ക്ഷമിക്കാനാകാത്തവർക്ക് ഒരു സുവാർത്ത

”എല്ലാ ദിവസവും കുറച്ചു സമയം ഏകാന്തമായിരിക്കുക, തിരുവചനം ധ്യാനിക്കുക, സകലതിനോടും; സർവരോടും ക്ഷമിക്കുക” തനിക്കുവേണ്ടി പ്രാർത്ഥിച്ച സഹോദരൻ പറഞ്ഞതു കേട്ടപ്പോൾ ആ സ്ത്രീക്ക് അല്പം വിഷമമാണ് തോന്നിയത്. സ്തനാർബുദം (ബ്രെസ്റ്റ് കാൻസർ)മൂലം വേദനയനുഭവിക്കുന്ന അവസ്ഥയിൽ അദ്ദേഹത്തെ കാണാനെത്തിയതാണ് അവർ. ചികിത്സകളെയെല്ലാം തോല്പിച്ചുകൊണ്ട് അർബുദം പടർന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥനയിലൂടെ ലഭിച്ചേക്കാവുന്ന അത്ഭുതരോഗശാന്തി അവർ പ്രതീക്ഷിച്ചു.

പക്ഷേ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തീർത്തും നിസാരമായ ഒരു നിർദേശം നല്കി അദ്ദേഹം അവരെ പറഞ്ഞയക്കുകയാണ് ഉണ്ടായത്. ഏതായാലും തിരികെ ഭവനത്തിലെത്തിയ ആ സ്ത്രീ അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാൻ തീരുമാനിച്ചു. എത്രയോ പ്രയാസകരമായ ചികിത്സകൾക്ക് താൻ വിധേയയായിരിക്കുന്നു. ഇതിലൂടെ സൗഖ്യം ലഭിക്കുമോ എന്നൊരു പരീക്ഷണം. എന്നും അല്പസമയം സ്വസ്ഥമായി ഇരിക്കുക, വചനം വായിച്ച് ധ്യാനിക്കുക. അസ്വസ്ഥതയുണ്ടാക്കിയ സാഹചര്യങ്ങളോടും വസ്തുക്കളോടും വ്യക്തികളോടും എന്നിങ്ങനെ സകലതിനോടും ക്ഷമിക്കുക. കുറച്ചു ദിവസം അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ ഹൃദയത്തിന് വലിയ ശാന്തത അനുഭവപ്പെടാൻ ആരംഭിച്ചു. 1 തെസ. 5:8 തിരുവചനം അവരെ വല്ലാതെ സ്വാധീനിക്കുന്നതുപോലെ തോന്നി. ”പകലിൻെറ മക്കളായ നമുക്കു വിശ്വാസത്തിൻെറയും സ്‌നേഹത്തിൻെറയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.”
അവർ അത് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചം മാറിലണിയാൻ അത് അവരെ സഹായിച്ചു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊന്നു സംഭവിച്ചു. മരുന്നുകളോട് ശരീരം വളരെ നല്ല രീതിയിൽ പ്രതികരിക്കാൻ തുടങ്ങി. സാവധാനം അവർ പൂർണസൗഖ്യത്തിലേക്ക് പ്രവേശിച്ചു.

യു.എസിൽനിന്നും ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയ ജീവിതാനുഭവമാണ് മുകളിൽ വിവരിച്ചത്. സമാനമായ അനേകം അനുഭവങ്ങൾ നമുക്ക് കേൾക്കാൻ സാധിക്കും. ക്ഷമയ്ക്കും സ്‌നേഹത്തിനും രോഗസൗഖ്യം പകരാനുള്ള കഴിവുണ്ട് എന്നത് വൈദ്യശാസ്ത്രംതന്നെ അംഗീകരിക്കുന്ന കാര്യമാണ്. ക്ഷമിക്കാനാവാത്ത മാനസികാവസ്ഥയിൽ ഇരിക്കുന്ന ആളുടെ ശരീരത്തിൽ അധികരാസപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കപ്പെടാൻ തുടങ്ങുന്നു. അഡ്രിനാലിൻ, അഡ്രിനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ, കോർട്ടിസോൺ എന്നിവ രക്തത്തിൽ കൂടുതലായി ഉണ്ടാകുന്നു. ആ അവസ്ഥ തുടരുമ്പോൾ അൾസറുകൾ, മറ്റ് രോഗാവസ്ഥകൾ എന്നിവയ്ക്ക് അത് കാരണമായിത്തീരും. എന്നാൽ രോഗാവസ്ഥ ഒഴിവാക്കാൻമാത്രമാണോ നാം ക്ഷമിക്കാൻ പഠിക്കേണ്ടത്. അല്ല എന്നുതന്നെ പറയാം.

ക്ഷമ കൊടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഉള്ളത്. ഒന്നാമത് ക്ഷമിക്കുന്ന മനുഷ്യരാകാൻ ദൈവവചനം അനേകം തവണ വളരെ വ്യക്തമായി നമ്മോട് ആവശ്യപ്പെടുന്നു. രണ്ടാമത്തെ കാര്യം അതുവഴി നമുക്ക് നമ്മുടെ ഹൃദയത്തെ, ക്ഷമിക്കാനാകാത്ത അവസ്ഥ ഉളവാക്കുന്ന നശീകരണശക്തിയിൽനിന്ന് രക്ഷിക്കാം എന്നതാണ്. മൂന്നാമതായി, ക്ഷമിക്കുന്നതുവഴി നാം ജീവിക്കുന്ന ഈ ലോകത്തെ അക്രമരഹിതവും കൂടുതൽ മനോഹരവുമായി മാറ്റാൻ സാധിക്കും.

ഇത് എളുപ്പമാണ്!

എന്നാൽ നമ്മളോടു പലരും ചെയ്ത കഠിനമായ ദ്രോഹങ്ങൾ ക്ഷമിക്കുക എന്നത് പലപ്പോഴും എളുപ്പമല്ല. അത് ചിലപ്പോൾ നമ്മുടെ സൽപ്പേര് നശിപ്പിച്ചതാകാം, നമ്മെത്തന്നെയോ പ്രിയപ്പെട്ടവരെയോ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതാകാം, നമുക്ക് ലഭിക്കേണ്ടിയിരുന്ന സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയതാകാം. നമ്മെ ദ്രോഹിച്ചവർ ചിലപ്പോൾ നമുക്ക് മുൻപരിചയമില്ലാത്തവരായിരിക്കും. എന്നാൽ കൂടുതൽ സംഭവങ്ങളിലും നമ്മെ വേദനിപ്പിച്ചത് നമ്മോട് ബന്ധം പുലർത്തുന്നവരും ചിലപ്പോഴൊക്കെ നമ്മുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോതന്നെയും ആയെന്നുവരും.
അങ്ങനെയെങ്കിൽ ക്ഷമിക്കുക എന്നത് തുടർന്നുള്ള സുഗമമായ ജീവിതത്തിനും ഏറെ ആവശ്യമായി വരുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ ക്ഷമിക്കാൻ നമ്മെ സഹായിക്കുന്ന നിസാരവും എന്നാൽ ഫലപ്രദവുമായ പ്രാർത്ഥനാരീതിയുണ്ടെന്നറിയുന്നത് എത്രയോ ആശ്വാസകരമാണ്. ഈ പ്രാർത്ഥനാരീതിയുടെ അഞ്ച് പടവുകൾ നമുക്ക് കയറാം.

