കെനിയയിലെ നെയ്‌റോബിയിലുള്ള ഞങ്ങളുടെ ധ്യാനമന്ദിരത്തിലേക്ക് ആ സ്ത്രീയെ കുറച്ചുപേര്‍ ചേര്‍ന്ന് കൊണ്ടുവന്നിരിക്കുകയാണ്. കൈകള്‍ കെട്ടിയിട്ടിട്ടുണ്ട്. ഒരു പാസ്റ്ററിന്റെ നേതൃത്വത്തിലാണ് അവരുടെ വരവ്. അവിടത്തെ വൈദികനെന്ന നിലയില്‍ ഞാന്‍ അവരോട് പറഞ്ഞു, ”നിങ്ങള്‍ അവളുടെ കെട്ടഴിക്ക്.”
പക്ഷേ അവര്‍ സമ്മതിക്കുന്നില്ല. അവള്‍ എല്ലാവരെയും കടിക്കുമെന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് അവളുടെ ഭര്‍ത്താവിനെയാണത്രേ. സഹികെട്ടിട്ടാണ് അവരെല്ലാംകൂടി അവളെ ഞങ്ങളുടെ ധ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അവിടെയെത്തിയാല്‍ രക്ഷപ്പെട്ടേക്കും എന്ന പ്രതീക്ഷയോടെ. രണ്ട് ആഴ്ചയോളമായി അവള്‍ ഭക്ഷണം കഴിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.
വിവരങ്ങളെല്ലാം കേട്ടതോടെ അവള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആദ്യം ഒരു ജപമാലരഹസ്യം, തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ. പിന്നെ കണ്ടത് വലിയൊരു അത്ഭുതമാണ്. അവള്‍ തികച്ചും സുബോധത്തിലേക്ക് വന്നു. പിന്നെ ഒരു പ്രശ്‌നവുമുണ്ടായില്ല.
അവള്‍ ആ അവസ്ഥയിലേക്കെത്തിയതിന്റെ കാരണം കൂടെവന്നവര്‍ വ്യക്തമാക്കി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ അവള്‍ അതിന് പരിഹാരം തേടി ഒരു മന്ത്രവാദിയുടെ അരികില്‍ പോയതാണ്. തുടര്‍ന്ന് അവളുടെ മാനസികനില തകരാറിലാവുകയായിരുന്നു. അവളെ അവര്‍ ഒരു പ്രോട്ടസ്റ്റന്റ് പാസ്റ്ററുടെ അരികില്‍ കൊണ്ടുചെന്നു.
അവര്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചിട്ടുപോലും അവളെ ഈ പൈശാചിക ബന്ധനത്തില്‍നിന്ന് വിടുവിക്കാനാവാതെ വരികയായിരുന്നു. എന്നാല്‍ ഞാനാകട്ടെ ആകെ ഒരു ജപമാലരഹസ്യവും സകല വിശുദ്ധരുടെ ലുത്തിനിയയും ചൊല്ലി പ്രാര്‍ത്ഥിച്ചതേയുള്ളൂ, അവള്‍ വിമോചിതയായി. ഇതുകണ്ട് അത്ഭുതത്തോടെ ആ പാസ്റ്റര്‍ ചോദിച്ചു, ”ഞാനെത്ര പരിശ്രമിച്ചിട്ടും ഇവള്‍ക്ക് വിടുതല്‍ കിട്ടാഞ്ഞതെന്താണ്?”
”ഒന്നാമത് ഞാന്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും സഹായത്തോടെയാണ് പ്രാര്‍ത്ഥിച്ചത്. പിന്നത്തെ കാര്യം എന്താണെന്നുവച്ചാല്‍ നിങ്ങളൊരു പാസ്റ്ററാണ്, എന്നാല്‍ ഞാനൊരു വൈദികനാണ്” ഇതായിരുന്നു എന്റെ മറുപടി. അദ്ദേഹത്തിന് അക്കാര്യങ്ങള്‍ എത്രത്തോളം മനസിലായി എന്നറിഞ്ഞുകൂടാ. എന്തായാലും അവര്‍ സന്തോഷത്തോടെ മടങ്ങി.
ഇതിന് സമാനമായ മറ്റൊരു സംഭവംകൂടി പങ്കുവയ്ക്കാം. ഞങ്ങളുടെ ധ്യാനമന്ദിരത്തില്‍ മരിയന്‍ ധ്യാനം നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടി വന്നു. അവള്‍ പെന്തക്കോസ്ത് വിശ്വാസസമൂഹത്തില്‍പ്പെട്ടവളാണ്. അതിനാല്‍ ഞങ്ങള്‍ മരിയന്‍ ഗ്രോട്ടോയ്ക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിക്കുന്നത് എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു. പക്ഷേ അവളും പ്രാര്‍ത്ഥിച്ചു.
അവളുടെ അമ്മ 9 വര്‍ഷമായി മാനസികരോഗിയാണ്. അവരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. തുറന്നുവിട്ടാല്‍ അവരുടെ പ്രദേശം മുഴുവന്‍ ഓടും. സഹായത്തിന് മറ്റാരുമില്ല. ഈ പെണ്‍കുട്ടി ജോലിയ്ക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്.
ഇക്കഥകളൊക്കെ പങ്കുവച്ചിട്ട് അവളും ധ്യാനത്തിന് പങ്കെടുക്കാന്‍ തുടങ്ങി. താമസിച്ച് ധ്യാനിക്കാന്‍ സാധിക്കാത്തതുകൊണ്ട് വൈകിട്ട് വീട്ടില്‍ പോകും. ജപമാല ചൊല്ലാനും പഠിച്ചു. പരിശുദ്ധ അമ്മയോട് അവള്‍ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ, തന്റെ അമ്മയെ സുഖപ്പെടുത്തണം. എന്തായാലും രണ്ടാം ദിവസമായി. അന്ന് വിശുദ്ധ കുമ്പസാരമുണ്ട്. എന്നാല്‍ കത്തോലിക്കയല്ലാത്തതുകൊണ്ട് അവള്‍ക്ക് കുമ്പസാരിക്കാനാവില്ല.
അതിനാല്‍ അകത്തോലിക്കര്‍ക്കായി പ്രത്യേകം ഒരുക്കിയിരുന്ന അനുതാപശുശ്രൂഷയില്‍ പങ്കെടുത്തു. അതവള്‍ക്ക് നല്ലൊരു അനുഭവമായിരുന്നു. അന്ന് രാത്രി വീട്ടില്‍ പോയി അവള്‍ ജപമാല ചൊല്ലി അമ്മയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഭക്ഷണസമയമായപ്പോള്‍ അമ്മയുടെ സ്വരം, ‘മോളേ, എന്നെ തുറന്നുവിട്.”
അവള്‍ വിഷമത്തോടെ അമ്മയെ നോക്കി. അലിവ് തോന്നി തുറന്നുവിട്ടാല്‍ ആ നാട് മുഴുവന്‍ ഓടും. പിന്നെ പണിപ്പെട്ട് പിടിച്ചുകൊണ്ടുവരണം. അതിനാല്‍ അവള്‍ സങ്കടത്തോടെ നിന്നു. അപ്പോള്‍ വീണ്ടും അമ്മ ശാന്തമായി പറയുകയാണ്, ‘മോളേ ഒന്ന് തുറന്നുവിട്. ഞാന്‍ ഓടിപ്പോവുകയില്ല.” അമ്മയുടെ സംസാരത്തില്‍ എന്തോ വ്യത്യാസമുള്ളതുപോലെ…
ഒടുവില്‍ ആ പെണ്‍കുട്ടി അമ്മയുടെ മുറി തുറന്നു. അമ്മ ശാന്തയായി അവള്‍ക്കരികില്‍ ഇരുന്നു. അവര്‍ അന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായ മറക്കാനാവാത്ത ആനന്ദനിമിഷം! അവളുടെ അമ്മ തികച്ചും സുബോധത്തിലേക്ക് വന്നിരുന്നു.
പിറ്റേന്ന് അവള്‍ അമ്മയ്‌ക്കൊപ്പമാണ് വന്നത്. അന്ന് സാക്ഷ്യം പങ്കുവയ്ക്കുന്ന സമയത്ത് അവള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞു. അമ്മയും ധ്യാനിക്കുന്നവരോട് സംസാരിച്ചു. എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്ന അനുഭവമായിരുന്നു അത്. അവള്‍ പറഞ്ഞ മറ്റൊരു കാര്യംകൂടി ഞങ്ങളുടെ ഹൃദയം തൊട്ടു. ”പരിശുദ്ധ അമ്മ കത്തോലിക്കരുടെമാത്രം സ്വന്തമാണെന്ന് കരുതരുത്.
ആര് വിളിച്ചാലും അമ്മ അവരെ സഹായിക്കും. ഞാന്‍ അതിന് സാക്ഷിയാണ്.” പരിശുദ്ധ അമ്മയിലൂടെ യേശു ചെയ്യുന്ന വന്‍കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ എത്രയോ സാക്ഷ്യങ്ങള്‍. ദൈവദൂതനോടുകൂടെ നമുക്ക് ചൊല്ലാം, കൃപ നിറഞ്ഞ മറിയമേ, അങ്ങേക്ക് സ്വസ്തി!
ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി.