സെയ്ന്റ് മാരോൺ ആശ്രമത്തിനടുത്ത് താമസിച്ചിരുന്ന കർഷകരും ജോലിക്കാരും ഒരു രാത്രി അസാധാരണമായ ഒരു കാഴ്ച കണ്ടു. ആശ്രമ സെമിത്തേരിയിലെ ഒരു കബറിടം ശക്തമായി പ്രകാശിക്കുന്നു. ആ വെളിച്ചം ആശ്രമത്തിലേക്കും ദൈവാലയത്തിലേക്കും പ്രവഹിച്ച്, കബറിടത്തിലേക്ക് മടങ്ങിയെത്തി. ഈ പ്രതിഭാസം ആവർത്തിക്കുന്നത് കണ്ട് ദേശവാസികളെല്ലാം ഓടിക്കൂടി. അവർ ആശ്രമത്തിൽ വിവരമറിയിച്ചു. ആശ്രമാധികാരിയും സന്യാസിമാരും എത്തി പരിശോധിച്ചപ്പോൾ ഫാ.ഷാർബലിന്റെ കബറിടമാണതെന്ന് തിരിച്ചറിഞ്ഞു.
ജീവിതത്തിലും മരണത്തിലും വിശുദ്ധിയുടെ അടയാളം പതിപ്പിച്ച 19-ാം നൂറ്റാണ്ടിലെ സന്യാസവര്യനാണ് ഫാ. ഷാർബൽ മക്ലുഫ്. ജപമാലയുടെ 15 രഹസ്യങ്ങളും ദിവ്യകാരുണ്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രാണവായു. മണിക്കൂറുകൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. ദിവ്യബലിക്കുശേഷം ദൈനംദിന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതും ദിവ്യകാരുണ്യം ഹൃദയത്തിൽ ചേർത്തുപിടിച്ചുകൊണ്ടുതന്നെ.
ഒരു നേരംമാത്രം ലളിത ഭക്ഷണം, കനത്ത മഞ്ഞുവീഴ്ചയിലും കിടക്കുന്നത് തണുത്ത തറയിൽ, ഏകാന്ത പ്രാർഥനയും കഠിനമായ പരിഹാരപ്രവൃത്തികളും. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ശൈലി.
ഒരിക്കൽ വിളക്കിൽ എണ്ണ ചോദിച്ച അദ്ദേഹത്തിന് വികൃതിക്കുട്ടികൾ കൊടുത്തത് പച്ചവെള്ളം. പരാതിയില്ലാതെ, ഒന്നും മനസിലാകാത്തപോലെ, വെള്ളംനിറച്ച വിളക്ക് അദ്ദേഹം തെളിച്ചു. അതിശയകരമായി ആ വിളക്ക് പ്രകാശം നല്കി. കാരണം, ജലത്തെയും പ്രകാശിപ്പിക്കാൻമാത്രം ലോകത്തിന്റെ പ്രകാശമായ ക്രിസ്തു അദ്ദേഹത്തിൽ നിറഞ്ഞിരുന്നു.
ക്രിസ്തുവിനോടുകൂടെയും ക്രിസ്തുവിലും ക്രിസ്തു അദ്ദേഹത്തിലും ജീവിച്ചതിനാൽ വിശുദ്ധനും ക്രിസ്തുവിനെപ്പോലെ പ്രകാശമായി മാറി. ”നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (മത്തായി 5:14) എന്ന് ഈശോ പ്രഖ്യാപിച്ചത് വിശുദ്ധനിൽ യാഥാർത്ഥ്യമായിത്തീർന്നു.
സാധാരണ സന്യാസവൈദികനായി ജീവിച്ച ഷാർബൽ സ്വദേശത്തുനിന്ന് അധികം ദൂരം യാത്രചെയ്തിട്ടില്ല. അനേക രാജ്യങ്ങൾ സന്ദർശിച്ചില്ല. എന്നിട്ടും ഇന്ന് അദ്ദേഹം ലോകത്തിന്റെ പ്രകാശമാണ്; ലോകമെങ്ങും അൾത്താരകളിൽ വണങ്ങപ്പെടുകയും അനേകരെ യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രകാശമായി ക്രിസ്തു അദ്ദേഹത്തെ ഉയർത്തി. അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് ദിനവും അനേകർ ദൈവാനുഗ്രഹങ്ങൾ തേടിയെത്തുന്നു.
ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന ഉത്ഥിതനായ ക്രിസ്തു നമ്മിൽ ഉണ്ടെങ്കിൽ നമുക്കും ലോകത്തിന്റെ പ്രകാശമാകാൻ സാധിക്കും. അതിന് ലോകംമുഴുവൻ പോകണമെന്നില്ല. ആയിരിക്കുന്നിടത്ത് ക്രിസ്തുവിൽ ജീവിച്ചാൽ നമ്മുടെ ജീവിതത്തിലും മരണത്തിലും അവിടുന്ന് നമ്മെയും പ്രകാശിപ്പിക്കും. നമ്മുടെ കല്ലറകൾപോലും പ്രകാശപൂരിതമാകും; ക്രിസ്തുവിന്റെ കല്ലറപോലെ നമ്മുടെ കല്ലറകളും ദൈവാനുഗ്രഹത്തിന്റെ സ്രോതസുകളായി അവിടുന്ന് മാറ്റും. അതിനായി നമുക്കു പ്രാർത്ഥിക്കാം.
ഉത്ഥിതനായ കർത്താവേ, അങ്ങ് ഞങ്ങളിൽ നിരന്തരം വസിക്കുകയും വർത്തിക്കുകയും ചെയ്യണമേ. അങ്ങനെ ഞങ്ങളും അവിടുത്തെ ഉത്ഥാനത്താൽ പ്രകാശിതരാകട്ടെ, ആമ്മേൻ.