ഒന്നാം പടവ്

നാം ആഴത്തിൽ മുറിവേറ്റിരിക്കുകയാണെങ്കിൽ ആദ്യമായി നമുക്ക് തോന്നുന്ന വികാരങ്ങൾ ദേഷ്യം, കോപം, വെറുപ്പ് എന്നിവയാണ്. അതിനാൽ പ്രാരംഭമായി ഈ വികാരങ്ങൾ പ്രാർത്ഥനയിൽ പ്രകടിപ്പിക്കുക. നാമാരും കോപത്തിന്റെ ഒരു പ്രാർത്ഥന ഒരിക്കലും നടത്തിയിട്ടുണ്ടാവില്ല. അതൊരു പുതിയ അനുഭവമായിരിക്കും. നമ്മുടെ പ്രത്യേകസാഹചര്യത്തിനും വ്യക്തിത്വത്തിനുമനുസരിച്ച് താഴെ നല്കുംപോലൊരു പ്രാർത്ഥന നടത്താം.

യേശുവേ, അവൻ (വേദനിപ്പിച്ച വ്യക്തിയെ നാം എങ്ങനെയാണോ പറയുന്നത് അതേപടി പറയാം. ഉദാ. ചേച്ചി, അമ്മാവൻ, സാർ, ‘പേര്’) എന്നോടു ചെയ്ത അനീതി ക്ഷമിക്കണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. എനിക്ക് അവനോട് നല്ല ദേഷ്യമുണ്ട്. അവനെ കാണുന്നതുപോലും എനിക്കിഷ്ടമില്ല. അവന് എന്തെങ്കിലും ദോഷം വന്നാൽ സന്തോഷം. ഞാനവനോട് ക്ഷമിക്കുന്നുവെന്ന് ചിന്തിക്കാൻപോലും എനിക്ക് കഴിയില്ല. ഇനിയൊരിക്കലും എനിക്കവനെ കാണുകയേ വേണ്ടാ.

ഇതുപോലൊരു പ്രാർത്ഥനയിൽ അപാകത തോന്നുന്നുവെങ്കിൽ തിരുവചനം ശ്രദ്ധിക്കുക. ”…എൻെറ പരാതി അങ്ങയുടെ മുൻപിൽ ഞാൻ സമർപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ദുഷ്ടൻ അഭിവൃദ്ധി പ്രാപിക്കുന്നത്? ചതിയൻമാർ ഐശ്വര്യം നേടുന്നത് എന്തുകൊണ്ട്?അങ്ങ് അവരെ നടുന്നു; അവർ വേരുപിടിച്ചു വളർന്നു ഫലം പുറപ്പെടുവിക്കുന്നു. അവരുടെ നാവിൽ എപ്പോഴും അവിടുന്നുണ്ട്; ഹൃദയത്തിലാകട്ടെ അങ്ങേക്കു സ്ഥാനമില്ല. കർത്താവേ, അങ്ങ് എന്നെ അറിയുന്നു, കാണുന്നു; എൻെറ മനസ് അങ്ങിലാണെന്ന് പരിശോധിച്ചറിയുകയും ചെയ്യുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിറക്കണമേ -കൊലയുടെ ദിവസത്തേക്ക് അവരെ മാറ്റിനിർത്തണമേ.” (ജറെ. 12: 1-3)
ജറെമിയായുടെ പ്രാർത്ഥനയാണ് ഇത്. പ്രവാചകൻ തന്റെ ഹൃദയത്തിലെ യഥാർത്ഥവികാരങ്ങൾ ദൈവത്തിനുമുന്നിൽ പ്രകടിപ്പിക്കുന്നു. അതായത് നാം ദൈവത്തോട് നുണ പറയരുത്. നമ്മുടെ യഥാർത്ഥ ഹൃദയഭാവം അവിടുത്തെ മുമ്പിൽ തുറന്നുവയ്ക്കുക. പറഞ്ഞുതീർക്കാനാവാത്ത മുറിവുകളെപ്പറ്റി ഇത്തരത്തിൽ പറഞ്ഞുകഴിയുമ്പോൾത്തന്നെ ആശ്വാസം ലഭിക്കുന്നുവെന്ന് പരീക്ഷിച്ചറിയാം.

രണ്ടാം പടവ്

നമ്മുടെ കോപവും വേദനിപ്പിച്ചയാളോടുള്ള വെറുപ്പുമെല്ലാം പ്രകടിപ്പിച്ചുകഴിയുമ്പോൾ ക്ഷമിക്കണമെന്നുള്ള ഒരു ചിന്ത നമ്മിൽ ഉടലെടുക്കുമെന്ന് അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. ആ ഘട്ടത്തിൽ നടത്താവുന്ന പ്രാർത്ഥന ഏതാണ്ട് ഇങ്ങനെയാണ്.
യേശുവേ, എനിക്ക് അവനെക്കുറിച്ച് തോന്നുന്നത് എന്താണ് എന്ന് അങ്ങേക്കറിയാം. എനിക്ക് അവനോട് ക്ഷമിക്കാൻ ആഗ്രഹമില്ലെന്നും അങ്ങ് അറിയുന്നുണ്ടല്ലോ. ആകെ എനിക്ക് ആഗ്രഹമുള്ളത് അവനോട് രമ്യതപ്പെട്ട് എങ്ങനെയെങ്കിലും മുന്നോട്ടുപോകണമെന്നാണ് എന്ന് അങ്ങ് അറിയുന്നു. കഠിനവും ക്ഷമിക്കാത്തതുമായ ഒരു ഹൃദയം എന്റെ ശരീരത്തിനും മനസിനുമെല്ലാം ദോഷം ചെയ്യുമെന്ന് എനിക്ക് അറിയാം. എന്നെ വേദനിപ്പിച്ച (അവനെ)ക്കാളുമേറെ അത് എന്നെ മുറിപ്പെടുത്തുന്നു. എനിക്ക് അങ്ങയോടുള്ള ബന്ധത്തിനും അത് കോട്ടമുണ്ടാക്കുന്നു.

യേശുവേ, അവനോട് ക്ഷമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും എന്നെ ശക്തിയില്ലാത്തവനും നിസഹായനും ആക്കിത്തീർക്കുകയാണെന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷേ അങ്ങയുടെ കൃപയോട് സഹകരിക്കുന്നവർക്ക് അതെല്ലാം ചെയ്യാൻ സാധിക്കും എന്നെനിക്കറിയാം. ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും” എന്ന് പൗലോസ് ശ്ലീഹായോടൊപ്പം ഞാനും പറയുന്നു. ക്ഷമിക്കാനുള്ള ആഗ്രഹം എന്റെ ഹൃദയത്തിൽ നല്കണമേ. ഇങ്ങനെ പ്രാർത്ഥിക്കാൻപോലും എനിക്ക് വളരെ പ്രയാസം തോന്നുന്നു, കാരണം എന്റെ മനസിൽ അവനോടുള്ള വിഷം നിറഞ്ഞിരിക്കുകയാണ്. പക്ഷേ എനിക്കു തനിയെ ചെയ്യാൻ സാധിക്കാത്ത ഒരു കാര്യം ചെയ്യാൻ അങ്ങ് എനിക്ക് കൃപ തരുമെന്ന് പ്രതീക്ഷിച്ച് ഞാൻ ദുർബലമായി പ്രാർത്ഥിക്കുകയാണ്.

ചിലപ്പോൾ പല തവണ ഇത് ആവർത്തിച്ച് പ്രാർത്ഥിക്കേണ്ടിവരും. ശാരീരികമായ ഒരു ചികിത്സയ്ക്ക് സമയമെടുക്കുന്നതുപോലെ ആത്മീയചികിത്സയ്ക്കും അതിന്റേതായ സമയം ആവശ്യമാണ്. അല്പം പ്രയാസകരമായ ഒരു പടവാണ് ഇത് എന്നും ഓർക്കുക. മുന്നോട്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ആത്മീയോപദേഷ്ടാവിന്റെ സഹായം തേടുന്നത് അഭികാമ്യമാണ്.

മൂന്നാം പടവ്

വളരെ അപൂർവമായി മാത്രമാണ് ക്ഷമിക്കാനാകാത്ത ഒരു സംഭവത്തിൽ നാം പൂർണമായും നിഷ്‌കളങ്കരാകുന്നത്. അല്ലാത്തപ്പോഴെല്ലാം ഒന്നുകിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നതിനുമുമ്പോ ആ സമയത്തോ അതുമല്ലെങ്കിൽ അതിനുശേഷമോ നാം തെറ്റ് ചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന് ഒരു മോശം അനുഭവത്തിനുശേഷം അതുണ്ടാക്കിയ വ്യക്തിയെക്കുറിച്ച് നാം ക്രൈസ്തവികമല്ലാത്ത രീതിയിൽ സംസാരിച്ചിട്ടുണ്ടാകാം. അതിനാൽ യഥാർത്ഥ അനുതാപം ഉണ്ടാകേണ്ടത് ആവശ്യമാണ്.

ക്ഷമകൊടുക്കലിന്റെ ഈ ഭാഗം വളരെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മുടെ എതിരാളി ചെയ്ത തെറ്റിൽനിന്ന് നാം ചെയ്ത തെറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് എളിമയും സ്വയാവബോധവും ആവശ്യമാണ്. നമുക്കുതന്നെയും ക്ഷമയും കരുണയും ആവശ്യമാണെന്ന് മനസിലാക്കാൻ അത് നമ്മെ സഹായിക്കും. അത് നമ്മുടെ കഠിനമായ ഹൃദയത്തെ മൃദുവാക്കും. ഈ ഘട്ടത്തിൽ ഇങ്ങനെ പ്രാർത്ഥിക്കാം.

യേശുവേ, ഈ ബന്ധത്തിൽ ഞാൻ എന്തെങ്കിലും തെറ്റായി പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമേ. അവൻ ചെയ്തത് എത്രയോ ഭീകരമാണെന്ന് മറ്റുള്ളവരോട് പറയുന്നത് എനിക്ക് ഒട്ടും വിഷമമല്ല പക്ഷേ എന്റെ തെറ്റ് അംഗീകരിക്കാൻ എനിക്ക് വളരെ വിഷമമുണ്ട്. അവനെക്കുറിച്ച് ഒരു ക്രിസ്ത്യാനിക്ക് ചേരാത്തവിധം സംസാരിച്ചതോർത്ത് ഞാൻ അങ്ങയോട് മാപ്പുചോദിക്കുന്നു.

വേദനിപ്പിച്ച സംഭവം നടക്കുന്നതിനുമുമ്പോ നടക്കുമ്പോഴോ ശേഷമോ എന്തെങ്കിലും തെറ്റുകൾ നമ്മുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ച് അതോരോന്നായി ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുക. കുമ്പസാരിക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്. എന്നിട്ട് ഇങ്ങനെകൂടി പ്രാർത്ഥിക്കാം,

യേശുവേ, ഞാൻ അങ്ങയുടെ കരുണ സ്വീകരിക്കുന്നു. അനേകം തവണ അങ്ങ് എന്നോട് ക്ഷമിച്ചതോർത്ത് നന്ദി പറയുന്നു. അവനോട് ക്ഷമിക്കാനുള്ള ശക്തിയും ബലവും തന്ന് എന്നോട് കൃപചെയ്യണമേ.

നാലാം പടവ്

നമ്മെ വേദനിപ്പിച്ചയാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുമെങ്കിലേ ക്ഷമയുടെ നാലാമത്തെ പടവിലെത്തി എന്നു കരുതാനാവൂ. ആ വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നനേരം ദൈവം നമ്മിൽ പുതിയൊരു ഹൃദയം സൃഷ്ടിക്കുന്നു. ക്ഷമിക്കാനാവില്ലെന്നു കരുതുന്നതുപോലും ക്ഷമിക്കാനാവുന്ന ഒരു ഹൃദയം. ഈ അവസരത്തിൽ ക്ഷമയെന്ന മാഹാത്ഭുതം പ്രവർത്തിച്ചുതുടങ്ങുന്നത് നമുക്ക് അനുഭവിക്കാനാവും. അപ്പോൾ ഇങ്ങനെ പ്രാർത്ഥിക്കാം

കർത്താവേ, എന്നെപ്പോലെ അവനെയും അങ്ങ് നല്ലതായിട്ടാണല്ലോ സൃഷ്ടിച്ചത്.
എന്റെ കുറവുകളോടും കുറ്റങ്ങളോടുംകൂടെ അങ്ങ് എന്നെ സ്‌നേഹിക്കുന്നതുപോലെ അവനെയും അങ്ങ് സ്‌നേഹിക്കുന്നുവല്ലോ. ഈ സമയത്ത് ഞാൻ അവനെ അത്ര സ്‌നേഹിക്കുന്നില്ലെങ്കിലും അങ്ങ് അവനെ സ്‌നേഹിക്കുന്നു.
അവനോടുള്ള അങ്ങയുടെ സ്‌നേഹം എനിക്കും പങ്കുവച്ചു തരണമേ.
പിന്നെ, ദൈവമേ ആ നീചനെ അനുഗ്രഹിക്കണമേ. കാരണം, ചിലപ്പോഴൊക്കെ അനുഗ്രഹം ആവശ്യമുള്ള നീചനാണ് ഞാനും. ഇതുപോലൊരു പ്രാർത്ഥന ആവർത്തിക്കുമെങ്കിൽ പുതിയൊരു ഹൃദയം നമ്മിൽ രൂപപ്പെടുന്നത് അനുഭവിക്കാമെന്ന് ഉറപ്പ്.

അഞ്ചാം പടവ്

ഹീലിംഗ് ഇൻ ദ സ്പിരിറ്റ് എന്ന പുസ്തകത്തിൽ ഫാ. ജിം മക്മാനൂസ് വിവരിക്കുന്ന ഒരു സംഭവമുണ്ട്.
ഇടവകസേവനവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ സ്‌കോട്ട്‌ലൻഡിൽ ആയിരുന്നു അദ്ദേഹം. ആ സമയത്ത് ഒരു വീട്ടിൽ വിശുദ്ധ ബലി നടക്കുന്ന വേളയിൽ ഒരു സ്ത്രീ കുമ്പസാരത്തിനായി വന്നില്ല. ‘എനിക്ക് കുമ്പസാരിക്കാനാവില്ല. പക്ഷേ എനിക്ക് വൈദികനോട് സംസാരിക്കണം’ എന്നവർ ആവശ്യപ്പെട്ടു. ഫാ. ജിം കരുതിയത് അവർ സഭക്കു പുറത്തുനിന്ന് വിവാഹം ചെയ്യുകയോ മറ്റോ ചെയ്തിരിക്കും. അതിനാലാണ് കുമ്പസാരിക്കാനാവാത്തത് എന്നാണ്.

പക്ഷേ അവരുമായി സംസാരിച്ചപ്പോഴാണ് മനസിലായത് ക്ഷമിക്കാനാവാത്ത അവസ്ഥയുള്ളതുകൊണ്ടാണ് അവർ കുമ്പസാരിക്കാത്തത് എന്ന്. അവരുടെ മകൻ ഒരു ചെറുപ്പക്കാരനെ വധിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കുകയാണ്. മരിച്ചയാളും അദ്ദേഹത്തിന്റെ കുടുംബവും അവരുടെ മകനെ സഹിക്കാനാവാത്ത വിധത്തിൽ ദ്രോഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ദുർബലനിമിഷത്തിൽ അറിയാതെ സംഭവിച്ചുപോയതാണ് കൊലപാതകം. ഒരിക്കലും ആ വ്യക്തിയെ കൊല്ലണമെന്ന് ആ സ്ത്രീയുടെ മകൻ കരുതിയിരുന്നില്ല. അതിനാൽ തന്റെ മകന്റെ ജീവിതം നശിപ്പിച്ചവരോട് ആ സ്ത്രീക്ക് ക്ഷമിക്കാനാവുന്നില്ല, വളരെയധികം ആഗ്രഹമുണ്ടെങ്കിലും.

ഈ കഥ കേട്ട ഫാ.ജിം അവർക്കായി പ്രാർത്ഥിച്ചു. വർഷങ്ങൾക്കുശേഷം അന്നേ ദിവസം കുമ്പസാരവും വിശുദ്ധ കുർബാനസ്വീകരണവുമെല്ലാം കഴിഞ്ഞാണ് ആ സ്ത്രീ തിരിച്ചുപോയതത്രേ. അവർക്ക് ക്ഷമയിലൂടെയുള്ള വിമോചനം ലഭിച്ചു. അവർക്കായി ഫാ. ജിം ചെയ്തത് തിന്മയുടെ അരൂപിയിൽനിന്നുള്ള വിടുതൽപ്രാർത്ഥന നടത്തിയെന്നതാണ്. യേശു അവരെ സ്വതന്ത്രയാക്കിയെന്നും ക്ഷമിക്കാനുള്ള കൃപ നല്കിയെന്നും ആ സ്ത്രീയെ ബോധ്യപ്പെടുത്തി.

ചിലപ്പോൾ നമുക്കും ഈ വിമോചനപ്രാർത്ഥന ആവശ്യമായിവരും. അതിനർത്ഥം നാം പൈശാചികവ്യക്തികളാണെന്നതല്ല, നമ്മിൽ രൂപപ്പെട്ടിട്ടുള്ള എന്തെങ്കിലും അമർഷം സാത്താൻ മുതലെടുക്കും എന്നതാണ്. ക്ഷമിക്കാൻ ആഗ്രഹിച്ചാലും അതിന് സാധിക്കാത്ത അവസ്ഥയിൽ നാം നിസഹായരാകുമ്പോൾ ഇത്തരത്തിലുള്ള വിടുതൽപ്രാർത്ഥന ഗുണം ചെയ്യും.
കർത്താവായ യേശുവേ, അങ്ങ് കുരിശിൽ ചിന്തിയ തിരുരക്തത്താലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാർത്ഥിക്കുന്ന എന്നെ തിരുരക്തത്താൽ പൊതിഞ്ഞ് മുദ്രകുത്തി സംരക്ഷിക്കണമേ. എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന സകല അന്ധകാരശക്തികളെയും ദുഷ്ടപിശാചുക്കളെയും അവയുടെ പ്രവർത്തനങ്ങളെയും കർത്താവായ യേശുവിന്റെ അധികാരമുള്ള നാമത്തിൽ ബന്ധിച്ചു നിർവീര്യമാക്കി അവിടുത്തെ കുരിശിൻചുവട്ടിലേക്ക് പറഞ്ഞയക്കുന്നു, ആമ്മേൻ
ഈ അഞ്ചു പടവുകളിലൂടെ ക്ഷമയുടെ വിജയപദം പ്രാപിക്കാനും അങ്ങനെ ജീവിതം സുന്ദരമാക്കാനുമുള്ള കൃപക്കായി ആഗ്രഹിക്കാം.

ഫാ. ഈമൺ ടോബിൻ

1 Comment

  1. Begy John says:

    വളരെ ഉപകാരപ്രദമായ വരികള്‍. ആത്മാര്‍ഥമായി വേദനിപ്പിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ കഴിയുമ്പോള്‍ ദൈവികമായ സമാധാനം ലഭിക്കും… അച്ചന്‍ വളരേ സത്യസന്ധമായി എഴുതി; പലപ്പോളും പ്രാര്‍ഥിക്കാന്‍ മുട്ട് മടക്കുമ്പോള്‍ ഒരു ആവരണം, ഒരു മറ എനിക്കും ദൈവത്തിനും ഇടയില്‍ എന്ന് തോന്നിപ്പോയിട്ടുണ്ട്‌… എപ്പോഴൊക്കെയാണോ, മറ നീക്കി വളരെ പച്ചയായി പ്രാര്‍ഥിക്കാരുള്ളത് അപ്പോഴൊക്കെ വലിയ സമാധാനം സന്തോഷം അനുഭവിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *