റസ്റ്റോറന്റിലേക്ക് എത്തുംമുമ്പ്…

സ്വർഗം എന്റെ അടുക്കലേയ്ക്കു പാഞ്ഞു വന്നതുപോലെ! വലിയ

ഇടിമിന്നൽ പോലെ! കണ്ടിട്ടില്ലാത്ത വർണരാജികൾ!

ദിവ്യകാരുണ്യത്തിലെ ആ പ്രഭാപൂരത്തിന്റെ ഒരു കിരണം മതി എന്നെ ദഹിപ്പിക്കാൻ.

അതിനോട് തുലനം ചെയ്താൽ സൂര്യൻപോലും

കരിക്കട്ടയാണെന്നു പറയേണ്ടിവരും.

 

അന്നൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 1935 ജൂലൈ 8-ാം തീയ്യതി, ഫ്രഞ്ച് ജേണലിസ്റ്റും എഴുത്തുകാരനുമായിരുന്ന ആൻഡ്രെ ഫ്രൊസ്സാർഡ് (Andre’ Frossard) സുഹൃത്തായ വില്ലെമിനുമൊത്ത് പാരീസ് നഗരത്തിൽ ഒരു റസ്റ്റോറന്റിൽ അത്താഴം കഴിക്കാൻ പോകാൻ ഒരുങ്ങി. അന്ന് ആൻഡ്രെയ്ക്കു ഇരുപത് വയസ്സുണ്ട്. പ്രായത്തെ അതിശയിക്കുന്ന ഇച്ഛാശക്തിയും നിരീശ്വര ചിന്തയും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു. തുടർന്നുള്ള വിവരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ നമുക്ക് കേൾക്കാം:

വൈകുന്നേരം അഞ്ചുമണിയാകാറായി. വില്ലെമിനൊപ്പം കാറിൽ പാരീസിലൂടെ യാത്രചെയ്യുകയാണ്. വണ്ടി നിർത്തി. സുഹൃത്ത് കാർ തുറന്ന് പുറത്തുകടന്ന് എന്നോടു പറഞ്ഞു ”ഒന്നുകിൽ അല്പസമയം കാറിൽ എനിക്കായി കാത്തിരിക്കുക, അല്ലെങ്കിൽ എന്നോടൊപ്പം വരിക.” ഞാൻ അവിടെത്തന്നെ ഇരുന്നു. വില്ലെമിൻ റോഡ് മുറിച്ചുകടന്ന് ഒരു വലിയ ഇരുമ്പു ഗയിറ്റിനു സമീപമുള്ള ചെറുവാതിൽ തള്ളിത്തുറന്നു. അത് ഒരു ചാപ്പലാണെന്ന് എനിക്കു മനസ്സിലായി. കത്തോലിക്കനായിരുന്ന വില്ലെമിൻ പ്രാർത്ഥിക്കാനോ കുമ്പസാരിക്കാനോ പോവുകയാകാം എന്ന് ഞാൻ കരുതി. കുറെയേറെ സമയമായിട്ടും സുഹൃത്ത് മടങ്ങിയെത്തിയില്ല.

സമയം അഞ്ചുമണികഴിഞ്ഞ് 10 മിനിട്ടായി. ഞാൻ കാറിൽ നിന്നിറങ്ങി ആ ഇരുമ്പുകതക് തള്ളിത്തുറന്ന് അകത്തുകയറി. എനിക്കുവേണമെങ്കിൽ ഏതാനും മിനിറ്റുകൾ കൂടി കാത്തു നില്ക്കാമായിരുന്നു. എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്നതിന് ഉത്തരം ദൈവത്തിന്റെ പക്കൽ മാത്രം. നേരേ കണ്ടത് “L’Adoration Re‑paratrice” എന്ന ബോർഡാണ്. അതെന്താണർത്ഥമാക്കുന്നത് എന്ന് അന്നെനിക്കറിയില്ലായിരുന്നു.

1789-ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ ജ്വാലകൾ ആന്റിക്ലേറിക്കലിസമായി സമൂഹത്തിൽ പടർന്നുകയറിക്കൊണ്ടിരുന്നു. 1848-ലെ വിപ്ലവം വീണ്ടും സഭയെ തകർത്തു. ഞായറാഴ്ച പ്രവൃത്തി ദിവസമായി മാറി. വിപ്ലവം മൂലം വിശുദ്ധ വസ്തുക്കളും സ്ഥലങ്ങളും അശുദ്ധമാക്കപ്പെട്ടു. ഇതിന് പ്രായ്ശ്ചിത്തമനുഷ്ഠിച്ചു കൊണ്ടും ദൈവനിന്ദയ്ക്ക് പരിഹാരം ചെയ്തുകൊണ്ടും വിശുദ്ധ കുർബാനയെ ആരാധിക്കുന്ന സമൂഹം രൂപം കൊണ്ടു. അതായിരുന്നു പ്രസ്തുത സന്യാസ സമൂഹം.

സുഹൃത്തിനെ തിരക്കി ഞാൻ ആ നിത്യാരാധനാ ചാപ്പലിലേക്ക് കയറി. വിശുദ്ധ കുർബാനയോ അരുളിക്കയോ ഞാൻ അന്നേവരെ കണ്ടിട്ടേയില്ലായിരുന്നു. ഞാൻ സുഹൃത്തിനെ തിരക്കി. അവിടെങ്ങും കാണാനില്ല. ഉടൻ എന്റെ കൺമുൻപിൽ സൂര്യനെക്കാൾ പ്രശോഭിക്കുന്ന ഒരു തേജോഗോളം. വിശുദ്ധ കുർബാന ഇതാ സൂര്യനെ വെല്ലുന്ന ശോഭയോടെ എന്റെ അടുക്കലേക്കു വരുന്നു. ”ആത്മീയ ജീവിതം” (La Vie Spirituelle) എന്ന് എന്നോട് ആരോ പറയുന്ന സ്വരം ഞാൻ കേട്ടു.

സ്വർഗം തുറക്കപ്പെട്ടു എന്ന് എനിക്ക് പറയാൻ ആവില്ല. സ്വർഗം എന്റെ അടുക്കലേയ്ക്കു പാഞ്ഞു വന്നതുപോലെ! വലിയ ഇടിമിന്നൽ പോലെ! കണ്ടിട്ടില്ലാത്ത വർണരാജികൾ! ദിവ്യകാരുണ്യത്തിലെ ആ പ്രഭാപൂരത്തിന്റെ ഒരു കിരണം മതി എന്നെ ദഹിപ്പിക്കാൻ. അതിനോട് തുലനം ചെയ്താൽ സൂര്യൻപോലും കരിക്കട്ടയാണെന്നു പറയേണ്ടിവരും. മധ്യാഹ്നത്തിൽ സൂര്യനെ നോക്കുന്ന മൂങ്ങയെപ്പോലെ ഞാൻ അന്ധാളിച്ചുപോയി. വലിയ ഒരു അതിസ്വാഭാവിക ആനന്ദം കൊണ്ടു ഞാൻ നിറഞ്ഞു. എനിക്ക് ആ ദിവ്യാനുഭവം വിവരിക്കാൻ വാക്കുകളില്ല. പ്രതീകങ്ങളും രൂപകങ്ങളും അതിനു മതിയാവില്ല. ഞാൻ ഒരിക്കലും അനുഭവിക്കാത്ത ഒരു സത്യം!

വില്ലെമിൻ എന്റെയടുക്കൽ വന്ന് എന്നെ തട്ടിയുണർത്തി ചോദിച്ചു: ”നിനക്ക് എന്താണു സംഭവിച്ചത്?” ”ഞാൻ ഒരു കത്തോലിക്കനാണ്. അപ്പസ്‌തോലിക, റോമൻ കത്തോലിക്കൻ.” ”നീ എന്തേ കണ്ണുമിഴിച്ചിരിക്കുന്നു, എന്തു പറ്റി?” ”ദൈവമുണ്ട്. അവൻ ജീവിക്കുന്നു എന്ന് ഞാൻ അറിയുന്നു. അതാണ് സത്യം…” എനിക്ക് എന്നെത്തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നിലേയ്ക്കു ഞാൻ അന്വേഷിക്കാത്ത ബോധ്യങ്ങളും ദൈവിക സത്യങ്ങളും നിറഞ്ഞുവന്നുകൊണ്ടിരുന്നു. അഞ്ചു മിനിട്ടുകൾക്കു ശേഷം സുഹൃത്തിനോടൊപ്പം അവിടെ നിന്നിറങ്ങി. ഞങ്ങൾ റസ്റ്റോറന്റിൽ എത്തി. സംഭവിച്ചതെല്ലാം വില്ലെമിനോട് ഞാൻ വിവരിച്ചു പറഞ്ഞു.

തുടർന്നുള്ള നാളുകളിൽ ഈ അത്ഭുതദർശനം ഒരു മാസത്തോളം എന്റെയുള്ളിൽ തുടർന്നുകൊണ്ടേയിരുന്നു. എല്ലാ പ്രഭാതത്തിലും ഞാൻ ആ ദിവ്യപ്രകാശം ദർശിച്ചിരുന്നു. ക്രമേണ ആ ദിവ്യപ്രകാശവും മാധുര്യവും കുറഞ്ഞു കുറഞ്ഞുവന്നു. എനിക്ക് ഒരു സത്യം മനസ്സിലായി; ഞാൻ കണ്ടെത്തിയ സത്യം ഇനിമുതൽ ഞാൻ പിൻചെല്ലണം എന്ന ക്ഷണമാണത്. ദിവ്യകാരുണ്യസഭയിലെ ഒരു വൈദികൻ എനിക്ക് മതബോധനം നല്കി മാമോദീസയ്ക്ക് ഒരുക്കി. സഭയുടെ പ്രബോധനങ്ങളെല്ലാം അവയുടെ അവസാന കോമ ഉൾപ്പെടെ സത്യമാണ് എന്നു ഞാൻ അറിഞ്ഞു. ഏറ്റവുമധികം എന്നെ അത്ഭുത പരതന്ത്രനാക്കിയത് ദിവ്യകാരുണ്യമാണ്. അത് അവിശ്വസനീയമായിട്ടല്ല, അതിൽ ദൈവം പ്രകടിപ്പിക്കുന്ന അനന്തകരുണയാണ് എന്നെ അതിശയിപ്പിച്ചത്. സഭ നല്കുന്ന ദാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ദിവ്യകാരുണ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

എന്റെ ജീവിതം നിലയ്ക്കാത്ത ഒരു ക്രിസ്മസ് ആഘോഷമായി മാറി. എന്നെ നയിച്ചവർ മുന്നറിയിപ്പു നല്കി, ഈ ആനന്ദത്തിനപ്പുറം ദുഃഖവും കാർമേഘവും ഉണ്ടാകും. അങ്ങനെ സംഭവിക്കുക തന്നെ ചെയ്തു. ദുഃഖവെള്ളിയും ദുഃഖശനിയും ഉണ്ടായി. ഹൃദയത്തിൽ സഹനത്തിന്റെ വാൾ പേറി ഞാൻ നടന്നു നീങ്ങി. അപ്പോഴും ദൈവം സ്‌നേഹമാണെന്നതിൽ ഞാൻ പതറിയില്ല. ”സ്‌നേഹമേ, നിന്റെ സ്തുതികൾ പാടാൻ നിത്യത പോലും തികയുകയില്ലല്ലോ!”

1935-ൽ തന്നെ ആൻഡ്രെ ഫ്രൊസ്സാർഡ് കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്‌നാനം സ്വീകരിച്ചു. തന്റെ അനുഭവങ്ങൾ സാക്ഷിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ദൈവം ഉണ്ട്, ഞാൻ അവനെ കണ്ടു’ (God Exists, I met Him).

ദിവ്യകാരുണ്യം കണ്ണുകളെ തുറക്കുന്ന ദിവ്യസൂര്യനാണ്. അത് ബുദ്ധിക്ക് ജ്ഞാനം പകരുന്നു, ഹൃദയങ്ങളിൽ സ്‌നേഹം നിറയ്ക്കുന്നു, അന്ധകാരം അകറ്റുന്നു.


ഫാ. ജയിംസ് കിളിയനാനിക്കൽ (‘അൾത്താരയിലെ അമൃത്’, സോഫിയ ബുക്‌സ്)


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *