വിശുദ്ധ ഡോൺ ബോസ്‌കോയുടെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിൽ മാതാവ് അനേക അത്യാവശ്യ ഘട്ടങ്ങളിൽ ഡോൺ ബോസ്‌കോയ്ക്ക് അത്ഭുതകരമായ വിധം പണം നൽകിയിരുന്നതായി എഴുതിയിട്ടുണ്ട്. വിശുദ്ധൻ നടത്തിയിരുന്ന ഓറട്ടറിയിലെ കുട്ടികളുടെ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു അതെല്ലാം. പല അധ്യായങ്ങളിലും ഇങ്ങനെ വായിച്ചപ്പോൾ ഞാൻ സ്വയം പറഞ്ഞു, ”ഇങ്ങനെ കള്ളം എഴുതിവിടുന്നത് എന്തിനാണ്? മാതാവങ്ങനെ പണം നല്കുമോ? മാതാവിനെ വിളിച്ചിട്ട് പോക്കറ്റിൽ കൈയിട്ടാലുടൻ പണം കിട്ടുമോ?” ഇത്രയും പറഞ്ഞ് പുസ്തകം മടക്കിവച്ചു.
അപ്പോഴാണ് ബോർഡിംഗിലെ കുട്ടികൾ ഫീസ് ഏല്പിക്കാൻ എന്നെ വിളിച്ചത്. അതിൽ ഒരു കുട്ടിക്ക് ബാക്കി കൊടുക്കാൻ അഞ്ചുരൂപ വേണമായിരുന്നു. എന്റെ കൈയിൽ അപ്പോൾ ആകെയുള്ളത് പേഴ്‌സിൽ കിടക്കുന്ന അമ്പതു പൈസമാത്രമാണെന്ന് എനിക്ക് നല്ല ഓർമയുണ്ട്. അതിനാൽ കൂടെയുള്ള ആളോട് ചോദിച്ചു. കൃത്യം നാലുമണിക്ക് ജോലിക്കാർക്ക് കൊടുക്കാനുള്ളതാകയാൽ അതിനുമുൻപ് തിരികെ നല്കണമെന്നു പറഞ്ഞ് അദ്ദേഹം അഞ്ചുരൂപ തന്നു. ബാക്കി നല്കാനുള്ള കുട്ടിക്ക് ഞാനത് കൊടുക്കുകയും ചെയ്തു. കൃത്യം നാലുമണിക്ക് ഈ പൈസ എങ്ങനെ തിരികെ നല്കും? തത്കാലം പണം എവിടെനിന്നും സംഘടിപ്പിക്കാൻ കഴിയില്ല.
വായിച്ചിരുന്ന പുസ്തകം വീണ്ടും കൈയിലെടുത്തു. ഇടയ്‌ക്കെപ്പോഴോ ഉറങ്ങിപ്പോയി. നാലുമണിയായപ്പോൾ, നേരത്തേ അഞ്ചു രൂപ കടം തന്നയാൾ അത് തിരികെ ആവശ്യപ്പെട്ടു. ആ സമയത്ത് ഒരു ഉൾപ്രേരണയാൽ പോക്കറ്റിൽ കിടന്നിരുന്ന പേഴ്‌സ് തുറന്നുനോക്കി. അത്ഭുതമെന്ന് പറയട്ടെ, അതിനുള്ളിൽ ഒരു അഞ്ചുരൂപ നോട്ട്! എനിക്കപ്പോൾ അത്യാവശ്യമായ തുക മാത്രം. ഞാനാകെ വിസ്മയിച്ചു. അത് മറിച്ചും തിരിച്ചും നോക്കി. ഒരു സാധാരണ നോട്ട്. സൂക്ഷിച്ചുവയ്ക്കാൻ ആഗ്രഹം തോന്നിയെങ്കിലും കൊടുക്കാതെ നിവൃത്തിയില്ലാത്തതിനാൽ ഞാനത് കൊടുത്തു. പിന്നീടൊരിക്കലും മാതാവിനെ സംശയിക്കാൻ ഇടയായിട്ടില്ല.
സിസ്റ്റർ തെരേസ് മാർട്ടിൻ