ക്രൈസ്തവരുടെ രക്തം ഒരുപോലെ

വത്തിക്കാൻ: ക്രൈസ്തവരുടെ രക്തത്തിന് ഓർത്തഡോക്‌സ് എന്നോ കത്തോലിക്കരെന്നോ കോപ്റ്റിക്കുകാർ എന്നോ പ്രൊട്ടസ്റ്റന്റുകാർ എന്നോ ഭേദമില്ല. എല്ലാവരും ക്രൈസ്തവരാണെന്നും അവരുടെ രക്തം ഒരുപോലെയാണെന്നും ഫ്രാൻസിസ് മാർപാപ്പ. ഐഎസ് ഭീകരർ 21 കോപ്റ്റിക് ഓർത്തഡോക്‌സ് ക്രൈസ്തവരെ വധിച്ച പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.

”ക്രൈസ്തവസഹോദരീസഹോദരന്മാരുടെ രക്തം ഒരു സാക്ഷ്യമാണ്. യേശുവേ രക്ഷിക്കണേ എന്ന് മാത്രമേ അവർക്ക് പറയാൻ കഴിഞ്ഞിട്ടുള്ളൂ. ക്രിസ്തുവിന് സാക്ഷ്യം നല്കിയാണ് അവർ രക്തം ചിന്തിയത്. അവരുടെ ത്യാഗം രക്തത്തിന്റെ എക്യുമെനിസത്തിലേക്കുള്ള ചുവടുകളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം അവരെ രക്തസാക്ഷികളായി സ്വീകരിച്ചു കഴിഞ്ഞു. അവരുടെ സഹനം വളരെ മഹത്തായതാണ്. മനുഷ്യഹൃദയങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നശീകരണപ്രവണതകൾ മനസ്സിൽ കടന്നുവരാതിരിക്കാൻ നാം നിരന്തരമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.” മാർപാപ്പ ഓർമ്മിപ്പിച്ചു. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ തവാദ്രോസ് രണ്ടാമനെ മാർപാപ്പ ഫോൺ വിളിച്ച് അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *