വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ബൈബിൾ മ്യൂസിയം ആരംഭിക്കുന്നു. 2017-ൽ ആരംഭിക്കാനിരിക്കുന്ന മ്യൂസിയത്തിൽ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രദർശിപ്പിക്കുന്നത്. വത്തിക്കാൻ മ്യൂസിയത്തോടും വത്തിക്കാൻ അപ്പസ്‌തോലിക്ക് ലൈബ്രറിയോടും ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പണികൾ പുരോഗമിക്കുന്നത്.
ക്രൈസ്തവ വിശ്വാസമനുസരിച്ച് ബിസിനസ് സ്ഥാപനം നടത്തുന്ന സ്റ്റീവ് ഗ്രീനാണ് മ്യൂസിയം ബോർഡിന്റെ ചെയർമാൻ. ഗുട്ടൻബർഗ് ബൈബിൾ മുതൽ ചാവുകടൽ ചുരുളുകൾ വരെയുള്ള 44,000-ത്തിൽപരം ബൈബിൾ അധിഷ്ഠിത വസ്തുക്കളുടെ അമൂല്യശേഖരമാണ് ഗ്രീനിന്റെ പക്കലുള്ളത്. ജെറുസലെമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈബിൾ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ നിയമത്തിന്റെ ഭാഗങ്ങൾ, തോറാ ചുരുളുകളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം, ദുവൈ റയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകൾ, ഭൂമിക്ക് പുറത്തേക്ക് കൊണ്ടുപോയ ആദ്യ ബൈബിളായ ‘ലൂണാർ ബൈബിൾ’ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. വിവിധ യഹൂദ വിഭാഗങ്ങളും കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭകളും ഈ സംരഭത്തിൽ സഹകരിക്കുന്നുണ്ടെന്ന് ഗ്രീൻ വ്യക്തമാക്കി.