കുരിശിലെ നിലവിളിയില്‍ മറഞ്ഞിരിക്കുന്ന രഹസ്യം

 

സങ്കീര്‍ത്തനങ്ങള്‍ 46/1-ല്‍ നാം വായിക്കുന്നു- ”ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്.” ഇവിടെ ഹീബ്രുമൂലത്തില്‍ ദൈവം എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്നത് ഏലോഹിം എന്ന പദമാണ്. ഏല്‍ എന്നാല്‍ ദൈവം എന്നാണ് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത്. ഏലോഹിം എന്നത് അതിന്റെ ബഹുവചനമാണ്. എന്നാല്‍ ഈ വചനഭാഗത്തില്‍ ഏകവചനമെന്നതുപോലെയാണ് ക്രിയാപദം ഉപയോഗിക്കുന്നത്.

സമാനമായ മറ്റ് വചനഭാഗങ്ങളിലും അങ്ങനെതന്നെ. കൗതുകകരമായ ഈ പ്രത്യേകത എന്തുകൊണ്ടാണെന്നറിയുമോ? ഏലോഹിം എന്ന ബഹുവചനം ത്രിത്വത്തെ കാണിക്കുന്നു. അതോടൊപ്പം ഏകവചനത്തിനുചേരുന്ന വിധത്തില്‍ ക്രിയാപദം എഴുതിയിരിക്കുന്നത് ത്രിത്വത്തില്‍ ഏകനായ ദൈവത്തെയും കാണിക്കുന്നു. പഴയ നിയമത്തില്‍ ഏലോഹിം എന്ന് എഴുതുന്നതിന്റെ അര്‍ത്ഥം ഇതാണ്.

ഇനി പുതിയ നിയമത്തിലേക്ക് വരിക. അവിടെ യേശുവിന്റെ മരണനേരത്തെക്കുറിച്ചുള്ള മര്‍ക്കോസ് സുവിശേഷകന്റെ വിവരണത്തില്‍ എലോയ്, എലോയ്, ലാമാ സബക്താനി എന്ന് യേശു കുരിശില്‍ കിടന്ന് നിലവിളിക്കുന്നതായി കാണാം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് എന്നര്‍ത്ഥം. എലോയ് എന്നത് ഏകവചനരൂപമാണ് എന്നത് ഇവിടെ ശ്രദ്ധേയം.

ത്രിത്വത്തില്‍ ഒരാള്‍തന്നെയായ യേശു പിതാവിനെ വിളിക്കുന്നതുകൊണ്ട് ഇവിടെ ഏകവചനരൂപം ഉപയോഗിച്ചിരിക്കുന്നു എന്നതാണിതിന്റെ രഹസ്യം. മത്തായി 27/46-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്- ”ഏലി, ഏലി, ല്മാ സബക്ഥാനി?- ഏലി എന്നതും ഏലോഹിമിന്റെ ഏകവചനരൂപമാണ്.

പഴയ നിയമത്തില്‍ ദൈവം, കര്‍ത്താവ് എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളില്‍ പലയിടത്തും ഏലോഹിം എന്ന് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം ഇതിലൂടെ വ്യക്തമാകുന്നു. എന്നാല്‍ ത്രിത്വത്തില്‍ ഒരാളായ പുത്രന്‍ യേശുവായി മനുഷ്യാവതാരം ചെയ്തപ്പോള്‍ പിതാവിനെ അഭിസംബോധന ചെയ്തത് ഏകവചനരൂപം ഉപയോഗിച്ചത്രേ.

യേശുവിന്റെ കുരിശിലെ ആ പ്രാര്‍ത്ഥന പ്രവചനങ്ങളുടെ പൂര്‍ത്തീകരണംകൂടിയാണ്. കാരണം സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു- എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! (22/1) – എലോയ്/ ഏലി എലോയ്/ ഏലി ലാമാ സബക്താനി!

Leave a Reply

Your email address will not be published. Required fields are marked *