വരൂ, നമുക്ക് ചിരിക്കാം!

 

പുഞ്ചിരി ഏറെ വിലപ്പെട്ട ഒന്നാണെന്ന് രസകരമായി നമ്മെ

ഓർമിപ്പിക്കുകയാണ് വർക്കിയച്ചൻ. നമുക്ക് നിർഭയം

പുഞ്ചിരിക്കാൻ സാധിക്കുന്നതിന്റെ

കാരണവും അച്ചൻ ഈ കത്തിൽ വെളിപ്പെടുത്തുന്നു.

ഏറ്റം സ്‌നേഹമുള്ള കുഞ്ഞുങ്ങളേ,
അന്ന് ചിരിച്ചുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത്. ഒന്നല്ല, രാേ മൂന്നോ പ്രാവശ്യം ഉറക്കത്തിൽ ഞാൻ ഉറക്കെ ചിരിച്ചെന്ന് മനസിലായി. എന്റെ മുറിയിൽ വേറെ ആരും ഇല്ലാത്തതിനാൽ ആരും അത് കേട്ടിരിക്കാൻ ഇടയില്ല. ചിരിച്ചു എന്ന് മനസിലായി, പക്ഷേ എന്തിന് ചിരിച്ചു എന്ന് എത്ര ഓർക്കാൻ ശ്രമിച്ചിട്ടും പിടികിട്ടിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചിരിക്കാൻ അധികം കാര്യമൊന്നും വേണ്ടെന്ന് നിങ്ങൾക്കറിവുണ്ടല്ലോ. ചിലപ്പോൾ അതങ്ങു വരും, തടയാൻ പറ്റുകയില്ല. ചിരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിലും. അതെങ്ങനെയാ, ചിരി റേഷൻ പീടികയിൽനിന്ന് വാങ്ങുന്നതാണോ വളരെ കുറച്ചുമാത്രം ഉണ്ടാകുവാനും നിയന്ത്രിക്കുവാനും? അത് തമ്പുരാൻ തന്നിരിക്കുന്നതല്ലേ. ചിരി ആരോഗ്യത്തിനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഹൃദയത്തിൽനിന്നുള്ള ചിരിയായിരിക്കണം. ചിരി പല തരമുണ്ട്.

ചിലരുടെ ചിരി ദൈവത്തിന്റെ സംഗീതം എന്നാണ് പറയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ ചിരി, നവസന്യാസിനികളുടെ ചിരി ഇവ മേൽപ്പറഞ്ഞവയിൽപ്പെടും. വേറൊരു ചിരിയുണ്ട് ‘രസം പൊട്ടിക്കുന്ന ചിരി.’ അനാവശ്യഗൗരവം, ദുഃഖം, ആകുലചിന്ത മുതലായവ ഒഴിവാക്കി സാധാരണ മനുഷ്യരെപ്പോലെ പെരുമാറുന്നതിന് ഈ ചിരി നല്ലതാണ്.

ഇങ്ങനെ ചിരിക്കരുത്!

ഇനിയും വേറൊരു ചിരിയുണ്ട് – ‘നിന്ദിച്ചു ചിരിക്കുന്നത്.’ അങ്ങനെ ചിരിക്കുന്നവർ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു ചിരിക്കാൻ – ‘എറിയൻ’ കോഴിയെ റാഞ്ചാൻ ഇരിക്കുന്നതുപോലെ ഇരിക്കുകയാണ്. അങ്ങനെയുള്ളവർ തങ്ങൾ മറ്റുള്ളവരെക്കാൾ സമർത്ഥരാണെന്നാണ് ഭാവിക്കുന്നത്. പക്ഷേ അതു ശരിയല്ല. ആരും ആരെയും നിന്ദിച്ചുകൊണ്ടോ കുറ്റം പറഞ്ഞുകൊണ്ടോ ചിരിക്കരുത്. അങ്ങനെ ചെയ്താൽ നമുക്ക് മറ്റേ ആളിന്റെ സ്‌നേഹം നഷ്ടപ്പെടും.

ഞാൻ ചെയ്തതുപോലെ ഉറക്കത്തിൽ ചിരിക്കേണ്ട. എന്നാൽ തമ്മിൽ തമ്മിലുള്ള സ്‌നേഹം നിലനിർത്തുന്നതിന് ചിരി നല്ലതാണ്. ആരെയും നിന്ദിച്ചും കളിയാക്കിയും ചിരിക്കരുത്. പ്രത്യേകിച്ച് അത് മറ്റേ ആളിന് ഇഷ്ടപ്പെടുകയില്ലായെന്നറിയുമ്പോൾ. സന്യാസ ജീവിതത്തിന്റെ ആനന്ദം ചിരിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. നിർമലമായ ഹൃദയമുള്ളവർക്കേ പുഞ്ചിരിക്കാൻ, ചിരിപ്പിക്കാൻ സാധിക്കൂ. മനസിൽ ദുഃഖം കവിഞ്ഞൊഴുകുമ്പോൾ ചിരിച്ചാൽ അതൊരു വികൃതമായ ചിരിയായിരിക്കും.

പല്ല് വാങ്ങിവച്ച് ചിരിക്കൂ…

നിങ്ങൾക്കെല്ലാവർക്കും സാധാരണ പുഞ്ചിരിയുണ്ടെന്ന് എനിക്കറിയാം. അത്രയും നല്ലതുതന്നെ. ചിരിക്കാത്ത മുഖം വാടിപ്പോയ പുഷ്പംപോലെയും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം വിടർന്നു നിൽക്കുന്ന പുഷ്പംപോലെയുമാണ്. ചിലരുണ്ട് വാ നിറച്ച് പുഞ്ചിരി, ചുണ്ടുകൊണ്ട് മൂടിപ്പൊതിഞ്ഞു നടക്കുന്നവർ. അവരെ കണ്ടാൽ വിടരാനുള്ള പുഷ്പമാണെന്ന് തോന്നും. പുഞ്ചിരിയുള്ള മുഖത്ത് ജീവനുമുണ്ട്. നിങ്ങൾ ഫോട്ടോയിൽ നോക്കാറില്ലേ. പലരുടെ ഫോട്ടോ ഒന്നിച്ചെടുത്തതാണെങ്കിലും ഓരോരുത്തരും നോക്കുന്നത് അവനവന്റെ ഫോട്ടോ ആണ്.

നമ്മൾ സാധാരണ പല്ലു കാണിക്കാതെയാണ് ഫോട്ടോയിൽ ഇരിക്കുന്നത്. യൂറോപ്യന്മാരാണെങ്കിൽ ചിരിച്ചുകൊണ്ടേ ഫോട്ടോയിൽ നിൽക്കാൻ ഇഷ്ടപ്പെടുകയുള്ളൂ. കാരണം എന്താണ്? ചിരിച്ചുകൊണ്ടുള്ള ഫോട്ടോ സജീവമായതുകൊണ്ട്. ചിരി ഒരു പകർച്ചവ്യാധിയാണ്. ഒരാൾ ചിരിച്ചാൽ മറ്റുള്ളവരും ചിരിക്കും. മരിച്ച വീട്ടിൽ ആരും സാധാരണ ചിരിക്കാറില്ല. നമുക്കാകട്ടെ ദുഃഖിക്കാൻ വലിയ കാരണമില്ല. നിങ്ങൾ ഉയിർത്തെഴുന്നേറ്റ മിശിഹായുടെ മണവാട്ടികളാണ്. അവിടുന്ന് ഇനി മരിക്കുകയില്ല. അതുകൊണ്ട് നിങ്ങൾക്ക് ഒരു തീരാദുഃഖവും ഉണ്ടാകാനില്ല. വല്യമദർ ചിലപ്പോൾ നിങ്ങളോട് പറയാറില്ലേ ‘കെട്ടിയവൻ ചത്തവനെപ്പോലെ ഇരിക്കരുതെന്ന്.’ കെട്ടിയവൻ ചത്തുപോയെങ്കിൽ ദുഃഖിക്കാൻ കാരണമുണ്ട്. പക്ഷേ നിങ്ങളുടെ കെട്ടിയോൻ മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റവനാണ്. അതിനാൽ നിങ്ങൾക്ക് നിർഭയം ചിരിക്കാം.

ചിരിക്കുന്നവർ മറ്റുള്ളവർക്ക് ആനന്ദം കൊടുക്കുകയാണ്. ദുഃഖിക്കുന്ന ഒരു മനുഷ്യനായാലും അയാൾക്ക് പുഞ്ചിരിക്കാൻ നാം അല്പം ഇടം കൊടുത്താൽ, അയാളുടെ ദുഃഖം നാം ലഘൂകരിക്കും. ഞാൻ കോഴിക്കോട് മേരിക്കുന്ന് ആശുപത്രിയിൽ കൊല്ലങ്ങൾക്കുമുമ്പ് മരണാസന്നനായി കിടന്നപ്പോൾ എന്റെ സഹപാഠി ആയിരുന്ന ഒരു വൈദികൻ വന്ന് പല തമാശയും പറഞ്ഞ് എന്നെ ചിരിപ്പിച്ചത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു.

രണ്ട് പേർ തമ്മിൽ വല്ല കാരണവശാലും ഇഷ്ടക്കേടുണ്ടായെന്ന് വിചാരിക്കുക. എത്രസമയം അത് നീണ്ടുനിൽക്കും? തമ്മിൽ നോക്കി പുഞ്ചിരിക്കുന്നതുവരെ. വിരോധം വച്ചുകൊണ്ടിരിക്കുന്ന ആൾ ഗൗരവം വിടാതെ ഒഴിഞ്ഞു മാറിക്കളയും.

മഠങ്ങളുടെ മുറ്റത്ത് പൂന്തോട്ടങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. പൂക്കളുള്ള പൂന്തോട്ടങ്ങൾ.  എന്നാൽ മഠത്തിനകത്ത് ചിരിക്കുന്ന കന്യാസ്ത്രീകൾ അതിലും അത്യാവശ്യമാണ്. നിങ്ങൾക്ക് ചിരിക്കാൻ പല്ലില്ലെങ്കിൽ പല്ല് വിലയ്ക്ക് വാങ്ങിച്ച് വച്ചായാലും ചിരിക്കണം. കണ്ടില്ലേ നമ്മുടെ ഒരു സിസ്റ്റർ ചിരിക്കാൻവേണ്ടി പല്ലു വച്ചിരിക്കുന്നത്. രാത്രിയിൽ കിടന്നു ചിരിക്കാതിരിക്കാൻവേണ്ടി പുള്ളിക്കാരി പല്ലെടുത്ത് പെട്ടിയിൽ വച്ചിട്ടാണ് കിടന്നുറങ്ങുന്നത്. പക്ഷേ ഒന്നു വാസ്തവമാണ് – പല്ലില്ലെങ്കിലും മനുഷ്യന് ചിരിക്കാൻ കഴിയുമല്ലോ. പല്ലില്ലാത്ത ചിരി കാണാൻ ഒരു രസമുണ്ട് – അമ്മൂമ്മച്ചിരി. ഏതായാലും വേപ്പെണ്ണ കുടിച്ചതുപോലെ ആരും നടക്കരുത്.

”സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു.” (സുഭാഷിതങ്ങൾ 15:13)


മോൺ. സി.ജെ. വർക്കി


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *