തമാശകൾക്കുള്ളിലെ പാപങ്ങൾ

വിശുദ്ധ കാമില്ലസ് ഒരിക്കൽ തന്റെ ആശുപത്രിയിലെ വാർഡുകളിലൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോൾ ഒരു ദൃശ്യം

അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. മനസിന്റെ സമനില തെറ്റിയ ഒരു രോഗി തന്റെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞുകളഞ്ഞ്, നഗ്നനായി നിന്നുകൊണ്ട് ചില ചേഷ്ടകൾ കാണിക്കുകയാണ്. ദൂരെ മാറി കൂട്ടംകൂടി നില്ക്കുന്ന നഴ്‌സുമാർ അതുകണ്ട് തമാശ
പറഞ്ഞ് ചിരിക്കുന്നു. വിശുദ്ധ കാമില്ലസ് ഓടിച്ചെന്ന് ആ രോഗിയെ നയത്തിൽ കൈയ്ക്ക് പിടിച്ച് കിടക്കയിൽ കൊണ്ടുപോയി കിടത്തി വസ്ത്രം ധരിപ്പിച്ചു. അതിനുശേഷം നഴ്‌സുമാരുടെ അരികിൽവന്ന് ഇപ്രകാരം
പറഞ്ഞു:”ആ വ്യക്തിയും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനാണ്. അവനിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ട്. അതിനാൽ അവനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെയാണ് പരിഹസിക്കുന്നത്. നിങ്ങൾ ചെയ്തത് വലിയ പാപമാണ്.” ഇതുകേട്ട് പശ്ചാത്താപ വിവശരായ ആ സഹോദരിമാർ മാപ്പ് ചോദിച്ച് രോഗിയെ സ്‌നേഹത്തോടെ ശുശ്രൂഷിക്കാനാരംഭിച്ചു.

പലപ്പോഴും നാം ചെയ്തുപോകുന്ന ഗുരുതരമായ ഒരു തെറ്റാണ് മറ്റുള്ളവരെ പരിഹസിക്കൽ. ‘തമാശ’ എന്ന ഓമനപ്പേരിട്ട് മറ്റുള്ളവരുടെ കുറവുകളുടെയും പരാജയങ്ങളുടെയും തെറ്റുകളുടെയും പേരിൽ പരിഹസിക്കുമ്പോൾ അപരന്റെ ഹൃദയം മുറിപ്പെടുന്നത് നാം കാണാറില്ല. മറ്റുള്ളവരുടെ മനസിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് പറയുന്ന തമാശകൾ യഥാർത്ഥത്തിൽ തമാശയല്ല, മറിച്ച് ക്രൂരതയാണ്.

ജീവിതപങ്കാളിയെയും അവരുടെ കുടുംബക്കാരെയും പരിഹസിക്കുക. മക്കളെയും മാതാപിതാക്കളെയും പരിഹാസപാത്രമാക്കുക ഇതെല്ലാം കുടുംബജീവിതം തകർക്കുന്ന പാതകങ്ങളാണ്. സഹപ്രവർത്തകർ, സഹോദരങ്ങൾ തുടങ്ങിയവരെ പരിഹസിക്കുന്നതുവഴി അവർക്കുണ്ടാകുന്ന ഹൃദയവേദന എത്ര
വലുതാണെന്ന് നാം തിരിച്ചറിയാറില്ല.

അനേകരുടെ സൽപ്പേര്, ആത്മാഭിമാനം, ആത്മധൈര്യം ഇവ നശിപ്പിച്ചുകളയുന്ന ഈ തിന്മയാണ് പലരുടെയും ആത്മീയ വളർച്ചയെ തടസപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. പരിഹാസത്തിന്റെ വേരുകൾ അഹങ്കാരവും വെറുപ്പുമാണ്. തന്മൂലം വളരെ ഗൗരവത്തോടെ നാം ഈ തിന്മയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കണം. ഒരുപക്ഷേ നമ്മുടെ പല ബന്ധങ്ങളും തകർന്നു കിടക്കുന്നതിന്റെ കാരണംപോലും പുച്ഛവും പരിഹാസവും കലർന്ന സംസാരരീതികളാകാം.
പരിഹാസികളുടെ പീഠങ്ങളിൽ ഇരിക്കാത്തവൻ ഭാഗ്യവാൻ എന്നാണ് ഒന്നാം സങ്കീർത്തനത്തിൽ പറയുന്നത്. ”നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവൻ; അവന്റെ പ്രവൃത്തികൾ സഫലമാകുന്നു” (സങ്കീ. 1:3).

നമ്മുടെ അധ്വാനങ്ങൾ വ്യർത്ഥമായിപ്പോകാതെ ഫലം ചൂടുവാൻ, ജീവിതം അനുഗൃഹീതമായിത്തീരാൻ, പരിഹാസികളുടെ പീഠങ്ങൾ നമുക്കുപേക്ഷിക്കാം.

പ്രാർത്ഥന
കർത്താവേ, തമാശയുടെ രൂപത്തിൽ ഞങ്ങൾ അനേകരെ പരിഹസിച്ചു മുറിപ്പെടുത്തിയതോർത്ത് ദുഃഖിക്കുന്നു. ഓരോ മനുഷ്യനെയും പരിഹസിക്കുമ്പോൾ അവന്റെ സ്രഷ്ടാവായ അങ്ങയെത്തന്നെയാണ് ഞങ്ങൾ അവഹേളിക്കുന്നതെന്ന സത്യം ഞങ്ങളുടെ ഹൃദയങ്ങളിൽ പതിപ്പിക്കണമേ. ഞങ്ങളുടെ തമാശകൾമൂലം മുറിവേറ്റ സകലർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങയുടെ സ്‌നേഹത്തിന്റെ തൈലം പുരട്ടി അവരെ സുഖപ്പെടുത്തിയാലും,
ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

2 Comments

  1. Begy John says:

    വളരെ പ്രധാനപ്പെട്ട, എന്നാല്‍ നിസ്സാരമായി കണക്കാക്കപ്പെടുന്ന, ഏറ്റു പറഞ്ഞു കുമ്പസ്സരിക്കേണ്ടത് തന്നെയായ ഒരു തെറ്റ് ഓര്‍മപ്പെടുത്തി തന്നതിന് ബെന്നിസാറിനോട് നന്ദി പറയുന്നു. പലപ്പോഴും ഓഫീസിലും വീട്ടിലും ഒരു നര്‍മ്മപരിവേഷം കൊണ്ട് വരുന്നതിനു വേണ്ടിയാണിങ്ങനെയൊക്കെ ഒരു ചിരി, കമന്റുകള്‍ കുടുംബാംഗങ്ങളെയോ കൂട്ടുകാരെയോ കൂടെ ജോലി ചെയ്യുന്നവരെയുമൊക്കെ കളിയാക്കി എല്ലാവരുമൊപ്പം ചിരിക്കുന്നത്… പക്ഷെ അതിലെ അപാകത, ഒരൊരുത്തരിലുമുള്ള ദൈവികതയെ തന്നെയാണ് കളിയാക്കിയത് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു, പ്രാര്‍ഥിക്കുന്നു… ഈ തെറ്റ് ഇനി ഒരിക്കലും ആവര്ത്തിക്കപ്പെടാതിരിക്കാന്‍.

  2. Mini George says:

    Benny sir thank you for this article. God forgive all the wrong thoughts and judging others by making wrong comments and give me the grace of doing the will of God always…

Leave a Reply to Begy John Cancel reply

Your email address will not be published. Required fields are marked *