ടൂറിനിലെ തിരുക്കച്ചയും ദൈവകരുണയുടെ ഛായാചിത്രവും തമ്മില്‍ എന്താണ് ബന്ധം?

 

വിശുദ്ധ ഫൗസ്റ്റീന തനിക്ക് ലഭിച്ച ദൈവികദര്‍ശനമനുസരിച്ച് രൂപപ്പെടുത്തിയതാണ് ദൈവകരുണയുടെ ഛായാചിത്രം. യൂജിന്‍ കസിമിറോവ്‌സ്‌കി എന്ന ചിത്രകാരന് നല്കിയ നിര്‍ദേശങ്ങള്‍പ്രകാരം അദ്ദേഹമാണ് ആ ചിത്രം വരച്ചത്.

എന്നാല്‍ ടൂറിനില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന തിരുക്കച്ചയിലുള്ളതാകട്ടെ അത്ഭുതകരമായി പതിഞ്ഞിരിക്കുന്ന യേശുവിന്റെ ചിത്രമാണ്. യേശുവിനെ സംസ്‌കരിക്കുമ്പോള്‍ ഉപയോഗിച്ച ലിനന്‍ കച്ചയാണ് അത്. 1905-1938 കാലഘട്ടത്തില്‍ പോളണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീന ഒരിക്കലും ടൂറിനിലെ തിരുക്കച്ച കണ്ടിട്ടില്ല.

എന്നാല്‍ ദൈവകരുണയുടെ ചിത്രവും ടൂറിനിലെ തിരുക്കച്ചയിലെ ചിത്രവും തമ്മില്‍ താരതമ്യപഠനം നടത്തിയപ്പോള്‍ വെളിപ്പെട്ടത് സ്വര്‍ഗീയമായ ഒരു രഹസ്യമാണ്.  ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിട്ടുള്ള യേശുവിന്റെ ചിത്രത്തിന്റെ അളവുകള്‍ക്ക് തുല്യമാണ് കരുണയുടെ ഈശോയുടെ ഛായാചിത്രത്തിലെ അളവുകള്‍. തിരുക്കച്ചയിലേത് സ്വര്‍ഗം തുണിയില്‍ പതിപ്പിച്ച ചിത്രമാണെങ്കില്‍ രണ്ടാമത്തേത് ചിത്രകാരന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ നിര്‍ദേശങ്ങളനുസരിച്ച് ഭാവനയില്‍ വരച്ചെടുത്ത ചിത്രമാണ്.

ഈ ചിത്രം ലിത്വാനിയയിലെ വില്‍നിയസിലുള്ള ദൈവകരുണയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒരേ ശാരീരിക അളവുകളില്‍ ആകുക എന്നത് ഒരിക്കലും സാധ്യതയുള്ള കാര്യമല്ല. എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കുന്നു! ഈ അത്ഭുതകരമായ ആകസ്മികതയില്‍ ദൈവത്തിന്റെ ഇടപെടലുണ്ടെന്നതില്‍ സംശയമില്ല. ദൈവകരുണ നിലയ്ക്കാത്തതാണെന്നും നാം അതില്‍ ശരണം വയ്ക്കണമെന്നും ഈ പഠനങ്ങള്‍ നമ്മോട് പറയുന്നില്ലേ?

”കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല” (വിലാപങ്ങള്‍ 3/21)

 

Leave a Reply

Your email address will not be published. Required fields are marked *