പാത്മോസ് ദ്വീപില്‍വച്ച് വിശുദ്ധ യോഹന്നാനുണ്ടായ ദൈവിക വെളിപാട് കാലാതിവര്‍ത്തിയായ ഒരു സന്ദേശമാണ് നല്കുന്നത്. ദൈവനിരാസവും ഭൗതിക, സെക്കുലര്‍ ചിന്തകളും മുള്‍ച്ചെടിപോലെ വചനത്തെ ഞെരുക്കുന്ന ഇക്കാലത്ത് അവയുടെ പ്രസക്തി ഏറെയാണ്.
ദൈവത്തിന്റെ സ്ഥാനത്ത് പലതിനെയും പലരെയും പ്രതിഷ്ഠിക്കുവാന്‍ മനുഷ്യന്‍ തിരക്ക് കൂട്ടുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. വെളിപാട് സന്ദേശവും നല്കപ്പെട്ടത് ഇതിന് സമാനമായ ഒരു കാലത്താണെന്ന് ഓര്‍ക്കണം. റോമാചക്രവര്‍ത്തിയായിരുന്ന ഡൊമീഷ്യന്‍ ജനങ്ങളെല്ലാവരും തന്നെ ദൈവവും കര്‍ത്താവും എന്ന് വിളിച്ച് ആരാധിക്കണം എന്നൊരു കല്പന പുറപ്പെടുവിച്ചിരുന്നു. അതിന് വിസമ്മതിച്ചവരെല്ലാം ക്രൂരമായ മര്‍ദനത്തിന് വിധേയരായി.
ഈ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ദൈവവും കര്‍ത്താവുമായ യേശുക്രിസ്തു വിശുദ്ധ യോഹന്നാന് പ്രത്യക്ഷപ്പെടുകയും തന്റെ അലൗകികമായ മഹത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഏഴ് സഭകള്‍ക്കും ആവശ്യമായ തിരുത്തലുകള്‍ നല്കുകയും പതറാതെ പോരാടുന്നവര്‍ക്ക് തന്റെ അന്തിമമഹത്വത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്ന് ബോധ്യം നല്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ ലവോദിക്യായിലെ സഭയ്ക്ക് നല്കുന്ന സന്ദേശം ഇക്കാലത്ത് കൂടുതല്‍ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു.
ഈ സഭയെക്കുറിച്ച് കര്‍ത്താവിന് ഗുരുതരമായ ഒരു പരാതിയാണുള്ളത്. അതായത് ഈ സഭക്കാര്‍ തണുപ്പോ ചൂടോ ഇല്ലാത്തവരാണ്. ദൈവത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങളില്ലാത്തവര്‍. കാറ്റത്താടുന്ന ഞാങ്ങണപോലെ ചഞ്ചലചിത്തരായിട്ടുള്ളവര്‍, എന്തായാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവര്‍. ഇക്കാലത്ത് ഇങ്ങനെയുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണല്ലോ.
ദൈവം ഞങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് ലവോദിക്യക്കാര്‍ ചിന്തിക്കാന്‍ കാരണമെന്ത്? അക്കാലത്തെ ഒരു പ്രമുഖ വ്യവസായ നഗരമായിരുന്നു ലവോദിക്യാ. അനേകം വ്യവസായ സ്ഥാപനങ്ങളും അവയെ സഹായിക്കുന്ന പണമിടപാട് സ്ഥാപനങ്ങളും തഴച്ചുവളര്‍ന്നിരുന്ന ഒരു പ്രദേശം. പണത്തിന്റെ സമൃദ്ധിയില്‍ അവര്‍ അനുഗ്രഹിച്ച ദൈവത്തെ മറന്നു. ഭൗതികമായി തങ്ങള്‍ സുരക്ഷിതരും സ്വയംപര്യാപ്തരുമാണെന്ന ചിന്ത അവരെ അഹങ്കാരോന്മത്തരാക്കി.
ദൈവം സഹായിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് സുഖമായി ജീവിക്കാനുള്ള വകയൊക്കെയുണ്ട് എന്ന ചിന്ത കടന്നുകൂടിയപ്പോള്‍ ദൈവികകാര്യങ്ങളില്‍ ഒരു അലസമനോഭാവം വന്നു. പ്രാര്‍ത്ഥിച്ചാലും കുഴപ്പമില്ല, പ്രാര്‍ത്ഥിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതാണ് ചൂടും തണുപ്പും ഇല്ലാത്ത മന്ദോഷ്ണാവസ്ഥ.
ഈ അഹങ്കാരചിന്തയെയാണ് കര്‍ത്താവ് കുറ്റപ്പെടുത്തുന്നത്. ”എന്തെന്നാല്‍ ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്ന് നീ പറയുന്നു” (വെളിപാട് 3/17) തങ്ങള്‍ പ്രത്യാശ വച്ചിരിക്കുന്ന സമ്പത്ത് ആത്യന്തികമായി അവര്‍ക്ക് ഉപകരിക്കുകയില്ല.
ഭൗമികസമ്പത്തിന്റെ നശ്വരതയെക്കുറിച്ച് തന്റെ ഇഹലോകവാസകാലത്ത് കര്‍ത്താവ് മുന്നറിയിപ്പ് നല്കിയത് ഓര്‍ക്കാം. ”ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്‍മാര്‍ തുരന്ന് മോഷ്ടിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല.”
ഈ ഉള്‍ക്കാഴ്ച ലവോദിക്യക്കാര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കാരണം ഭൗതികസമ്പത്തെന്ന തിമിരം അവരെ ബാധിച്ചിരുന്നു.
ആധുനികമനുഷ്യനെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അസുഖവും ഇതുതന്നെയാണ്. ഭൗതികസമ്പത്തും സുഖവുമാണ് ഇന്ന് അനേകരുടെ ദൈവം. അതിനുവേണ്ടിയാണ് അവന്‍ അധ്വാനിക്കുന്നതും സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതും. ഇവിടെ എങ്ങനെ ഒരു സ്വര്‍ഗം പണിയാം എന്ന ചിന്ത അവനെ നയിക്കുന്നതിനാല്‍ ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. ഒരു മേമ്പൊടി ആത്മീയതകൊണ്ട് തൃപ്തിപ്പെടുന്നവരാണ് അവര്‍.
യഥാര്‍ത്ഥ സമ്പത്തായ കര്‍ത്താവിനെ മറന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപം. അവിടുത്തെ രണ്ടാം വരവിനെക്കുറിച്ചുള്ള ചിന്തപോലും തുടച്ചുമാറ്റപ്പെടുന്ന വിധത്തില്‍ ഭൗതികചിന്ത മനുഷ്യനെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്.
തനിക്കുവേണ്ടി അധ്വാനിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല എന്നും അവര്‍ക്ക് പ്രതിഫലം നല്കുവാന്‍ താന്‍ വീണ്ടും വരും എന്നുമുള്ള വാഗ്ദാനം നാം മറന്നുപോയി. ”മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്ത് വരാനിരിക്കുന്നു. അപ്പോള്‍ അവര്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നല്കും” (മത്തായി 16/27) യുഗാന്ത്യദര്‍ശനം നമുക്ക് നഷ്ടപ്പെട്ടു.
ഈ ലോകം എത്ര സുന്ദരമായി കാണപ്പെട്ടാലും അതിന് ഒരു അവസാനമുണ്ടെന്നും അത് കടന്നുപോകുന്നതാണെന്നുമുള്ള സന്ദേശം ഊന്നല്‍ കൊടുത്ത് നല്കുന്നതില്‍ നാം പരാജയപ്പെട്ടു. അതല്ലേ ഇന്നത്തെ ആത്മീയമന്ദോഷ്ണതയുടെ കാരണം? സഭയുടെ ആരംഭകാലത്ത് തുടര്‍ച്ചയായി നല്കപ്പെട്ട സന്ദേശം ഈ ലോകത്തിന്റെ ക്ഷണികതയും വരാനിരിക്കുന്ന ലോകത്തിന്റെ മനോജ്ഞതയുമായിരുന്നു.
വിശുദ്ധ പത്രോസും ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു. ”കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും” (2 പത്രോസ് 3/10) ഈ ലോകം നശ്വരമാണെന്നും കര്‍ത്താവിന്റെ ദ്വിതീയാഗമനം അപ്രതീക്ഷിതമായ സമയത്ത് ഉണ്ടാകുമെന്നുമുള്ള സന്ദേശം കൂടുതല്‍ ശക്തമായി, കൂടെക്കൂടെ നല്‌കേണ്ടിയിരിക്കുന്നു.
ഭൗമികജീവിതത്തിന്റെ ക്ഷണികത ഒരുവന്റെ മനസില്‍ രൂഢമൂലമായാല്‍മാത്രമേ പരലോകജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ സാധിക്കൂ. ആത്മീയകാര്യങ്ങളില്‍ തീക്ഷ്ണതയും വിശുദ്ധിയില്‍ ജീവിക്കാനുള്ള ജാഗ്രതയും ഉണ്ടാകണമെങ്കില്‍ ഈ അവബോധം അത്യന്താപേക്ഷിതമാണ്. വിശുദ്ധ പത്രോസിന്റെ വാക്കുകള്‍ ഇക്കാര്യം നമ്മുടെ മനസിലേക്ക് കൊണ്ടുവരുന്നുണ്ട്.
”ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം” (2 പത്രോസ് 3/11).
അതിനാല്‍ ലവോദിക്യാക്കാര്‍ക്ക് കര്‍ത്താവ് നല്കുന്ന സന്ദേശം നമുക്ക് – വചനം പ്രഘോഷിക്കുന്നവര്‍ക്കും വചനം ശ്രവിക്കുന്നവര്‍ക്കും- വളരെ ഗൗരവമായി എടുക്കാം. ലോകമെമ്പാടും വ്യാപിച്ച കോവിഡ് എന്ന മഹാമാരിയിലൂടെ ദൈവം ഇന്ന് നമ്മോട് സംസാരിക്കുന്നുണ്ട്.
മനുഷ്യന്റെ കഴിവ്, സമ്പത്ത്, സ്ഥാനമാനങ്ങള്‍ എല്ലാം നിസാരമാണ്. ആത്യന്തികമായ സുരക്ഷിത അഭയകേന്ദ്രം ദൈവംതന്നെയാണ്. അതിനാല്‍ ഹൃദയപൂര്‍വം അവിടുത്തെ അന്വേഷിക്കാനുള്ള അവസരമാണിത്. കര്‍ത്താവ് പറയുന്നു: ”തീക്ഷ്ണതയുള്ളവരാകുക, അനുതപിക്കുക” (വെളിപാട് 3/20). ഹൃദയവാതില്‍ തുറക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണമനസോടെ അങ്ങയെ തേടുവാന്‍ എന്നെ അനുഗ്രഹിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു