എന്ന് ചിന്തിച്ച് നന്ദിയുള്ള ഹൃദയത്തോടെ അത് തുറന്നു. ആ ഉടുപ്പ് കണ്ടതേ അപ്പനോട് അവൾ വളരെ നന്ദി പറയുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെയാൾ ആകട്ടെ, ആ ഉടുപ്പ് എങ്ങനെയുണ്ട്? തനിക്ക് ചേരുമോ? എന്തെങ്കിലും കേടുപാടുകൾ കാണുമോ എന്നൊക്കെ ചിന്തിച്ച് അത് നിവർത്തി നോക്കി. അപ്പോൾ അവൾക്ക് മനസ്സിലായി ആ ഉടുപ്പ് തനിക്ക് വലുതാണ്, നിറം ചേരില്ല, ഫാഷൻ പോരാ. അവൾ അപ്പന്റെ അടുത്ത് ചെന്ന് പരാതി പറയുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.”

യേശു തുടർന്നു, ”ഇവിടെ രണ്ടുപേർക്കും ഒരേ ഉടുപ്പ് ആണ് കിട്ടിയത്. മൂത്തയാൾ തന്റെ അപ്പനോടുള്ള സ്‌നേഹത്തെ പ്രതി, അവൾ ആ വസ്ത്രം ഇഷ്ടപ്പെട്ടു. അതിന്റെ കുറവുകളിലേയ്ക്ക് നോക്കിയില്ല. പകരം തനിക്ക് തന്ന ആ സമ്മാനത്തെപ്രതി അപ്പനോട് അവൾ വളരെ നന്ദിയും സ്‌നേഹവും നിറഞ്ഞവളാവുകയും അത് വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല അവൾ മറ്റുള്ളവരോട് ആ ഉടുപ്പിനെക്കുറിച്ച് വളരെ അഭിമാനത്തോടുകൂടി സംസാരിക്കുകയും ചെയ്തു. അത്രമാത്രം അവൾ തന്റെ അപ്പനെ സ്‌നേഹിച്ചിരുന്നതിനാൽ അപ്പൻ തരുന്നതെന്തും അവൾക്ക് ഏറ്റവും നല്ലതായി തോന്നി. തനിക്ക് നന്മയായിട്ടുള്ളതുമാത്രമേ അപ്പൻ ചെയ്യുകയുള്ളൂ എന്നവൾ വിശ്വസിച്ചു.

എന്നാൽ രണ്ടാമത്തെ ആളാകട്ടെ അപ്പനെ അത്രയ്ക്കങ്ങ് വിശ്വാസമില്ലാത്തതിനാൽ അപ്പൻ തന്ന സമ്മാനത്തിന്റെ കുഴപ്പങ്ങൾ കണ്ടുപിടിക്കാനാണ് ആദ്യം തന്നെ ശ്രമിച്ചത്. കുഴപ്പങ്ങൾ കണ്ടുപിടിച്ച്, ഇതിനെ പ്രതി അപ്പനോട് പരാതിപ്പെടുകയും മറ്റുള്ളവരോട് പറയുകയും ആ സമ്മാനത്തോടുതന്നെ ഇഷ്ടക്കേട് കാണിക്കുകയും ചെയ്തു.

ഇനി കഥയിലേക്ക് തന്നെ നമുക്ക് മടങ്ങിവരാം. പെരുന്നാൾ വന്നു. അവർ തങ്ങളുടെ പുതിയ ഉടുപ്പുകൾ ധരിച്ചു. മൂത്തയാളുടെ ഉടുപ്പ് വളരെ മനോഹരമായിരുന്നു. എന്നാൽ രണ്ടാമത്തെ ആളുടെ ഉടുപ്പാകട്ടെ പെരുന്നാളിന് പോകാൻ പറ്റാത്തത്ര മോശം ആയിരിക്കുന്നു.”
യേശു ചോദിച്ചു, ”എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? നിനക്ക് എന്ത് തോന്നുന്നു?”

ഞാനൊന്നും മിണ്ടിയില്ല. യേശു തുടർന്നു, ”നിന്റെ നാവ് മാജിക്കാണ്. നാവിന് ശക്തിയുണ്ട്. നാവിന് ഒരാളെ നന്നാക്കാനും മോശമാക്കാനും പറ്റും. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. ഏറ്റവും ചെറിയ കാര്യങ്ങൾക്കു പോലും ദൈവത്തോടും മനുഷ്യരോടും നന്ദി പറയുക. ഉദാഹരണത്തിന് നീ നിന്റെ മകളോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു എന്നിരിക്കട്ടെ. അവൾ വെള്ളം എടുത്തു കൊണ്ടു വരുന്നു. നീ വെള്ളം വാങ്ങി കുടിക്കുന്നതല്ലാതെ അവളുടെ മുഖത്തേക്ക് നോക്കി ചിരിക്കുകയോ ഒരു നന്ദി വാക്ക് പറയുകയോ ചെയ്യുന്നില്ല. അത് അവളുടെ കടമ എന്ന മട്ടിൽ ഇരിക്കുന്നു. മാത്രമല്ല ഇത്രയും നല്ലൊരു മകളെ തന്നതിന് എന്നോട് നന്ദി പറയുകയോ അവളെ അനുഗ്രഹിക്കണമേ എന്ന് പറയുകയോ ചെയ്യുന്നില്ല. മറ്റൊരവസരത്തിൽ നീ പറയുന്നത് അവൾ കേട്ടില്ലെങ്കിൽ അവളെ നല്ലവണ്ണം ശകാരിക്കുകയും ദൈവം നിന്നെ ശിക്ഷിക്കും എന്ന് പറയുകയും ചെയ്യും.

ഞാൻ നിനക്ക് തന്ന സമ്മാനങ്ങൾ ആണ് നിനക്ക് ചുറ്റുമുള്ളവർ. നീയടക്കം നിനക്ക് ചുറ്റും ഉള്ളവർ അവരവരുടേതായ കുറവുകൾ ഉള്ളവർ തന്നെയാണ്. മറ്റുള്ളവരുടെ കുറവുകൾ നീ കാണുമ്പോൾ അവരുടെ മേൽ കരുണയായിരിക്കേണമേ എന്ന് എന്നോട് അപേക്ഷിക്കുക. മറ്റുള്ളവരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത് കാരുണ്യ പ്രവൃത്തികളിൽ ഒന്നാണ്. എന്നാൽ മറ്റുള്ളവരുടെ നന്മകൾ കണ്ടില്ലെന്ന് നീ ഒരിക്കലും നടിക്കരുത്. അവരെപ്രതി എന്നോടും അവരോടും നന്ദി പറയുക, അവരെ അനുഗ്രഹിക്കണമേ എന്ന് എന്നോട് അപേക്ഷിക്കുക. അപ്പോൾ നിനക്ക് കാണാം മാജിക്. എന്റെ സ്‌നേഹം നിന്നിലൂടെ അവർ അനുഭവിക്കട്ടെ. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. അപ്പോൾ അവർ വഴിതെറ്റിപോവില്ല.”

ഞാൻ പറഞ്ഞു, ”ഈശോയേ, എനിക്ക് അവരോട് സ്‌നേഹമുണ്ട്.”

യേശു പറഞ്ഞു, ”പക്ഷേ നീ അത് ഒരിക്കലും പ്രകടിപ്പിക്കാറില്ല. ഉദാഹരണത്തിന് നീയൊരു കോഴിക്കറി വെച്ചു എന്നിരിക്കട്ടെ. നീ അത് മേശപ്പുറത്ത് എടുത്തു വയ്ക്കുന്നു. എല്ലാവരും എടുത്തു കഴിക്കുന്നു. എല്ലാവർക്കും കാണും ആ കോഴിക്കറിയെപ്പറ്റി പറയാൻ ഓരോരോ കുറ്റങ്ങൾ. എന്നാൽ ബുദ്ധിമതിയായ ഒരു അമ്മ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കുക.

മകൻ വന്നു ചോദിക്കുന്നു, അമ്മ എന്തെടുക്കുകയാ? അപ്പോൾ അമ്മ പറയും- ദേ, മോനുവേണ്ടി അമ്മ സ്‌പെഷ്യലായി ഒരു കോഴിക്കറി വയ്ക്കുകയാ. മകൾ വന്നു ചോദിക്കുന്നു, അമ്മ എന്തെടുക്കുകയാ? അമ്മ പറയും, ദേ, മോൾക്കുവേണ്ടി അമ്മ ഒരു സ്‌പെഷ്യൽ കോഴിക്കറി വയ്ക്കുകയാണ്. അവസാനം ഭർത്താവും വന്ന് ചോദിക്കുന്നു. അപ്പോൾ അവർ പറയും, നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഞാൻ ഒരു കോഴിക്കറി വയ്ക്കുകയാണ്. അവസാനം മേശപ്പുറത്ത് വയ്ക്കുമ്പോൾ ആ സ്ത്രീ ഇങ്ങനെ പറയും, ഇത് നിങ്ങൾക്കുവേണ്ടി മാത്രം ഞാൻ ഉണ്ടാക്കിയ സ്‌പെഷ്യൽ കോഴിക്കറി ആണ്. ആ കോഴിക്കറി ഭർത്താവും മക്കളും ഒരു കുറ്റവും പറയാതെ കഴിക്കുക മാത്രമല്ല അതിനെപ്പറ്റി വളരെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്യും.

സ്‌നേഹം ഒരിക്കലും ഉള്ളിൽ വയ്ക്കരുത്. അത് പ്രകടിപ്പിക്കണം. മറ്റുള്ളവർക്ക് നിന്റെ സ്‌നേഹം മനസിലാകത്തക്ക രീതിയിൽ സംസാരിക്കണം, പ്രവർത്തിക്കണം. ഓരോരുത്തർക്കും നീ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് വ്യക്തിപരമായി മനസിലാകണം. ‘നീ എനിക്ക് സ്‌പെഷ്യലാണ്’ എന്ന് ഓരോരുത്തർക്കും തോന്നത്തക്ക രീതിയിൽ പെരുമാറണം. ഇവൻ എന്റെ പ്രിയ പുത്രൻ എന്ന് പിതാവ് എന്നോട് പറയുമ്പോൾ ഞാൻ എത്രമാത്രം സന്തോഷത്താൽ മതിമറക്കുന്നു. അതുപോലെ സ്‌നേഹത്തിന്റെ വാക്കുകൾ ഉപയോഗിച്ച് നിന്റെ കുടുംബത്തെ നെഞ്ചോടു ചേർത്തു പിടിക്കുക, പ്രാർത്ഥിക്കുക. അപ്പോൾ ഞാൻ നിനക്ക് തന്ന സമ്മാനവും ഏറ്റവും സ്‌പെഷ്യൽ ആയി തീരും.

Leave a Reply

Your email address will not be published. Required fields are marked *